'ഞാന്‍ പ്രവര്‍ത്തിക്കുന്നത് ലൈംഗിക തൊഴിലാളികളുടെ ഇടയിലാണ് എന്നറിയുമ്പോള്‍ പലരും ചോദിക്കാറുണ്ട് എന്തിനാണ് ഇങ്ങനെയൊരു മോശം ജോലി ചെയ്യുന്നതെന്ന് സീമ പറയുന്നു.

ലൈംഗിക തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയുണ്ട്. 63 -കാരിയായ സീമ.. പൂനെയിലെ ബുധവാര്‍ പേട്ട്, രാജ്യത്തിലെ റെഡ് ലൈറ്റ് ഏരിയയില്‍ ഒന്ന്. പകല്‍ മുഴുവന്‍ എല്ലാവരാലും അവഗണിക്കപ്പെടുകയും രാത്രിയില്‍ സജീവമാവുകയും ചെയ്യുന്ന തെരുവ്. കഴിഞ്ഞ 26 വര്‍ഷങ്ങളായി അവിടെയുള്ള മനുഷ്യര്‍ക്ക് പ്രതീക്ഷയും ധൈര്യവും നല്‍കുന്ന സ്ത്രീയാണ് സീമ.. 

തുടക്കത്തില്‍ പുറം ലോകത്ത് നിന്നുള്ള ഒരാളെന്ന നിലയില്‍ അവിടെ ഒരു ലൈംഗിക തൊഴിലാളിയുടെ വീട്ടിലേക്കും സീമയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പക്ഷെ, നിരന്തരമുള്ള ഇടപെടലുകള്‍ സീമയെ അവര്‍ക്ക് പ്രിയപ്പെട്ടവളാക്കി. ഇന്ന് സീമയവര്‍ക്ക് പ്രിയപ്പെട്ട അമ്മയോ മുത്തശ്ശിയോ ആണ്. 

പഠനം കഴിഞ്ഞയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞയാളാണ് സീമ. കുറേയേറെ വര്‍ഷങ്ങള്‍ കുഷ്ഠരോഗികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ശേഷം 1993 -ല്‍ 'കായകല്‍പ' എന്ന പേരില്‍ സ്വന്തമായി ഒരു ഓര്‍ഗനൈസേഷന്‍ തുടങ്ങാനായി അവര്‍ മുംബൈയില്‍ നിന്ന് പൂനെയിലെത്തി. അതേ വര്‍ഷമാണ് അവര്‍ സര്‍ക്കാരിന്‍റെ എച്ച്.ഐ.വി/എയ്ഡ്സ് റിസര്‍ച്ച് ടീം വര്‍ക്കിലേക്കും നിയമിക്കപ്പെടുന്നത്. കായകല്‍പയ്ക്ക് പ്രവര്‍ത്തിക്കാനുണ്ടായിരുന്നത് ലൈംഗിക തൊഴിലാളികളുടെ ഇടയിലായിരുന്നു. അതിന് മുമ്പ് വരെ ഇന്ത്യയിലെ ലൈംഗിക തൊഴിലാളികളെ കുറിച്ച് സീമയ്ക്ക് ഒന്നും അറിയില്ലായിരുന്നു. 

വീട്ടില്‍ ഭര്‍ത്താവിനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞത്, ഇതൊരു പരീക്ഷണമായിരിക്കും. ഒരുപാട് തടസങ്ങളുണ്ടാകും. പക്ഷെ, പ്രവര്‍ത്തിക്കാനാകുമെന്ന് തോന്നിയാല്‍ മുന്നോട്ട് പോവുക. പിന്നെ തിരിഞ്ഞുനോക്കരുത് എന്നാണ്. അങ്ങനെ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് പല ദുരനുഭവങ്ങളും വെളിപ്പെട്ടത്. നൂറു കണക്കിന് വര്‍ഷങ്ങളായി സമൂഹം അവരെ അകറ്റി നിര്‍ത്തുകയാണ്. മാത്രമല്ല, അപ്പോഴും അധികൃതരടക്കം പലരും അവരെ ചൂഷണം ചെയ്യുന്നുമുണ്ട്. 

