2028 ഓടെ മാമോത്തുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കൊലോസൽ ബയോസയൻസസ് എന്ന കമ്പനിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഐ ആണ് ഈ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നതെന്നും വിവരങ്ങളുണ്ടായിരുന്നു.
ശാസ്ത്ര ലോകത്തെ പുതിയ ചർച്ച 7 കുഞ്ഞൻ എലികളാണ്. അമേരിക്കയിലെ ഡള്ളാസിൽ സ്ഥിതി ചെയ്യുന്ന കോലോസൽ ബയോസയൻസസ് ആണ് ഈ കുഞ്ഞൻ എലികളെ സൃഷ്ടിച്ചത്. ഭൂമുഖത്ത് നിന്ന് മാഞ്ഞുപോയ മാമോത്തുകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തുന്ന കമ്പനിയാണ് കോലോസൽ ബയോസയൻസസ്.
11700 വർഷം മുൻപ് ഭൂമുഖത്ത് നിന്ന് മാഞ്ഞുപോയ ജീവി വർഗ്ഗമാണ് മാമോത്തുകൾ. ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവ ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലെയും പ്ലീസ്റ്റോസീൻ നിക്ഷേപങ്ങളിലും വടക്കേ അമേരിക്കയിലെ ആദ്യകാല ഹോളോസീൻ നിക്ഷേപങ്ങളിലും മാമോത്തുക്കളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. 2.6 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച് 11,700 വർഷങ്ങൾക്ക് മുമ്പ് അവസാനിച്ച കാലഘട്ടമാണ് പ്ലീസ്റ്റോസീൻ യുഗം.11,700 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച് ഇപ്പോഴും തുടരുന്ന കാലഘട്ടമാണ് ഹോളോസീൻ. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയ മൃഗഫോസിൽ ഒരു ദശലക്ഷം വർഷം പഴമുണ്ടെന്ന് കണ്ടെത്തിയ മാമോത്ത് ഫോസിലാണ്. റഷ്യയുടെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ആർട്ടിക് ദ്വീപായ റാങ്കൽ ദ്വീപിൽ 4,300 വർഷങ്ങൾക്ക് മുമ്പ് വരെ മാമോത്തുകളുണ്ടായിരുന്നുവെന്ന് 2015 ൽ കണ്ടെത്തിയ ഒരു ഫോസിലിൽ നിന്ന് ശാസ്ത്രലോകം മനസിലാക്കിയിട്ടുണ്ട്. പിന്നീട് ഇവയ്ക്ക് വംശനാശം സംഭവിച്ചു.
ആനകളുടെ പൂർവ്വികരായാണ് മാമോത്തുകളെ കണക്കാക്കുന്നത്. ആനകളുടെ അത്രയും വലുപ്പം, തലയോട്ടിയുടെ ആകൃതി, കട്ടിയേറിയ ചർമ്മം എന്നിവയെല്ലാം മാമോത്തുകൾക്ക് ആനകളുമായുള്ള ബന്ധം സൂചിപ്പിക്കുന്നവയാണ്. ചരിത്രകാരന്മാരും ഗവേഷകരും പല കാലത്തും കണ്ടെത്തിയ ഗുഹാചിത്രങ്ങളും മാമോത്തുകളുടെ ആകൃതി സംബന്ധിച്ച് ശാസ്ത്രലോകത്തിന് കൂടുതൽ വ്യക്തത വരുത്തി. തണുപ്പേറിയ ഇടങ്ങളിൽ ജീവിക്കുന്നതിന് ആവശ്യമായ രീതിയിലായിരുന്നു ഇവയുടെ ശരീര പ്രകൃതി. 50 സെന്‍റീ മീറ്റർ വരെ നീളമുള്ളതും ഇടതൂർന്നതും ഇരുണ്ട നിറമുള്ളതുമായ രോമവും വൂളി മാമോത്തുകളുടെ ശരീരത്തിൽ ഉണ്ടായിരുന്നു.
2028 ഓടെ മാമോത്തുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കൊലോസൽ ബയോസയൻസസ് എന്ന കമ്പനിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ആണ് ഈ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നതെന്നും വിവരങ്ങളുണ്ടായിരുന്നു. സിഐഎയെ കൂടാതെ ശതകോടീശ്വരനായ പീറ്റൽ തീൽ, മോട്ടിവേഷണൽ സ്പീക്കർ ടോണി റോബിൻസ് എന്നിവരും ഈ പദ്ധതിക്കായി പണം മുടക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോൾ ഇതെല്ലാം വീണ്ടും വാർത്തകളിൽ ഇടം പിടിക്കാൻ ഒരു കാരണമുണ്ട്.
