ഇന്ന്  വിനായക് ദാമോദർ സാവർക്കറുടെ ഓർമ്മദിവസമാണ്. 1966 ഫെബ്രുവരി 26 ന് തന്റെ എൺപത്തിരണ്ടാം വയസ്സിൽ ബോംബെയിൽ വെച്ചാണ് സാവർക്കർ മരിക്കുന്നത്. ആരായിരുന്നു സാവർക്കർ? സമകാലിക ഇന്ത്യാ ചരിത്രത്തിൽ സവർക്കറോളം വിവാദങ്ങൾക്ക് വിഷയമായിട്ടുള്ള ഒരു ചരിത്രപുരുഷൻ ഒരുപക്ഷേ വേറെ കണ്ടേക്കില്ല. ആരാധകർക്ക് സാവർക്കർ ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും ഒക്കെ പ്രതീകമാണ്. വിമർശകർക്കും സാവർക്കറെ ഇകഴ്ത്തുന്നവർക്കും പറയാനുളളത് സാവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങിയതിന്റെ കഥകളും. 

സത്യത്തിൽ ആരാണ് സാവർക്കർ? ഹിന്ദുത്വവാദികൾ ഇടക്ക് സാവർക്കറിന് ഭാരതരത്ന നൽകണം എന്ന ആവശ്യവുമായി വന്നിരുന്നു.. ബിജെപിക്ക് ഈ ആവശ്യത്തോട് എതിർപ്പൊന്നുമുണ്ടായിരുന്നില്ല എങ്കിലും, പ്രതിപക്ഷം അതിനെ നഖശിഖാന്തം എതിർത്തു. കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ഈ 'ഭാരത് രത്ന' വിഷയം വീണ്ടും പൊങ്ങിവരുന്നത്. മഹാരാഷ്ട്രയിൽ സാവർക്കറിന് എമ്പാടും ആരാധകരുണ്ട് എന്നതാണ് അതിനുള്ള കാരണം. ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയിലും  പലപ്പോഴും സാവർക്കർ പരാമർശവിഷയമാകാറുണ്ട്.  അന്ന് ആ കേസിലെ പ്രതിയായിരുന്ന സാവർക്കറെ പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയാണുണ്ടായത്. 
 

 
പാർലമെന്റിൽ അടുത്തിടെ ഉയർന്ന ചോദ്യം, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിൽ കഴിയുന്ന കാലത്ത്  സാവർക്കർ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞിരുന്നോ ഇല്ലയോ എന്നതായിരുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേൽ ഈ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞത് ആൻഡമാൻ നിക്കോബാർ അഡ്മിനിസ്‌ട്രേഷന്റെ പക്കൽ ഇങ്ങനെ ഒരു പ്രവൃത്തിയെപ്പറ്റി തെളിവുനൽകാൻ പോന്ന യാതൊരു രേഖയുമില്ല എന്നാണ്.  

ആരാണ് സാവർക്കർ? 

മഹാരാഷ്ട്രയിലെ നാസികിലുള്ള ഭാഗൂർ ഗ്രാമത്തിൽ 1883 മെയ് 28 നായിരുന്നു വിനായക് ദാമോദർ സാവർക്കറുടെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി, ചിന്തകൻ, രാഷ്ട്രീയ നേതാവ്, ചരിത്രകാരൻ, കവി എന്നീ നിലകളിൽ മഹാരാഷ്ട്രയുടെ സാമൂഹിക മണ്ഡലത്തിൽ അക്കാലത്ത് നിറഞ്ഞു നിന്നിരുന്നു സാവർക്കർ. ഹൈസ്‌കൂളിൽ തുടങ്ങിയ രാഷ്ട്രീയം പുണെയിലെ സുപ്രസിദ്ധമായ ഫെർഗുസൺ കോളേജിൽ ബിരുദ പഠനത്തിന് എത്തിയിട്ടും സാവർക്കർ തുടർന്നു. സഹോദരനൊപ്പം ചേർന്ന് 'അഭിനവ് ഭാരത് സൊസൈറ്റി' എന്ന പേരിൽ ഒരു തീവ്രസ്വഭാവമുള്ള സംഘടന തുടങ്ങുകയുണ്ടായി അന്ന് സാവർക്കർ. ഫെർഗുസൺ കോളേജിലെ പഠനത്തിന് ശേഷം ഇംഗ്ലണ്ടിൽ നിയമത്തിൽ ഉപരിപഠനം നടത്താൻ വേണ്ടി ചെന്ന കാലത്തും ഫ്രീ ഇന്ത്യാ സൊസൈറ്റി, ഇന്ത്യ ഹൗസ് പോലുള്ള പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു സാവർക്കർ.