അന്ന് ബുധവാര്‍ പേട്ടിലേക്ക് കാലെടുത്തു വച്ചപ്പോള്‍ അവള്‍ക്ക്, താനീ സ്ഥലത്ത് നേരത്തേ വന്നിട്ടുണ്ടല്ലോ എന്നൊരു ചിന്ത വന്നു. അപ്പോഴാണ് ഓര്‍മ്മ വന്നത്, കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്‍റെ കൈപിടിച്ച് അതിനടുത്തുള്ളൊരു കടയില്‍ അവള്‍ പോകാറുണ്ടായിരുന്നു. ആ സ്ഥലമെത്തുമ്പോള്‍ അച്ഛന്‍ അവളുടെ കൈ മുറുകെ പിടിച്ച് വേഗത്തില്‍ നടക്കുമായിരുന്നു. അത് എന്തിനായിരുന്നുവെന്ന് അന്നവള്‍ക്ക് മനസിലായിരുന്നില്ല. ഇന്നാണ് അതിന്‍റെ കാരണം മനസിലാകുന്നത്. ആ അവസ്ഥ മാറ്റിയേ തീരൂവെന്ന് സീമയ്ക്ക് തോന്നി. അവരെ സമൂഹം മാറ്റിനിര്‍ത്തരുത്. അതിനായി ആരോഗ്യകാര്യങ്ങളിലെ ബോധവല്‍ക്കരണം മാത്രം പോരാ എന്നും അവര്‍ക്ക് അറിയാമായിരുന്നു. 

ലൈംഗിക തൊഴില്‍ നിര്‍ത്തലാക്കുന്നതോ, അവര്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ ബോധവല്‍ക്കരണം നല്‍കുന്നത് കൊണ്ടോ മാത്രം എന്തെങ്കിലും മാറ്റമുണ്ടാകില്ല. അവര്‍ക്ക് തൊഴിലെടുത്ത് ജീവിക്കാനാകണം. അവര്‍ക്ക് ഭക്ഷണത്തിനുള്ള ഒരേയൊരു വഴി അടച്ചുകൊണ്ട് അവരെ എങ്ങനെയാണ് സഹായിക്കുന്നത്. ലൈംഗിക തൊഴില്‍ ചെയ്യാന്‍ പലപ്പോഴും പലരും അവരെ നിര്‍ബന്ധത്തിലാക്കുകയായിരുന്നു. പുറംലോകത്തെ കുറിച്ച് അവര്‍ക്കുള്ള ധാരണകള്‍ കുറവായിരുന്നു. പ്രതീക്ഷകളൊന്നും വെച്ചുപുലര്‍ത്താത്തവരായിരുന്നു അവര്‍. അതിനായി ചെയ്യേണ്ടിയിരുന്നത്, ആവശ്യമായ ബോധവല്‍ക്കരണം, പരിശീലനം, പുനരധിവാസം എന്നിവയായിരുന്നു. 

വിമര്‍ശനങ്ങളുടെ വഴികള്‍

'ഞാന്‍ പ്രവര്‍ത്തിക്കുന്നത് ലൈംഗിക തൊഴിലാളികളുടെ ഇടയിലാണ് എന്നറിയുമ്പോള്‍ പലരും ചോദിക്കാറുണ്ട് എന്തിനാണ് ഇങ്ങനെയൊരു മോശം ജോലി ചെയ്യുന്നതെന്ന് സീമ പറയുന്നു. ചിലര്‍ 'ഓട വൃത്തിയാക്കുന്നു' എന്ന് വരെ അതിനെ ഉപമിച്ചു. പക്ഷെ, അതെന്നെ കൂടുതല്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചതേയുള്ളൂ.' സീമ പറയുന്നു. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടുകളാണ് സീമയ്ക്ക് മറികടക്കാനുണ്ടായിരുന്നത്. വിശ്വാസം ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ടായിരുന്നു. ആദ്യമൊന്നും ലൈംഗിക തൊഴിലാളികള്‍ അവരുടെ വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ തന്നെ അനുവദിച്ചിരുന്നില്ല. പക്ഷെ, അവരനുഭവിക്കുന്ന സംഘര്‍ഷങ്ങളും പ്രയാസങ്ങളും മനസിലാക്കാന്‍ തനിക്ക് സാധിച്ചിരുന്നു. ഒരോ ദിവസവും 100 രൂപയ്ക്ക് വേണ്ടി പോലും അവര്‍ക്ക് അവരുടെ ശരീരം വില്‍ക്കേണ്ടി വന്നിരുന്നു. പലരും അവരെ ചൂഷണം ചെയ്യുകയായിരുന്നു. 