കോലോസൽ ബയോസയൻസ് വൂളി മാമോത്തുകളെ ഭൂമുഖത്തേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഒരു നിർണ്ണായക ചുവട് വെപ്പ് വെച്ചിരിക്കുന്നു എന്നതാണ്.കോലോസൽ ലാബിലെ ശാസ്ത്രജ്ഞർ ജനിതക മാറ്റം വരുത്തിയ എലികളെ ലാബിൽ നിർമ്മിച്ചെടുത്തിരിക്കുന്നു.ഇവയ്ക്കാവട്ടെ വൂളി മാമോത്തുകൾക്കുണ്ടായിരുന്ന നിരവധി ജനിതക സ്വഭാവ വിശേഷങ്ങൾ ഉൾക്കൊള്ളുന്നവയാണ്.നീണ്ടതും ചുരുണ്ട സ്വഭാവ പ്രകൃതിയോട് കൂടിയതുമായ മുഖരോമങ്ങൾ,ശരീരത്തിൽ കാണുന്ന സാധാരണയിലും മൂന്നിരട്ടി നീളം കൂടിയ ഇളം രോമങ്ങൾ എന്നിവ വൂളി മോമോത്തുകളെ പുനരുജ്ജീവിപ്പിക്കുന്നതിലെ ആദ്യ പടിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.തണുത്തുറഞ്ഞ കാലാവസ്ഥകളിലെ ജീവിതവുമായി പൊരുത്തപ്പെടാൻ വൂളി മാമോത്തുകളെ പ്രാപ്തമാക്കിയ ഡിഎൻഎ ശ്രേണികളും ഭൗതിക സവിശേഷതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കാൻ ഈ എലികളിലെ പരീക്ഷണങ്ങൾക്കൊണ്ട് സാധിക്കുമെന്നാണ് കോലോസലിന്റെു വിശദീകരണം.
മാമോത്തുകളുടെ ഏറ്റവും അടുത്ത ജനിതകബന്ധുവായ ഏഷ്യൻ ആനകളിൽ നിന്ന് പിന്നിലേക്കുള്ള ജനിതക ഘടനകളെ അടിസ്ഥാനമാക്കിയാണ് വൂളി എലികളുടെ നിർമ്മിതിയിലേക്കുള്ള പഠനം നടന്നത്.തുടർന്ന് അവയുടെ ശരീരത്തിലെ രോമത്തിന്റെക നീളം, കനം, ഘടന, നിറം, ശരീരത്തിലെ കൊഴുപ്പ് എന്നിവയുമായി ബന്ധപ്പെട്ട 10 വകഭേദങ്ങൾ ശാസ്ത്രജ്‌ഞർ കണ്ടെത്തി.ഈ ഡിഎൻഎകൾ ഇപ്പോൾ ലാബിൽ നിർമ്മിച്ചെടുത്തിരിക്കുന്ന വൂളി എലികളുമായി ഏറെ പൊരുത്തമുള്ളവയാണ്.
ഉദാഹരണമായി ഫൈബ്രോബ്ലാസ്റ്റ് എന്ന ഒരു വളർച്ചാ ഘടകം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.ഇവ മാമോത്തുകളുടെ ശരീരത്തിലെ നീളമേറിയ രോമങ്ങൾ വളർത്തുന്ന ഘടമായിരുന്നു.ഇതേ ഘടകത്തെ എലികളുടെ ശരീരത്തിലും പ്രയോഗിച്ചു.അത്തരത്തിൽ രോമകൂപങ്ങളുടെ വികാസവും ഘടനയുമായി ബന്ധപ്പെട്ട മൂന്ന് ജീനുകളുടെ പ്രവർത്തനത്തിലും ശാസ്ത്രജ്ഞർ മാറ്റം വരുത്തി.കമ്പിളിക്ക് സമാനമായ രോമങ്ങളുടെ ഘടന,അടരുകളുള്ള രോമങ്ങൾ, ചുരുണ്ട മീശ എന്നിവ അത്തരത്തിൽ ജീനുകളിൽ മാറ്റം വരുത്തി എലികളിൽ സൃഷ്ടിച്ചു.ഇതേ പോലെ തന്നെ മെലനോകോർട്ടിൻ 1 റിസപ്റ്റർ എന്ന ഘടകം ഉപയോഗപ്പെടുത്തി മെലാനിൻ ഉത്പാദനത്തെ നിയന്ത്രിച്ചു, ഇതുവഴി എലികളുടെ ശരീരത്തിലെ ഇരുണ്ട നിറത്തിന് പകരമായി സ്വർണ്ണ രോമമുള്ള എലികളെ നിർമ്മിച്ചെടുത്തു.അതായത് മൂന്ന് അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഏഴ് എലികളുടെ ജീനുകളിൽ എട്ട് എഡിറ്റുകൾ നടത്തിയാണ് കോറോസൽ ബയോസയൻസസ് വൂളി എലികളെ നിർമ്മിച്ചെടുത്തത്.
