Asianet News MalayalamAsianet News Malayalam

ഈ സ്‌കിസോഫ്രീനിയ ദിനത്തില്‍ 'ശ്രീഗീത'യെയല്ലാതെ ആരെക്കുറിച്ച്‌ പറയാന്‍...!

ഇന്ന്‌ സ്‌കിസോഫ്രീനിയ ദിനം .സ്‌കിസോഫ്രീനിയ എന്ന മനോരോഗത്താല്‍ ബുദ്ധിമുട്ടുന്ന ഭര്‍ത്താവിനെ ചേര്‍ത്തുപിടിച്ച്‌ ശ്രീഗീത ജിവിതത്തോട്‌ പോരാട്ടം തുടങ്ങിയിട്ട്‌ 12 വര്‍ഷത്തോളമായി.

schizophrenia day article about thimmannur sreegettha
Author
Thiruvananthapuram, First Published May 24, 2019, 8:37 PM IST

"ചില മനുഷ്യര്‍ നോര്‍മല്‍ ആയിരിക്കാന്‍ വേണ്ടിമാത്രം എത്രത്തോളം ഊര്‍ജം ഉപയോഗിക്കുന്നുണ്ടെന്ന്‌ ആരും മനസ്സിലാക്കുന്നില്ല"- ആല്‍ബര്‍ട്ട്‌ കാമു

മാനസികരോഗമുള്ളവരുടെ ജീവിതാവസ്ഥയെ ഇത്രയും കൃത്യമായി നിര്‍വചിച്ച മറ്റൊരു ഉദ്ധരണി ഇല്ലെന്ന്‌ തന്നെ പറയാം. സമൂഹത്തിന്റെ ഏറിയ പങ്കും എന്നും സംശയത്തോടെയോ വെറുപ്പോടെയോ മാത്രമാണ്‌ മാനസികമായി അസ്വാസ്ഥ്യം അനുഭവിക്കുന്ന, അതിന്‌ ചികിത്സ തേടുന്ന ആളുകളെ നോക്കിക്കാണുന്നത്‌. ചിലര്‍ക്കാവട്ടെ അത്തരക്കാരോട്‌ സഹതാപമായിരിക്കും. അവരാഗ്രഹിക്കുന്നത്‌ ഇതൊന്നുമല്ല, സ്‌നേഹമോ കരുതലോ ആണെന്ന്‌ നമ്മളില്‍ എത്രപേര്‍ മനസ്സിലാക്കാറുണ്ട്‌. തനിക്ക്‌ മാനസികരോഗമുണ്ട്‌ എന്ന്‌ പറയാന്‍ മടിക്കുന്നവര്‍, അത്‌ തുറന്നുപറഞ്ഞതിന്റെ പേരില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍, ആ അവസ്ഥയോട്‌ ഒറ്റയ്‌ക്ക്‌ പൊരുതി വിജയിച്ചവര്‍....അങ്ങനെ നമുക്ക്‌ ചുറ്റും നമ്മളറിഞ്ഞും അറിയാതെയും എത്രയോ ജീവിതങ്ങള്‍!

അങ്ങനെയൊരു സാഹചര്യത്തിലാണ്‌ തിമ്മന്നൂര്‍ ശ്രീഗീത എന്ന യുവതി സമൂഹത്തിനാകെ മാതൃകയായി മാറുന്നത്‌. സ്‌കിസോഫ്രീനിയ എന്ന മനോരോഗത്താല്‍ ബുദ്ധിമുട്ടുന്ന ഭര്‍ത്താവിനെ ചേര്‍ത്തുപിടിച്ച്‌ ശ്രീഗീത ജിവിതത്തോട്‌ പോരാട്ടം തുടങ്ങിയിട്ട്‌ 12 വര്‍ഷത്തോളമായി. യുക്തിപൂര്‍വ്വം ചിന്തിക്കാനോ യാഥാര്‍ത്ഥ്യം തിരിച്ചറിയാനോ കഴിയാത്ത മാനസികാവസ്ഥയാണ്‌ സ്‌കിസോഫ്രീനിയ. ചിന്ത, പെരുമാറ്റം, വികാരം, പ്രവര്‍ത്തനശേഷി എന്നിവയെയെല്ലാം രോഗാവസ്ഥ പ്രതികൂലമായി ബാധിക്കും. തന്റേതായ ലോകത്ത്‌ സ്വയം നിര്‍വചിക്കുന്ന ശരിതെറ്റുകളില്‍ വിശ്വസിച്ച്‌ മാത്രം ജീവിക്കുന്ന അവസ്ഥയില്‍ നിന്ന്‌ രോഗിയെ പുറത്തെത്തിക്കുക വളരെ ശ്രമകരമായ ദൗത്യമാണ്‌. സമൂഹത്തിന്‌ ഭാരമാകാന്‍ വിട്ടുനല്‍കാതെ ഭര്‍ത്താവിനെ സ്വന്തം കുഞ്ഞിനെയെന്നപോലെ പരിചരിച്ച്‌ താങ്ങും തണലുമാകുകയാണ്‌ ശ്രീഗീത.

