Asianet News MalayalamAsianet News Malayalam

തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നിരാലംബർക്കായി തുറന്നുവച്ച വാതിൽ, മക്കളുപേക്ഷിക്കുന്നവർക്കും അഭയകേന്ദ്രം

നിലവില്‍ ഹൈദ്രാബാദിലാണ് 'സെക്കന്‍റ് ചാന്‍സി'ന്‍റെ അഭയകേന്ദ്രങ്ങള്‍ ഉള്ളത്. എല്ലാം വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളാണ്. ഏകദേശം 150 നിരാലംബരെങ്കിലും അവിടങ്ങളില്‍ കഴിയുന്നു. 

Second Chance NGO by Jasper Paul
Author
Hyderabad, First Published Sep 6, 2021, 12:12 PM IST
  • Facebook
  • Twitter
  • Whatsapp

അന്ന് പത്തൊൻപതുവയസായിരുന്നു ഹൈദ്രാബാദിലുള്ള ജാസ്പർ പോൾ എന്ന വിദ്യാർത്ഥിക്ക്. ഒരു മോട്ടോർ പ്രേമി. എന്നിരുന്നാലും, ഒരു ഹൈവേയിൽ വച്ച് ദാരുണമായ ഒരു അപകടം നേരിട്ടപ്പോൾ വേഗതയോടുള്ള അവന്റെ അഭിനിവേശം എന്നേക്കുമായി ഇല്ലാതായി. "ഞാൻ അങ്ങനെയൊരു അപകടം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ, എന്റെ കാർ അപകടത്തില്‍ പെട്ടെങ്കിലും ഒരു പോറൽ പോലുമേൽക്കാതെ എനിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ജീവിതത്തിൽ എനിക്ക് കിട്ടിയ ആ രണ്ടാമത്തെ അവസരം വെറുതെ പാഴാക്കിക്കളയരുത് എന്ന് ഞാന്‍ ചിന്തിക്കുന്നത് അങ്ങനെയണ്” ജാസ്പർ സോഷ്യൽ സ്റ്റോറിയോട് പറയുന്നു. 

ആ സമയത്ത് തന്നെയാണ്, അന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജാസ്പര്‍ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോഴാണ് 98 വയസുള്ള രോഗിയായ ഒരു സ്ത്രീയെ കാണുന്നത്. അവരുടെ ശരീരത്തിലെല്ലാം മുറിവുകളുണ്ടായിരുന്നു. ചുറ്റുമുള്ള ആരും അവരെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല എന്ന് മനസിലായ ജാസ്പര്‍ അവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. മുറിവിലുണ്ടായിരുന്ന പുഴുക്കളെയെല്ലാം മാറ്റുന്നത് വരെ അവന്‍ അവര്‍ക്ക് കൂട്ടിരുന്നു. 

ഈ സ്ത്രീയെ പോലെ നൂറുകണക്കിന് ആളുകള്‍ ഇങ്ങനെ കഷ്ടപ്പെടുന്നുണ്ട് എന്ന് ജാസ്പറിന് മനസിലാവുന്നത് അന്നാണ്. ആ സ്ത്രീയെ എങ്ങനെ എങ്കിലും സഹായിക്കണം എന്ന് ജാസ്പറിന് തോന്നി. അങ്ങനെ അവന്‍ ഒരു വീഡിയോ ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു. അതുവഴി നിരവധി പേര്‍ അവനുമായി ബന്ധപ്പെട്ടു. അങ്ങനെ അവരെ ഒരു വൃദ്ധസദനത്തിലാക്കി. പിന്നീട്, തെലംഗാനയിലുള്ള ബന്ധുക്കള്‍ക്കും അവരെ കാണാനുള്ള അവസരം കിട്ടി. അവര്‍ ഈ സ്ത്രീക്ക് വേണ്ടി അന്വേഷിക്കുകയായിരുന്നു. 

അന്നുതൊട്ട് തെരുവിലിങ്ങനെ കാണുന്ന ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്ന തോന്നല്‍ അവനിലുണ്ടായി. അവന്‍ പല വൃദ്ധസദനങ്ങള്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഒപ്പം തെരുവിലെ ജനങ്ങള്‍ക്ക് വേണ്ടി സന്നദ്ധപ്രവര്‍ത്തനം നടത്തി. മൂന്നുവര്‍ഷം ഇങ്ങനെ പ്രവര്‍ത്തിച്ച ശേഷം 'സെക്കന്‍റ് ചാന്‍സ് ഫൌണ്ടേഷന്‍' എന്ന പേരില്‍ 2017 -ല്‍ അവനൊരു എന്‍ജിഒ തുടങ്ങി. 20 -ലധികം ജീവനക്കാരും അവരുടെ സമയം നല്‍കാന്‍ സന്നദ്ധരായ ഏതാനും ഡോക്ടർമാരും അടങ്ങുന്ന ടീമിനൊപ്പം അവര്‍ നിർധനരെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഇതുവരെ, 1500 -ലധികം പേരെ രക്ഷിക്കാൻ കഴിഞ്ഞു എന്ന് ജാസ്പർ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ തെരേസയും അദ്ദേഹത്തോടൊപ്പം ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നു. 

കാണാതായ 300 -ലധികം പേരെ അവരുടെ കുടുംബങ്ങളുമായി ഒന്നിപ്പിക്കാൻ ഇവരുടെ എന്‍ജിഒ -യ്ക്ക് കഴിഞ്ഞു. നിർഭാഗ്യവശാൽ, ചില സന്ദർഭങ്ങളിൽ, കുടുംബങ്ങൾ അവരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാകാറില്ല. പലരും മരിക്കുമ്പോള്‍ മരണസര്‍ട്ടിഫിക്കറ്റിന് വേണ്ടി മാത്രമാണ് വരാറ് എന്നും ഒരു മകന്‍ അവസാനമായി അമ്മയ്ക്കൊന്ന് കാണണം എന്ന ആഗ്രഹം പോലും സാധിപ്പിച്ച് കൊടുക്കാന്‍ സമ്മതിച്ചിട്ടില്ല എന്നും ജാസ്പര്‍ പറയുന്നു. 

നിലവില്‍ ഹൈദ്രാബാദിലാണ് 'സെക്കന്‍റ് ചാന്‍സി'ന്‍റെ അഭയകേന്ദ്രങ്ങള്‍ ഉള്ളത്. എല്ലാം വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളാണ്. ഏകദേശം 150 നിരാലംബരെങ്കിലും അവിടങ്ങളില്‍ കഴിയുന്നു. നിരവധിപ്പേര്‍ സഹായിക്കുന്നുണ്ട് എന്നും അതുവഴിയാണ് ഭക്ഷണത്തിനും മറ്റുമുള്ള സാധനങ്ങള്‍ കിട്ടുന്നത് എന്നും ജാസ്പര്‍ പറയുന്നു. മനുഷ്യക്കടത്ത് വ്യാപകമായ കാലമായിരുന്നതിനാല്‍ തന്നെ ആദ്യം പ്രദേശത്തെ പൊലീസിന് എന്‍ജിഒ -യുടെ മേല്‍ ചില സംശയങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ അത് മാറി അവര്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. 

അവസാനകാലത്ത് ആളുകള്‍ക്ക് സന്തോഷമായി കഴിയാനൊരിടം അത് മാത്രമാണ് താന്‍ ഈ ഓര്‍ഗനൈസേഷനിലൂടെ ആഗ്രഹിക്കുന്നത്. വൃദ്ധരെ ഉപേക്ഷിച്ച് കളയാതെ സ്നേഹത്തോടെ കൂടെനിര്‍ത്തിയാല്‍ സമൂഹത്തിലിത്തരം സ്ഥാപനങ്ങളുടെ ആവശ്യമുണ്ടാകില്ല എന്നും ജാസ്പര്‍ സോഷ്യല്‍ സ്റ്റോറിയോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios