"അതെല്ലാം ചെയ്‍തത് ഞാൻ തന്നെയാണ്" -  40 വർഷമായി അമേരിക്കൻ പൊലീസ് തേടിക്കൊണ്ടിരുന്ന 'ഗോൾഡൻ സ്റ്റേറ്റ് കില്ലർ' എന്ന പേരിൽ കുഖ്യാതനായ സീരിയൽ റേപ്പിസ്റ്റ് കൊലയാളി പതിറ്റാണ്ടുകൾ പൊലീസിന്റെ പിടിയിൽ പെടാതെ ഇരുളിന്റെ മറവിൽ കഴിഞ്ഞശേഷം കഴിഞ്ഞ ദിവസം കോടതിക്ക് മുന്നിലെത്തി കുറ്റം സമ്മതിച്ചു. 'അതെല്ലാം' എന്ന ഒരൊറ്റ വാക്കിൽ അയാൾ ഒതുക്കിക്കളഞ്ഞത്  ചില്ലറ അതിക്രമങ്ങളൊന്നുമല്ല. 13 കൊലപാതകങ്ങൾ, 50 ബലാത്സംഗങ്ങൾ, 120 കൊള്ളകൾ എന്നിങ്ങനെ നിരവധി ക്രിമിനൽ കുറ്റങ്ങളാണ് കോടതി സമക്ഷം ഏറ്റുപറഞ്ഞിരിക്കുന്നത്.

രാത്രിയുടെ ഇരുട്ടിൽ കറുത്ത മാസ്‍കും ധരിച്ചെത്തി തുടർച്ചയായി കൊള്ളയും കൊലയും ബലാത്സംഗങ്ങളും നടത്തിക്കൊണ്ട പതിറ്റാണ്ടുകൾ കാലിഫോർണിയയെ കിടുകിടാ വിറപ്പിച്ച ജോസഫ് ജെയിംസ് ഡിആഞ്ചലോ എന്ന ഈ ക്രൂരനായ ക്രിമിനലിന് ഇന്ന് 74 വയസ്സ് പ്രായമുണ്ട്. അയാൾ കോടതിയിലെത്തിയത് വീൽചെയറിലാണ്. ഒന്നും ഓർമയില്ല എന്നമട്ടിലാണ് കോടതിയിലെ അയാളുടെ ഇപ്പോഴത്തെ പെരുമാറ്റം. ഇടയ്ക്കിടെ തന്റെ വക്കീലിന്റെ കാതിൽ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടായിരുന്നു കോടതിയിൽ. 1975 മുതൽ ഈ കൊടും ക്രിമിനൽ നടത്തിപ്പോന്ന സ്വൈരവിഹാരം അവസാനിച്ച് മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഡിഎൻഎ സാമ്പിളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ 2018 -ൽ ഈ മുൻ പൊലീസ് ഓഫീസർ അറസ്റ്റ് ചെയ്യപ്പെടുന്നത്.

വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുത്ത ശേഷമാണ് ഡിആഞ്ചലോ പൊലീസ് സർവീസിലെത്തുന്നത്. 1973 -ൽ സാൻ ജോക്ക്വിൻ വാലിയിൽ പൊലീസ് യൂണിഫോമിൽ ഇരിക്കെയാണ് ഡിആഞ്ചലോ ആദ്യത്തെ കൊലപാതകം നടത്തുന്നത്. അന്ന് ആ പ്രദേശത്ത് നടന്ന സീരിയൽ കൊള്ള-കൊല-ബലാത്സംഗങ്ങൾ അന്വേഷിച്ച പൊലീസ് സംഘത്തിന്റെ ഭാഗമായിരുന്നു അയാളും. രാത്രികളിലായിരുന്നു അയാൾ തന്റെ ഇരകളെത്തേടി വീടുകളിൽ അതിക്രമിച്ചു കയറിയിരുന്നത്. കൊള്ളയ്ക്ക് വേണ്ട ഡോഗ് റിപ്പല്ലന്റ്, ചുറ്റിക എന്നിവ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് മോഷ്ടിക്കുന്നതിനിടെ ഡിആഞ്ചലോ പിടിക്കപ്പെടുന്നു. ആ അറസ്റ്റോടെ അയാളുടെ പൊലീസിലെ ജോലിയും നഷ്ടപ്പെടുന്നു. അതിനുശേഷം ഒരു ട്രക്ക് മെക്കാനിക്കായി‌ കഴിഞ്ഞ കാലത്താണ്  അയാൾ പൂർവാധികം ശക്തിയോടെ, പ്രതികാരബുദ്ധിയോടെ തന്റെ ക്രിമിനൽ തേർവാഴ്ചക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. പിന്നീട് പതിമൂന്നു വർഷത്തോളം നിരവധി കൊള്ളകൾ, കൊലകൾ, ബലാത്സംഗങ്ങൾ. ഒടുവിൽ 1986 -ൽ അവസാനത്തെ അതിക്രമത്തിന് ശേഷം അയാൾ എല്ലാം അവസാനിപ്പിക്കുന്നു. ഇത്രയൊക്കെ ചെയ്തിട്ടും പിടിക്കപ്പെടാതെ പോയ അയാൾക്ക് ഒടുവിൽ മാധ്യമങ്ങളുടെ വക 'ഗോൾഡൻ സ്റ്റേറ്റ് കില്ലർ' എന്നൊരു നിഗൂഢനാമവും ചാർത്തിക്കിട്ടി. 