ലണ്ടനിൽ നിന്ന് നാടുകടത്തുമ്പോൾ ഉണ്ടായ അതിസാഹസികമായ രക്ഷപ്പെടൽ

സാവർക്കറിനെപ്പറ്റി ഗവേഷണങ്ങൾ നടത്തിയിട്ടുള്ള നിരഞ്ജൻ തക്ലെ പറയുന്ന ഒരു പഴയ കഥ ഇപ്രകാരമാണ്, " 1910 -ൽ തന്റെ തീവ്രരാഷ്ട്രീയ നിലപാടുകളുടെ പേരിൽ പുണെ ഫെർഗുസൺ കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സാവർക്കർ. അക്കൊല്ലം തന്നെ സാവർക്കറെ നാസിക് ജില്ലാ കളക്ടർ ആയിരുന്ന ജാക്‌സണെ കൊന്ന കേസിലും അറസ്റ്റു ചെയ്യുന്നുണ്ട്. വധക്കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ടുകൊണ്ട് സാവർക്കറുടെ സഹോദരനാണ് ആദ്യം അറസ്റ്റിലാകുന്നത്. അതേ കേസിൽ, ലണ്ടനിൽ നിന്ന് നാട്ടിലുള്ള സഹോദരന് ഒരുകൈത്തോക്ക് എത്തിച്ചുനൽകി എന്ന ആരോപണം അന്ന് സാവർക്കർക്കുമേലും ഉണ്ടായിരുന്നു. അന്ന് ലണ്ടനിൽ നിന്നെത്തിയ അതേ തോക്കാണ് ഇവിടെ ജാക്‌സനെ വധിക്കാൻ ഉപയോഗിച്ചത് എന്നായിരുന്നു പൊലീസ് ആരോപിച്ചത്. എന്തായാലും, അതിന്റെ പേരിൽ  ഈ കേസിൽ ലണ്ടനിൽ വെച്ച് സാവർക്കർ അറസ്റ്റുചെയ്യപ്പെടുന്നു. എസ് എസ് മൗര്യ എന്ന കപ്പലിൽ സാവർക്കർ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നു. ആ കപ്പൽ, യാത്രാമദ്ധ്യേ ഫ്രാൻസിലെ തുറമുഖത്തടുത്തപ്പോൾ സാവർക്കർ അതിലെ ശൗചാലയത്തിന്റെ കമ്മോഡിലൂടെ നൂണ്ടിറങ്ങി രക്ഷപ്പെടുന്നു. ആ 'പോട്ട് ഹോൾ' നേരെ ചെന്നവസാനിച്ചിരുന്നത് സമുദ്രത്തിലായിരുന്നു. അതിലൂടെ നൂണ്ടുനൂണ്ടു ചെന്ന് സാവർക്കർ കടലിലേക്ക് ചാടുന്നു. 

സാവർക്കറുടെ ജീവചരിത്രമായ 'ബ്രേവ് ഹാർട്ട് സാവർക്കർ'('ധീരനായ സാവർക്കർ') എഴുതിയ അശുതോഷ് ദേശ്‌മുഖ് ഇതുമായി ബന്ധപ്പെട്ട വിശദമായ കഥകൾ പങ്കുവെച്ചിട്ടുണ്ട്. "രക്ഷപെട്ട നാൾ സാവർക്കർ തന്റെ നൈറ്റ് ഗൗൺ ധരിച്ചിരുന്നു. ആ കപ്പലിലെ ടോയ്‌ലെറ്റിലേക്ക് പുറത്തുനിന്ന് നിരീക്ഷിക്കാൻ പാകത്തിന് ഒരു നോക്കുകണ്ണാടി വെച്ചിട്ടുണ്ടായിരുന്നു. സാവർക്കർ തന്റെ ഗൗൺ ഊരി ആദ്യം തന്നെ ആ കണ്ണാടി മൂടുകയാണ് ചെയ്തത്. രക്ഷപ്പെടുന്നതിന് ദിവസങ്ങൾ മുമ്പുതന്നെ സാവർക്കർ ആ കക്കൂസിന്റെ 'പോട്ടി' ഹോളിന്റെ വലിപ്പം അളന്നുനോക്കിയിട്ടുണ്ടായിരുന്നു. അതിലൂടെ നൂണ്ടു പുറത്തുകടക്കാൻ തനിക്കാവും എന്നുള്ള ഉറപ്പ് അങ്ങനെ സാവർക്കറിനുണ്ടായിരുന്നു. ദുർബലമായ ആ മെലിഞ്ഞ ശരീരം അതിനുള്ളിലൂടെ അനായാസം നൂണ്ടിറങ്ങി കപ്പലിന് താഴെ കടലിലേക്ക് ചാടി. നീന്തുന്നതിനിടെ സീവേജ് പൈപ്പിനുള്ളിൽ എവിടെയോ കൊണ്ടുരഞ്ഞ് സാവർക്കറിന് പരിക്കുപറ്റിയിരുന്നു. ദേഹം മുറിഞ്ഞ് ചോര വാർന്നൊഴുകിക്കൊണ്ടിരുന്നു. അതിനിടെ തങ്ങളുടെ തടവുപുള്ളി രക്ഷപ്പെടുന്നത് കണ്ണിൽപ്പെട്ട കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരും പിന്നാലെ വെള്ളത്തിൽ ചാടി നീന്തൽ തുടങ്ങിക്കഴിഞ്ഞിരുന്നു. 