മെല്ലെ മെല്ലെ സീമയ്ക്കും ആ സ്ത്രീകള്‍ക്കുമിടയിലുണ്ടായിരുന്ന ഐസ് ഉരുകി. ഇപ്പോള്‍ അതില്‍ പല സ്ത്രീകളും തയ്യല്‍ തൊഴിലാളികളോ, ബ്യൂട്ടീഷനോ ഒക്കെയായി മാറിക്കഴിഞ്ഞു. അതില്‍ പലരും സീമയ്ക്കൊപ്പം ചേര്‍ന്ന് മറ്റ് ലൈംഗിക തൊഴിലാളികളെ സഹായിക്കുകയും ചെയ്യുന്നു. വളരെ ചുരുക്കും ചിലരാണ് ലൈംഗിക തൊഴിലില്‍ തുടരുന്നത്. എനിക്കവരോട് പറയാനുണ്ടായിരുന്നത് ചൂഷണം അനുവദിക്കരുത്, എന്ത് വന്നാലും ഞങ്ങളും ഒപ്പമുണ്ട് എന്നതായിരുന്നു. ആര്‍ക്കെങ്കിലും ആ തൊഴിലുപേക്ഷിക്കാന്‍ തോന്നിയാല്‍ സഹായഹസ്തവുമായി ഞങ്ങളുണ്ട് എന്നും പറഞ്ഞുവെന്നും സീമ.

നല്ല ഭാവിയ്ക്കായി

പൂനെയില്‍ നിന്നും 120 കിലോമീറ്റര്‍ അകലത്തിലായി സീമയുടെ നേതൃത്വത്തിലാരംഭിച്ച 'റവ. ഹരിഭാവു വാഗ്മോഡെ പാട്ടീല്‍ പ്രതിഷ്ഠാന്‍' എന്നൊരിടമുണ്ട്. 2016 -ലാണ് ഇത് ആരംഭിച്ചത്. അവിടെ ലൈംഗിക തൊഴിലാളികളുടെ പുതിയ തലമുറ നിഷ്കളങ്കവും ചൂഷണമില്ലാത്തതുമായ പുതിയ ജീവിതം നയിക്കുന്നു. 

ഇന്ന്, 35 കുട്ടികളെ അവിടെ അധിവസിപ്പിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. സീമയുടെയും ഓര്‍ഗനൈസേഷന്‍റെയും പ്രധാനലക്ഷ്യം പുനരധിവാസമാണ്. ലൈംഗിക തൊഴിലാളികളെ മാത്രമല്ല, അവരുടെ മക്കളേയും. അവരെയാണ് ഈ ജീവിതം ഏറ്റവുമധികം കഷ്ടപ്പെടുത്തിയിരുന്നത്. ഒരിക്കല്‍ പട്ടിണി കിടന്ന് സഹിക്കവയ്യാതെ ഒരു കുട്ടി തന്‍റെ അമ്മയോട് പറഞ്ഞത് തന്നെ ഒരു കസ്റ്റമറുടെ അടുത്ത് എത്തിക്കാനാണ്. ആ സംഭവം സീമയെ തകര്‍ത്തു കളഞ്ഞു. അങ്ങനെയാണ് ആ കുട്ടികള്‍ക്കായി ഇങ്ങനെയൊരിടമൊരുക്കാന്‍ അവര്‍ മുന്നിട്ടിറങ്ങുന്നത്. തന്‍റെ കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്ന അതേ ജീവിതം അവര്‍ക്കും കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും സീമ പറയുന്നു. 

2020 ആകുമ്പോഴേക്കും നൂറ് കുട്ടികളെയെങ്കിലും ഇങ്ങനെ പുനരധിവസിപ്പിക്കുകയും അവര്‍ക്കാവശ്യമുള്ള വിദ്യാഭ്യാസം നല്‍കുകയും ചെയ്യണമെന്നാണ് സീമയുടെ ആഗ്രഹം. സര്‍ക്കാരിന്‍റെ അവഗണനയും സമൂഹവുമാണ് ഈ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടാന്‍ പ്രധാന കാരണം എന്നും സീമ പറയുന്നു. അവരും സാധാരണ പൗരന്മാരെ പോലെ അംഗീകരിക്കപ്പെടണം. അവരുടെ തൊഴിലും മറ്റേത് തൊഴിലും പോലെ ബഹുമാനിക്കപ്പെടണം. അപ്പോഴേ, അതിലെ ചൂഷണവും മനുഷ്യക്കടത്തുമെല്ലാം അവസാനിക്കൂവെന്നും സീമ പറയുന്നുണ്ട്. 

26 വര്‍ഷങ്ങളായി കായകല്‍പ 10,000 ലൈംഗിക തൊഴിലാളികളെ പരിശീലനത്തിലൂടെയും വിവിധ തൊഴില്‍ നല്‍കിയും, കുട്ടികള്‍ക്ക് പുതിയ ജീവിതം നല്‍കിയും കൂടെ നിര്‍ത്തിയിരിക്കുന്നത്, പുതിയ ആകാശം കാണിച്ചു കൊടുത്തിരിക്കുന്നത്. 

(കടപ്പാട്: ബെറ്റര്‍ ഇന്ത്യ)