 

അമേരിക്കൻ ജനതയെ ഏറെകാലം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഈ സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് 'ഐ വിൽ ബി ഗോൺ ഇൻ ദ ഡാർക്ക്' എന്നൊരു യഥാതഥ അനുഭവ പുസ്തകം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ബലാത്സംഗം ചെയ്ത ശേഷം ഇറങ്ങിപ്പോകും മുമ്പ് ഡിആഞ്ചലോ ഒരു യുവതിയുടെ കാതിൽ മന്ത്രിച്ച വാക്കുകളാണ് പുസ്തകത്തിന്റെ ശീർഷകം. "ഞാൻ ഇരുട്ടിന്റെ മറവിലേക്ക് ഇതാ ഇറങ്ങിപ്പോകുന്നു. നിങ്ങൾക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാനാവുകയില്ല". ഡിആഞ്ചലോയുടെ ഇരകളിൽ പലരും തങ്ങളുടെ പീഡാനുഭവങ്ങൾ തുറന്നു പറഞ്ഞ ഈ പുസ്തകം ആ ക്രിമിനലിനെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ജനങ്ങളിൽ ഉണർത്തിയതിനു പിന്നാലെയാണ് ആധുനിക അന്വേഷണ സങ്കേതങ്ങളുടെ സഹായത്തോടെ, ക്രൈം സീനുകളിൽ നിന്നു ശേഖരിക്കപ്പെട്ട ഡിഎൻഎ സാമ്പിളുകൾ വിശകലനം ചെയ്ത് കുറ്റവാളിയുടെ ഒരു ഫാമിലി ട്രീ ഉണ്ടാക്കി, അതിൽ നിന്ന് അയാളിലേക്ക് എത്തിച്ചേരുന്നത്. ഒടുവിൽ ഡിആഞ്ചലോ അറിയാതെ തന്നെ അയാളുടെ ഒരു ഡിഎൻഎ സാമ്പിൾ ശേഖരിച്ച് അതുമായി മാച്ച് ചെയ്ത് പല ക്രൈം സീനുകളിലും അയാളുടെ ഡിഎൻഎ സാന്നിധ്യം ഉറപ്പിച്ച ശേഷമാണ് 2018 -ൽ അയാളെ പൊലീസ് കുടുക്കുന്നത്. കൃത്യമായ തെളിവുകളോടെ ചോദ്യം ചെയ്തപ്പോൾ പിന്നെ അയാൾക്ക് കുറ്റം സമ്മതിക്കാതെ വേറെ വഴിയില്ല എന്ന അവസ്ഥയായതാണ്. ഇനി ആജീവനാന്തം ജയിലിൽ തന്നെയായിരിക്കും ഈ ക്രിമിനലിന്റെ വാസം.

 

വിചാരണയ്ക്ക് ശേഷം കോടതി ഡിആഞ്ചലോയ്ക്കുള്ള ശിക്ഷ വിധിച്ച തിങ്കളാഴ്ച ദിവസം, കോടതി ഹാൾ ഈ ക്രിമിനലിന്റെ ക്രൂരതയ്ക്ക് വിധേയരായവരെയും അവരുടെ ബന്ധുക്കളെയും കൊണ്ട് നിറഞ്ഞിരുന്നു. തങ്ങളുടെ വേണ്ടപ്പെട്ടവർക്ക് ഈ വൈകിയ വേളയിലെങ്കിലും നീതി ലഭിക്കുന്നത് കാണാൻ അവരെത്തി. എന്നാൽ അവരിൽ പലർക്കും ആ വീൽ ചെയറിൽ വിറച്ചുവിറച്ചിരിക്കുന്ന 74 -കാരനിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളെ ആക്രമിച്ച, നിസ്സഹായതയുടെ, ഭീതിയുടെ, കൊടിയ വേദനയുടെ മുൾമുനയിൽ നിർത്തിയ ആ കൊടും കുറ്റവാളിയെ കാണാനായില്ല.  തന്റെ .357 മാഗ്നം റിവോൾവറും കയ്യിലേന്തിയാണ് അയാൾ വീടുകളിലേക്ക് പാതിരക്കു ശേഷം അതിക്രമിച്ചുകയറിയിരുന്നത്. തുടക്കത്തിൽ കൊള്ളകൾ മാത്രം നടത്തിയിരുന്ന അയാൾ ഇടക്കെപ്പോഴോ വീടുകളിൽ ഉറങ്ങിക്കിടന്നിരുന്ന യുവതികളെ ലൈംഗികമായും ഉപദ്രവിച്ചു തുടങ്ങി.  

