തോക്കും ചെടിയും... ഒട്ടും സാമ്യം തോന്നാത്ത രണ്ടുകാര്യങ്ങളാണ്. എന്നാല്‍, പഞ്ചാബില്‍ ഇതുരണ്ടും ചേര്‍ന്നു വന്നിരിക്കുകയാണ്. പഞ്ചാബിലെ ഫിറോസ് പൂർ ജില്ലയില്‍ തോക്കിന് ലൈസന്‍സ് കിട്ടണമെങ്കില്‍ അപേക്ഷിക്കുന്നതിന് മുമ്പ് 10 ചെടികളെങ്കിലും നട്ടിരിക്കണം. കൗതുകം തോന്നുന്നുണ്ടാവും അല്ലേ? 

ഒരുമാസത്തിലേറെയായി ഈ ഓര്‍ഡര്‍ വന്നിട്ട്. 'പഞ്ചാബികള്‍ കാര്‍, ആയുധം, മൊബൈല്‍ എന്നിവയോടെല്ലാം ഭ്രമമുള്ളവരാണ്. അതുപോലെ ഭ്രമമുണ്ടവര്‍ക്ക് ചെടികളോടും...' -ജില്ലാ കമ്മീഷണര്‍ ചന്ദര്‍ ഗൈന്ദ് ബിബിസി -യോട് പറഞ്ഞു. ലൈസന്‍സിനുള്ള അപേക്ഷയുടെ കൂടെ ചെടികള്‍ക്കൊപ്പമുള്ള സെല്‍ഫി കൂടി അപേക്ഷകര്‍ സമര്‍പ്പിക്കണമെന്നും ഗൈന്ദ് പറയുന്നു. 

റോഡുകള്‍ വളരെ വേഗത്തില്‍ വര്‍ധിക്കുന്നു. അതിനൊപ്പം തന്നെ മരങ്ങള്‍ വളരെ കൂടിയ തോതില്‍ വെട്ടിമാറ്റപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറയുന്നു. തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുള്ളവരുടെ എണ്ണത്തില്‍ മൂന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. 360,000 പേര്‍ക്കാണ് ഇവിടെ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സുള്ളത്. 

യാദൃച്ഛികമായി ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ തന്നെയാണ് ഈ പുതിയ ഓര്‍ഡര്‍ അധികൃതര്‍ പുറപ്പെടുവിച്ചത്. ആദ്യമൊന്നും ആര്‍ക്കും ഇതേക്കുറിച്ചറിയില്ലായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ അറിഞ്ഞ് ആളുകള്‍ ലൈസന്‍സിന് അപേക്ഷിക്കാനെത്തുമ്പോള്‍ ചെടിക്കൊപ്പമുള്ള സെല്‍ഫി കൂടി കൊണ്ടുവന്നു തുടങ്ങി. സെല്‍ഫിക്കൊപ്പമുള്ള 100 അപേക്ഷകളെങ്കിലും എത്തിക്കഴിഞ്ഞു. 

ഗുര്‍പ്രീത് സിങ് സന്ധു സെല്‍ഫിക്കൊപ്പം അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നൊരാളാണ്. നേരത്തെ അദ്ദേഹം നല്‍കിയ അപേക്ഷ സെല്‍ഫി ഇല്ലാത്തതിനാല്‍ തള്ളിപ്പോവുകായയിരുന്നു. അങ്ങനെ വീണ്ടും ചെടിയൊക്കെ നട്ട് സെല്‍ഫിയെടുത്ത് അപേക്ഷ സമര്‍പ്പിച്ചു. ചെടികളോട് പ്രിയമുള്ള സന്ധു വീടിന് ചുറ്റും ചെടികള്‍ നടാറുണ്ട്. കൂടാതെ റോഡരികിലും മരങ്ങള്‍ നടുന്നു. സന്ധു പറയുന്നത്, 'തോക്കിന് ലൈസന്‍സ് കിട്ടണമെങ്കില്‍ ചെടി നട്ട് അതിനൊപ്പമുള്ള സെല്‍ഫി നല്‍കണം. ഒരുമാസത്തിനു ശേഷം ഫോളോ അപ്പ് സെല്‍ഫി കൂടി നല്‍കണം. ഇത് മനുഷ്യനെ പ്രകൃതിയോട് അടുത്ത് നില്‍ക്കാന്‍ സഹായിക്കും. എനിക്ക് ഒരുമാസത്തിനുള്ളില്‍ ലൈസന്‍സ് കിട്ടുമെന്നാണ് കരുതുന്നത്...' എന്നാണ്. 

എന്നാലും, ലൈസന്‍സിനു വേണ്ടി ചെടിക്കൊപ്പം സെല്‍ഫിയെടുക്കുന്നതല്ലാതെ ആ ചെടിയുടെ പരിചരണം എത്രകണ്ട് മുന്നോട്ട് പോകുമെന്നത് ഉറപ്പുള്ള കാര്യമല്ല. ഏതായാലും പരിചരിക്കാതെ ചെടികളെ ഒഴിവാക്കുന്ന പരിപാടിയും ഇവിടെ നടക്കില്ല. ഒരുമാസം കഴിയുമ്പോള്‍ ഇതിന്‍റെ ഫോളോ അപ്പ് സെല്‍ഫികള്‍ കൂടി എത്തിക്കണം. ചെടി വളരുന്നുണ്ടോ, അവയെ പരിചരിക്കുന്നുണ്ടോ എന്നൊക്കെ അറിയാനാണ് ഈ സെല്‍ഫി. ഏതായാലും പുതിയ നിയമം നീതി ആയോഗിന്‍റെ അടക്കം ശ്രദ്ധ നേടിക്കഴിഞ്ഞു.