മാര്‍ച്ച് 24 -നാണ് കൊവിഡ് 19 -നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ ജനങ്ങളില്‍ ഭൂരിഭാഗവും പലവിധ പ്രതിസന്ധികളിലും അകപ്പെട്ടു. മഹാരാഷ്ട്രയിലെ മാമ്പഴ കര്‍ഷകരുടെ കാര്യവും മറിച്ചായിരുന്നില്ല. പൊതുഗതാഗത സംവിധാനങ്ങളും കടകളും എല്ലാം അടച്ചിട്ടു. അതോടെ വിളവെടുക്കാറായതും വിളവെടുത്തതുമായ മാമ്പഴം എന്തു ചെയ്യുമെന്ന ആശങ്കയിലായി കര്‍ഷകര്‍. ആ സമയത്ത് അത്യാവശ്യം സേവനങ്ങളെല്ലാം രാജ്യത്ത് അനുവദനീയമായിരുന്നു. അപ്പോഴാണ് മാമ്പഴ കര്‍ഷകരെ സഹായിക്കാനായി പോസ്റ്റല്‍ ഡിപാര്‍ട്‍മെന്‍റ് മുന്നോട്ടു വരുന്നത്. പോസ്റ്റല്‍ ജീവനക്കാര്‍ ഓരോ ഫാമുകളിലും പോവുകയും അവ മെയില്‍ വാനുകളിലാക്കി മാര്‍ക്കറ്റുകളിലും ഉപഭോക്താക്കളിലും എത്തിക്കുകയുമായിരുന്നു. 

'മറ്റ് വിഭവങ്ങളില്ലാത്ത ചെറുകിട കർഷകർക്ക് പ്രത്യേകിച്ചും ഇതിലൂടെ പ്രയോജനം ലഭിച്ചു' മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ അസി. സൂപ്രണ്ട് ഓഫ് പോസ്റ്റ് അനന്ത് സാരംഗലെ വൈസ് ന്യൂസിനോട് പറഞ്ഞു. 'അവരുടെ വീട്ടുവാതിൽക്കൽ കൃത്യസമയത്ത് സഹായമെത്തിച്ചതില്‍ അവർ സന്തുഷ്ടരാണ്' എന്നും അദ്ദേഹം പറയുന്നു. ജൂലൈ ആദ്യം സീസണ്‍ അവസാനിക്കുന്നതിന് മുമ്പായി 138,000 കിലോഗ്രാം മാങ്ങയാണ് മുംബൈയിലേക്കും മറ്റ് നഗരങ്ങളിലേക്കും ഇങ്ങനെയെത്തിച്ചത്. ചിലപ്പോഴെല്ലാം തേങ്ങകളും ഇങ്ങനെ എത്തിക്കുകയുണ്ടായി. 

കുറച്ച് കാലങ്ങളായി ഫ്ലിപ്‍കാര്‍ട്ട്, ആമസോണ്‍ പോലെയുള്ളവയുടെയും മറ്റ് കൊറിയര്‍ സര്‍വീസുകളുടെയും സേവനം വര്‍ധിച്ചതോടെ തപാല്‍ മേഖല അവഗണന നേരിടുന്ന അവസ്ഥയിലായിരുന്നു. ഏതായാലും ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളെ സേവിക്കുക എന്ന കര്‍ത്തവ്യം അവരേറ്റെടുത്തു. മഹാരാഷ്ട്രയില്‍ പരമാവധി വാനുകള്‍ മാമ്പഴം എടുക്കുന്നതിനും ആവശ്യക്കാരിലെത്തിക്കുന്നതിനും ഉപയോഗിക്കപ്പെട്ടു. അതുപോലെ തന്നെ മരുന്നുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രികളിലും ലാബുകളിലുമെത്തിക്കാനും പോസ്റ്റല്‍ വിഭാഗത്തിന്‍റെ വാനുകളും ജീവനക്കാരും ഉപയോഗിക്കപ്പെട്ടു. അതുപോലെതന്നെ ലോക്ക്ഡൗണ്‍ തുടക്കകാലത്ത് അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനായും പോസ്റ്റല്‍ വകുപ്പിന്‍റെ വാഹനങ്ങളും ജീവനക്കാരും സഹകരിച്ചിരുന്നു. 