 

"ഞാൻ കുറ്റങ്ങളൊക്കെയും സമ്മതിക്കുന്നു. എന്നാൽ, ഇതൊന്നും ഞാൻ സ്വമേധയാ ചെയ്തതല്ല. എല്ലാം എന്നെക്കൊണ്ട് 'ജെറി' നിർബന്ധിച്ച് ചെയ്യിച്ചതാണ്" ഡിആഞ്ചലോ പറയുന്നത് ഈ കൊടും ക്രൂരകൃത്യങ്ങളെല്ലാം ചെയ്യാൻ തന്നെ നിർബന്ധിച്ചത് തന്റെ തലക്കുള്ളിൽ മുഴങ്ങുന്ന ജെറി എന്ന തന്റെ ആൾട്ടർ ഈഗോയുടെ ശബ്ദമാണെന്നാണ്. "അയാളെ എന്റെ തലയ്ക്കകത്തു നിന്ന് തള്ളിപ്പുറത്താക്കാൻ എനിക്ക് അന്ന് കഴിഞ്ഞില്ല. അയാൾ എന്നെ പലേടത്തും കൊണ്ടുനടന്നു പലതും ചെയ്യിച്ചു. എനിക്ക് അതൊന്നും ചെയ്യാൻ താത്പര്യമില്ലായിരുന്നു. പക്ഷേ, ജെറി പറഞ്ഞപടി അനുസരിച്ചില്ലായിരുന്നെങ്കിൽ അവൻ എന്നെ കൊന്നേനെ. അയാളെ എന്റെ തലയിൽ നിന്ന് ഒടുവിൽ ഞാൻ പുറത്തിറക്കി വിട്ടു. അതിനു ശേഷം കഴിഞ്ഞ പത്തുമുപ്പതു വർഷമായി എനിക്ക് കുഴപ്പമൊന്നുമില്ല. എന്നാലും, അന്ന് ഞാൻ ചെയ്ത കുറ്റങ്ങൾക്കുള്ള ശിക്ഷ എന്നയാളും ഞാൻ അനുഭവിച്ചേ തീരൂ. ഇന്ന് ഞാനതിനു തയ്യാറാണ്."

തനിക്ക് 'സ്പ്ലിറ്റ് പേഴ്സണാലിറ്റി സിൻഡ്രം' ഉണ്ടെന്നു കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഡിആഞ്ചലോ ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് അയാൾ ചെയ്ത ക്രൂരകൃത്യങ്ങളുടെ വിശദമായ വർണ്ണനകൾ ഏഴുമണിക്കൂറിലധികം നീണ്ട ആ അന്തിമവാദത്തിൽ കോടതിമുറിക്കുള്ളിൽ കേട്ടു. വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടക്കെ അതിക്രമിച്ചു കയറി, കയ്യിലേന്തിയ ഫ്ളാഷ്‌ലൈറ്റ് കിടന്നുറങ്ങുന്നവരുടെ മുഖത്തേക്കടിച്ച് ഡിആഞ്ചലോ ഭീഷണിപ്പെടുത്താൻ തുടങ്ങും. താൻ പറയുന്നത് അപ്പടി അനുസരിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾ അടക്കമുള്ളവരെ വെടിവെച്ചു കൊന്നുകളയും എന്നാണ് പതിവ് ഭീഷണി. 

