ആര്‍ക്കിമിഡീസ് കുളിത്തൊട്ടിയില്‍ നിന്നും യുറേക്ക ( കണ്ടു പിടിച്ചു) എന്ന് വിളിച്ചു കൊണ്ട് നഗ്നനായി ഇറങ്ങിയോടി എന്നതും ഒരു കല്‍പിത കഥയാവാം.

ഒരു കുളിത്തൊട്ടിയില്‍ ഇറങ്ങുമ്പോള്‍ വെള്ളം പുറത്തേക്ക് ഒഴുകും പോലെ, ജലം നിറച്ച പാത്രത്തിലേക്ക് കിരീടം മുക്കിയാല്‍ കിരീടത്തിന്റെ വ്യാപ്തത്തിന് തുല്യമായ വെള്ളം പുറത്തേക്ക് തുളുമ്പി വീഴും. കഥയില്‍ പിന്നീട് ഇങ്ങനെ വ്യാപ്തം അളന്ന് കിരീടത്തിന്റെ സാന്ദ്രത കണ്ടു പിടിച്ചപ്പോള്‍ അത് സ്വര്‍ണ്ണത്തിന്റെ സാന്ദ്രത അല്ലായിരുന്നു എന്നും, നിര്‍മ്മിതിയിലെ മായം ആര്‍ക്കിമിഡീസ് തെളിയിച്ചു എന്നുമാണ്.

ഐസക് ന്യൂട്ടണ്‍ തലയില്‍ ആപ്പിള്‍ വീണപ്പോഴാണ് ഭൂഗുരുത്വത്തെക്കുറിച്ച് ചിന്തിച്ചത് എന്ന് പറയുന്നതുപോലെ ഒരു കല്‍പിത കഥയാവാം ആര്‍ക്കിമിഡീസ് കുളിത്തൊട്ടിയില്‍ നിന്നും യുറേക്ക ( കണ്ടു പിടിച്ചു) എന്ന് വിളിച്ചു കൊണ്ട് നഗ്നനായി ഇറങ്ങിയോടി എന്നതും.

കഥ ഇങ്ങനെയാണ്: സുവര്‍ണ്ണ കിരീടത്തില്‍ മറ്റ് ലോഹം ചേര്‍ന്നിട്ടുണ്ടോ എന്നതായിരുന്നു പ്രശ്നം. കിരീടത്തിന്റെ വ്യാപ്തം എങ്ങനെ കണ്ടുപിടിക്കണം എന്ന് അറിയില്ലായിരുന്നു. കൃത്യമായ ആകൃതികള്‍ക്കെല്ലാം വ്യാപ്തം കാണാനുള്ള സൂത്രവാക്യങ്ങള്‍ ഉണ്ട്. ഗോളമാണെങ്കില്‍ ഒന്ന്, ക്യൂബ് ആണെങ്കില്‍ മറ്റൊന്ന് -ഇങ്ങനെ.

പക്ഷേ കിരീടം അങ്ങനെയല്ല. അത് കൃത്യമായ ആകൃതി ഇല്ലാത്ത വസ്തുവാണ്. അതിന്റെ വ്യാപ്തം എങ്ങനെ കണ്ടുപിടിക്കും?

ഒരു വസ്തുവിന്റെ ഭാരം അതിന്റെ വ്യാപ്തത്തില്‍ എങ്ങിനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നതിന്റെ അളവാണ് സാന്ദ്രത. കിരീടത്തിന്റെ വ്യാപ്തം കണ്ടുപിടിച്ചാല്‍, അതിന്റെ സാന്ദ്രതയും കണ്ടുപിടിക്കാം. തനി സ്വര്‍ണ്ണത്തിന്റേതുമായി താരതമ്യം ചെയ്യാം.

ഒരു വസ്തു വെള്ളത്തില്‍ മുങ്ങുമ്പോള്‍ അത് മുങ്ങിയ അത്രയും ഇടത്തെ ജലം ആദേശം ചെയ്യുന്നത് കണ്ടപ്പോഴാവണം, ആര്‍ക്കിമിഡീസ് ഇതിനൊരു പരിഹാരം കണ്ടെത്തിയത്. 

ഒരു കുളിത്തൊട്ടിയില്‍ ഇറങ്ങുമ്പോള്‍ വെള്ളം പുറത്തേക്ക് ഒഴുകും പോലെ, ജലം നിറച്ച പാത്രത്തിലേക്ക് കിരീടം മുക്കിയാല്‍ കിരീടത്തിന്റെ വ്യാപ്തത്തിന് തുല്യമായ വെള്ളം പുറത്തേക്ക് തുളുമ്പി വീഴും. കഥയില്‍ പിന്നീട് ഇങ്ങനെ വ്യാപ്തം അളന്ന് കിരീടത്തിന്റെ സാന്ദ്രത കണ്ടു പിടിച്ചപ്പോള്‍ അത് സ്വര്‍ണ്ണത്തിന്റെ സാന്ദ്രത അല്ലായിരുന്നു എന്നും, നിര്‍മ്മിതിയിലെ മായം ആര്‍ക്കിമിഡീസ് തെളിയിച്ചു എന്നുമാണ് .

ഈ കഥയില്‍ നിന്നും മുതലകളിലേക്ക് വരാം. മുതലകള്‍ ചെറിയ കല്ലുകളും കുറച്ചു വലിപ്പമുള്ള പാറക്കഷണങ്ങളും ഒക്കെ വിഴുങ്ങാറുണ്ട്. ചവച്ചരച്ച് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത കോഴി പോലെയുള്ള പക്ഷികള്‍ ചെറിയ കല്ലുകള്‍ ദഹനത്തെ സഹായിക്കാന്‍ വിഴുങ്ങുന്നത് പോലെയാണ് ഇതും എന്നാണ് ആദ്യം കരുതിയത്.

പിന്നീടാണ്, അടുത്ത സാധ്യതയിലേക്ക് ശാസ്ത്രലോകം എത്തിയത്. ദഹനപ്രക്രിയ സുഗമമാക്കാന്‍ മാത്രമാവില്ല; കണ്ണു മാത്രം പുറത്ത് കാണുന്നതുപോലെ പൊങ്ങിക്കിടക്കാനും, ഇഷ്ടമുള്ള ആഴത്തിലേക്ക് നീണ്ട സമയം മുങ്ങാംകുഴിയിടാനും ഒക്കെ ഈ കല്ല് വിഴുങ്ങല്‍ മുതലകളെ സഹായിക്കുന്നുണ്ടാവും. സാന്ദ്രത വളരെ കൂടിയ പാറക്കഷണങ്ങള്‍ വിഴുങ്ങുന്നത് വഴി ശരീരത്തിന്റെ ആകെ സാന്ദ്രത ജലത്തിന്റെതിനേക്കാള്‍ കൂടുതലാക്കാന്‍ കഴിയുന്നു. ജലത്തിന്റെ സാന്ദ്രതയേക്കാള്‍ അതില്‍ മുങ്ങുന്ന വസ്തുവിന്റെ സാന്ദ്രത എത്രമാത്രം ഉണ്ട് എന്ന അനുസരിച്ചിരിക്കും അതിന്റെ ഉയര്‍ച്ച താഴ്ചകള്‍. ആര്‍ക്കിമിഡീസിന്റെ പ്ലവനതത്വങ്ങള്‍ മുതലക്കുഞ്ഞുങ്ങള്‍ക്ക് പോലും പരിചിതമാണെന്ന് ചുരുക്കം.