വെറും പതിനഞ്ചു മിനിറ്റുകൊണ്ട് സാവർക്കർ നീന്തി കരയ്ക്കുകയറി. ആ സമുദ്രതടത്തിലെ പാറക്കെട്ടുകളിൽ നിറയെ പൂപ്പലും പായലുമൊക്കെ ആയിരുന്നു.ആദ്യ ശ്രമത്തിൽ പിടുത്തം വിട്ട്, വഴുതി തിരികെ കടലിലേക്ക് വീണു എങ്കിലും രണ്ടാമത്തെ ശ്രമത്തിൽ സാവർക്കർ കരയ്ക്കു കയറുന്നതിൽ വിജയം കണ്ടു. അതിനു ശേഷം സാവർക്കർ വളരെ വേഗം ഓടാൻ തുടങ്ങി. ഏകദേശം ഒരു മിനിറ്റ് നേരം കൊണ്ട് സാവർക്കർ അരക്കിലോമീറ്ററോളം ദൂരം ഓടിത്തീർത്തു. സാവർക്കർ ഓടിക്കൊണ്ടിരുന്നത് ഫ്രാൻസിലെ ആ തീരദേശനഗരത്തിലെ ഒരു തിരക്കുള്ള റോഡിലൂടെയായിരുന്നു. ഇടത്തും വലത്തും കൂടി കാറുകളും, ബസ്സുകളും, ട്രാമുകളുമൊക്കെ ചീറിപ്പാഞ്ഞു കൊണ്ടിരുന്നു. അതൊന്നും വകവെക്കാതെയായിരുന്നു പ്രാണനും കയ്യിലെടുത്തുള്ള ആ ഓട്ടം. 
 


 

അങ്ങനെ ഓടിക്കൊണ്ടിരിക്കെ റോഡരികിൽ ഒരു ഫ്രഞ്ച് പോലീസുകാരൻ നിൽക്കുന്നത് സാവർക്കർ കണ്ടു. നേരെ അയാളെ സമീപിച്ച് ഇംഗ്ലീഷിൽ ഇങ്ങനെ പറഞ്ഞു, " എനിക്ക് ഇന്നാട്ടിൽ രാഷ്ട്രീയാഭയം വേണം, എത്രയും പെട്ടെന്ന് എന്നെ ഇവിടത്തെ മജിസ്‌ട്രേറ്റിന്റെ അരികിലെത്തിക്കൂ" അപ്പോഴേക്കും നേരത്തെ കപ്പലിൽ നിന്ന് വെള്ളത്തിൽ ചാടി സാവർക്കറെ പിന്തുടർന്ന് നീന്താൻ തുടങ്ങിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പാഞ്ഞ് അവിടേക്കെത്തിയിരുന്നു. " കള്ളൻ... കള്ളൻ... പിടിക്കൂ.. പിടിക്കൂ" സാവർക്കറെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ ദൂരെ നിന്നേ കൂവിവിളിക്കാൻ തുടങ്ങി. "ഞാൻ കള്ളനല്ല.. കള്ളനല്ല..." എന്ന് സാവർക്കർ പ്രതിഷേധ സ്വരം ഉയർത്താൻ നോക്കിയെങ്കിലും, അവിടെ തടിച്ചു കൂടിയ ജനം സാവർക്കറെ പിടികൂടി. "