ജീനുകളിലെ ഈ എഡിറ്റിംഗ് വിജയം ശാസ്ത്രലോകത്തിന് വൂളി മാമോത്തുകളിലേക്കുള്ള യാത്രയിൽ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.ഗവേഷണം സാങ്കേതികമായി ശ്രദ്ധേയമാണെന്നും ജനിതക മാറ്റങ്ങൾ കൃത്യവും കാര്യക്ഷമവുമാണെന്നും ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റെം സെൽ ബയോളജി ആൻഡ് ഡെവലപ്‌മെന്റൽ ജനിറ്റിക്‌സ് ലബോറട്ടറി മേധാവി റോബിൻ ലോവൽ ബാഡ്ജ് പറയുന്നു.എന്നാൽ ഈ എലികൾ തണുപ്പിനെ എത്രമാത്രം പ്രതിരോധിക്കും എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും അദ്ദേഹം പറയുന്നു.മാമോത്തുകളുടെ സ്വാഭാവമുമായി ഈ എലികൾക്ക് എത്രമാത്രം സാദൃശ്യമുണ്ടെന്ന കാര്യത്തിലുൾപ്പെടെ ഇനിയും പഠനം നടക്കേണ്ടതുണ്ടെന്നും റോബിൻ ലോവൽ ബാഡ്ജ് പറയുന്നു.
ആർട്ടിക് സർക്കിളിൽ ജീവിക്കാൻ മാമോത്തുകളെ പ്രാപ്തമാക്കുന്നതിന് ആവശ്യമായ സ്വഭാവ സവിശേഷതകൾ നേടുന്നതിന് ജീനോമിന്റെ ഏതൊക്കെ വിഭാഗങ്ങളാണ് നിർണായകമെന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് ഷെഫീൽഡ് സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോസയൻസസിലെ സീനിയർ ലക്ചറർ ടോറി ഹെറിഡ്ജ് വിമർശനം ഉന്നയിക്കുന്നു.വൂളി എലികളിലെ രോമവും കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്ന ജീനുകളിലെ പഠനം വ്യക്തമാണ്. പക്ഷേ മാമോത്തുകളിലേക്കുള്ള വിശദാംശങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.ജീനോമിൽ എഡിറ്റിംഗ് വരുത്തി വംശനാശം സംഭവിച്ച ഏതെങ്കിലും ഒരു ജീവിയുടെ ഏകദേശ രൂപം മാത്രമേ മനുഷ്യന് സൃഷ്ടിക്കാൻ കഴിയുകയുള്ളൂ എന്നും ഒരിക്കലും ഒരു പൂർണ്ണമായ മാമോത്തിനെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ലെന്നും അവർ വിമർശനം ഉന്നയിക്കുന്നു.
ഈ വിമർശനത്തിന് ഒക്കെ ഇടയിലും വൂളി മാമോത്തിനെ കൂടാതെ, ഡോഡോ പക്ഷിയെയും ടാസ്മാനിയൻ കടുവയെയും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കൊലോസൽ ബയോസയൻസസ്. 1980കളുടെ തുടക്കത്തിലാണ് ടാസ്മാനിയൻ കടുവകൾക്ക് വംശനാശം സംഭവിച്ചത്.ഡോഡോ പക്ഷികൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായത് 1600കളിലും.
മാമോത്തുകളെ പുനരുജ്ജീവിപ്പിക്കാനാവുമോ ? - വീഡിയോ കാണാം

