ഇന്തോനേഷ്യൻ സർക്കാർ വൈവാഹികമല്ലാത്ത ഏതൊരു രതിയും ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള ഒരു നിയമത്തിന് കരട് ബിൽ കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് അവിടത്തെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. പൊലീസിന്റെ ടിയർ ഗ്യാസിനെയും ലാത്തിചാർജ്ജിനെയും തൃണവൽഗണിച്ചുകൊണ്ടാണ് യുവതലമുറയുടെ പ്രതിഷേധം വിവാഹപൂർവ, വിവാഹബാഹ്യ രതി, സ്വവർഗരതി എന്നിവ കുറ്റകരമാക്കിക്കൊണ്ടുള്ള ഒരു പുതിയ നിയമത്തിനുള്ള കരടുബില്ലാണ് ഇന്തോനേഷ്യയിലെ സർക്കാർ മുന്നോട്ടുവെച്ചത്.

മുസ്‌ലിം ഭൂരിപക്ഷസർക്കാർ നിലവിലുള്ള ഇന്തോനേഷ്യയിൽ യാഥാസ്ഥിതിക മുസ്‍ലിം പക്ഷത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ഈ നിയമം നടപ്പിലാക്കാൻ വേണ്ടി സർക്കാർ ശ്രമിച്ചത്. എന്തിനധികം പറയുന്നു, രാജ്യത്തെ നിയമനിർമ്മാണസഭയിൽ പോലും പ്രസ്തുത വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ടായി. ചൊവ്വാഴ്ച സഭയിൽ ചർച്ചയ്‌ക്കെടുക്കേണ്ടിയിരുന്ന ബിൽ വ്യാപകമായുയർന്ന പ്രതിഷേധത്തെത്തുടർന്ന് പ്രസിഡന്റ് ജോകോ വിഡോഡോ വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. 

ഇത്രയ്ക്കധികം പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്താനും മാത്രം എന്താണ് ആ ബില്ലിൽ ഉള്ളത്..? ഈ ബിൽ നിയമമായാൽ അത് ഒരു സാധാരണ ഇന്തോനേഷ്യൻ പൗരന്റെ സ്വൈരജീവിതത്തെ അത് എങ്ങനെയൊക്കെയാണ് ബാധിക്കുക.

എന്താണ് പുതിയ നിയമം

വിവാഹ പൂർവ രതി, അഥവാ കല്യാണം കഴിക്കുന്നതിനു മുമ്പുള്ള ലൈംഗിക ബന്ധം ഈ നിയമം നടപ്പിൽ വന്നാൽ ക്രിമിനൽ കുറ്റമായി മാറും. കുറ്റത്തിന് പിടിക്കപ്പെടുന്നവർക്ക് ഒരു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാം. സ്വവർഗരതിയും ഈ നിയമ പ്രകാരം കുറ്റകരമായി മാറും. 

എന്നാൽ അവിടെ അവസാനിക്കുന്നില്ല ഈ ബില്ലിന്റെ വ്യാപ്തി. പ്രസിഡന്റിനെ ദുഷിക്കുന്നത് കുറ്റകരമാവും ഈ നിയമപ്രകാരം. മതത്തെയോ, ദേശീയപതാകയെയോ, ദേശീയ ഗാനത്തെയോ അപമാനിച്ചാൽ അതും ക്രിമിനൽ കുറ്റമാകും. ബലാത്സംഗത്തിന്റെ ഫലമായുണ്ടാകുന്ന ഗർഭം മാത്രമേ ഇനി അലസിപ്പിക്കാനാകൂ. അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളാൽ സ്വാഭാവികമായി അലസിപ്പോവണം.  ഈ നിയമം നിലവിൽ വന്ന ശേഷം, ഇത് രണ്ടുമല്ലാതെ സ്വേച്ഛയാ ചെയ്യുന്ന ഗർഭച്ഛിദ്രങ്ങൾ കുറ്റകരമാകും. നാലുവർഷം വരെ തടവാണ് ശിക്ഷ. ദുർമന്ത്രവാദം ചെയ്യുന്നതിനും ഈ നിയമപ്രകാരം ശിക്ഷയുണ്ട്.  

വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുക, അഥവാ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഏർപ്പെടുന്നതും ഇനി മേലിൽ ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമത്രെ. ഗർഭ നിരോധന മാർഗങ്ങളുടെ  പരസ്യങ്ങൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കണ്മുന്നിലെത്തിക്കുന്നതും ഈ നിയമത്തിന്റെ പരിധിയിൽ കുറ്റമാണ്.

പ്രതിഷേധത്തിന്റെ പ്രകൃതമെന്താണ്..?

കല്ലേറ്, ജല പീരങ്കി, ടിയർ ഗ്യാസ്..! ജക്കാർത്തയിലും ഇന്തോനേഷ്യയുടെ മറ്റു പ്രധാന നഗരങ്ങളിലും നടന്ന പ്രകടനങ്ങൾ അക്രമാസക്തമായി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പോരാട്ടങ്ങൾ നടന്നു. തെരുവിലിറങ്ങിയതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. പാർലമെന്റ്  സ്പീക്കർ ബാംബാങ്ങ് സുസാത്യോയുമായി നേരിട്ട് സംസാരിക്കണം എന്ന ആവശ്യവുമായി ഒരു വലിയ സംഘം വിദ്യാർത്ഥികൾ പാർലമെന്റിന്റെ ഗേറ്റിനു മുന്നിൽ തടിച്ചുകൂടി.

മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ നിയമം എന്ന് പലരും ട്വീറ്റ് ചെയ്തു. ഇന്തോനേഷ്യയുടെ പ്രധാന വരുമാനമാർഗമായ ടൂറിസത്തെയും ഈ നിയമം ബാധിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. ബാലി പോലെ പ്രസിദ്ധമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിനെ ഈ നിയമം തടഞ്ഞേക്കും.  ഓസ്‌ട്രേലിയയിൽ നിന്നും മറ്റുമായി വർഷാവർഷം ലക്ഷക്കണക്കിന് പേർ ഇപ്പോൾ ബാലി സന്ദർശിക്കുന്നുണ്ട്.

എന്തായാലും ഈ ബിൽ അടുത്ത വെള്ളിയാഴ്ച വീണ്ടും പാർലമെന്റ് പരിഗണിക്കാനിരിക്കെ, ഇനിയും ഇന്തോനേഷ്യയിലെ തെരുവുകൾ പ്രതിഷേധ സ്വരങ്ങളാൽ മുഖരിതമാകും എന്നുതന്നെയാണ് കരുതേണ്ടത്.