അത് സാവർക്കർക്ക് ഏതാനും നിമിഷനേരത്തേക്കുണ്ടായ സ്വാതന്ത്ര്യലബ്‌ധിയുടെ അസുഖകരമായ പര്യവസാനമായിരുന്നു. പിന്നീട് ദീർഘകാലത്തേക്ക്  സാവർക്കർ ബ്രിട്ടീഷുകാരുടെ തടവിൽ തന്നെയായിരുന്നു, വിചാരണയിൽ 25 വർഷത്തെ രണ്ടു കഠിനതടവ്  ശിക്ഷകളാണ് സാവർക്കർക്ക് വിധിക്കപ്പെട്ടത്. അത് അനുഭവിച്ചു തീർക്കാൻ പറഞ്ഞയക്കപ്പെട്ടതോ അന്നത്തെ ഏറ്റവും കുപ്രസിദ്ധമായ ആൻഡമാനിൽ സെല്ലുലാർ ജയിലിലേക്കും. 

ആന്‍‌ഡമാനിലെ കാലാപാനിക്കാലം 

698 മുറികളുണ്ടായിരുന്നു ആ സെല്ലുലാർ ജയിലിൽ. അതിലെ 13.5'x 7.5' അളവിലുള്ള സെൽ നമ്പർ 52 -ലായിരുന്നു സാവർക്കറെ പാർപ്പിച്ചത്. ഇക്കാലത്തെക്കുറിച്ചും അശുതോഷ് ദേശ്‌മുഖ് തന്റെ സാവർക്കർ ജീവചരിത്രത്തിൽ വിശദമായി വർണ്ണിക്കുന്നുണ്ട്. " ആൻഡമാനിൽ സർക്കാർ ഉദ്യോഗസ്ഥർ പൊയ്ക്കൊണ്ടിരുന്നത് ബാഗ്ധി എന്നറിയപ്പെട്ടിരുന്ന ഒരുതരം കൈവണ്ടിയിലായിരുന്നു. അത് വലിക്കാൻ വിധിക്കപ്പെട്ടിരുന്നതാകട്ടെ സാവർക്കർ അടക്കമുള്ള രാഷ്ട്രീയ തടവുകാരും. കുണ്ടും കുഴിയും നിറഞ്ഞ, കയറ്റവും ഇറക്കവുമുള്ള റോഡുകളായിരുന്നു അവിടെ. ആ റോഡുകളിലൂടെ ഈ കൈവണ്ടികൾ വലിച്ചുകൊണ്ടോടുമ്പോൾ പലപ്പോഴും കുഴിയിൽ നിന്ന് വണ്ടി വലിച്ചുകയറ്റാനാകാതെ പുള്ളികൾ പ്രയാസപ്പെടാറുണ്ടായിരുന്നു. അപ്പോഴൊക്കെ കിട്ടിയിരുന്നത് നല്ല ചാട്ടയടിയും ഭർത്സനവും ആയിരുന്നു. എന്നാൽ ഇവിടെ കഴിച്ചുകൂട്ടിയ ആദ്യത്തെ 9 മാസക്കാലത്തെ അനുഭവങ്ങൾ, ബ്രിട്ടീഷുകാരോടുള്ള സാവർക്കറിന്റെ സമീപനം എന്നെന്നേക്കുമായി തിരുത്തിക്കുറിക്കാൻ പോന്നതായിരുന്നു."
 


 

സാവർക്കറെപ്പറ്റി നിരഞ്ജൻ പറയുന്നത് ഇപ്രകാരമാണ്, "സാവർക്കറിന്റെ ജീവിതത്തെ നമുക്ക് പല അധ്യായങ്ങളായി തിരിക്കാവുന്നതാണ്. ആദ്യഭാഗം ഏറെ കാല്പനികമായ ഒരു വിപ്ലവകാരിയുടേതാണ്. ആ കാലയളവിലാണ് സാവർക്കർ 1857 -ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെപ്പറ്റിയുള്ള പുസ്തകമൊക്കെ എഴുതുന്നത്. ആ പുസ്തകത്തിൽ മതേതരത്വത്തിന്റെ വക്താവായിട്ടാണ് സാവർക്കർ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, സമരത്തിനിറങ്ങി പിടിക്കപ്പെടുമ്പോഴാണ് അസുഖകരമായ പല നഗ്നയാഥാർഥ്യങ്ങളും സാവർക്കർക്ക് ബോധ്യപ്പെടുന്നത്. ജയിലിൽ കഷ്ടപ്പാടനുഭവിച്ച് കഴിച്ചുകൂട്ടുന്നത് വ്യർത്ഥമാണ് എന്ന തിരിച്ചറിവുണ്ടാകുന്നത്. 1911 ജൂലൈ 11 -ന് ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിൽ എത്തിയ സാവർക്കർ തന്റെ ആദ്യത്തെ മാപ്പപേക്ഷ എഴുതുന്നത് അതേവർഷം ഓഗസ്റ്റ് 29 -നാണ്. അതായത് അവിടെയെത്തി ഒന്നരമാസത്തിനുള്ളിൽ തന്നെ. അതിനുശേഷം അവിടെ ചെലവിട്ട 9 വർഷങ്ങൾക്കിടയിൽ സാവർക്കർ ആറുവട്ടം കൂടി മാപ്പെഴുതി നൽകിയിട്ടുണ്ട്. "

