യു എസ്സിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സീരിയല്‍ കില്ലര്‍ സാമുവേല്‍ ലിറ്റില്‍ എന്നയാളാണെന്ന് എഫ്ബിഐ. 1970 -നും 2005 -നും ഇടയില്‍ 79 -കാരനായ സാമുവേല്‍ നടത്തിയ 50 കൊലപാതകങ്ങളിലെ ഇരകളെ കണ്ടെത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് അന്വേഷണസംഘം. 93 പെരെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. ഇപ്പോള്‍ ജയിലില്‍ ഇരകളെ കണ്ടെത്താനായി പൊലീസിന്‍റെ നിര്‍ദ്ദേശത്തോടെ അവരുടെ ചിത്രങ്ങള്‍ വരക്കുകയാണ് സാമുവേല്‍. നാട്ടുകാരുടെ സഹായവും പൊലീസ് തേടുന്നുണ്ട് ഇരകളെ തിരിച്ചറിയാന്‍. കൊലപാതകങ്ങളുടെ വിവരങ്ങള്‍ സാമുവേല്‍ വിവരിക്കുന്ന വീഡിയോയും ഇതിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

2012 മുതല്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലാണ് സാമുവേല്‍. 2014 -ല്‍ ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ചു. അതോടെയാണ് അയാള്‍ താന്‍ നടത്തിയ മറ്റ് കൊസലപാതകങ്ങള്‍കൂടി ഏറ്റുപറഞ്ഞത്. സാമൂഹികമായും സാമ്പത്തികമായും ദുര്‍ബലരായ സ്ത്രീകളെയായിരുന്നു സാമുവേല്‍ ലക്ഷ്യം വച്ചിരുന്നത്. അതില്‍ തന്നെയും കറുത്തവരേയും ലൈംഗിക തൊഴിലാളികളെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയുമാണ് ക്രൂരകൃത്യത്തിനായി ഇയാള്‍ തെരഞ്ഞെടുത്തിരുന്നത്. 

ഒരു ബോക്സറായിരുന്നു നേരത്തെ സാമുവേല്‍. കീഴ്‍പെടുത്താന്‍ ശ്രമിക്കുമ്പോള്‍, തന്നെ എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നവരെ ഇടിച്ചിടുകയായിരുന്നു സാമുവേല്‍ ആദ്യം തന്നെ ചെയ്‍തിരുന്നത്. പിന്നീട് അവരെ അയാള്‍ ക്രൂരമായി കൊലചെയ്തു. ഇതില്‍ പല കൊലപാതകങ്ങളും FBI അന്വേഷിച്ചിരുന്നില്ല. ചിലതാകട്ടെ അപകടമരണമോ, മയക്കുമരുന്നിന്‍റെ അമിത ഉപയോഗം മൂലം സംഭവിച്ചതോ ആണെന്നും വിധിയെഴുതപ്പെട്ടു. ചിലരുടെ മൃതദേഹങ്ങളൊന്നും കണ്ടെത്തിയതേയില്ല. എന്നാല്‍, എല്ലാ കൊലപാതകങ്ങളെ കുറിച്ചും കുറ്റം ഏറ്റുപറഞ്ഞിരിക്കുകയാണ് സാമുവേല്‍. അതെല്ലാം വിശ്വസനീയമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 

'കുറേ വര്‍ഷങ്ങള്‍ സാമുവേല്‍ കരുതിയിരുന്നത്. ഇയാള്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്നായിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ചോദിക്കാന്‍ ആരുമുണ്ടാകില്ല എന്ന് കരുതിയിരുന്നതാണ് അതിന് കാരണം.' FBI ക്രൈം അനലിസ്റ്റ് ക്രിസ്റ്റീ പലാസ്സോളോ പറയുന്നു. അയാള്‍ ജയിലിലാണെങ്കില്‍ കൂടി ഓരോ ഇരകള്‍ക്കും നീതി ലഭ്യമാക്കേണ്ടതുണ്ട് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അയാള്‍ കുറ്റം ഏറ്റുപറഞ്ഞ 43 കേസുകള്‍ അന്വേഷിച്ചുവരികയാണ്.  

പരിഹരിക്കാൻ എഫ്ബിഐ പൊതുസഹായം തേടുന്ന അഞ്ച് കേസുകളിൽ ഒന്ന്, എഴുപതുകളുടെ തുടക്കത്തിൽ ഫ്ലോറിഡയിലെ മിയാമിയിൽ മരിയൻ (മേരി ആൻ) എന്ന കറുത്ത ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തിയതാണ്. കരിമ്പിൻ പാടത്തിനടുത്തുള്ള ഡ്രൈവ് വേയിൽ വച്ച് 19 -കാരിയെ കൊന്നതായും അവളുടെ ശരീരം എവർഗ്ലേഡിലേക്ക് വലിച്ചിഴച്ചതായും സാമുവേല്‍ വിവരിച്ചു. മറ്റൊരു കേസിൽ, 1993 -ൽ ലാസ് വെഗാസിലെ ഒരു മോട്ടൽ മുറിയിൽ ഒരു സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നതും സാമുവേല്‍ വിശദീകരിച്ചിരുന്നു. അവളെ കൊലപ്പെടുത്തിയ ശേഷം അയാൾ നഗരത്തിന്റെ പ്രാന്തപ്രദേശത്തേക്ക് പോയി അവളുടെ ശരീരം ഒരു ചരിവിലൂടെ ഉരുട്ടിയിടുകയായിരുന്നുവത്രെ. 

കൊലപാതകങ്ങളെ കുറിച്ചുള്ള സാമുവേലിന്‍റെ ഓര്‍മ്മകളെല്ലാം കൃത്യമാണ്. പക്ഷേ, തീയ്യതികള്‍ ഓര്‍മ്മിക്കാന്‍ അയാള്‍ക്കാകുന്നില്ല. അതാണ്, അന്വേഷണത്തിന് അത്യാവശ്യമായി വേണ്ടതും. 2012 -ല്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും സാമുവേല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ കൊള്ള, ബലാത്സംഗം തുടങ്ങിയ ഒരുപാട് കേസുകള്‍ നേരത്തെ അയാളുടെ പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് അയാളില്‍ നടത്തിയ DNA പരിശോധനയില്‍ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയത് അയാളാണ് എന്ന് തെളിയിക്കപ്പെടുകയായിരുന്നു. പിന്നീട് അയാള്‍ FBI -യുടെ Violent Criminal Apprehension Program (ViCAP) -ലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. കൊലപാതകവും ബലാത്സംഗവും അടക്കം ഗുരുതരമായ കുറ്റങ്ങള്‍ അന്വേഷിക്കുന്ന പദ്ധതിയായിരുന്നു അത്. അതിലാണ് സാമുവേല്‍ കുറ്റസമ്മതം നടത്തിയത്.