ഒരുവിധം ആളുകൾക്കും റുബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പ്രയാസമായിരിക്കും. ഒരു ഭാഗം ശരിയാക്കി വരുമ്പോഴേക്കും മറ്റേ സൈഡ് കുളമായിട്ടുണ്ടാകും. ഇത് ഇത്രയൊക്കെ പ്രയാസമുള്ള കാര്യമാണോ? അതെ എന്നായിരിക്കും ഭൂരിപക്ഷത്തിന്‍റെയും മറുപടി. എന്നാൽ, ഇതൊന്നും നമ്മളെക്കൊണ്ടാവില്ല, എന്ന് പറയുന്നവർക്ക് ഒരു വെല്ലുവിളിയാവുകയാണ് ഈ ആറ് വയസ്സുകാരി.

ചെന്നൈയിൽ നിന്നുള്ള സാറ എന്ന ആറുവയസ്സുകാരി റൂബിക്ക് ക്യൂബ് പസിൽ വെറും രണ്ട് മിനിറ്റിനുള്ളിൽ പരിഹരിച്ച് ഗിന്നസ് റെക്കോർഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. സ്‍കൂൾ യൂണിഫോം ധരിച്ച ആ പെൺകുട്ടി കണ്ണുകൾ പൂട്ടി വൈരമുത്തുവിന്‍റെ കവിതകൾ ചൊല്ലിക്കൊണ്ട് റൂബിക് ക്യൂബ് രണ്ട് മിനിറ്റ് ഏഴ് സെക്കൻഡിൽ സോൾവ് ചെയ്തു.

വളർന്നുവരുന്ന പ്രതിഭയായ മകളെ കുറിച്ച് പിതാവായ ചാൾസ് വളരെ അഭിമാനം കൊണ്ടു. വളരെ ചെറുപ്പത്തിൽ തന്നെ അവൾ  ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ പരിഹരിക്കാൻ തുടങ്ങി, അതിനുശേഷം ഞങ്ങൾ അവളെ ഇതിനായുള്ള പരിശീലന ക്ലാസ്സുകളിൽ ചേർത്തു, അദ്ദേഹം പറഞ്ഞു. “ഇതിനകം അവൾ ഒരു ലോക റെക്കോർഡ് നേടിയിട്ടുണ്ട്. ഇപ്പോൾ ഗിന്നസ് റെക്കോർഡിനായി ശ്രമിക്കുന്നു. പ്രശ്‌നപരിഹാരത്തിലും അഭിരുചി ചോദ്യങ്ങളിലും സാറാ മിടുക്കിയാണ്. ഇവളുടെ കഴിവുകൾ തിരിച്ചറിഞ്ഞ ശേഷം ഞങ്ങൾ അവൾക്ക് ശരിയായ പരിശീലനം നൽകി പോരുന്നു. ഈ ക്യൂബ് മാത്രമല്ല, പലതരം ക്യൂബുകളും അവൾക്ക് സോൾവ് ചെയ്യാൻ കഴിയും.” അദ്ദേഹം കൂട്ടിച്ചേർത്തു.  

തമിഴ്‌നാട് ക്യൂബ് അസോസിയേഷൻ അവളെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭയായി പ്രഖ്യാപിച്ചിരുന്നു. “ഇങ്ങനെ ഒരു കാര്യം ചെയ്യാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.” തിളങ്ങുന്ന കണ്ണുകളും മുഖത്ത് വിശാലമായ പുഞ്ചിരിയുമായി സാറ പറയുന്നു. 

റുബിക് ക്യൂബ് യഥാർത്ഥത്തിൽ മാജിക് ക്യൂബ് എന്നാണ് അറിയപ്പെട്ടിരുന്നത്.  1974 -ൽ ഹംഗേറിയൻ ശില്പിയും വാസ്തുവിദ്യാ പ്രൊഫസറുമായ എർനോ റൂബിക് ആണ് ഈ തിരിക്കുന്ന 3D  പസിൽ കണ്ടുപിടിച്ചത്.  ഒരു ക്ലാസിക് 3x3x3 റൂബിക്സ് ക്യൂബിൽ, ഒമ്പത് സ്റ്റിക്കറുകൾ അടഞ്ഞിയ ആറ് വശങ്ങളുണ്ട്.  പരമ്പരാഗതമായി വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നിവയാണ് അതിലുപയോഗിച്ചിരിക്കുന്ന നിറങ്ങൾ. ഓരോ മുഖവും ഓരോ നിറമായി മാറുമ്പോഴാണ് പസിൽ പരിഹരിക്കപ്പെടുന്നതിന്.