ഇന്ത്യയിൽ മൂന്നോ അഞ്ചോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് ജീവിക്കാൻ താൻ അയക്കുന്ന തുക ധാരാളമാണ്. എന്നാൽ, പണത്തിന്റെ വലിയൊരു പങ്കും ചിട്ടിയിൽ അടയ്ക്കുന്നതിനാൽ, വീട്ടുചെലവുകൾക്കായി വെറും 20,000 രൂപ മാത്രമാണ് അവരുടെ കയ്യിൽ ശേഷിക്കുന്നത്. ഇത് ജീവിക്കാൻ തികയുന്നില്ല.
വിദേശത്ത് ജോലി ചെയ്ത് നാട്ടിലേക്ക് പണമയക്കുന്ന യുവാക്കൾ നേരിടുന്ന പല പ്രതിസന്ധികളുമുണ്ട്. അതിൽ പ്രധാനമാണ്, നാട്ടിലേക്ക് അവരയക്കുന്ന പണം വീട്ടുകാർ എങ്ങനെ ചെലവഴിക്കുന്നു എന്നത്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കാനഡയിൽ ജോലി ചെയ്യുന്ന 22 വയസ്സുകാരനാണ് ഉപദേശം തേടിക്കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം താനാണെന്നും മാസംതോറും 70,000 രൂപ നാട്ടിലേക്ക് അയച്ചുകൊടുക്കാറുണ്ടെന്നും യുവാവ് പറയുന്നു. എന്നാൽ, ഈ പണത്തിന്റെ ഭൂരിഭാഗവും മാതാപിതാക്കൾ നാട്ടിലെ ചിട്ടികളിലോ ഇതുപോലെയുള്ള മറ്റ് സമ്പാദ്യ പദ്ധതികളിലോ ആണ് നിക്ഷേപിക്കുന്നത്.
ഇന്ത്യയിൽ മൂന്നോ അഞ്ചോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് ജീവിക്കാൻ താൻ അയക്കുന്ന തുക ധാരാളമാണ്. എന്നാൽ, പണത്തിന്റെ വലിയൊരു പങ്കും ചിട്ടിയിൽ അടയ്ക്കുന്നതിനാൽ, വീട്ടുചെലവുകൾക്കായി വെറും 20,000 രൂപ മാത്രമാണ് അവരുടെ കയ്യിൽ ശേഷിക്കുന്നത്. ഇത് ജീവിക്കാൻ തികയുന്നില്ല.
'അമ്മയ്ക്ക് 25,000 രൂപയും അച്ഛന് 25,000 രൂപയുമാണ് അവർ ചിട്ടിയിൽ അടയ്ക്കുന്നത്. ഇതിനെ ഒരു നിർബന്ധമായും വേണ്ടുന്ന ഒരു സമ്പാദ്യമായിട്ടാണ് അവർ കാണുന്നത്, എന്നാൽ, ഇത് ഒരു വർഷത്തേക്ക് അവരുടെ പണം ലോക്ക് ചെയ്യുകയാണ്. ഞാൻ അയക്കുന്ന 70,000 രൂപയിൽ 50,000 രൂപയും ഇത്തരത്തിൽ മാറ്റിവെക്കുന്നതിനാൽ, പലചരക്ക് സാധനങ്ങൾ, കറന്റ് ബില്ലുകൾ, സഹോദരിയുടെ സ്കൂൾ അഡ്മിഷൻ ഫീസ് എന്നിവയുൾപ്പെടെയുള്ള മുഴുവൻ വീട്ടുചെലവുകൾക്കുമായി വെറും 20,000 രൂപ മാത്രമാണ് ശേഷിക്കുന്നത്' എന്നും യുവാവ് കുറിച്ചു.
വീട്ടിലെ ആവശ്യങ്ങൾക്ക് പണം തികയാതെ വരുമ്പോൾ മാതാപിതാക്കൾ പരാതിപ്പെടുകയും, താൻ കൂടുതൽ പണം നൽകാൻ നിർബന്ധിതനാവുകയും ചെയ്യുന്നുവെന്നാണ് യുവാവ് പറയുന്നത്. ഇത് വിദേശത്ത് കഴിയുന്ന യുവാവിനെ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. അത് മാത്രമല്ല, ഇങ്ങനെ പരാതി പറഞ്ഞുപറഞ്ഞ് സാധാരണ അയക്കുന്ന 70,000 രൂപയ്ക്ക് പുറമെ 25,000 രൂപ കൂടി അയക്കേണ്ടി വന്നു. ഇത് കാനഡയിലെ തന്റെ സ്വന്തം ബജറ്റിനെ പൂർണ്ണമായും താറുമാറാക്കി എന്നും യുവാവ് പറയുന്നു.
വീട്ടിലെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും കാശില്ലാത്തപ്പോൾ ഇങ്ങനെ ചിട്ടികളിൽ ചേരരുതെന്ന് യുവാവ് പറഞ്ഞെങ്കിലും മാതാപിതാക്കൾ കേൾക്കാൻ തയ്യാറായില്ല. തന്റെ സ്വന്തം ജീവിതം മാറ്റിവെച്ച്, മാതാപിതാക്കൾക്ക് ഇങ്ങനെ പണം കണ്ടെത്താൻ വേണ്ടി മാത്രമാണ് കാനഡയിൽ ജോലി ചെയ്യുന്നതെന്നും തനിക്ക് തീരെ വയ്യ എന്നും യുവാവ് പറഞ്ഞു. അവരെ സഹായിക്കാൻ താൻ വിസമ്മതിച്ചിട്ടില്ല, പക്ഷേ മാസംതോറും 70,000 രൂപ അയക്കാൻ പ്ലാൻ ചെയ്യുമ്പോൾ പോലും അവസ്ഥ ഇതാണ്. കൂടാതെ, തന്റെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ച 25 ലക്ഷം രൂപ തിരിച്ചടയ്ക്കാനാണ് മാതാപിതാക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും യുവാവ് വെളിപ്പെടുത്തി.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. കാര്യങ്ങൾ കൃത്യമായി മാതാപിതാക്കളോട് തുറന്ന് സംസാരിക്കണം. ഇതുവരെ അയച്ച തുക കൂട്ടി എത്രയായി എന്ന് നോക്കുകയും അത് വിദ്യാഭ്യാസത്തിന് ചെലവഴിച്ച തുകയായി കാണക്കാക്കാൻ പറയുകയും വേണം, മാതാപിതാക്കളാണെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ ഒരു അതിർവരമ്പ് വേണം തുടങ്ങിയ ഉപദേശങ്ങളാണ് പലരും നൽകിയത്.
