സഹിവാള്‍, ഇന്ന് നിലവിലുള്ള പശുക്കളില്‍ പാല്‍ ഉത്പാദനത്തില്‍ ഏറ്റവും മികവ് പുലര്‍ത്തുന്നയിനമാണ്. പടിഞ്ഞാറന്‍ പാകിസ്താനിലെ മോണ്ട് ഗോമറി ജില്ലയിലാണ് ഈ പശുവിന്റെ ഉത്ഭവം എന്നാണ് കരുതുന്നത്. ഇന്ത്യയില്‍ പല സ്ഥലത്തും സഹിവാള്‍ എന്ന ഇനത്തെ വളര്‍ത്തുന്നുണ്ട്. പഞ്ചാബിലും ഉത്തര്‍പ്രദേശിലും ബീഹാറിലും ഈ പശുവിനെ വളര്‍ത്തുന്നുണ്ട്. കര്‍ഷകര്‍ക്ക് വളരെ പ്രിയങ്കരനായ സഹിവാള്‍ വംശനാശഭീഷണി നേരിടുന്ന ഇനത്തില്‍പ്പെട്ട പശുവാണ്. കിടാങ്ങളെ പ്രസവിക്കുന്ന കാര്യത്തിലും പാലുത്പാദനത്തിന്റെ കാര്യത്തിലുമുള്ള മേന്മയാണ് സഹിവാളിനെ പ്രാധാന്യമുള്ളതാക്കി മാറ്റുന്നത്. ഈ പശുക്കളുടെ പാലില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. മറ്റുള്ള ഇറക്കുമതി ചെയ്യുന്ന ഇനങ്ങളെ അപേക്ഷിച്ച് ആരോഗ്യകരമാണ് ഈ പശുവിന്റെ പാല്‍.

സഹിവാളില്‍ നടത്തിയ ഗവേഷണം

ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. രണ്‍വീര്‍ സിങ്ങ് 2006 മുതല്‍ സഹിവാളില്‍ ഗവേഷണം നടത്തുന്നു. പഞ്ചാബില്‍ നിന്നുള്ള ഖുമാന്റി എന്ന വര്‍ഗക്കാരാണ് സഹിവാള്‍ എന്ന ഇനം വളര്‍ത്താന്‍ ആരംഭിച്ചത്. ഈ സമുദായത്തില്‍പ്പെട്ട ഓരോരുത്തര്‍ക്കും 30 മുതല്‍ 50 വരെ പശുക്കളുണ്ട്. ഇവരുടെ ജീവിതമാര്‍ഗം തന്നെ സഹിവാള്‍ പശുവിനെ വളര്‍ത്തുകയെന്നതാണ്. ചുവപ്പ് കലര്‍ന്ന തവിട്ട് നിറമാണ് പശുവിന്. തടിച്ച ശരീരവും കുറുകിയ കാലുകളും വലിപ്പമുള്ള തലയും പ്രത്യേകതകളാണ്.

ഡോ.സിങ്ങ് തന്റെ ഗവേഷണത്തിന്റെ ഭാഗമായി പഞ്ചാബിലെ സഹിവാള്‍ പശുക്കളെ വളര്‍ത്തുന്നവരുടെ വീടുകളില്‍ ചെന്നുകണ്ട് കാര്യങ്ങള്‍ മനസിലാക്കിയിരുന്നു. ഈ പശുക്കളെ വളര്‍ത്തുന്ന വീടുകളില്‍ ആര്‍ക്കും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. അതേസമയം മറ്റുള്ള ഇനങ്ങളെ വളര്‍ത്തി പാല്‍ ഉപയോഗിക്കുന്നവരില്‍ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

