Asianet News MalayalamAsianet News Malayalam

നിലം ഉഴുതുമറിക്കാതെയും ഞാറ് നടാതെയും നെല്ല് കൃഷി ചെയ്യാം; ഉഗ്രന്‍ വിളവും നേടാം

സാധാരണ നെല്ല് കൃഷി ചെയ്യാന്‍ നിലം ആഴത്തില്‍ ഉഴുതുമറിക്കണം. എന്നിട്ട് നെല്‍ച്ചെടികളെ പറിച്ചുനടണം. ഉഴുതുമറിക്കുമ്പോള്‍ 10 മുതല്‍ 12 ഇഞ്ചില്‍ മേല്‍മണ്ണ് നഷ്ടമാകും. അതുപോലെ വെള്ളത്തിന്റെ വന്‍തോതിലുള്ള ഉപയോഗവും ഇന്ത്യയിലെ നെല്‍ക്കൃഷിയെ ബാധിക്കുന്ന പ്രശ്‌നമാണ്.
 

Saguna technique in farming
Author
Maharashtra, First Published Jan 12, 2020, 4:07 PM IST
  • Facebook
  • Twitter
  • Whatsapp

നിലം ഉഴുതുമറിക്കാതെയും ഞാറ് പറിച്ചു നടാതെയും നെല്‍ക്കൃഷി ചെയ്യാമോ? കഴിയുമെന്നാണ് ഇവര്‍ തെളിയിക്കുന്നത്. സഗുണ റൈസ് ടെക്‌നിക്ക് എന്ന് കേട്ടിട്ടുണ്ടോ? വെള്ളം നന്നായി ഉപയോഗിച്ചുള്ള നെല്‍ക്കൃഷിയില്‍ നിന്ന് അല്‍പം വ്യത്യാസപ്പെടുത്തി എങ്ങനെ വിളവ് കൂടുതലുണ്ടാക്കാം എന്ന് ചിന്തിച്ചതിന്റെ ഫലമാണ് ഈ സാങ്കേതിക വിദ്യ. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഈ സംവിധാനമുപയോഗിച്ചുള്ള കൃഷിയിലേക്ക് നേരത്തേ മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യോത്പാദനം കുറയുന്ന സാഹചര്യത്തില്‍ ഈ വിദ്യയിലൂടെ നെല്ല് ധാരാളം വിളവെടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

വളരെ കുറഞ്ഞ സാധനങ്ങള്‍ മാത്രം ഉപയോഗിച്ച് കൂടുതല്‍ ഉത്പാദനം നടത്തുന്ന വിദ്യയാണ് ഇവര്‍ പ്രാവര്‍ത്തികമാക്കുന്നത്. അതായത് വെള്ളം, വളം, വിത്തുകള്‍, കളനാശിനി എന്നിവയൊന്നും പരമ്പരാഗത രീതിയിലുള്ള നെല്‍ക്കൃഷിയില്‍ ഉപയോഗിക്കുന്ന അതേ അളവില്‍ ഇവിടെ പ്രയോഗിക്കേണ്ടതില്ല. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത കൃഷിരീതിയാണിത്. ക്ഷയിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ പുഷ്ടിപ്പെടുത്താനും തകരാറുകള്‍ പരിഹരിക്കാനും ഈ വിദ്യ സഹായിക്കുന്നു.

നാഗ്പൂരില്‍ നിന്നും 40 കി.മീ അകലെയുള്ള റാതെക്കിലെ കര്‍ഷകനായ ശ്രീനിവാസ് ഒരു പത്രപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ ഷോളാപൂരിലെയും കോലാപ്പൂരിലെയും ചന്ദ്രപൂരിലെയും കര്‍ഷകര്‍ക്കായി സൗജന്യമായി എസ്.ആര്‍.ടി എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ക്ലാസ് നല്‍കുകയാണ് ഇദ്ദേഹം.

നെല്‍വിത്ത് വിതയ്ക്കാനുപയോഗിക്കുന്ന നൂതനമായ ഈ വിദ്യ മഹാരാഷ്ട്രയിലെ നെല്‍പ്പാടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും മണ്ണിലെ പോഷകമൂല്യങ്ങള്‍ നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

14.99 ലക്ഷം ഹെക്ടറിലായി മഹാരാഷ്ട്രയില്‍ നെല്‍ക്കൃഷിയുണ്ട്. 32.37 ലക്ഷം ടണ്‍ ആണ് വാര്‍ഷിക ഉത്പാദനം. സംസ്ഥാനത്ത് ഒരു ഹെക്ടറില്‍ നിന്നുള്ള ശരാശരി ഉത്പാദനമായി കണക്കാക്കുന്നത് 2.01 ടണ്‍ ആണ്. ഇന്ത്യയിലെ നെല്ല് ഉത്പാദനത്തില്‍ 13-ാം സ്ഥാനമുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

സാധാരണ നെല്ല് കൃഷി ചെയ്യാന്‍ നിലം ആഴത്തില്‍ ഉഴുതുമറിക്കണം. എന്നിട്ട് നെല്‍ച്ചെടികളെ പറിച്ചുനടണം. ഉഴുതുമറിക്കുമ്പോള്‍ 10 മുതല്‍ 12 ഇഞ്ചില്‍ മേല്‍മണ്ണ് നഷ്ടമാകും. അതുപോലെ വെള്ളത്തിന്റെ വന്‍തോതിലുള്ള ഉപയോഗവും ഇന്ത്യയിലെ നെല്‍ക്കൃഷിയെ ബാധിക്കുന്ന പ്രശ്‌നമാണ്.

