ഇപ്പോൾ എൺപതിൽ അധികമായിരിക്കുന്നു രണ്ടു പേരുടേയും വയസ്‌. കാലം നൽകിയ അവശതകൾ ഏറ്റുവാങ്ങി കിതച്ചു തുടങ്ങിയിരിക്കുന്നു ദേഹം. അന്നന്ന് കഴിയണമെങ്കിൽ പക്ഷേ, ഇപ്പോഴും അധ്വാനിക്കുക തന്നെ വേണം. 

അഴകപ്പൻ എന്നോ അഴഗിരി എന്നോ? തമിഴ്‌ ഛായയുള്ള ആ പേര്‌ ഞാൻ മറന്നുപോയി. ഭാര്യയുടെ പേര്‌ നാരായണി എന്നാണ്‌. രണ്ടുപേരും അരുവാക്കോട്‌ നിന്ന് അറുപതിൽ ചില്വാനം വർഷങ്ങൾക്ക്‌ മുൻപ്‌ വയനാട്ടിലേക്ക്‌ കുടിയേറിയവരാണ്‌. ശരീരത്തിനും മനസിനും നല്ല ബലമുണ്ടായിരുന്ന കാലം. മനുഷ്യർ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്ന കാലം.

മൺപാത്രനിർമ്മാണം കുലത്തൊഴിലായിരുന്നു. വയനാട്ടിലെ പുറ്റാട്‌, മലയച്ചം കൊല്ലിക്കടുത്തുള്ള വയലുകളിൽ നല്ല ചളി കിട്ടും. കുശവന്റെ പ്രധാന അസംസ്കൃത വസ്തു. പിന്നെ, വനസമാനമായ പരിസരങ്ങളിൽ നിന്ന് ചൂളക്ക്‌ ആവശ്യമായ വിറകും. അതുകൊണ്ട്‌ അവിടെത്തന്നെ ഒരു ചെറിയ വീട്‌ വെച്ച്‌ പാർപ്പ്‌ തുടങ്ങി. വിൽക്കുന്നവനേപ്പോലെ തന്നെ വാങ്ങുന്നവനും ദരിദ്രനായിരുന്ന ഒരു കാലമാണ്‌..

പാത്രങ്ങൾ ഉണ്ടാക്കിയാൽ മാത്രം പോരാ നാടൊട്ടുക്ക്‌ നടന്ന് വിക്കണം. നല്ല കനമുള്ള പാത്രക്കൊട്ടയും തലയിൽ ചുമന്ന് രണ്ടു പേരും രണ്ടുവഴിക്ക്‌ നീങ്ങും... മേപ്പാടി, അരപ്പറ്റ, തലക്കൽ, റിപ്പൺ. അന്ന് കരുത്തുള്ളവയായിരുന്ന ആ കാലുകൾ നടന്നെത്താത്ത വഴികളില്ല. അന്നത്തെ ഏതൊരു പാരമ്പര്യത്തൊഴിലാളിയേയും പോലെ അധ്വാനം കൊണ്ട്‌ അരിഷ്ടിച്ച്‌ മുന്നോട്ട്‌ നീങ്ങിയ ഒരു ജീവിതം.

ഇപ്പോൾ എൺപതിൽ അധികമായിരിക്കുന്നു രണ്ടു പേരുടേയും വയസ്‌. കാലം നൽകിയ അവശതകൾ ഏറ്റുവാങ്ങി കിതച്ചു തുടങ്ങിയിരിക്കുന്നു ദേഹം. അന്നന്ന് കഴിയണമെങ്കിൽ പക്ഷേ, ഇപ്പോഴും അധ്വാനിക്കുക തന്നെ വേണം.

അൻപത്‌ വർഷം മുന്നേ പണി തീർത്ത ആ ചെറിയ മൺവീട്ടിൽ ഒരു മനുഷ്യന്‌ പാർക്കാൻ വേണ്ട മിനിമം സൗകര്യങ്ങൾ മാത്രം. കാലമിങ്ങനെ ഒരു ഫ്രൈമിൽ ഫ്രീസ്‌ ചെയ്തു നിൽക്കും പോലത്തെ ഒരു ചെറിയ വീട്‌. നാലു പെണ്മക്കളും ഒരു മകനും... പറക്കമുറ്റിയ കിളിക്കുഞ്ഞുങ്ങൾ കൂടൊഴിയും പോലെ അവരവരുടെ ജീവിതവുമായി അവർ പലയിടത്തായി.

