കഴിഞ്ഞ ദിവസം റഷ്യൻ പൊലീസ് സേന ഒരു പ്രത്യേക ഓപ്പറേഷൻ തന്നെ നടത്തി. ഹെലികോപ്റ്ററുകളും യന്ത്രത്തോക്കുകളേന്തിയ പൊലീസുകാരും എല്ലാം ചേർന്ന് സൈബീരിയയിലെ ഒരു സഭയുടെ കേന്ദ്രങ്ങളിൽ നടത്തിയ വൻ റെയ്ഡിനൊടുവിൽ താൻ യേശുക്രിസ്തുവിന്റെ പുനർജന്മമാണ് എന്നവകാശപ്പെട്ട്, പതിനായിരത്തിലധികം പേരടങ്ങുന്ന ഒരു സഭയെ തന്നെ നയിച്ചുകൊണ്ടിരുന്ന വിസാറിയോൺ എന്ന വൈദികനെ അവർ അറസ്റ്റു ചെയ്തു. അനുവാദമില്ലാതെ മതസ്ഥാപനം നടത്തി, വിശ്വാസികളെ വൈകാരികമായും, ശാരീരികമായും പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇയാൾക്കുമേൽ പൊലീസ്  ചുമത്തിയിട്ടുള്ളത്.

സെർജി അനറ്റോളിവിച്ച് ടോറോപ്പ് എന്ന് മുഴുവൻ പേര്. നാട്ടിലെ സ്നേഹിതർ 'വിസാറിയോൺ' എന്നും വിളിക്കും. ജനനം 1961 ജനുവരി 14. വെളുത്തു സുന്ദരമായ മുഖം. നീണ്ടുവളർന്നു കിടക്കുന്ന താടിമീശകൾ. അയഞ്ഞ മേൽക്കുപ്പായം. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ പുനരവതാരമാണ് താനെന്നാണ് വിസാറിയോൺ കരുതുന്നത്. വിസാറിയോൺ മാത്രമല്ല, അയാളുടെ പിന്തുടർച്ചക്കാരയ ഒരു കൂട്ടം ആളുകളും. 

1990 വരെ റഷ്യയിലെ സൈബീരിയയിൽ ട്രാഫിക് പൊലീസുകാരനായി ജോലിയെടുക്കുകയായിരുന്നു  വിസാറിയോൺ. അക്കൊല്ലം അയാളുടെ ജോലി നഷ്ടപ്പെടുന്നു. നഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ പോരാ, അധികാരികൾ അയാളെ പിരിച്ചു വിടുന്നു. അതിനു കാരണമായത് ആ വർഷം അയാൾക്കുണ്ടായ ഒരു വെളിപാടാണ്. ദൈവ വിളിയാണ്. ചില്ലറ ദൈവവിളിയൊന്നും അല്ലായിരുന്നു അത്. "ഡിയർ സൺ, യു ആർ ദ റീ-ഇൻകാർനേഷൻ ഓഫ് ലോർഡ് ജീസസ് ക്രൈസ്റ്റ്" എന്നായിരുന്നു  വിസാറിയോന്റെ തലക്കകത്ത് മുഴങ്ങിയ ശബ്ദം അയാളോട് പറഞ്ഞത്. അതിനെ അവിശ്വസിക്കാൻ എന്തുകൊണ്ടോ അയാൾക്ക് തോന്നിയില്ല. 