ആളുകളുമായി കൂടുതലിടപഴകേണ്ടി വരുന്നുവെന്നതിനാല്‍ത്തന്നെ രോഗസാധ്യതയും ഇവരില്‍ കൂടുതലാണ്. മാസ്കും ഗ്ലൗസും കയ്യുറയും ഉപയോഗിക്കെ തന്നെ അപകടസാധ്യത കുറവല്ല. ജോലിക്കിടയില്‍ അസുഖം വന്ന് മരണപ്പെട്ടാല്‍ കുടുംബത്തിന് 10 ലക്ഷം രൂപയും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എപ്പോഴും ജോലി ചെയ്യുന്നവരെന്ന നിലയില്‍ നൂറോളം പേരെ പെട്ടെന്ന് തന്നെ അസുഖം കവര്‍ന്നെടുത്തിരുന്നു. 

ഇപ്പോഴും ഇന്ത്യയില്‍ കാടുകളും പുഴകളും കടന്ന് കത്തുകളും മറ്റും എത്തിക്കാന്‍ പോകുന്ന പോസ്റ്റുമാന്‍മാരുണ്ട്. അടുത്ത വർഷം വിരമിക്കുന്ന മുംബൈയില്‍ പോസ്റ്റ്മാനായ വിലാസ് കടം (60), ഏപ്രിൽ, മെയ് മാസങ്ങളിൽ ആഴ്ചയിൽ മിക്കപ്പോഴും വീട്ടിൽ നിന്ന് നാല് മണിക്കൂർ യാത്ര ചെയ്താണ്, അടിയന്തിര മരുന്നുകളടങ്ങുന്ന അവശ്യവസ്‍തുക്കള്‍, ആവശ്യമുള്ളവരിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തിയത്. മുംബൈയില്‍ പല ഹൗസിംഗ് സൊസൈറ്റികളും പുറത്തുനിന്നുള്ളവരെ വിലക്കിയിരുന്നു. അതിനാല്‍ പലരും അങ്ങോട്ട് പോയി പാഴ്സലുകള്‍ വാങ്ങുകയായിരുന്നു. എന്നാല്‍, പ്രായമായ പലര്‍ക്കും അത് സാധ്യമായിരുന്നില്ല. അങ്ങനെയുള്ളവരിലേക്ക് അങ്ങോട്ട് ചെന്നുതന്നെ അവയെത്തിക്കുമായിരുന്നുവെന്നും വിലാസ് പറയുന്നു. 

സഹോദരനെ തിരഞ്ഞ് പോസ്റ്റ് ഓഫീസ്

അഹമ്മദാനഗറിലുള്ള പ്രായം ചെന്ന അനുപമ ബ്യാത്നല്‍ ലോക്ക്ഡൗണില്‍ അവരുടെ സഹോദരനെ വിളിക്കാനാവാതെ വിഷമിക്കുകയായിരുന്നു. സഹോദരനെ ഫോണില്‍ ലഭ്യമായിരുന്നില്ല. മറ്റാരുടെയും നമ്പറും അവര്‍ക്കറിയില്ലായിരുന്നു. ആകെ അറിയാവുന്നത് സമീപത്തെ പോസ്റ്റ് ഓഫീസിലെ നമ്പര്‍ മാത്രമായിരുന്നു. തനിച്ച് താമസിക്കുന്ന സ്ത്രീയായിരുന്നു അനുപമ. ഒടുവില്‍ അവര്‍ അറിയാവുന്ന ഏക നമ്പറെന്ന നിലയില്‍ പോസ്റ്റ് ഓഫീസിലേക്ക് വിളിച്ചു. ഒരാള്‍ ഫോണ്‍ എടുക്കുകയും പോസ്റ്റുമാന്‍ സഹോദരനെ അന്വേഷിച്ച് വിവരമറിയിക്കാം എന്ന് ഉറപ്പ് പറയുകയും ചെയ്‍തു. അദ്ദേഹം സഹോദരനെ കണ്ടെത്തുകയും അയാളുടെ ഫോണില്‍ നിന്ന് അനുപമയെ വിളിച്ച് സഹോദരന് ഫോണ്‍ നല്‍കുകയും ചെയ്‍തു. ഇരുവര്‍ക്കും സന്തോഷവും സമാധാനവുമായി. ആരാണ് ഇങ്ങനെയൊക്കെ ചെയ്യുക എന്നാണ് അനുപമ ചോദിക്കുന്നത്. 

ഏതായാലും കൊവിഡ് 19 -നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാലത്ത് ഇങ്ങനെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലായിരുന്നു ഇന്ത്യയിലെ പോസ്റ്റല്‍ വകുപ്പ്. 

(വിവരങ്ങള്‍ക്ക് കടപ്പാട്: വൈസ്, ചിത്രം, പ്രതീകാത്മകം)