നിരഞ്ജൻ തുടരുന്നു, " ജയിൽ റെക്കോർഡുകൾ പ്രകാരം എല്ലാ മാസവും സെല്ലുലാർ ജയിലിൽ രണ്ടോ മൂന്നോ തടവുപുള്ളികളെ തൂക്കിലേറ്റുന്ന പതിവുണ്ടായിരുന്നു. തൂക്കിലേറ്റിയിരുന്ന മുറി സാവർക്കറുടെ മുറിയുടെ നേരെ താഴെയായിരുന്നു. തൂക്കിലിടുന്നവരുടെ പിടപിടപ്പും ഒച്ചയും മറ്റും കേൾക്കേണ്ടി വന്നിരുന്നത് സാവർക്കറെ ബാധിച്ചിരുന്നു ഒരു പക്ഷേ. "

ജയിലിൽ സാവർക്കറുടെ കൂടെ കഴിഞ്ഞിട്ടുള്ള ബരീന്ദ്ര ഘോഷ് പിന്നീട് ഇങ്ങനെയെഴുതി, " സാവർക്കർ ബന്ധു ജയിലർക്കെതിരെ കലാപം നടത്താൻ ഞങ്ങളെയൊക്കെ പ്രേരിപ്പിക്കുമായിരുന്നു  എന്നാൽ, ആൾ ഒരു ആക്ഷനും മുന്നിട്ടിറങ്ങുകയുമില്ലായിരുന്നു. ജയിലിൽ അയാൾക്ക്  കാര്യമായ എന്തോ സ്വാധീനം ഉണ്ടായിരുന്നു എന്ന് തോന്നുന്നു, കാരണം ഞങ്ങളെപ്പോലെ കഠിനമായ ഒരു ജോലിയും സാവർക്കറെകൊണ്ട് ബ്രിട്ടീഷുകാർ എടുപ്പിച്ചിരുന്നില്ല..."
 
" സെല്ലുലാർ ജയിലിലേക്ക് കയറുമ്പോൾ സാവർക്കറുടെ ഭാരം അമ്പത് കിലോ ആയിരുന്നു. രണ്ടേകാൽ വർഷം കഴിഞ്ഞ് സർ റെജിനാൾഡ് ക്രെയ്‌ഡോക്കിന് തന്റെ നാലാമത്തെ മാപ്പപേക്ഷ എഴുതി നൽകുമ്പോൾ സാവർക്കറിന്റെ ഭാരം 57 കിലോയ്ക്ക് മേലെയായിട്ടുണ്ടായിരുന്നു. അതായത് രണ്ടു കൊല്ലം കൊണ്ട് അവിടെക്കിടന്നു പുഷ്ടിപ്പിച്ചെടുത്തത് ഏഴുകിലോ ആണെന്നർത്ഥം. മാപ്പപേക്ഷയിൽ സാവർക്കറുടെ ഓഫർ ഇതായിരുന്നു. ആൻഡമാനിൽ സെല്ലുലാർ ജയിലിൽ നിന്ന് തന്നെ ഉടൻ തന്നെ ഇന്ത്യൻ മണ്ണിലെ ഏതെങ്കിലും ജയിലിലേക്ക് പറഞ്ഞയക്കണം. ഇതിനു പ്രത്യുപകാരമായി താൻ സർക്കാരിനുവേണ്ടി ജോലി ചെയ്യാനും തയ്യാറാണ് എന്ന് സാവർക്കർ എഴുതി." നിരഞ്ജൻ തുടർന്നു," ബ്രിട്ടീഷുകാരുമായി ഉണ്ടായ സംസർഗ്ഗത്തിൽ തനിക്ക് നിയമവ്യവസ്ഥയിൽ വിശ്വാസം ജനിച്ചു എന്നും, അതുകൊണ്ട് താൻ അക്രമത്തിന്റെ പാത വെടിഞ്ഞു എന്നും സാവർക്കർ എഴുതി. ഈ മാപ്പപേക്ഷയ്ക്ക് ശേഷമാണെന്ന് തോന്നുന്നു, 1919 മെയ് 31 -ന് തന്റെ ഭാര്യയെയും സഹോദരനെയും കാണാനുള്ള അവസരം സാവർക്കറിന് തരപ്പെടുന്നത്.  
 


