അന്ന് വിറകുക്ഷാമം നേരിടാൻ ആഫ്രിക്കയിൽ നിന്നെത്തിച്ചു, ഇന്ന് വെള്ളമൂറ്റിയെടുത്ത് പേടിപ്പിക്കുന്ന ചെടി!
അടുപ്പുകത്തിക്കുന്നതിനുള്ള വിറക്, കാലിത്തീറ്റ, തേനിന്റെ ഒരു ഉറവിടം, മികച്ച കരി ലഭിക്കുന്ന മരം എന്നൊക്കെ ഇതിനെ ന്യായീകരിക്കാമെങ്കിലും ആയിരക്കണക്കിന് ഏക്കർ സ്ഥലം തരിശുഭൂമി ആക്കി മാറ്റുന്നതിൽ ശീമൈ കരുവേലം വഹിക്കുന്ന പങ്കു ചെറുതല്ല.

ശീമൈ കരുവേലം എന്ന ചെടിയെ കുറിച്ച് കേട്ടിട്ടുണ്ടോ? 1877 -ൽ വിറകുക്ഷാമം നേരിടാൻ വേണ്ടി ആഫ്രിക്കയിൽ നിന്നും രാമനാഥപുരത്തെത്തിച്ച വൃക്ഷം പക്ഷേ പിന്നീട് പേടിസ്വപ്നമായി മാറുകയായിരുന്നു. കാരണം മറ്റൊന്നുമല്ല, അവയൂറ്റിക്കുടിക്കുന്ന വെള്ളത്തിന് കണക്കില്ല. ഇപ്പോൾ, അവയെ പിഴുതുമാറ്റി ജലസ്രോതസുകൾ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തമിഴ് നാട്ടുകാർ. ഈ സസ്യത്തെ കുറിച്ച് സന്തോഷ് വെറനാനി എഴുതിയ കുറിപ്പ് വായിക്കാം:
ശീമൈ കരുവേലം വ്യാപകമായി തമിഴ്നാട്ടിൽ കാണപ്പെടുന്ന മുള്ളിനത്തിലുള്ള ചെടിവർഗമാണ്. ഒരു പ്രവേശത്തിന്റെ ആകെ ഭൂജലവിതാനം ഊറ്റി വറ്റിക്കുന്നതിൽ ഈ ചെടിവർഗം നിസാരമല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. കോളനി വാഴ്ചയുടെ ഒരു ഉപോല്പന്നം കൂടിയായാണ് prosopis juliflora എന്ന ഈ ശാസ്ത്ര നാമധാരി തമിഴ് മണ്ണിലെത്തിയത്. 1877 കാലഘട്ടത്തിൽ രാമനാഥപുരം അഥവാ പഴയ രാംനാട് നാട്ടുരാജ്യത്തു രൂക്ഷമായ വിറകുഷാമത്തെ നേരിടാനാണ് ആഫ്രിക്കയിൽ നിന്ന് വെള്ളം ധാരാളം ഊറ്റിക്കുടിക്കുന്ന മറ്റൊരു ഉപയോഗവുമില്ലാത്ത ഈ കളച്ചെടിയെ ഇങ്ങോട്ടു കെട്ടി എത്തിച്ചത്.
ഗ്രാമീണ ജനങ്ങളുടെ അടുക്കള ആവശ്യത്തിനായുള്ള വിറക് ഇത് തന്നെങ്കിലും ആയിരക്കണക്കിന് തനതു ചെടികളും ഷഡ്പദങ്ങളും ഈ വിദേശിയുടെ വരവോടെ വംശ നാശം അറ്റു. ഇത്തരം ദോഷങ്ങളെല്ലാം തിരിച്ചറിഞ്ഞ തമിഴ് മക്കൾ ഇപ്പോൾ ഈ ചെടിയെ പിഴുതു മാറ്റി തങ്ങളുടെ ജലസ്ത്രോസുകൾ വീണ്ടെടുക്കാനുള്ള കഠിനപ്രയത്നത്തിലാണ് ഇപ്പോൾ. 53 മീറ്റർ (175 അടി ) ആഴത്തിൽ വരെ വേരുകൾ താഴ്ത്തി വെള്ളം ഊറ്റിക്കുടിക്കുന്ന ഈ രാക്ഷസ സസ്യത്തെ നശിപ്പിക്കാൻ ജനങ്ങൾ മുൻപോട്ടു വരണമെന്ന് മദ്രാസ് ഹൈക്കോടതി വരെ അഭിപ്രായപ്പെടുകയുണ്ടായി.
അടുപ്പുകത്തിക്കുന്നതിനുള്ള വിറക്, കാലിത്തീറ്റ, തേനിന്റെ ഒരു ഉറവിടം, മികച്ച കരി ലഭിക്കുന്ന മരം എന്നൊക്കെ ഇതിനെ ന്യായീകരിക്കാമെങ്കിലും ആയിരക്കണക്കിന് ഏക്കർ സ്ഥലം തരിശുഭൂമി ആക്കി മാറ്റുന്നതിൽ ശീമൈ കരുവേലം വഹിക്കുന്ന പങ്കു ചെറുതല്ല. വന്നി എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഈ ചെടിയെ പറ്റിയുള്ള ഉഹാപോഹങ്ങൾക്കും അന്ത്യമില്ല.