തനിക്കുണ്ടായ വെളിപാടിനെപ്പറ്റി അയാൾ പലരോടും പറഞ്ഞു. ഡിപ്പാർട്ടുമെന്റിനോ വെളിപ്പെടുത്തിയപ്പോൾ ഉണ്ടായത് തിക്ത ഫലമായിരുന്നു. അവർ അയാൾക്ക് ഭ്രാന്തായി എന്നാരോപിച്ച് ആളെ ട്രാഫിക് ഡ്യൂട്ടിയിൽ നിന്ന് പിരിച്ചു വിട്ടു. എന്നാൽ, അയാൾ ആ പറഞ്ഞത് വിശ്വസിക്കാനും ആളുണ്ടായി. ഒന്നും രണ്ടുമല്ല, പതിനായിരത്തിലധികം ആളുകൾ അത് വിശ്വസിച്ചു. 1991 -ൽ നടന്ന, തന്റെ ആദ്യ പ്രബോധനത്തിൽ തന്നെ  വിസാറിയോൺ 'ചർച്ച് ഓഫ് ദ ലാസ്റ്റ് ടെസ്റ്റമെന്റ്' എന്ന പേരിൽ സ്വന്തമായി ഒരു സഭയുണ്ടാക്കി. 

 

 

ഇത് അതിവിശിഷ്ടമായ ഒരു സഭയാണ്. റഷ്യൻ ഓർത്തോഡോക്സ് സഭയുടെ ആധ്യാത്മികമൂല്യങ്ങളിൽ ഒരിത്തിരി ബുദ്ധിസം, ഒരിത്തിരി അപ്പോകാലിപ്റ്റിസം, ലേശം കലക്റ്റിവിസം, ലേശം പാരിസ്ഥിതികവാദം ഒക്കെ ചേർത്താൽ 'ചർച്ച് ഓഫ് ദ ലാസ്റ്റ് ടെസ്റ്റമെന്റ്' ആയി. റഷ്യയിൽ എമ്പാടുമായി പതിനായിരത്തില്പരം കുഞ്ഞാടുകളുള്ള ഒരു സഭയായി വിസാറിയോന്റേത് വളർന്നു കഴിഞ്ഞു.

 

 

വിസാറിയോൺ ഇതുവരെ പലവട്ടം ലോകാവസാനമുണ്ടാകും എന്നുള്ള പ്രവചനം നടത്തുകയും അതൊക്കെ ചീറ്റിപ്പോവുകയും ചെയ്തിട്ടുണ്ട്. തിന്മകളിൽ നിന്ന് മാറിനിന്നുകൊണ്ടുള്ള ഒരു സാന്മാർഗിക ജീവിതമാണ് ഇയാൾ പഠിപ്പിക്കുന്നത്. ഈ സഭയിലെ അംഗങ്ങൾ മദ്യം, മയക്കുമരുന്ന്, തെറി, പണം എന്നിങ്ങനെ പലതിൽ നിന്നും പരമാവധി ദൂരം പാലിക്കുന്നവരാണ്.   സൈബീരിയൻ വനഭൂമിയുടെ ഒരു മൂലയ്ക്കലായി തങ്ങളുടെ ഇടവകയും ഉറപ്പിച്ചു കഴിഞ്ഞു ഇവർ. ന്യൂ ജേഴ്സിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഈ പ്രദേശമാണ് മതത്തിന്റെ പേരിൽ നീക്കിവെക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ പ്രദേശങ്ങളിൽ ഒന്ന്

'ചർച്ച് ഓഫ് ദ ലാസ്റ്റ് ടെസ്റ്റമെന്റ്' എന്ന ഈ സഭയുടെ മുഖ്യ ഇടയനായ വിസാറിയോൺ അറസ്റ്റിലായതോടെ ഇനി അവശേഷിക്കുന്ന പതിനായിരത്തോളം വരുന്ന ഇടവകയിലെ വിശ്വാസികളുടെ ഭാവി എന്താകും എന്നതിൽ വ്യക്തതയില്ല. എന്തായാലും റഷ്യൻ ഓർത്തഡോക്സ് സഭയുടെ അപ്രീതിക്ക് ദീർഘകാലമായി പാത്രമായിരുന്ന ഒരു വിശ്വാസി സംഘത്തിനാണ് ഈ നടപടിയോടെ കൂച്ചുവിലങ്ങു വീണിരിക്കുന്നത്.