 

പിന്നീട് തന്റെ എഴുത്തിലും സംഭാഷണങ്ങളിലും സാവർക്കർ, ബ്രിട്ടീഷുകാർക്കെഴുതിയ ഈ മാപ്പപേക്ഷകളെ തന്റെ രാഷ്ട്രീയത്തിന്റെ 'അടവ് നയത്തിന്റെ' ഭാഗമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. "ഞാൻ ജയിലിൽ നിരാഹാരം കിടക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിൽ, അവർ എനിക്ക് ഇന്ത്യയിലേക്ക് കത്തെഴുതാനുള്ള അവകാശം പോലും നിഷേധിച്ചേനെ..." 

സെല്ലുലാർ ജയിലിൽ നിന്ന് വിമോചിതനായ ശേഷം സാവർക്കർ എഴുതിയ പുസ്തകത്തിന്റെ പേരാണ്, 'ഹിന്ദുത്വ - ഹൂ ഈസ് എ ഹിന്ദു'  ('Hindutwa-Who is a Hindu?') ഈ പുസ്തകമാണ് സാവർക്കറുടെ ഹിന്ദുത്വ ആശയധാരയുടെ ആധാരശില. ആ പുസ്തകത്തിൽ സാവർക്കർ ഇങ്ങനെ എഴുതി, 'ഈ രാജ്യത്ത് ജീവിക്കുന്ന മനുഷ്യൻ അടിസ്ഥാനപരമായി ഹിന്ദുവാണ്. ജന്മഭൂമിയും, കർമ്മഭൂമിയും, പുണ്യഭൂമിയും ഭാരതം തന്നെയായുള്ളവർക്കു മാത്രമേ ഈ രാജ്യത്തിന്റെ പൗരന്മാരായിരിക്കാനുള്ള അർഹതയുള്ളൂ...' വീണ്ടും സാവർക്കർ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നത് പുണെയിലെ യെർവാഡാ ജയിലിൽ ആയിരുന്നു.  1924 -ൽ അവിടെ നിന്ന് സാവർക്കറെ മോചിപ്പിക്കുന്നത് രണ്ടു നിബന്ധനകളുടെ അടിസ്ഥാനത്തിലാണ്. ഒന്ന്, ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിലും ഏർപ്പെടില്ല. രണ്ട്, രത്നഗിരി ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ ജില്ല വിട്ടെങ്ങും പോകില്ല. 

 " സാവർക്കർ അന്നത്തെ വൈസ്രോയി ലിൻലിഗ്തോ പ്രഭുവിന് എഴുതിയൊപ്പിട്ടു നൽകിയ സത്യവാങ്മൂലത്തിൽ കൃത്യമായി സമ്മതിച്ചിട്ടുള ഒരു കാര്യം ഇതാണ്. 'നമ്മൾ രണ്ടുപേരുടെയും ഉദ്ദേശ്യം ഇനി ഇതായിരിക്കും, ഗാന്ധി, കോൺഗ്രസ്, മുസ്ലീങ്ങൾ എന്നിവരെ എതിർക്കുക' "നിരഞ്ജൻ തക്ലെ എഴുതി. "അന്ന് ബ്രിട്ടീഷുകാരിൽ നിന്ന് സാവർക്കർക്ക് പ്രതിമാസം 60 ക. വീതം പെൻഷൻ കിട്ടി. അന്ന് ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ പറ്റിയിരുന്ന അപൂർവം ചിലരിൽ ഒരാളായിരുന്നു സാവർക്കർ

