എന്നാൽ, ആക്രമണത്തിന് മുമ്പുതന്നെ, സാതിയ റെസ്റ്റോറന്റ് ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ജനപ്രിയമായിരുന്നു.
യുക്രൈനിലെ(Ukraine) റഷ്യൻ(Russian) അധിനിവേശത്തിനിടയിൽ, കിവി(Kyiv)ലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റ് നിരാലംബരായി തീർന്ന സാധാരണക്കാർക്ക് ഒരു അഭയകേന്ദ്രമായി മാറുകയാണ്. രാജ്യത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുക്രേനിയൻ പൗരന്മാർക്കും പാർപ്പിടവും സൗജന്യ ഭക്ഷണവും ഒരുക്കുകയാണ് യുദ്ധഭൂമിയിലെ ഈ ഇന്ത്യൻ ഭക്ഷണശാല. സാതിയ (Saathiya -സുഹൃത്ത്) എന്നാണ് റെസ്റ്റാറന്റിന്റെ പേര്. പേര് സൂചിപ്പിക്കും പോലെ തന്നെ യുദ്ധമുഖത്തിൽ പെട്ടുപോയ ആളുകൾക്ക് ഈ സ്ഥാപനം ഒരു ആശ്രയമാവുകയാണ്.
ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ആക്രമണം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 70 പേർക്കെങ്കിലും സാതിയ റെസ്റ്റോറന്റ് അഭയം നൽകിയിട്ടുണ്ട്. ചോക്കോലിവ്‌സ്‌കി ബൊളിവാർഡിന്റെ ബേസ്‌മെന്റിലാണ് ഈ റെസ്റ്റോറന്റ് ഉള്ളതെന്ന് ഉടമ മനീഷ് ദേവ് പറഞ്ഞു. അതിന്റെ ഈ സവിശേഷ സ്ഥാനം കാരണം ഇത് ഒരു തരം ബോംബ് ബങ്കറായി മാറുന്നു. അതിന് ചുറ്റും ബോംബുകൾ പൊട്ടിത്തെറിച്ചിട്ടും ഭക്ഷണശാല സുരക്ഷിതമായിരുന്നു. അതോടെ ആളുകൾ അവരുടെ ലഗേജുകളുമായി സാതിയ റസ്റ്റോറന്റിലേക്ക് ഒഴുകാൻ തുടങ്ങി. ഇവിടെ എത്തുന്നവർക്ക് ഭക്ഷണവും സൗജന്യമാണ്. വ്യാഴാഴ്ച ഭക്ഷണശാലയിൽ അഭയം തേടിയവർക്ക് ചിക്കൻ ബിരിയാണിയാണ് വിളമ്പിയത്.
“തങ്ങൾ ഇവിടെ സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിയിൽ നിരവധി യുക്രേനിയൻ പൗരന്മാരും എന്റെ റെസ്റ്റോറന്റിൽ എത്തുന്നു. ബേസ്‌മെന്റിന് താഴെയായതിനാൽ റസ്റ്റോറന്റ് ഇപ്പോൾ ബോംബ് ഷെൽട്ടർ പോലെയാണ്. ഞങ്ങൾ ഇവിടെ വരുന്ന എല്ലാവർക്കും ഭക്ഷണം നൽകുന്നു” റസ്റ്റോറന്റ് ഉടമ മനീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഗുഡ് എന്ന ട്വിറ്റർ ഹാൻഡിൽ റെസ്റ്റോറന്റിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും അതിന് താഴെ ഇങ്ങനെ എഴുതുകയുമുണ്ടായി, “യുക്രൈനിൽ മനീഷ് ദേവ് എന്നയാൾ 125 -ലധികം നിരാലംബരായ ആളുകൾക്ക് തന്റെ റെസ്റ്റോറന്റിൽ അഭയം നൽകി. അദ്ദേഹവും അദ്ദേഹത്തിന്റെ ജോലിക്കാരും അവിടെ വരുന്നവർക്ക് കഴിക്കാനായി ആഹാരം ഉണ്ടാക്കുന്നു. ഇതിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പുറത്തിറങ്ങുന്നു. മനീഷ് ദേവിനെ പോലെയുള്ള കൂടുതൽ ആളുകളെ ലോകത്തിന് ആവശ്യമുണ്ട്.
എന്നാൽ, ആക്രമണത്തിന് മുമ്പുതന്നെ, സാതിയ റെസ്റ്റോറന്റ് ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ജനപ്രിയമായിരുന്നു. "ഞാൻ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാൽ, ആളുകൾ താമസിക്കുന്ന അത്തരം പ്രദേശങ്ങൾ വ്യോമാക്രമണത്തിൽ നിന്ന് എത്രത്തോളം സുരക്ഷിതമായിരിക്കും എന്നതിൽ എനിക്ക് ഉറപ്പില്ലായിരുന്നു. ഞാൻ പലപ്പോഴും ഭക്ഷണം കഴിക്കാൻ ഇവിടെ വരുമായിരുന്നു. വ്യാഴാഴ്ച മനീഷ് എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കി. തുടർന്ന്, ഞാൻ അദ്ദേഹത്തിന്റെ റെസ്റ്റോറന്റിലേക്ക് താമസം മാറി. ഇപ്പോൾ, ഇത് ഞങ്ങൾക്ക് മറ്റൊരു വീടു പോലെയാണ്" കിവിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ ശിവം കടോച്ച് പറഞ്ഞു.
എന്നാൽ അവശേഷിക്കുന്ന ഭക്ഷണത്തിന്റെ സ്റ്റോക്ക് സംബന്ധിച്ച് ആശങ്കകൾ വർധിച്ചുവരികയാണ്. "ആഹാര സാധനങ്ങളുടെ സ്റ്റോക്ക് തീരാറായി. ഞങ്ങളുടെ പക്കൽ 4-5 ദിവസത്തേക്കുള്ള അരിയും മാവും കാണും. പക്ഷേ, ഞങ്ങൾക്ക് പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങേണ്ടതുണ്ട്. രാത്രി 10 മണിക്കും രാവിലെ 7 മണിക്കും ഇടയിൽ സഞ്ചരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്" അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച, കുറച്ച് സമയത്തേക്ക് മാർക്കറ്റുകൾ തുറന്നപ്പോൾ, അവർ പോയി പച്ചക്കറികളും പാലും അരിയും വാങ്ങി സംഭരിച്ചിരുന്നു.
