Asianet News MalayalamAsianet News Malayalam

വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

അരനൂറ്റാണ്ടിലധികം പഴക്കമുള്ള നിലവിലെ വേഷത്തിന് മാറ്റം വേണമെന്നാണ് ആവശ്യം. 1970 ഒക്ടോബര്‍ 1 മുതലുള്ള ഡ്രെസ് കോഡ് അനുസരിച്ച് നിറം കുറഞ്ഞ സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും ബാരിസ്റ്റേഴ്സ് ​ഗൗണുമാണ് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ധരിക്കേണ്ടത്. 

scorching summer and half century old dress code women judges seek change in dress code to wear churidar in courts etj
Author
First Published May 23, 2023, 9:33 AM IST

കൊച്ചി: കടുത്ത ചൂട് സംസ്ഥാനത്തെ വറചട്ടിയാക്കുന്നതിനിടെ  ഡ്രെസ് കോഡില്‍ ഭേദഗതി  വേണമെന്ന ആവശ്യവുമായി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍. സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും കറുത്ത ​ഗൗണും അണിഞ്ഞ് കൊടും ചൂടിലിരുന്ന് ജോലി ചെയ്യുന്നത് അസഹ്യമായതിന് പിന്നാലെയാണ് കേരളത്തിലെ 100ല്‍ അധികം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഡ്രെസ് കോഡില്‍ ഭേദഗതിയെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള നിലവിലെ വേഷത്തിന് മാറ്റം വേണമെന്നാണ് ആവശ്യം. 1970 ഒക്ടോബര്‍ 1 മുതലുള്ള ഡ്രെസ് കോഡ് അനുസരിച്ച് നിറം കുറഞ്ഞ സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും ബാരിസ്റ്റേഴ്സ് ​ഗൗണുമാണ് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ധരിക്കേണ്ടത്. 

പുരുഷ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കറുത്ത തുറന്ന കോളറോട് കൂടിയ കോട്ടും വെള്ള ഷര്‍ട്ടും വെള്ള കോളര്‍ ബാന്‍ഡും ബാരിസ്റ്റേഴ്സ് ​ഗൗണുമാണ് കോടതിയില്‍ ധരിക്കാന്‍ അനുമതിയുള്ളത്. ആവശ്യത്തിന് വായു പോലും കടന്നു വരാത്ത ചേംബറുകള്‍ക്കുള്ളില്‍ നിര്‍ധിഷ്ട വസ്ത്രമണിഞ്ഞ് 40 ഡിഗ്രിയിലധികം ചൂടില്‍ ജോലി ചെയ്യേണ്ടി വരുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കുന്നുവെന്നാണ് വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ നിവേദനത്തില്‍ വിശദമാക്കുന്നത്. നിറം കുറഞ്ഞ ചുരിദാറുകള്‍ ധരിക്കാന്‍ അനുമതി വേണമെന്നാണ് വനിതാ ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നത്. 53 വര്‍ഷത്തോളം പഴക്കമുള്ള ഡ്രെസ് കോഡില്‍ കാലാനുസൃതമായ മാറ്റം വേണമെന്നും നിവേദനം ആവശ്യപ്പെടുന്നുണ്ട്. 

അടുത്തിടെ തെലങ്കാന ഹൈക്കോടതി വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് ഡ്രെസ് കോഡില്‍ മാറ്റം അനുവദിച്ചിരുന്നു. സാരിക്ക് പുറമേ സല്‍വാര്‍, ചുരിദാര്‍, ലോംഗ് സ്കര്‍ട്ട്, പാന്‍റുകള്‍ എന്നിവ ഉപയോഗിക്കാനാണ് തെലങ്കാന ഹൈക്കോടതി അനുമതി നല്‍കിയത്. കോടതിയുടെ അന്തസ് ഹനിക്കാത്ത രീതിയിലുള്ളതാവണം വസ്ത്രധാരണം എന്ന നിര്‍ദ്ദേശത്തോടെയായിരുന്നു മാറ്റത്തിനുള്ള അനുമതി. പുതിയ കെട്ടിടങ്ങള്‍ ഇല്ലാത്ത ചേംബറുകളില്‍ എസി പോലുമില്ലാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് അതീവ ക്ലേശകരമാണെന്നാണ് വനിതാ ജുഡീഷ്യല്‍ ജീവനക്കാര്‍ വിശദമാക്കുന്നത്.   

കഴിഞ്ഞ ദിവസമാണ് അസമിൽ അധ്യാപകർക്ക് വസ്ത്രധാരണത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. വിദ്യാർത്ഥികൾക്ക് മാതൃക ആവേണ്ട അധ്യാപകരുടെ വസ്ത്രവും അത്തരത്തിൽ ആകണമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടുംനിറം എന്നിവ സ്കൂളിന് പുറത്ത്; അധ്യാപകർക്ക് ഡ്രെസ് കോഡുമായി അസം

Follow Us:
Download App:
  • android
  • ios