കൊള്ളയുടെ തുടക്കത്തിൽ വീട്ടുകാർ സഹകരിക്കാൻ വേണ്ടി ഡിആഞ്ചലോ തനിക്ക് വേണ്ടത് വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ മാത്രമാണ് എന്നാണ് പറയുക. തനിക്കുവേണ്ടത് കിട്ടിയാൽ താൻ വീട്ടുകാരെ വെറുതേവിടാം എന്ന് വാക്കുനല്കി, അവിടത്തെ സ്ത്രീകളെക്കൊണ്ടുതന്നെ അവരുടെ ബോയ്‌ഫ്രണ്ട്സിനെയും ഭർത്താക്കന്മാരെയുമെല്ലാം കണ്ണുകൾ കെട്ടി, കൈകാലുകൾ ബന്ധിച്ച് കിടക്കയിൽ കമഴ്ത്തിക്കിടത്തും. അതിനുശേഷം അയാൾ അവരുടെ പുറത്ത് വീട്ടിലെ അടുക്കളയിൽ നിന്നെടുത്ത പ്ളേറ്റുകൾ അടുക്കിവെക്കും. അവരെങ്ങാനും അനങ്ങി അവരുടെ പുറത്ത് അടുക്കിവെച്ച പാത്രങ്ങൾ താഴെ വീഴുന്ന ശബ്ദം കേട്ടാൽ അടുത്ത നിമിഷം സകലരെയും വെടിവെച്ചു കൊന്നുകളയും എന്നായിരുന്നു അയാളുടെ ഭീഷണിപ്പെടുത്തൽ. മിക്കപ്പോഴും വീടുകളിലെ പുരുഷന്മാർക്ക് മുന്നിൽ വെച്ചുതന്നെയായിരുന്നു അയാൾ അവരുടെ പങ്കാളികളെ ബലാത്സംഗം ചെയ്തിരുന്നത്. ബന്ധനസ്ഥരായ നിലയിൽ ഒന്നനങ്ങാൻ പോലുമാകാതെ തങ്ങളുടെ പങ്കാളികളുടെ നിലവിളികൾ കേൾക്കേണ്ടി വന്നിരുന്ന അവരുടെ നിസ്സഹായത അയാളുടെ ഹരം ഇരട്ടിപ്പിച്ചിരുന്നു. കോസ്റ്റ കൗണ്ടിയിലെ ഒരു വീട്ടിലേക്ക് അതിക്രമിച്ചു കയറി അവിടത്തെ വീട്ടമ്മയെ ബലാത്സംഗം ചെയ്ത അയാൾ, പോകും മുമ്പ് തന്നോട് തനിക്ക് വദനസുരതം ചെയ്തു തരാൻ ആവശ്യപ്പെട്ടു. അവർ അതിനു വിസമ്മതിച്ചപ്പോൾ, അവരുടെ മകന്റെ ചെവി മുറിച്ചെടുത്തു കളയും എന്ന് ഭീഷണിപ്പെടുത്തിയാണ് അയാൾ അവരെ ഒടുവിൽ അങ്ങനെ ചെയ്യാൻ നിർബന്ധിതയാക്കിയത്‌.

"ഞാൻ സമ്മതിക്കുന്നു, മേല്പറഞ്ഞതൊക്കെ ഞാൻ ചെയ്തിട്ടുളളതാണെന്ന് ഇതിനാൽ സമ്മതിക്കുന്നു." എന്നായിരുന്നു കോടതിമുറിയിൽ ആ ക്രിമിനലിന്റെ കുറ്റസമ്മതമൊഴി.

 

1977 -ൽ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഡിആഞ്ചലോ തന്റെ ഗേൾഫ്രണ്ടിനെ ബലാത്സംഗം ചെയ്യുന്നത് തോക്കിൻമുനയിൽ കണ്ടുകൊണ്ട് നിസ്സഹായനായി നിൽക്കേണ്ടി വന്ന വിക്ടർ ഹെയ്‌സ് എന്ന വ്യക്തിയും ശിക്ഷ വിധിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.  ഡിആഞ്ചലോ ബലാത്സംഗം ചെയ്ത സ്ത്രീകളിൽ ചിലരും നിറഞ്ഞു കവിഞ്ഞ ആ കോടതി ഹാളിൽ കണ്ണീർ പൊഴിച്ചുകൊണ്ട് വിധിപ്രസ്താവം കേട്ടുനിന്നു. "ഈ കൊടും ക്രിമിനൽ അയാളുടെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലം സുഖമായി ഈ സമൂഹത്തിൽ നമുക്കിടയിൽ തന്നെ കഴിഞ്ഞു. ഇപ്പോൾ, ഈ എഴുപത്തഞ്ചാം വയസ്സിൽ അയാളെ നിയമം ശിക്ഷിക്കുമ്പോൾ എന്താണ് ഞങ്ങൾ പറയേണ്ടത്? എന്തായാലും, വൈകിയെങ്കിലും നീതി നടപ്പിലാക്കുന്നു എന്ന് ആശ്വസിക്കാനല്ലാതെ മറ്റൊന്നിനും തരമില്ല." അവർ പറഞ്ഞു നിർത്തി.