കൂട്ടുകാരായ മോമിത ബത്രയും കര്‍മ്മ മണ്ഡലിയും പൊട്ടിച്ചിരിച്ചുകൊണ്ടു അവരുടെ സ്‌കൂളിലെ ആദ്യ ദിവസത്തെക്കുറിച്ചു പറഞ്ഞു. അവര്‍ക്കു അഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് സ്‌കൂളില്‍ പോയിരുന്ന അവരുടെ ചേട്ടന്മാര്‍ വിദ്യാഭ്യാസത്തിന്റെ  ഗുണങ്ങളെ കുറിച്ച് അവരോട് പറയുന്നത്. അവരെയും സ്‌കൂളില്‍ പറഞ്ഞയക്കണമെന്നു സഹോദരങ്ങള്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.  എന്നാല്‍ ആ മാതാപിതാക്കള്‍  അതിന്  ഒരുക്കമായിരുന്നില്ല. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനോട് അവര്‍ക്കു ഒട്ടും യോജിപ്പില്ലായിരുന്നു.

അന്ന് വീടിന്റെ അടുത്ത് ഉണ്ടായിരുന്നത് ഒരു റെസിഡന്‍ഷ്യയില്‍ സ്‌കൂള്‍ മാത്രമാണ്. അതും കിലോമീറ്ററുകളോളം നടന്നുവേണം സ്‌കൂളില്‍ എത്തിച്ചേരാന്‍. 'പഠിക്കാനുള്ള ആഗ്രഹം കാരണം ഒരു ദിവസം കുറച്ചു തുണികള്‍ മാത്രമെടുത്ത് ഞങ്ങള്‍ ഒളിച്ചോടി', ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. സ്‌കൂളിലെ പാചകക്കാരന്‍ ഞങ്ങളുടെ നാട്ടുകാരനായിരുന്നു. അയാള്‍ ഞങ്ങളെ അവിടെ ചേര്‍ത്തതിന് ശേഷം വീട്ടില്‍ അറിയിച്ചു.  ഇന്ന് ആ പെണ്‍കുട്ടികള്‍ക്ക് 14 വയസ്സുണ്ട്. ഇത്രയും വര്‍ഷം ഹോസ്റ്റലായിരുന്നു അവരുടെ വീട്. വെക്കേഷനുകളില്‍ മാത്രം അവര്‍ സ്വന്തം വീട്ടില്‍ പോകും. 

ഇവര്‍ ബോണ്ടക ആദിവാസി സമൂഹത്തില്‍ പെട്ടവരാണ്. ഒഡീഷയിലെ ഏറ്റവും പിന്നോക്ക ആദിവാസി വിഭാഗങ്ങളിലൊന്നാണ് ഇത്.  ഇവര്‍ താമസിക്കുന്നത് മല്‍ക്കംഗിരി ജില്ലയിലെ പോഡിഗുഡ എന്ന ഗ്രാമത്തിലാണ്.  ഇവിടെ പല മാതാപിതാക്കളും തങ്ങളുടെ പെണ്‍കുട്ടികളെ സ്‌കൂള്‍ അയക്കാന്‍ വിസമ്മതിക്കുന്നവരാണ്.

ഒഡീഷയുടെ മൊത്തം സ്ത്രീ സാക്ഷരതാ നിരക്ക് 64% ആണ്. എന്നാല്‍ ഒഡീഷയിലെ പട്ടികവര്‍ഗക്കാരുടെ നിരക്ക് 41.2% മാത്രമാണ്. ഈ കുറവ് നികത്താനായി സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചു. 2016-'17 ല്‍, 828 ഗ്രാമീണ സ്‌കൂളുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി, എന്നിട്ടു അതിനായുള്ള ഫണ്ടുകള്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അനുവദിക്കുകയും, കുട്ടികളെ വീട്ടില്‍ നിന്ന് അയയ്ക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുകയും ചെയ്തു. അങ്ങനെ കൂടുതല്‍ കുട്ടികള്‍ വിദ്യാഭാസരംഗത്തേക്കു വരാന്‍ തുടങ്ങി. 2019 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പട്ടികജാതി-പട്ടികവര്‍ഗ സമുദായങ്ങളില്‍ നിന്നുള്ള 330,000 പെണ്‍കുട്ടികള്‍  ഈ ഹോസ്റ്റലുകളില്‍ താമസിക്കുന്നതായി പറയുന്നു. ഇത് നല്ല മാറ്റമായി കണക്കാക്കാം.