പാലക്കാട്‌ ചിറ്റൂര്‍ സ്വദേശിയായ ശ്രീഗീത വിവാഹശേഷമാണ്‌ എറണാകുളത്ത്‌ എത്തിയത്‌. ഭര്‍ത്താവിന്‌ ചെറിയ രീതിയിലെന്തോ ഡിപ്രഷനുണ്ടെന്ന്‌ വിവാഹസമയത്ത്‌ തന്നെ അറിയാമായിരുന്നു. മരുന്നുകളില്ലാത്ത ജീവിതം അസാധ്യമാണെന്നും മനസ്സിലാക്കിയിരുന്നു. ക്രമേണയാണ്‌ രോഗത്തിന്റെ സ്വഭാവം മാറിയതും ജീവിതത്തിന്റെ താളം തെറ്റിത്തുടങ്ങിയതും. ആദ്യം ചികിത്സിച്ച ഡോക്ടര്‍ നല്‌കിയിരുന്ന മരുന്നുകള്‍ ഫലപ്രദമായിരുന്നില്ല. പിന്നീടാണ്‌ ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്‌. കഴിച്ചുകൊണ്ടിരുന്ന മരുന്നുകളുടെ ഡോസ്‌ കുറയ്‌ക്കാന്‍ ശ്രമിച്ചപ്പോള്‍ രോഗം വഷളായി.

പിന്നീട്‌ തൃശ്ശൂരിലുള്ള ഡോ.മോഹന്‍ദാസിന്റെ അടുത്തായി ചികിത്സ. രോഗം ഡിപ്രഷനല്ല സ്‌കിസോഫ്രീനിയ ആണെന്ന്‌ അദ്ദേഹമാണ്‌ കണ്ടുപിടിക്കുന്നത്‌. തുടര്‍ച്ചയായി ഡിപ്രഷനുള്ള മരുന്നുകള്‍ ഉപയോഗിച്ചത്‌ ഇക്കാലത്തിനുള്ളില്‍ നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ആകെക്കൂടി കുഴഞ്ഞുമറിഞ്ഞ ജീവിതം നേരെയാക്കാന്‍ ഭര്‍ത്താവിനെ മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കാനായിരുന്നു ബന്ധുക്കളില്‍ ചിലര്‍ നിര്‍ദേശിച്ചത്‌. എന്നാല്‍, ശ്രീഗിത അതിന്‌ സമ്മതിച്ചില്ല. ഭര്‍ത്താവ്‌ തന്റെ പരിചരണത്തിലാണ്‌ കഴിയേണ്ടതെന്ന്‌ അവര്‍ തീരുമാനിച്ചിരുന്നു. ശ്രീഗീതയുടെ തീരുമാനത്തിന്‌ മാതാപിതാക്കളായ രാമചന്ദ്രന്‍ ചെറുവള്ളിയും സരസ്വതിയും പിന്തുണ നല്‍കി.ചിന്മയ മിഷനിലെ സ്വാമി അധ്യാത്മാനന്ദ പകര്‍ന്നു നല്‍കിയ ധൈര്യം കൂടിയായതോടെ എന്തിനേയും നേരിടാമെന്ന ചിന്ത ശ്രീഗിതയ്‌ക്കുണ്ടായി. അന്നു മുതല്‍ ഇന്ന്‌ വരെ കുഞ്ഞിനെയെന്നപോലെ ഭര്‍ത്താവിനെ പരിചരിക്കുകയാണിവര്‍.