സഗുണ ടെക്‌നിക്ക്

സീറോ ടില്‍ എസ്.ആര്‍.ടി എന്ന സാങ്കേതികവിദ്യയാണ് മഹാരാഷ്ട്രയിലെ പകുതിയിലേറെ പ്രദേശങ്ങളിലും ഇപ്പോള്‍ അവലംബിക്കുന്നത്. ഇത് വികസിപ്പിച്ചത് സര്‍ക്കാരിന്റെ കൃഷി ഭൂഷന്‍ അവാര്‍ഡ് നേടിയ കര്‍ഷകനായ ചന്ദ്രശേഖര്‍ ഭദ്‌സാവ്‌ലെ ആണ്.

രത്‌നഗിരി ആസ്ഥാനമായുള്ള കൊങ്കണ്‍ കൃഷി വിദ്യാപീഠത്തില്‍ നിന്നാണ് ഭദ്‌സാവ്‌ലെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. കാലിഫോര്‍ണിയയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് മാസ്റ്റര്‍ബിരുദം കരസ്ഥമാക്കിയത്. ഫുഡ് ടെക്‌നോളജിയിലാണ് ഇദ്ദേഹം പോസ്റ്റ് ഗ്രാജ്വേഷന്‍ നേടിയതും പിന്നീട് കമ്പനികളില്‍ ജോലി ചെയ്തതും.

1976 -ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു സ്വാതന്ത്ര്യസമര സേനാനിയും ആദിവാസികളുടെയിടയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയുമായിരുന്നു. എസ്.ആര്‍.ടി സാങ്കേതികവിദ്യ  ഭദ്‌സാവ്‌ലേ വികസിപ്പിച്ചത് 2011 -ലായിരുന്നു. രണ്ടുവര്‍ഷത്തിന് ശേഷമാണ് കര്‍ഷകരിലേക്കെത്തിച്ചത്.

റെയ്‌സ്ഡ് ബെഡ്ഡുകള്‍ നിര്‍മിക്കുകയെന്നതാണ് ഈ ടെക്‌നോളജിയുടെ ആദ്യപടി. പിന്നീട് അയേണ്‍ ഫ്രെയിമുകള്‍ ഉപയോഗിച്ച് ദ്വാരങ്ങളുണ്ടാക്കണം. തരിരൂപത്തിലുള്ള വളവുമായി യോജിപ്പിച്ച വിത്തുകള്‍ ഓരോന്നോരോന്നായി മണ്ണിലേക്ക് ആഴ്ത്തിവെക്കണം. കളനാശിനി സ്‌പ്രേ ചെയ്യണം. ജലസേചനസൗകര്യമുപയോഗിച്ചോ മഴവെള്ളം കൊണ്ടോ ഈ മണ്ണ് ഈര്‍പ്പമുള്ളതാക്കണം.

നെല്ല്  വിളവെടുത്തുകഴിഞ്ഞാല്‍ വൈക്കോല്‍ നീക്കം ചെയ്യുന്നില്ല. അടുത്ത കൃഷിക്കായി കളനാശിനി സ്‌പ്രേ ചെയ്ത് ഒരുക്കിയെടുക്കുകയാണ് ചെയ്യുന്നത്. നിലക്കടല, ഗോതമ്പ്, സോയാബീന്‍, പച്ചക്കറികള്‍, സൂര്യകാന്തി എന്നിവ ഇതേ ബെഡ്ഡിലെ വൈക്കോലില്‍ നട്ടുവളര്‍ത്തുന്നു. ഇത്തരം ഉയരത്തിലുള്ള ബെഡ്ഡുകള്‍ അഞ്ചോ ആറോ വര്‍ഷത്തോളം ഇതുപോലെയുള്ള വിളകള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നു.

കുറഞ്ഞ ചെലവും മണ്ണിന്റെ നല്ല ഘടന നിലനിര്‍ത്താനുള്ള കഴിവുമാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത.

'ഞങ്ങളുടെ നേരിട്ട് തൈകളുണ്ടാക്കുന്ന ഈ രീതി ഉപയോഗിച്ച് മണ്ണിലെ ജൈവകാര്‍ബണിന്റെ അളവ് 0.5 ശതമാനത്തില്‍ നിന്നും 2.5 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് ശ്രമിക്കുന്നത്.' ഭദ്‌സാവ്‌ലേ പറയുന്നു.

ഗുന്തര ഗ്രാമത്തിലെ മഹേഷ് ഭോയാര്‍ എന്ന പോസ്റ്റ്ഗ്ര്വാജ്വേറ്റ് ബിരുദധാരി തന്റെ അര ഏക്കര്‍ കൃഷിഭൂമിയില്‍ ഈ വിദ്യ പ്രയോഗിച്ചപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന ഫലമാണുണ്ടായത്. അതുപോലെ പൂനെയിലെ ഗമ്‌നോളി ഗ്രാമത്തിലെ അനന്ത കാലെയില്‍ 1100 സ്‌ക്വയര്‍ ഫീറ്റ് ഭൂമിയില്‍ നിന്ന് 80 കി.ഗ്രാം നെല്ല് ആദ്യത്തെ വിളവെടുപ്പില്‍ തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. റാബി സീസണില്‍ ലെറ്റിയൂസ് കൃഷി ചെയ്ത്  20 ടണ്‍ വിളവെടുപ്പും നടത്തി.

Follow Us:
Download App:
  • android
  • ios