Asianet News MalayalamAsianet News Malayalam

Gang War at Prison : ജയിലിനുള്ളില്‍ ഗ്യാംഗ് വാര്‍; രണ്ട് തടവുകാരെ സെല്ലിനുള്ളില്‍ വധിച്ച് കൊടുംകുറ്റവാളികള്‍

മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ബാക്കിയാണ് ജയിലില്‍നടന്ന കൊലപാതകങ്ങളെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. ജയിലിലെത്തി അധികനാളുകള്‍ കഴിയുന്നതിനു മുമ്പാണ് അടുത്ത സെല്ലില്‍ താമസിക്കുകയായിരുന്ന എതിര്‍ ഗ്യാംഗിലെ തടവുകാര്‍ക്കെതിരെ ഇവര്‍ ആക്രമണം നടത്തിയത്. 

Seven MS 13 gang members charged  in deaths of Inmates at Prison in US
Author
Texas, First Published Apr 11, 2022, 6:47 PM IST

അമേരിക്കയിലെ അതിസുരക്ഷാ ജയിലിനുള്ളില്‍ എതിര്‍ മാഫിയാ സംഘത്തില്‍പെട്ട രണ്ട് തടവുകാരെ വധിക്കുകയും രണ്ട് പേരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുപ്രസിദ്ധ മാഫിയാ സംഘത്തില്‍ പെട്ട കൊടുംകുറ്റവാളികള്‍ക്കെതിരെ കുറ്റം ചുമത്തി. ജനുവരി 31-ന് നടന്ന ആക്രമണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശിക്ഷ വിധിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയത്. 

ലോസ് ഏയ്ഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഴ് കുറ്റവാളികള്‍ക്കെതിരെയാണ് നടപടി. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ബന്ധങ്ങളുള്ള എം എസ് 13 ഗ്യാംഗില്‍ പെട്ട ഈ തടവുകാര്‍ ജയിലിനുള്ളില്‍ വെച്ച് മെക്‌സിക്കന്‍ മാഫിയയുമായി ബന്ധമുള്ള എതിര്‍ സംഘത്തെ ആക്രമിക്കുകയായിരുന്നു. മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ബാക്കിയാണ് ജയിലില്‍നടന്ന കൊലപാതകങ്ങളെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. ജയിലിലെത്തി അധികനാളുകള്‍ കഴിയുന്നതിനു മുമ്പാണ് അടുത്ത സെല്ലില്‍ താമസിക്കുകയായിരുന്ന എതിര്‍ ഗ്യാംഗിലെ തടവുകാര്‍ക്കെതിരെ ഇവര്‍ ആക്രമണം നടത്തിയത്. ഇവരുടെ ആക്രമണത്തില്‍ രണ്ട് തടവുകാര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. മറ്റ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

 

 

ടെക്‌സസിലെ അതീവസുരക്ഷ ജയിലായ യുഎസ്പി ബോമോണ്ട് ജയിലിലാണ് മൂന്ന് മാസങ്ങള്‍ക്കു മുമ്പ് കൂട്ടക്കൊല നടന്നത്. സംഭവത്തില്‍ എം എസ് 13 ഗ്യാംഗില്‍ പെട്ട ജുവാന്‍ കാര്‍ലോസ് റിവാസ് മൊറൈര, ഡിമാസ് അല്‍ഫാറോ ഗ്രാനഡോസ്, റൗള്‍ ലാന്‍ഡവേര്‍ദെ ഗിറോണ്‍, ലാറി നവറെറ്റെ, ജോര്‍ജ് പാരാദ, ഹെക്ടര്‍ റെമിറേസ്, സെര്‍ജിയോ സിബ്രിയാന്‍ എന്നീ മെക്‌സിക്കന്‍ സ്വദേശികള്‍ ആണ് പിടിയിലായത്. ഇവര്‍ക്കെതിരെയാണ് ജയിലിനുള്ളില്‍ സംഘം ചേരല്‍, കൊലപാതകം, കൊലപാതക ശ്രമം എന്നിവ ചുമത്തിയത്. ഇവരെ പ്രത്യേക തടവറയിലേക്ക് മാറ്റിയിരിക്കുകയാണ്. മെക്‌സിക്കന്‍ മയക്കുമരുന്ന് ഗ്യാംഗുകള്‍ തമ്മിലുള്ള കുടിപ്പകയുടെ തുടര്‍ച്ചയായാണ് ഇവര്‍ സഹതടവുകാര്‍ക്കെതിരെ നടത്തിയ ആക്രമണം. കുറ്റം തെളിഞ്ഞാല്‍, ഏഴ് പേര്‍ക്കും എതിരെ വധശിക്ഷ നല്‍കാവുന്ന കുറ്റങ്ങളാണ് ചുമത്തിയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. 

ഈ ഗ്യാംഗിന് മെക്‌സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളതായി കോടതി രേഖകളില്‍ പറയുന്നു. മെക്സിക്കന്‍ മയക്കമരുന്ന് സംഘങ്ങളില്‍ പെട്ട നാലു തടവുകാര്‍ ഈ ജയിലിലുണ്ടായിരുന്നു. ഇവര്‍ക്കെതിരെ ആക്രമണം നടത്താനുള്ള തീരുമാനം മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയയാണ് എടുത്തത്. അവര്‍ അമേരിക്കന്‍ ഗ്യാംഗിനെ ഉപയോഗിച്ച് തങ്ങളുടെ ശത്രുക്കളെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ സംഘം ആക്രമണം ആസൂത്രണം ചെയ്യുകയും ജയിലിനുള്ളില്‍ വെച്ച് തന്നെ കൃത്യം നടപ്പാക്കുകയുമായിരുന്നുവെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. 
 

Follow Us:
Download App:
  • android
  • ios