നിരവധി പ്രതിഷേധങ്ങളാണ് യുവാവിന് നേരെ ഉയർന്നത്. പ്രതിഷേധം ഉയർന്നതോടെ ചിലിക്കിൻ ചിത്രം ഇൻസ്റ്റഗ്രാമിൽ നിന്നും കളയുകയും ചെയ്തു.
ബാലിയിൽ വിശുദ്ധമായി കണക്കാക്കുന്ന പർവതത്തിന് മുകളിൽ നിന്ന് അർദ്ധ നഗ്നചിത്രമെടുത്ത വിനോദ സഞ്ചാരിയെ നാടു കടത്തി. പർവതത്തിന് മുകളിൽ അർദ്ധ നഗ്നനായി യുവാവ് നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. വലിയ ചർച്ചയാണ് ഇതേ തുടർന്ന് നടന്നത്. പിന്നാലെയാണ് ഇയാളെ നാടുകടത്തിയിരിക്കുന്നത്.
യൂറി ചിലിക്കിൻ എന്ന 24 -കാരനായ റഷ്യൻ പൗരനെയാണ് ഏപ്രിൽ 4 ചൊവ്വാഴ്ച ദുബായ് വഴി മോസ്കോയിലേക്ക് നാടുകടത്തിയത് എന്ന് അധികൃതർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇമിഗ്രേഷൻ അധികൃതർ പുറത്തുവിട്ട ചിത്രങ്ങളിൽ നാടുകടത്തൽ നടപടികൾക്കിടെ ഡെൻപാസറിലെ എൻഗുറാ റായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ബാക്ക്പാക്ക് ധരിച്ച് ഒരു കപ്പ് കാപ്പിയുമായി നടക്കുന്ന ചിലിക്കിനെ കാണാം.
'നിയമങ്ങൾ അനുസരിച്ച് കൊണ്ട് നിങ്ങൾക്ക് ബാലി ആസ്വദിക്കാം. എന്നാൽ, നിയമം ലംഘിച്ചാൽ നടപടിയെടുക്കാൻ ഞങ്ങൾ മടിക്കില്ല' എന്ന് വക്താവ് ബാരൺ ഇച്ചാൻ പറഞ്ഞു. സംഭവത്തെ തുടർന്ന് ആറുമാസത്തേക്കെങ്കിലും ചിലിക്കിനെ ഇന്തോനേഷ്യയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. നേരത്തെയും ഇന്തോനേഷ്യയിലെ വിശുദ്ധമായി കരുതുന്ന പ്രദേശങ്ങളിൽ അനുചിതമായി പെരുമാറി എന്ന് കാണിച്ച് നിരവധി റഷ്യൻ വിനോദ സഞ്ചാരികൾക്ക് നേരെ നടപടി എടുത്തിട്ടുണ്ട്.
ബാലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും പുണ്യ ആരാധനാലയമായി കണക്കാക്കുകയും ചെയ്യുന്ന മൗണ്ട് അഗുങ് പർവതത്തിൽ അരയ്‌ക്ക് താഴേയ്ക്ക് നഗ്നനായി നിൽക്കുന്ന തന്റെ ഫോട്ടോ ചിലിക്കിൻ തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രദേശവാസികൾ, പ്രധാനമായും ഇവിടുത്തെ ഹിന്ദുക്കൾ ഈ പർവ്വതം ശിവദേവനെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്.
പിന്നാലെ, നിരവധി പ്രതിഷേധങ്ങളാണ് യുവാവിന് നേരെ ഉയർന്നത്. പ്രതിഷേധം ഉയർന്നതോടെ ചിലിക്കിൻ ചിത്രം ഇൻസ്റ്റഗ്രാമിൽ നിന്നും കളയുകയും ചെയ്തു. ശേഷം, 'താൻ ചെയ്തത് തെറ്റാണ് എന്ന് മനസിലാക്കുന്നു. ബാലിയുടെ സംസ്കാരവും മതവും മനസിലാക്കിയ ശേഷമാണ് തനിക്ക് പർവതത്തിന്റെ പ്രാധാന്യം മനസിലായത്. സംഭവിച്ചത് തെറ്റാണ് എന്ന് അംഗീകരിക്കുന്നു. എങ്ങനെ പെരുമാറരുത് എന്ന് ഈ അനുഭവം തന്നെ പഠിപ്പിച്ചു' എന്നും ചിലിക്കിൻ പറഞ്ഞു.