schizophrenia day article about thimmannur sreegettha

ശ്രീഗീതയുടെ സാമൂഹിക പ്രതിബദ്ധതയ്‌ക്കുള്ള അംഗീകാരമായി അവരെത്തേടി ഈസ്റ്റേണ്‍ ഭൂമിക പുരസ്‌കാരവും എത്തി. പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീഗീത ആവര്‍ത്തിച്ചു പറഞ്ഞത്‌ തന്റെ ജീവിതയാത്ര സ്‌കിസ്രോഫീനിയയുള്ള മകന്‌ വേണ്ടി ആയിരിക്കും എന്നാണ്‌. സ്‌കിസോഫ്രീനിയ എന്ന രോഗം വരുന്നത്‌ രോഗിയുടെ തെറ്റുകൊണ്ടല്ലെന്ന്‌ സമൂഹം തിരിച്ചറിയണമെന്ന്‌ ശ്രീഗീത പറയുന്നു. "ആ തെറ്റിദ്ധാരണ ആദ്യം മാറ്റേണ്ടത്‌ രോഗിയുടെ മാതാപിതാക്കളാണ്‌. രോഗിയെ പരിചരിക്കുന്നവര്‍ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ സമീപിച്ചെങ്കില്‍ മാത്രമേ പൂര്‍ണമായ മോചനം രോഗിക്ക്‌ ലഭിക്കൂ. ഏതെങ്കിലും റിഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുവിട്ടാല്‍ പണിതീര്‍ന്നല്ലോ എന്ന്‌ ചിന്തിക്കരുത്‌. എനിക്കൊരിക്കലും അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലായിരുന്നു." ശ്രീഗിത പറയുമ്പോള്‍ ആ വാക്കുകളില്‍ തോറ്റ്‌കൊടുക്കാന്‍ തയ്യാറാകാത്തൊരു മനസ്സ്‌ തെളിഞ്ഞു കാണാം.

'ആരുടെയും സഹതാപത്തിന്‌ വേണ്ടി കാത്തുനില്‍ക്കുന്ന ശീലമുള്ള ആളല്ല ഞാന്‍. മനസാക്ഷി എന്ത്‌ പറയുന്നോ അത്‌ ഞാന്‍ ചെയ്യും. എന്റെ തീരുമാനം കൊണ്ട്‌ ബന്ധങ്ങള്‍ പലതും അകന്നു. അതൊന്നും എന്റെ തീരുമാനത്തെ ബാധിച്ചതേയില്ല. ഞാനെന്നും ഇങ്ങനെതന്നെയായിരിക്കും. എനിക്ക്‌ ഇങ്ങനെയാവാനേ കഴിയൂ."ശ്രീഗീത തന്റെ നിലപാട്‌ വ്യക്തമാക്കുന്നു. ആത്മസമര്‍പ്പണത്തോടെയുള്ള ശ്രീഗീതയുടെ പോരാട്ടത്തിന്‌ ഇന്ന്‌ പുഞ്ചിരിയുടെ തിളക്കമുണ്ട്‌. രോഗാവസ്ഥയെ മറികടന്നും ജോലിക്ക്‌ പോകാന്‍ ഭര്‍ത്താവിന്‌ കഴിയുന്നുണ്ട്‌. കരുതലായി ഒപ്പം നിന്ന്‌ ധൈര്യം പകരാന്‍ ശ്രീഗിതയുള്ളപ്പോള്‍ തനിക്ക്‌ ഭയമില്ലെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌.'ഞാന്‍ നിന്നില്‍ സുരക്ഷിതനാണ്‌'എന്ന ഭര്‍ത്താവിന്റെ വാക്കുകള്‍ മാത്രം മതി തനിക്ക്‌ മുന്നോട്ട്‌ പോകാനുള്ള ഊര്‍ജ്ജം ലഭിക്കാനെന്നും പറയുന്നു ശ്രീഗീത.

ശ്രീഗീത ഒരു അത്ഭുതമാണെന്ന്‌ അഭിപ്രായപ്പെടുന്നു സാമൂഹികപ്രവര്‍ത്തകയും സൈകോകളജിസ്‌റ്റുമായ ടി പാര്‍വ്വതി. കൃത്യമായ മരുന്നും ചികിത്സയും നല്‍കി ഭര്‍ത്താവിന്റെ അസുഖത്തെ വരുതിയിലാക്കി അദ്ദേഹത്തെ ജോലി ചെയ്യാന്‍ പ്രാപ്‌തനാക്കിയെന്നത്‌ അത്ഭുതക്കാഴ്‌ച്ച തന്നെയാണെന്ന്‌ പാര്‍വ്വതി തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു. ഇത്തരം അസുഖമുള്ളവരെ പെറ്റമ്മമാര്‍ പോലും ഉപേക്ഷിക്കുന്ന കാലഘട്ടത്തിലാണ്‌ വിവാഹം കഴിച്ചുകൊണ്ട്‌ വന്ന ഒരു കുട്ടി അമ്മയും ഭാര്യയും ഡോക്ടറും നഴ്‌സും കൗണ്‍സിലറും എല്ലാം ആകുന്നത്‌. ശ്രീഗീതയ്‌ക്ക്‌ 'ഒരു ബിഗ്‌ സല്യൂട്ട്‌' എന്നാണ്‌ പാര്‍വ്വതി പറഞ്ഞിരിക്കുന്നത്‌.
 

Follow Us:
Download App:
  • android
  • ios