Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിലെ പതിനേഴുകാരന് ഡയാന അവാർഡ്, ഇതായിരുന്നു ആ പോരാട്ടം...

എന്നാൽ, അവന്റെ ജോലി അവിടംകൊണ്ട് അവസാനിച്ചില്ല. മദ്യപാനികളായ മാതാപിതാക്കളുടെ കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തുന്നുവെന്നും അവന്റെ സംഘം ഉറപ്പുവരുത്തി. 

seventeen year old from Madhya Pradesh won Diana award
Author
Madhya Pradesh, First Published Jul 7, 2021, 3:16 PM IST
  • Facebook
  • Twitter
  • Whatsapp

മദ്യത്തിലും മയക്കുമരുന്നിലും അടിമപ്പെട്ട് കിടക്കുന്ന ഒരു യുവതലമുറ നമ്മുടെ രാജ്യത്തുണ്ട് എന്നത് വളരെ ആശങ്കാജനകമായ ഒരു കാര്യമാണ്. എന്നാൽ, അവർക്കിടയിൽ 17 -കാരനായ സുർജിത് ലോധി തീർത്തും വ്യത്യസ്‍തനാകുന്നു. മദ്യത്തിനെതിരെ അവൻ നടത്തുന്ന പോരാട്ടത്തിന്റെയും, വിദ്യാഭാസ അവബോധത്തിന്റെയും പേരിൽ അവന് ഈ വർഷം ഡയാന അവാർഡ് ലഭിക്കുകയുണ്ടായി. വെറും പതിനേഴ് വയസ്സുള്ള കുട്ടിയെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ഒരു നേട്ടമാണ്. ജീവിതത്തിലെ ഗൗരവം നിറഞ്ഞ പ്രശ്‍നങ്ങളെ കുറിച്ച് ആകുലപ്പെടേണ്ട പ്രായമല്ലെങ്കിൽ കൂടി, സുർജിത് ഈ ചെറിയ പ്രായത്തിനുള്ളിൽ ചെയ്തു തീർത്തത് നിരവധി കാര്യങ്ങളാണ്. മറ്റ് കുട്ടികൾ ഇറങ്ങാൻ മടിക്കുന്ന പ്രശ്‍നങ്ങളുടെ നീർച്ചുഴിയിലേക്ക് അവൻ ഒട്ടും ഭയക്കാതെ ഇറങ്ങിച്ചെന്നു.  

മധ്യപ്രദേശിലെ ബിദിഷ ജില്ലയിൽ നിന്നുള്ള സുർജിത് തന്റെ ഗ്രാമത്തിലെ 120 ഓളം കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തി. അത് കൂടാതെ, മദ്യപാനത്തിനെതിരെ പോരാടുകയും ചെയ്തു. അവന്റെ ഗ്രാമത്തിൽ ഭൂരിഭാഗം പുരുഷന്മാരും കിട്ടിയ പണം മുഴുവൻ മദ്യഷാപ്പുകളിൽ കൊണ്ടുപോയി കൊടുക്കുന്നവരാണ്. മദ്യപ്പിച്ച് ലക്കുകെട്ട് അവർ ഭാര്യമാരെയും മക്കളെയും ഉപദ്രവിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ, ഇതിൽ ഒരു മാറ്റം വരണമെന്ന് ആഗ്രഹിച്ച് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ സുർജിത് ഗ്രാമങ്ങളിലെ അഞ്ച് കള്ളുഷാപ്പുകൾ പൂട്ടിച്ചു.

അതേസമയം ഇത്തരമൊരു കാര്യത്തിന് ഇറങ്ങിത്തിരിക്കാൻ അവന് പ്രേരണയായത് സ്വന്തം ജീവിതം തന്നെയായിരുന്നു. അവന്റെ അച്ഛനും ഒരു തികഞ്ഞ മദ്യപാനിയായിരുന്നു. അയാൾ എന്നും കുടിച്ചിട്ട് വന്ന് അവന്റെ അമ്മയെ ഉപദ്രവിക്കുമായിരുന്നു. മുത്തശ്ശിയും, അമ്മാവന്മാരും, അപ്പൂപ്പനും അടക്കം 10 അംഗങ്ങളുള്ള ഒരു കൂട്ടുകൂടുംബത്തിലാണ് അവൻ വളർന്നത്. കൃഷിയും കൂലിപ്പണിയും ചെയ്താണ് ആണുങ്ങൾ കുടുംബം പോറ്റിയിരുന്നത്. എന്നിരുന്നാലും അംഗങ്ങൾ കൂടുതലുള്ള ആ കുടുംബം ഭക്ഷണത്തിനായി കഷ്ടപ്പെട്ടു. കൂനിന്മേൽ കുരു എന്ന് പറയുമ്പോലെ, അച്ഛന്റെ കള്ളുകുടിയും കൂടിയായപ്പോൾ പൂർത്തിയായി. ഒടുവിൽ ജോലിയ്ക്ക് പോലും പോകാതെ ഇരുപത്തിനാലു മണിക്കൂറും വെള്ളമടിച്ച് നടപ്പായി അവന്റെ അച്ഛൻ. അവന് പഠിപ്പ് പാതിയ്ക്ക് വച്ച് നിർത്തേണ്ടി വന്നു. എന്നിരുന്നാലും മുത്തച്ഛനുള്ളത് കൊണ്ട് അവർ പട്ടിണി കിടന്നില്ല. അമ്മയുടെ കണ്ണുനീർ കണ്ട് മടുത്ത അവൻ ഒടുവിൽ അതിനെതിരെ സമരം ചെയ്യാൻ തീരുമാനിച്ചു.