എന്നാലും വിദ്യാഭ്യാസത്തിനായി സ്വന്തം വീടും നാടും ഉപേക്ഷിച്ചു ഇവിടത്തെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണ്?  ഈ ഹോസ്റ്റലുകളില്‍ നിരവധി മരണങ്ങളും ലൈംഗിക പീഡന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017 ല്‍ മയൂര്‍ഭഞ്ചില്‍ പീഡനത്തിന് ഇരയായ 100 പെണ്‍കുട്ടികള്‍ 15 കിലോമീറ്ററോളം നടന്ന് കളക്ടറോട് പരാതി നല്‍കിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. വീട്ടുകാരെ കാണാന്‍ അനുവദിക്കുന്നില്ല, മോശമായി പെരുമാറുന്നു, നിസ്സാര കാര്യങ്ങള്‍ക്കു പോലും തല്ലിച്ചതയ്ക്കുന്നു എന്നുവയായിരുന്നു പരാതികള്‍. പ്രതിഷേധവുമായി ഹോസ്റ്റല്‍ വിട്ടിറങ്ങിയ കുട്ടികള്‍ 15 കിലോ മീറ്ററിലേറെ നടന്നാണ് കലക്ടറെ കാണുന്നത്. തുടര്‍ന്ന് സ്ഥലം എം എല്‍ എയും കലക്ടറും പ്രശ്‌നത്തില്‍ ഇടപെട്ടു. സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജിനെയും മറ്റൊരധ്യാപകനെയും പിരിച്ചു വിട്ടു. 

കുറച്ചു നാളുകള്‍ക്കു മുമ്പ് അംഗുള്‍ ജില്ലയില്‍ 250 പെണ്‍കുട്ടികള്‍ ഭക്ഷണവും ശുചിത്വവും ഇല്ലാത്തതിനാല്‍ ഹോസ്റ്റല്‍ വിടുകയുണ്ടായി.

പലപ്പോഴും അവരോടു സ്‌കൂള്‍ അധികൃതര്‍ അനുഭാവമില്ലാതെയാണ് പെരുമാറുന്നത്. സൗജന്യമായി ലഭിച്ച വിദ്യാഭ്യാസത്തിനും താമസത്തിനുമായി അവര്‍ നന്ദിയുള്ളവരായിരിക്കണമെന്നും അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് പരാതിപ്പെടാന്‍ പാടില്ലെന്നും അധികൃതര്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. പെണ്‍കുട്ടികള്‍ നേരിടുന്ന  പ്രയാസങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാന്‍ അവര്‍ക്കു ഒരു വേദിയില്ലാതെ പലപ്പോഴും അവര്‍ ഒറ്റപ്പെട്ടു പോകുന്നു.

2010 നും 2015 നും ഇടയില്‍ ഒഡിഷയില്‍ 155 മരണങ്ങളും 16 ലൈംഗിക പീഡന കേസുകളും രേഖപെടുത്തിയിട്ടുണ്ടെന്നാണ് 2015ലെ ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലപ്പോഴും ഹെല്പ് ലൈനുകളും മറ്റും ഉണ്ടെങ്കിലും അവരില്‍ പലരും പരാതിപ്പെടാന്‍ ഭയക്കുന്നു. മിക്കവരും അത് മിണ്ടാതെ സഹിക്കുകയാണ് ചെയുന്നത്.  

മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ മാത്രമല്ല അപര്യാതമായ പഠന സൗകര്യങ്ങളും അവരെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. പല സ്‌കൂളുകളിലും കരാര്‍ അടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്.  കുറഞ്ഞ ശമ്പളവും തൊഴില്‍ സുരക്ഷ ഇല്ലാത്തതും അദ്ധ്യാപകരെ തൊഴിലില്‍ ആത്മാര്‍ത്ഥത ഇല്ലാത്തവരാകുന്നു. റായഗഡ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തറയിലിരുന്നാണ് പഠിക്കുന്നത്. തണുപ്പും മഴയും വകവയ്ക്കാതെ സ്വെറ്ററോ കുടകളോ പോലും കൈയില്‍ കരുതാനില്ലാതെ അവര്‍ സ്‌കൂളില്‍ പോയി പഠിക്കുന്നു.

റായഗഡ ജില്ലയിലെ മുനിഗുഡ പട്ടണത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലുള്ളതാണ് 15 കാരിയായ നിദ്രവാടി നന്ദ്രുക. സ്‌കൂളില്‍ വെള്ളമില്ലാത്തതിനാല്‍ പഠനം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു അവള്‍ക്ക്.  സ്‌കൂള്‍, വെള്ളം മാത്രമല്ല പുസ്തകങ്ങളും അവള്‍ക്കു നല്‍കിയില്ല. പുസ്തകം വാങ്ങിക്കാനുള്ള പണം ഉണ്ടാക്കാനായി ഇടയ്ക്കിടെ നിര്‍മ്മാണ സൈറ്റുകളില്‍ കൂലിപ്പണിക്ക് പോകുമായിരുന്നു അവള്‍. ഇങ്ങനെ പോകുന്നു പഠനത്തിനായി  ദുരിതമനുഭവിക്കുന്നവരുടെ നീണ്ട നിര.  വിദ്യാഭ്യാസം ഒരു അവകാശമായി കണക്കാക്കുന്ന ഈ കാലത്തും അതിനായി കഷ്ടതകള്‍ സഹിക്കുന്ന ഒരു വലിയ സമൂഹം ഉണ്ടെന്നത് ഞെട്ടിക്കുന്ന സത്യമാണ്.