Asianet News MalayalamAsianet News Malayalam

രക്തദാഹിയായ പിശാച്; കുട്ടികളെ കൊന്ന് രക്തം കുടിച്ച സീരിയല്‍ കില്ലറിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ജയിലില്‍നിന്നും രക്ഷപ്പെട്ട് സ്വന്തം നാട്ടിലെത്തിയപ്പോഴാണ് 10 കുട്ടികളെ കൊന്ന് രക്തം കുടിച്ച സീരിയല്‍ കില്ലറിനെ സമീപവാസികള്‍ തല്ലിക്കൊന്നത്
 

Serial killer mob lynched after jail escape
Author
Nairobi, First Published Oct 16, 2021, 1:39 PM IST
  • Facebook
  • Twitter
  • Whatsapp

കുട്ടികളെ കൊന്ന ശേഷം അവരുടെ രക്തം കുടിക്കുന്ന സീരിയല്‍ കില്ലറിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. പത്ത് കുട്ടികളെ കൊന്ന കേസില്‍ തടവില്‍ കഴിയുകയായിരുന്ന മാസ്റ്റന്‍ വഞ്ചാല (20) എന്ന പരമ്പര കൊലയാളിയെയാണ് അവിടെനിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയപ്പോള്‍ സമീപവാസികള്‍ തല്ലിക്കൊന്നത്. കെനിയയിലാണ് സംഭവം. 

രണ്ട് ദിവസം മുമ്പാണ് കെനിയന്‍ തലസ്ഥാനമായ നെയിറോബിയിലെ അതീവസുരക്ഷാ ജയിലില്‍നിന്നും ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രവിശ്യാ ഗവര്‍ണര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇവിടെനിന്നും 480 കിലോ മീറ്റര്‍ അകലെ ജന്‍മനാട്ടില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചത്. ഒമ്പതു മണിക്കൂറോളം റോഡ് വഴി യാത്ര ചെയ്താല്‍ മാത്രമേ ജയിലില്‍നിന്നും ഇവിടെ എത്താനാവൂ. പൊലീസ് തിരച്ചിലിനിടെ എങ്ങനെയാണ് ഇയാള്‍ അനായാസം ഇവിടെ എത്തിയത് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. 

പത്ത് കുട്ടികളെ അതി ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.  ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അയാള്‍ കുട്ടികളെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കൊല ചെയ്യുകയും അവരുടെ രക്തം ഊറ്റികുടിക്കുകയും ചെയ്തിരുന്നു എന്നാണ് കേസ്. ചോദ്യം ചെയ്യലിനിടെ ഇയാള്‍ ഇക്കാര്യം പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ജനരോഷം ശക്തമായിരുന്നു. അതിനിടെയാണ്, ഇയാള്‍ ജയില്‍ ചാടിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ബുധനാഴ്ച നെയ്റോബിയിലെ കോടതിയില്‍ ഹാജരാക്കാനിരിക്കെയായിരുന്നു ഈ ജയില്‍ ചാട്ടം. അതോടെ ജനം പൊലീസിന് എതിരായി. മൂന്ന് പൊലീസുകാര്‍ കാവല്‍ നിന്നിട്ടും ഇയാള്‍ രക്ഷപ്പെട്ടതിനെതിരെ വലിയ വിമര്‍ശനം വന്നു. പൊലീസ് മേധാവി രാജിവെക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു. 

വഞ്ചാല നേരെ പോയത് കിഴക്കന്‍ കെനിയയിലുള്ള ബങ്കോമ പട്ടണത്തിലെ സ്വന്തം വീട്ടിലേക്കായിരുന്നു. എന്നാല്‍ അയാളുടെ മാതാപിതാക്കള്‍ അയാളെ തള്ളിപ്പറയുകയും, വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. അയാളെ കണ്ടതോടെ അയല്‍വാസികള്‍ ഓടികൂടുകയും അയാളെ തല്ലിക്കൊല്ലുകയുമായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. 

16 വയസ്സുള്ളപ്പോഴാണ് വഞ്ചാല ആദ്യ കൊല നടത്തുന്നത്. പ്യൂരിറ്റി മാവേ എന്ന പന്ത്രണ്ടു വയസ്സുകാരിയെ അയാള്‍ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു. ഇതിനുശേഷം അവളുടെ രക്തം കുടിച്ചതായും പറയുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, കമുകുവയില്‍ നിവാസിയായ ആറോണ്‍ എന്ന 13-കാരനെ ഇയാള്‍ കൊല ചെയ്തു. 

ഇരകളെ ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് കൊണ്ട് പോയി വധിച്ച ശേഷം അഴുക്ക് ചാലില്‍ തള്ളുകയായിരുന്നു അയാളുടെ പതിവ്. ചില സന്ദര്‍ഭങ്ങളില്‍ അവരെ ബന്ദികളാക്കി ഇയാള്‍ മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നു. നെയ്റോബിയിലും കിഴക്കന്‍, പടിഞ്ഞാറന്‍ കെനിയ എന്നിവിടങ്ങളിലുമാണ് കൊലപാതകങ്ങള്‍ കൂടുതലും നടന്നത്.

വഞ്ചാലയുടെ ജയില്‍ചാട്ടത്തിനെ തുടര്‍ന്ന് പോലീസ് മേധാവി രാജിവെക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിരുന്നു. മൂന്ന് മാസത്തിലധികം നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷംഇതുവരെ ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പൊലീസിന്റെ വീഴ്ച ആണ് ഇത് എന്നാണ് വിമര്‍ശനമുയര്‍ന്നത്. 
 

Follow Us:
Download App:
  • android
  • ios