സാവർക്കരുടെ ഇഷ്ടാനിഷ്ടങ്ങള്‍

കടുത്ത വിപ്ലവകാരിയായിരുന്നുവെങ്കിലും, ഏതൊരു സാധാരണക്കാരനെയും പോലെ,  ജീവിതത്തിലെ സുഖങ്ങളോടും സാമാന്യം നല്ല അഭിരുചിയുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു സാവർക്കർ. ചോക്ളേറ്റ് ഇഷ്ടപ്പെട്ടിരുന്ന  സാവർക്കർക്ക് 'ജിന്‍‌ഡാന്‍' ബ്രാൻഡ് വിസ്കിയും ഏറെ ഇഷ്ടമായിരുന്നു. " അഞ്ചടി രണ്ടിഞ്ചായിരുന്നു  സാവർക്കറുടെ ഉയരം. ആൻഡമാനിൽ നിന്ന് വന്നപ്പോഴേക്കും കഷണ്ടി കയറിത്തുടങ്ങിയിരുന്നു. അവിടെ കഴിഞ്ഞ കാലത്ത് പുകയില ഒരു ശീലമായിക്കഴിഞ്ഞിരുന്നു. അത്  സാവർക്കറുടെ ആരോഗ്യത്തെ ക്ഷയിപ്പിച്ചിരുന്നു. പ്രാതലിന് രണ്ടു പുഴുങ്ങിയ മുട്ടയായിരുന്നു പഥ്യം. ചായകുടി മറ്റൊരു ദൗർബല്യമായിരുന്നു. ഭക്ഷണത്തിൽ മസാലപ്രിയനായിരുന്ന സാവർക്കർ മത്സ്യം കഴിക്കാൻ വലിയ താത്പര്യമുള്ള കൂട്ടത്തിലുമായിരുന്നു. കൂടാതെ അൽഫോൻസാ മാമ്പഴം, ഐസ്ക്രീം എന്നിവയും ഏറെ ഇഷ്ടമായിരുന്നു." എന്ന് ജീവചരിത്രകാരൻ അശുതോഷ് എഴുതി.  തലയിൽ കറുത്ത വട്ടത്തൊപ്പി, ധോത്തി അല്ലെങ്കിൽ കളസം, കോട്ട്, കോട്ടിനുള്ളിൽ എന്നും ഒരു ചെറിയ ആയുധം സൂക്ഷിക്കുന്ന സ്വഭാവക്കാരനായിരുന്നു. ഒപ്പം അത്തറിന്റെ ചെറിയൊരു കുപ്പിയും. ഒരു കയ്യിൽ കാലൻകുടയും മറുകയ്യിൽ ചുരുട്ടിവെച്ച ദിനപത്രവുമാണ് സാവര്‍ക്കറെ തിരിച്ചറിയാനുള്ള മറ്റ് അടയാളങ്ങൾ." അശുതോഷ് തുടർന്നു. 

ഭഗത് സിംഗുമായുള്ള താരതമ്യം 

സമാനമായ സാഹചര്യങ്ങളിൽ ജയിലിലടക്കപ്പെട്ട ഭഗത് സിങിന്റെ മുന്നിലും സാവർക്കരുടേതുപോലെ മാപ്പപേക്ഷിക്കാനുള്ള അവസരങ്ങൾ വന്നതാണ്. എന്നാൽ അദ്ദേഹം അത് ചെയ്തില്ല. ബടുകേശ്വർ ദത്തിനൊപ്പം സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയിൽ ബോംബെറിഞ്ഞത് ആരെയും കൊല്ലാനായിരുന്നില്ല. ബധിരരായ ചിലരുടെ ചെവിട്ടിലേക്ക് ചില ശബ്ദങ്ങൾ എത്തിക്കാൻ വേണ്ടിയായിരുന്നു. ആ ബോംബെറിഞ്ഞ ആ നിമിഷം വേണമെങ്കിൽ അദ്ദേഹത്തിന് ഓടി രക്ഷപ്പെടാമായിരുന്നു. എന്നാൽ അറസ്റ്റുവരിച്ചു. അറസ്റ്റുവരിച്ച ശേഷം വേണമെങ്കിൽ വിചാരണക്കാലത്ത്, ഗാന്ധിജിയെപ്പോലുള്ള നേതാക്കളെക്കൊണ്ട് സ്വാധീനിപ്പിച്ചോ, മാപ്പു പറഞ്ഞോ ഒക്കെ വേണമെങ്കിൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. എന്നാൽ അദ്ദേഹം അതിനൊന്നും മിനക്കെട്ടില്ല. 
 


