ബംഗളൂരു നഗരത്തിലെ കെങ്കേരിയിലാണ് വളര്‍ത്തുമൃഗങ്ങള്‍ക്കായി സെമിത്തേരിയുള്ളത്. ഇവിടേയ്ക്ക്് പ്രവേശിച്ചു കഴിഞ്ഞാല്‍ ചന്ദനത്തിരികളുടെയും വിവിധ ഭക്ഷണങ്ങളുടെയും പഴങ്ങളുടെയുമെല്ലാം  മിശ്രിത ഗന്ധമാണ്. നിരനിരയായുള്ള കല്ലറകള്‍ക്കു മുകളില്‍ സെമിത്തേരിയിലെ മരങ്ങളില്‍ നിന്നുള്ള പൂക്കളും ഇലകളും വീണു കിടക്കുന്നതു കാണാം. ഹൃദയം തൊടുന്ന കുറിപ്പുകളാണ് ചില കല്ലറകള്‍ക്കു മുകളില്‍.

പ്രിയപ്പെട്ട സ്‌കൂബീ...
നീ അവശേഷിപ്പിച്ചു പോയ ഇടം എന്നും ശൂന്യമായിരിക്കും. 
മായാത്ത ഓര്‍മ്മകളുമായി
അമ്മ, അച്ഛന്‍, ചേച്ചി 

അകാലത്തില്‍ ചത്തുപോയ സ്‌കൂബി എന്ന പൊമറേനിയന്‍ നായയുടെ ശവക്കല്ലറയ്ക്കു മുകളിലെ വാചകങ്ങളാണിത്. മൂന്നു വര്‍ഷം മുന്‍പ് കാറിനടിയില്‍പ്പെട്ടു ചത്ത സ്‌കൂബിയുടെ ചരമവാര്‍ഷികത്തിനും ജന്‍മദിനത്തിനും മുടങ്ങാതെ എത്തി അവനിഷ്ടമുണ്ടായിരുന്ന വിഭവങ്ങള്‍ കല്ലറയില്‍ സമര്‍പ്പിച്ച്് മടങ്ങുകയാണ് സ്‌കൂബിയുടെ യജമാനനും കുടുംബവും. സ്‌കൂബി മാത്രമല്ല പലരുടെയും അരുമകളായിരുന്ന പൂച്ചകളും മുയലുകളും പക്ഷികളുമെല്ലാം ഇവിടെ അന്ത്യവിശ്രമം കൊളളുന്നു.  

ബംഗളൂരു നഗരത്തിലെ കെങ്കേരിയിലാണ് വളര്‍ത്തുമൃഗങ്ങള്‍ക്കായി സെമിത്തേരിയുള്ളത്. ഇവിടേയ്ക്ക്് പ്രവേശിച്ചു കഴിഞ്ഞാല്‍ ചന്ദനത്തിരികളുടെയും വിവിധ ഭക്ഷണങ്ങളുടെയും പഴങ്ങളുടെയുമെല്ലാം  മിശ്രിത ഗന്ധമാണ്. നിരനിരയായുള്ള കല്ലറകള്‍ക്കു മുകളില്‍ സെമിത്തേരിയിലെ മരങ്ങളില്‍ നിന്നുള്ള പൂക്കളും ഇലകളും വീണു കിടക്കുന്നതു കാണാം. ഹൃദയം തൊടുന്ന കുറിപ്പുകളാണ് ചില കല്ലറകള്‍ക്കു മുകളില്‍.

ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, പാഴ്‌സി, സിക്ക്് മതവിഭാഗങ്ങളില്‍ നിന്നുള്ളവരെല്ലാം അരുമകളായിരുന്ന അവരുടെ വളര്‍ത്തു മൃഗങ്ങള്‍ക്കായി ഇവിടെ കല്ലറകള്‍ പണിതിട്ടുണ്ട്. കൂടാതെ നഗരത്തിലെ വിവിധ കമ്പനികളില്‍ ജോലിചെയ്യുന്ന ജപ്പാന്‍, ചൈന, നേപ്പാള്‍ സ്വദേശികളുമെത്താറുണ്ട്.  

പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ (പിഎഫ്എ) നേതൃത്വത്തിലാണ് സെമിത്തേരിയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനകം ആയിരത്തിലധികം വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയുമാണ് ഇവിടെ അടക്കിയത്. ഇതിന് ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. വളര്‍ത്തു മൃഗങ്ങളുടെ ശരീരം ഒരു വര്‍ഷം വരെ വെക്കണമെങ്കില്‍ 5500 രൂപയാണ് നിരക്ക്്്. ശവക്കല്ലറ കെട്ടി മൂന്നു വര്‍ഷം വരെ സൂക്ഷിക്കണമെങ്കില്‍ 20000 രൂപവരെ നല്‍കണം. മൃഗത്തിന്റെ ഫോട്ടോ പതിച്ച്് കല്ലറയ്ക്കു മുകളില്‍ വാചകങ്ങള്‍ എഴുതണമെങ്കില്‍ 30000 രൂപ നല്‍കണം. ഈ രീതിയില്‍ അഞ്ചുവര്‍ഷം വരെ 'മൃതദേഹം' ഇവിടെ സൂക്ഷിക്കാം.

