പിറന്നാളാഘോഷിക്കാൻ പാർക്കിൽ പോയി, ഏഴുവയസുകാരിക്ക് കിട്ടിയത് 2.95 കാരറ്റ് വജ്രം
പെൺകുട്ടി കണ്ടെടുത്തത് വജ്രം തന്നെയാണ് എന്ന് പാർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിലായി തങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ പൂർണതയുള്ള വജ്രമാണ് ഇത് എന്ന് പാർക്കിന്റെ അസിസ്റ്റന്റ് സൂപ്രണ്ട് വെയ്‌മൺ കോക്‌സ് പറഞ്ഞു.

യുഎസ്സിൽ ഒരു ഏഴു വയസ്സുള്ള പിറന്നാളുകാരിയെ തേടി അപ്രതീക്ഷിതമായി എത്തിയത് ഒരു അപൂർവ്വ സമ്മാനം. ഒരുപക്ഷേ, ലോകത്തെ ഒരു കുഞ്ഞിനെ തേടിയും ഇതുവരെ ഇങ്ങനെ ഒരു സമ്മാനം അവരുടെ പിറന്നാളിന് എത്തിക്കാണില്ല. ആസ്‍പെൺ ബ്രൗൺ എന്ന ഏഴ് വയസുകാരി അർക്കൻസാസിലെ മർഫ്രീസ്ബോറോയിലെ ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിൽ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. ആ സമയത്താണ് 2.95 കാരറ്റുള്ള ഗോൾഡൻ ബ്രൗൺ ഡയമണ്ട് അവൾ കണ്ടെത്തിയത്.
പാർക്കിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഈ വർഷം പാർക്കിൽ അതിഥിയായി എത്തിയ ആൾക്ക് കിട്ടുന്ന രണ്ടാമത്തെ വലിയ വജ്രമാണ് ഇത്. മാർച്ചിൽ കണ്ടെത്തിയ 3.29 കാരറ്റ് ബ്രൗൺ ഡയമണ്ട് മാത്രമാണ് ഇതിനേക്കാൾ വലുതായി രേഖപ്പെടുത്തിയിട്ടുള്ളത്. പാർക്ക് പത്രക്കുറിപ്പിൽ പറയുന്നത്, ബ്രൗൺ അവളുടെ അച്ഛനും മുത്തശ്ശിക്കും ഒപ്പം പിറന്നാൾ ആഘോഷിക്കുന്നതിന് വേണ്ടി പാർക്കിൽ എത്തി. തിരച്ചിലിൽ പ്രദേശത്തിന്റെ വടക്കുകിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്ത് നിന്ന് അവൾ ഒരു പയറിന്റെ വലിപ്പത്തിലുള്ള ഒരു വജ്രം കണ്ടെടുക്കുകയായിരുന്നു എന്നാണ്.
പെൺകുട്ടി കണ്ടെടുത്തത് വജ്രം തന്നെയാണ് എന്ന് പാർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിലായി തങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ പൂർണതയുള്ള വജ്രമാണ് ഇത് എന്ന് പാർക്കിന്റെ അസിസ്റ്റന്റ് സൂപ്രണ്ട് വെയ്‌മൺ കോക്‌സ് പറഞ്ഞു. ദിവസവും ഒന്നോ രണ്ടോ അതിഥികൾ എങ്കിലും ഇവിടെ വജ്രം കണ്ടെത്താറുണ്ട് എന്ന് പാർക്ക് അധികൃതർ പറയുന്നു. ആദ്യമായി ഒരു കർഷകനാണ് ഇവിടെ വജ്രങ്ങൾ കണ്ടെത്തുന്നത്. ഇതുവരെയായി 75,000 വജ്രങ്ങളെങ്കിലും കണ്ടെത്തി കഴിഞ്ഞു എന്നും പാർക്ക് അധികൃതർ പറഞ്ഞു.