സഹിവാള്‍ പശുവിന്റെ പാലിന്റെ ഗുണങ്ങള്‍

മറ്റുള്ള പശുക്കളുടെ പാലില്‍ വെറും 3 ശതമാനം മാത്രം കൊഴുപ്പ് അടങ്ങിയിരിക്കുമ്പോള്‍ സഹിവാളിന്റെ പാലില്‍ 5 മുതല്‍ 6 ശതമാനം വരെ കൊഴുപ്പ് ഉണ്ട്. ആല്‍ഫ, ബീറ്റ, ഗ്ലോബിന്‍ എന്നീ മൂന്ന് തരം പ്രോട്ടീനുകള്‍ ഈ പശുവിന്റെ പാലില്‍ അടങ്ങിയിരിക്കുന്നു. സഹിവാള്‍ പശുവിന്റെ പാലില്‍ മാത്രമേ ഹിസ്റ്റിഡിന് പകരം പ്രോലിന്‍ അടങ്ങിയിട്ടുള്ളു. ഇത് കാരണം കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള പ്രതിവിധിയായി ഈ പശുവിന്റെ പാല്‍ ഉപയോഗിക്കാവുന്നതാണ്.

മറ്റുള്ള ഇറക്കുമതി ചെയ്യുന്ന പശുക്കളുടെ ഇനങ്ങള്‍ ആകെ 60 ലിറ്റര്‍ പാല്‍ മാത്രം തരുമ്പോള്‍ സഹിവാള്‍ 20 ലിറ്റര്‍ പാല്‍ ഒരു കറവയില്‍ തന്നെ ഉത്പാദിപ്പിക്കുന്നു. ജീവിതകാലം മുഴുവന്‍ കിടാങ്ങളെ പ്രസവിക്കാനുള്ള കഴിവുമുണ്ട്. മറ്റുള്ള പശുക്കള്‍ക്ക് വെറും മൂന്നോ നാലോ കിടാങ്ങളെ മാത്രമേ ആയുസില്‍ പ്രസവിക്കാന്‍ കഴിയുകയുള്ളു. 21 മുതല്‍ 22 വരെ മാസം കൊണ്ട് പ്രസവിക്കാനും കഴിവുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതിയിലൂടെ 500 കോടി സഹിവാള്‍ പശുക്കളുടെ പരിചരണത്തിനായി തന്നെ മാറ്റിവെച്ചിട്ടുണ്ട്. സഹിവാള്‍ പശുക്കളെ വാങ്ങുന്നവര്‍ക്ക് ഇന്‍സെന്റീവും സബ്‌സിഡികളും നല്‍കുന്നുണ്ട്.

പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യയില്‍ പരിശീലനം

പഞ്ചാബിലെ ലുധിയാനയിലെ ഗുരു അംഗദ് ദേവ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ആനിമല്‍ ന്യൂട്രീഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം എസ്.സി എസ്.ടി വിഭാഗക്കാരായ കര്‍ഷകര്‍ക്ക് പാലുത്പാദനം വര്‍ധിപ്പിക്കാനുള്ള ന്യൂട്രീഷണല്‍ ടെക്‌നോളജിയില്‍ പരിശീലനം നല്‍കിയത്. കൃഷിഭൂമിയില്ലാത്ത നിരവധി കര്‍ഷകര്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു.

ക്ഷീര കര്‍ഷകര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ നല്ല മാര്‍ഗങ്ങള്‍ മുമ്പിലുണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പരിശീലകര്‍. പോഷകഗുണമുള്ള കാലിത്തീറ്റ നിര്‍മിക്കാനുള്ള പരിശീലനത്തിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കി വരുമാന മാര്‍ഗം കണ്ടെത്താനുള്ള തൊഴിലവസരമുണ്ടാക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കാനുമാണ് ഇവര്‍ മുന്‍കൈ എടുത്തത്. ഫോഡറുകള്‍ ഉപയോഗിക്കാനും മിനറല്‍ അടങ്ങിയ സമീകൃതാഹാരം വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട കന്നുകാലികള്‍ക്ക് നല്‍കുന്നതെങ്ങനെയെന്ന കാര്യത്തിലും ഇവര്‍ പരിശീലനം നല്‍കുന്നു.