തുടക്കത്തിൽ ആരും അവനെ ഗൗരവമായി എടുത്തില്ല. എന്നാൽ, തന്റെ കൂടെ നില്ക്കാൻ കുറെ കുട്ടികളെ സംഘടിപ്പിക്കാനായി അവന്. തൊണ്ണൂറോളം കുട്ടികൾ അവന്റെ കൂടെ ചേർന്നു. ആരോഗ്യം, കുടുംബം, ജീവിതശൈലി എന്നിവയിൽ മദ്യത്തിന്റെ സ്വാധീനത്തെക്കുറിച്ച് അവരെ അവൻ പഠിപ്പിച്ചു. അതിലൊരാൾ അച്ഛന്റെ മദ്യപാനം നിർത്തുന്നതുവരെ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. അതുപോലെ എല്ലാവരും അവരവരുടെ വീടുകളിൽ സമരം തുടങ്ങി. അതോടൊപ്പം, അനധികൃതമായി മദ്യം വിൽക്കുന്ന കടകളിൽ റെയ്ഡ് നടത്താൻ അവൻ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഈ നീക്കം ഉടമകൾ തടഞ്ഞു. അവൻ അവനെ ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. അവൻ പൊലീസിന്റെ സഹായത്തോടെ മുന്നോട്ട് പോയി.    

കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്റെയും കുട്ടികളുടെ കൗൺസിലുകളുടെയും പ്രധാന പരിപാടിയായ ബാൽ മിത്ര ഗ്രാമിന്റെ പിന്തുണയോടെ അവൻ അഞ്ച് ഗ്രാമങ്ങളിൽ മദ്യത്തിനെതിരെ അവബോധവും പ്രചാരണവും സംഘടിപ്പിച്ചു. വില്ലേജ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ 410 പേരെ ഇതിൽ ഉൾപ്പെടുത്താൻ അവന് കഴിഞ്ഞു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭിലായ്, സഹ്വ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും മദ്യപാനത്തിനുപകരം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഗാർഹിക ആവശ്യങ്ങൾക്കും സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്തു. ഗ്രാമങ്ങളിലെ മദ്യക്കടകൾ അടച്ചുപൂട്ടാൻ അവർ വില്ലേജ് കൗൺസിലിനെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചു. രണ്ടുവർഷത്തെ തുടർച്ചയായ പോരാട്ടത്തിനൊടുവിൽ, 2019 -ൽ അഞ്ച് മദ്യഷാപ്പുകൾ അടച്ചുപൂട്ടി.

എന്നാൽ, അവന്റെ ജോലി അവിടംകൊണ്ട് അവസാനിച്ചില്ല. മദ്യപാനികളായ മാതാപിതാക്കളുടെ കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തുന്നുവെന്നും അവന്റെ സംഘം ഉറപ്പുവരുത്തി. അവൻ ഇപ്പോൾ പതിനൊന്നാം ക്ലാസിലാണ്. എംബിബിഎസിലോ കാർഷിക മേഖലയിലോ ബിരുദം നേടാനാണ് അവന്റെ തീരുമാനം. അന്തരിച്ച വെയിൽസ് രാജകുമാരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് ഡയാന അവാർഡ്. അന്തരിച്ച രാജകുമാരിയുടെ രണ്ട് ആൺമക്കളായ കേംബ്രിഡ്ജ് ഡ്യൂക്ക്, സസെക്സ് ഡ്യൂക്ക് എന്നിവരുടെ പിന്തുണയോടെയാണ് ഈ പുരസ്കാരം നൽകുന്നത്. 9 നും 25 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്ക് അവരുടെ സാമൂഹ്യസേവനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഇത് നൽകുന്നത്. ഈ വർഷം ലോകമെമ്പാടുമുള്ള 400 പേർക്ക് ഈ അവാർഡ് ലഭിച്ചു.  


 

Follow Us:
Download App:
  • android
  • ios