 

ഇതേപ്പറ്റി പ്രസിദ്ധ പത്രപ്രവർത്തകൻ നീലാഞ്‌ജന്‍ മുഖോപാദ്ധ്യായ് എഴുതിയത് ഇപ്രകാരമാണ്,  " ഭഗത് സിങ്ങും സാവർക്കറും തമ്മിൽ അജഗജാന്തരമുണ്ടായിരുന്നു. ബോംബെറിയാൻ തീരുമാനിച്ച അന്നുമുതൽ ഭഗത് സിംഗ് ഒരു കാര്യം ഉറപ്പിച്ചിരുന്നു, തനിക്ക് ഇന്നല്ലെങ്കിൽ നാളെ കഴുമരത്തിൽ ഏറാനുള്ളതാണ് എന്ന്. അതിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു പിന്നീടങ്ങോട്ട് ഭഗത് സിംഗ് വെച്ചതൊക്കെയും. എന്നാൽ, അങ്ങനെ എളുപ്പത്തിൽ ചാവേറാകാൻ തയ്യാറില്ലാത്ത, ഏറെ സൂത്രശാലിയായ വിപ്ലവകാരിയായിരുന്നു അന്ന് സാവർക്കർ. 'ഇവിടെ ജീവനോടെ തുടർന്ന് പരമാവധി കാര്യങ്ങൾ ചെയ്യണം' എന്നതായിരുന്നു അയാളുടെ നയം. താൻ മാപ്പെഴുതി നൽകിയാൽ നാട്ടുകാർ എന്തുകരുതും എന്നൊന്നും ആലോചിച്ച്  അന്ന് സാവർക്കർ വേവലാതിപ്പെട്ടിരുന്നില്ല  എന്നുവേണം വിചാരിക്കാൻ. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചാൽ തനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് മാത്രമായിരുന്നു അയാളുടെ ചിന്ത "

സാവർക്കർക്ക് വീണ്ടും പൊലീസുമായി ഇടപെടേണ്ടിവന്നത് 1949 -ൽ ഗാന്ധിജി വധിക്കപ്പെട്ട സമയത്താണ്. നഥുറാം വിനായക് ഗോഡ്സേ, നാരായൺ ആപ്‌തെ,  ഡോ. ദത്താത്രേയ പർച്ചുരെ തുടങ്ങിയവർക്കൊപ്പം  വിനായക് ദാമോദർ സാവർക്കറെയും അന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു ആ കൊലപാതകക്കേസിന്റെ  വിചാരണവേളയിൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി സാവർക്കറെ അന്ന് വെറുതെ വിടുകയായിരുന്നു. അധികം താമസിയാതെ തന്നെ ജയിൽ മോചിതനായ സാവർക്കർ 1966 വരെ ജീവിച്ചിരുന്നു എങ്കിലും, ഗാന്ധി വധക്കേസിൽ സംശയിക്കപ്പെട്ടത്  സാവർക്കറുടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. തന്റെ ജീവിതത്തിന്റെ അവസാനദശകം സാവർക്കർ രാഷ്ട്രീയ വനവാസത്തിലാണ് കഴിച്ചുകൂട്ടിയത്. 'വീർ സാവർക്കർ' എന്ന പേരിൽ മറ്റൊരു ജീവചരിത്രം എഴുതിയിട്ടുള്ള ധനഞ്ജയ് കീർ എഴുതുന്നു, " അന്ന് സാവർക്കറെ കോടതി വെറുതെ വിടുകയും ഗോഡ്‌സെ-ആപ്‌തെ ജോഡികൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തപ്പോൾ, കോടതി മുറിയിൽ പലരും സാവർക്കറുടെ കാൽക്കൽ വീണു. ആ കോടതി മുറിയിൽ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യം ഇതായിരുന്നു, "ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാൻ, കഭീ ന ഹോഗാ പാകിസ്ഥാൻ' "

1966 -ൽ മരണപ്പെട്ടതിനു ശേഷവും സാവർക്കർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചെറുതല്ലാത്ത സ്വാധീനങ്ങൾ ചെലുത്തുന്നുണ്ട്. മഹാരാഷ്ട്രയിൽ ഇന്നും സാവർക്കർ ഒരു ബഹുമാന്യവ്യക്തിത്വമാണ്. 2014 മെയിൽ അധികാരമേൽക്കും മുമ്പ്, പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സാവർക്കറുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരം പ്രകടിപ്പിച്ചപ്പോൾ,ഒരു പക്ഷേ യാദൃച്ഛികമായിട്ടായിരിക്കാം എങ്കിലും, അദ്ദേഹം അത് ചെയ്തത് നേരെ മുന്നിൽ വെച്ചിരുന്ന ഗാന്ധിചിത്രത്തിന് പുറം തിരിഞ്ഞു നിന്നുകൊണ്ടാണ്..!