ബെംഗളൂരുവിൽ 15 വർഷം വിവാഹിതയായി കഴിഞ്ഞിരുന്ന യുവതി, ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പോലീസ് കോൺസ്റ്റബിളിനൊപ്പം ഒളിച്ചോടി. 160 ഗ്രാം സ്വർണ്ണവും 1.80 ലക്ഷം രൂപയുമായാണ് യുവതി പോയതെന്ന് ഭർത്താവ് പരാതി നൽകി. പരാതിയെ തുടർന്ന് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു
പതിനഞ്ച് വർഷം മുമ്പ് വിവാഹിതയായ, 12 വയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയായ ബെംഗളൂരു സ്വദേശിനി, ഒരു പോലീസ് കോൺസ്റ്റബിളിനൊപ്പം ഒളിച്ചോടിയതായി പരാതി. യുവതി ഒളിച്ചോടിയതിന് പിന്നാലെ ഭർത്താവ് പോലീസിൽ പരാതി നൽകിയെന്നും അന്വേഷണ വിധേയമായി കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തെന്നും പോലീസ് അധികൃതർ അറിയിച്ചു. റീൽസിൽ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും എത്തുകയായിരുന്നു.
160 ഗ്രാം സ്വർണ്ണവും 1.80 ലക്ഷം രൂപയും
എച്ച്എസ്ആർ ലേഔട്ട് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പോലീസ് കോൺസ്റ്റബിളായ രാഘവേന്ദ്രയോടൊപ്പം ഭാര്യ മോണിക്ക ഒളിച്ചോടിയെന്ന് ഭർത്താവിന്‍റെ പരാതിയിൽ പറയുന്നു. 160 ഗ്രാം സ്വർണ്ണാഭരണങ്ങളും 1.80 ലക്ഷം രൂപയും എടുത്താണ് മോണിക്ക ഒളിച്ചോടിയതെന്നും ഭർത്താവ് ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം 15 വർഷം കഴിഞ്ഞെന്നും 12 വയസ്സുള്ള ഒരു മകനുണ്ടെന്നും ഭർത്താവ് പറഞ്ഞു. മോണിക്ക മുമ്പ് വിവാഹിതയായിരുന്നുവെന്നും ആദ്യ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷാണ് തന്നെ വിവാഹം കഴിച്ചതെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു.
രാഘവേന്ദ്രയും വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. മൈസൂരു സ്വദേശിയായ മോണിക്കയും വടക്കൻ കർണാടക സ്വദേശിയായ രാഘവേന്ദ്രയും ഈ വർഷം ജൂണിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും ഫോൺ നമ്പറുകൾ കൈമാറുകയും പിന്നാലെ പതിവായി ആശയ വിനിമയം നടത്തുകയും ചെയ്തു. രണ്ട് മാസത്തിനുള്ളിൽ അവരുടെ ബന്ധം പ്രണയമായി മാറിയെന്ന് പോലീസ് വൃത്തങ്ങൾ കൂട്ടിച്ചേർക്കുന്നു.
ഭർത്താവിന് കൗൺസിലിംഗ് വേണമെന്ന ഭാര്യയുടെ പരാതി
അതേസമയം മോണിക്ക, മൂന്ന് മാസം മുമ്പ് സഹായം തേടി ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. അന്ന് തന്‍റെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഭർത്താവിന് കൗണ്‍സിലിംഗ് നൽകാൻ സഹായിക്കണമെന്നും അവർ പോലീസിനോട് അഭ്യർത്ഥിച്ചു. ഇതേ തുടർന്ന് പോലീസ് ഭർത്താവിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും കൗണ്‍സിലിംഗ് നൽകുകയും ചെയ്തു. എന്നാല്‍, ഈ കാലത്താണ് ഭാര്യ ഒളിച്ചോടിയതെന്നാണ് ഭർത്താവിന്‍റെ പരാതി. ദിവസങ്ങളായി ഭാര്യ വീട്ടിലേക്ക് വരാതായതോടെയാണ് പരാതിയുമായി എത്തിയതെന്നും ഭർത്താവ് പരാതിയിൽ പറയുന്നു. ഭർത്താവിന്‍റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കോൺസ്റ്റബിൾ രാഘവേന്ദ്രയെ സസ്‌പെൻഡ് ചെയ്യാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇരുവരെയും എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.