ലക്ഷക്കണക്കായ മനുഷ്യരുണ്ട്‌ ഈ വിധം എന്ന് അറിയായ്കയല്ല. ഇതിനേക്കാൾ ദരിദ്രരും അവശരുമായ എത്രയോ പേർ കണ്ടേക്കാം എന്നും അറിയാം. എന്നിട്ടും, ഞാൻ ഇവരെക്കുറിച്ച്‌ എന്തിനെഴുതുന്നു എന്ന് ചോദിച്ചാൽ എനിക്കതിന്‌ ഒരു യുക്തിയുണ്ട്‌.

ലോകം അതിവേഗത്തിൽ ഒരുപാട്‌ മാറിപ്പോയി കഴിഞ്ഞ ഒരു മുപ്പത്‌ വർഷത്തിനിടയിൽ എന്ന് നാം എപ്പോഴും പറയാറുള്ളതാണ്‌. ആ അതിവേഗ മാറ്റങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച ഒരു തലമുറയാണ്‌ നമ്മുടേത്‌ എന്നും ഗമ കാണിക്കാറുണ്ട്‌ നമ്മൾ പലപ്പോഴും. റേഡിയോയിൽ നിന്ന് ലൈവ്‌ സ്ട്രീമിങ്ങിലേക്കും, ട്രങ്ക്‌ കോളുകളിൽ നിന്ന് വീഡിയോ ചാറ്റുകളിലേക്കും എന്നൊക്കെ ഉദാഹരിക്കാറുള്ള മാറ്റത്തിന്റെ കാലം...

പക്ഷേ ആ വിധം നമ്മൾ ഘോഷിക്കുന്ന ദ്രുതമാറ്റങ്ങൾ ഒന്നുപോലും സ്പർശിക്കാതെ കടന്നു പോകുന്ന ജന്മങ്ങളുമുണ്ട്‌ ഭൂമിയിൽ എന്ന് ഉദാഹരിക്കാൻ വേണ്ടിയാണ്‌ ഈ ജീവിത സാക്ഷ്യം. നീലഗിരിയിലെ തേയില തോട്ടങ്ങളിലൂടേയും, വയനാട്ടിലെ ആദിവാസി മേഖലകളിലൂടെയും ഒക്കെ കടന്നു പോകുമ്പോൾ ഒന്ന് ശ്രദ്ധിച്ച്‌ നോക്കിയാൽ മതി. നമുക്ക്‌ ഇത്തരം മനുഷ്യരെ കാണാം.

ജനിച്ച്‌ മരിക്കുവോളം വരേയും ഒരേ ജീവിതം ജീവിക്കേണ്ടി വരുന്ന മനുഷ്യർ. ബാല്യം മുതലേ തുടങ്ങുന്ന അധ്വാനം വാർധക്യത്തിന്റെ അവശതകളിലും തുടരേണ്ടി വരുന്നവർ. അവരുടെ ചെറിയ ദേശം വിട്ട്‌ ഒരിക്കൽ പോലും ദൂരയാത്ര ചെയ്തിട്ടില്ലാത്തവർ. നമ്മളീ പറയുന്ന അതിവേഗ വികസനം ഒരിക്കൽ പോലും നേരിട്ട്‌ സ്പർശിച്ചിട്ടില്ലാത്തവർ. ഒരു ചരിത്രത്തിലും രേഖപ്പെടുത്താതെ പോയിട്ടുള്ള വെറും മനുഷ്യർ. അത്തരം ജീവിതങ്ങളെക്കുറിച്ചുള്ള ഒന്നിനുമല്ലാതെയുള്ള ഒരു സാക്ഷിപറച്ചിലാകുന്നു ഈ എഴുത്ത്‌.

വിശ്രമിക്കാൻ ഇട കിട്ടാതെ പോയ ഇവരുടെ ശിഷ്ട ജീവിതത്തിൽ സ്വസ്ഥതയുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.