''റെസ്‌ക്യൂ , ഭക്ഷണം, ആംബുലന്‍സ്് പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയ്ക്കായി പ്രതിമാസം 10 ലക്ഷത്തോളം രൂപ ചിലവു വരും. പിഎഫ്എ ചാരിറ്റി സംഘടനയാണെങ്കില്‍ കൂടിയും ഇത്രയും പണം ലഭിക്കാറില്ല. പിഎഫ്എ വൈല്‍ഡ് ലൈഫ് ഹോസ്പിറ്റല്‍ നടത്തിപ്പിനായാണ് സെമിത്തേരിയിലെത്തുന്നവരില്‍ നിന്ന് ഡൊണേഷന്‍ എന്ന നിലയില്‍ ഫീസ് ഈടാക്കുന്നത്''.-പിഎഫ്എ ബംഗളൂരു ജനറല്‍ മാനേജരും ചീഫ് വെറ്റെറേനിയനുമായ കേണല്‍ നവാസ് ഷെരീഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ആറേക്കറില്‍ പ്രവര്‍ത്തിക്കുന്ന പിഎഫ്എയുടെ ചെറിയ ഭാഗംമാത്രമാണ് സെമിത്തേരി. 

പി എഫ് എ 
വന്യജീവി സംരക്ഷണം, ചികിത്സ, പുനരധിവാസം, ബോധവത്്ക്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെ 1996 ലാണ്് ബംഗളൂരുവില്‍ പിഎഫ്എ സ്ഥാപിതമാവുന്നത്. വാഹനമിടിച്ചും ഷോക്കേറ്റും  പരുക്കേല്‍ക്കുന്നവ, മനുഷ്യരുടെ ക്രൂരതയ്ക്ക്് ഇരയാവേണ്ടി വന്നവ, കാലാവസ്ഥാ വ്യതിയാനം മൂലം കഷ്ടപ്പെടുന്നവ, കൂട്ടത്തില്‍ നിന്ന്് വേര്‍പ്പെട്ടുപോയവ എന്നിങ്ങനെ മൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണവും ചികിത്സയുമാണ് സംഘടന ഏറ്റെടുക്കുന്നത്.

ഇത്തരത്തില്‍ സെന്ററിലെത്തുന്ന നായ്ക്കള്‍, വാനരന്‍മാര്‍, പാമ്പ്, പരുന്ത്്, മാന്‍, കാക്ക അടക്കമുള്ളവ ജീവികള്‍ ഇവിടത്തെ സ്ഥിരം സാന്നിധ്യമാണ്. പ്രതിമാസം 150-ലധികം മൃഗങ്ങളെ ഇവിടെയെത്തിക്കാറുണ്ടെന്ന് അധികൃതര്‍   പറയുന്നു. ഗുരുതരമായി പരുക്കേറ്റ മൃഗങ്ങളെയും പക്ഷികളെയും അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിക്കുക. പിന്നീട് സുഖപ്പെടുത്തിയ ശേഷം ഇവയെ പുറത്തുവിടും. പി എഫ് എ യിലെ പരിശീലനം ലഭിച്ച റെസ്‌ക്യൂ ടീം അംഗങ്ങളാണ് മൃഗങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ടു വരുന്നത്. നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നുപോലും മൃഗങ്ങളെയും പക്ഷികളെയും ഇവിടെയെത്തിക്കാറുണ്ട്്. ആറ് ആംബുലന്‍സുകള്‍ ഇതിനായി ഏതു നേരവും സജ്ജമാണ്. 9900025370 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറുമുണ്ട്. 

പരിചയ സമ്പന്നരായ വെറ്റെറിനറി ഡോക്ടര്‍മാരാണ് പിഎഫ്എയുടെ മറ്റൊരു പ്രത്യേകത. മനേകാ ഗാന്ധി ചെയര്‍പേഴ്‌സണായ ട്രസ്റ്റാണ് പിഎഫ്്എ യുടെ മേല്‍നോട്ടം വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി പിഎഫ്എയ്ക്ക് 200 ഓളം ശാഖകളുണ്ടെങ്കിലും വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണവും ചികിത്സയുമാണ് ഏറ്റെടുക്കുന്നതെന്നും രാജ്യത്ത് ബംഗളൂരുവില്‍ മാത്രമാണ് വന്യജീവികള്‍ക്കായി റെസ്‌ക്യു സെന്റര്‍ ഉളളത്. ഇതിന് സെന്‍ട്രല്‍ സൂ അതോറിറ്റി, കര്‍ണാടക ഫോറസ്റ്റ്് ഡിപ്പാര്‍ട്ട്‌മെന്റ് ,ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരവുമുണ്ടെന്ന് നവാസ് ഷെരീഫ് പറഞ്ഞു.