സർക്കാർ ആശുപത്രി വളരെ ദൂരെ ആയിരുന്നു. സ്വകാര്യാശുപത്രിയിൽ പോകാനുള്ള പണമില്ലായിരുന്നു. യുപിഐയും വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല.

സ്കൂൾ പ്രിൻസിപ്പൽ ലീവ് നിഷേധിച്ചതിനെ തുടർന്ന് വളരെ മോശം അവസ്ഥയിലും അധ്യാപകന് ജോലിക്കെത്തേണ്ടി വന്നതായി റിപ്പോർട്ട്. ഒഡീഷയിലാണ് സംഭവം നടന്നത്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച് പ്രകാശ് ഭോയ് എന്ന അധ്യാപകന് ഐവി ഡ്രിപ്പ് വച്ചുകൊണ്ട് സ്കൂളിൽ പോകേണ്ടി വന്നു എന്നാണ് പറയുന്നത്. 

ബൊലാംഗീറിലെ ഒരു സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനാണ് പ്രകാശ് ഭോയ്. പ്രകാശ് പറയുന്നതനുസരിച്ച് അദ്ദേഹത്തിന്റെ മുത്തശ്ശന്റെ മരണാനന്തരചടങ്ങുകളെ തുടർന്ന് അദ്ദേഹത്തിന് വയ്യാതായി. അങ്ങനെ പ്രിൻസിപ്പലായ ബിജയലക്ഷ്മി പ്രധാനോട് അസുഖം മാറുന്നത് വരെ ലീവ് വേണം എന്ന് അപേക്ഷിച്ചു. എന്നാൽ, ലീവ് നിഷേധിക്കപ്പെടുകയായിരുന്നു. കൂടുതൽ ചികിത്സ തേടാനുള്ള പണവും ഇല്ലായിരുന്നു. അങ്ങനെ ചികിത്സയൊന്നും തേടാതെ തീരെ കഴിയാത്ത അവസ്ഥയിലും പ്രകാശ് സ്കൂളിൽ എത്തുകയായിരുന്നത്രെ. 

മാത്രമല്ല, ഇത്ര മോശമായ അവസ്ഥയിൽ എത്തിയ പ്രകാശിനോട് പ്രിൻസിപ്പൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും ജില്ലാ പ്രോജക്ട് കോർഡിനേറ്ററെയും സന്ദർശിക്കാനും നിർദ്ദേശിച്ചത്രെ. അവിടെ വെച്ച് അദ്ദേഹത്തിന്റെ ആരോ​ഗ്യനില പിന്നേയും വഷളായി. ആശുപത്രിയിൽ പോകാൻ അനുമതി ചോദിച്ചപ്പോൾ, ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ 
സ്കൂളിൽ തിരിച്ചെത്തണമെന്ന് പ്രിൻസിപ്പൽ കർശനമായി പറഞ്ഞു എന്നും പ്രകാശ് പറയുന്നു. 

സർക്കാർ ആശുപത്രി വളരെ ദൂരെ ആയിരുന്നു. സ്വകാര്യാശുപത്രിയിൽ പോകാനുള്ള പണമില്ലായിരുന്നു. യുപിഐയും വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. അങ്ങനെ തിരികെ സ്കൂളിലേക്ക് പോകാൻ നിർബന്ധിക്കപ്പെട്ടു. ഓഫീസിലെത്തി വൈകുന്നേരം വരെ ജോലി ചെയ്തു. നിരവധി തവണ അപേക്ഷിച്ചിട്ടും പ്രിൻസിപ്പൽ ലീവ് തന്നില്ല എന്നും പ്രകാശ് പറയുന്നു. 

വീട്ടിലെത്തിയതും ആരോ​ഗ്യനില വഷളായി. വീണ്ടും പ്രിൻസിപ്പലിനെ വിളിച്ച് ലീവ് അപേക്ഷിച്ചെങ്കിലും പരീക്ഷയുടെ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട് എന്നു പറഞ്ഞ് നിഷേധിച്ചു. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ ഒരു ഡോക്ടറെ കണ്ട് ഐവി ഡ്രിപ്പിട്ട് സ്കൂളിൽ എത്തുകയായിരുന്നു എന്നാണ് പ്രകാശ് ആരോപിക്കുന്നത്. 

പ്രകാശിന്റെ അവസ്ഥ കണ്ടതോടെ സഹപ്രവർത്തകർ എത്രയും പെട്ടെന്ന് അയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നത്രെ. സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്നാണ് പട്‌നഗർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) പ്രസാദ് മാജി പറയുന്നത്. 

പിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാൻ വേലക്കാരിയുമായി പ്രണയം നടിച്ചു; ഒടുവിൽ ജോലിക്കാരിയുടെ കുത്തേറ്റ് മരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം