കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ നർസിംഗ്പൂരിൽ നിന്നുള്ള ഇന്ത്യൻ ബുൾ ഫ്രോഗുകളുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലാവുകയുണ്ടായി. വനംവകുപ്പിൽ ഓഫീസറായ പർവീൺ കാസ്സ്വാൻ ഐഎഫ്‌എസ് ആണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്.  "നിങ്ങൾ മഞ്ഞത്തവളകളെ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ? അതും ഇത്രയും എണ്ണത്തിനെ ഒന്നിച്ച്. ഈ കാണുന്നത് നർസിംഗ്പൂരിൽ നിന്നുള്ള ഇന്ത്യൻ ബുൾ ഫ്രോഗുകളാണ്. മൺസൂൺ കാലത്ത് അവ ഇങ്ങനെ മഞ്ഞ നിറത്തിലാകുന്നത് ഇണകളെ ആകർഷിച്ചു വരുത്താൻ വേണ്ടിയാണ്. ഈ തവളകളുടെ മഴയത്തെ തിമിർപ്പ് കണ്ടുവോ നിങ്ങൾ? " എന്നായിരുന്നു  കാസ്സ്വാൻ തന്റെ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.

 

 

ഇന്ത്യൻ ബുൾ ഫ്രോഗുകളുടെ സ്വാഭാവിക നിറം മഞ്ഞയല്ല. മൺസൂൺ കാലം അവയുടെ ഇണചേരൽ സീസൺ ആണ്. ഈ മഴക്കാലത്ത് മാത്രമാണ് അവ ഇങ്ങനെ തൊലിപ്പുറമേ മഞ്ഞനിറം പടർത്തുന്നത്. പ്രത്യുത്പാദനം നടത്താൻ സമയമാകുമ്പോൾ പെൺതവളകളെ തങ്ങളിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് ആൺ തവളകൾ ഈ പണി ചെയ്യുന്നത്. 

 

 

ഈ മാറ്റത്തിന് കൊവിഡുമായോ വെട്ടുകിളികളുമായോ ഒരു ബന്ധവുമില്ല എന്നും അദ്ദേഹം സ്ഥിരീകരിച്ചു. " ഇവിടെ ഒരു വിഷയം മാത്രമേ ഉള്ളൂ. ആൺ തവളകൾ ഇത്രയധികം ഉള്ള സ്ഥിതിക്ക്, ഇണതേടി നടക്കുന്ന എല്ലാവർക്കും പെൺതവളകളെ കിട്ടുമോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ തവളകൾക്കിടയിലും നല്ല കോംപിറ്റിഷൻ ഉണ്ടേ..." എന്നുകൂടി കാസ്സ്വാൻ നർമ്മരൂപേണ പറയുന്നുണ്ട്. ട്വിറ്ററിൽ എന്തായാലും അദ്ദേഹത്തിന്റെ ഈ ട്വീറ്റ് ഏറെ നേരം വൈറലായി പ്രചരിക്കുകയുണ്ടായി.