'വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു' എന്ന തരത്തിലുള്ള വാർത്തകളും അതുമായി ബന്ധപ്പെട്ടുള്ള കേസുകളും വർധിച്ചു വരുന്ന കാലമാണിത്. ആ സാഹചര്യത്തിൽ, വളരെ ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രീം കോടതി. വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷം സെക്സിൽ ഏർപ്പെട്ടു, തെറ്റായ കാര്യങ്ങൾ പറഞ്ഞ് വഞ്ചിച്ചു ബന്ധപ്പെട്ടുകൊണ്ടിരുന്നു എന്നൊക്കെയുള്ള കേസുകളിൽ, ഈ വഞ്ചന വർഷങ്ങളോളം തുടർന്നു എന്നുള്ള ആക്ഷേപങ്ങളിൽ കഴമ്പില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞരിക്കുന്നത്. റോഹിങ്ടൻ എഫ് നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ മേൽപ്പറഞ്ഞ ആരോപണത്തിൽ നിന്ന് കുറ്റവിമുക്തനാക്കിക്കൊണ്ട് മേൽപ്പറഞ്ഞ നിരീക്ഷണം നടത്തിയത്. 

വിവാഹം കഴിക്കാം എന്നുള്ള കപടവാഗ്ദാനം നൽകി ഒരു ക്രിസ്ത്യൻ യുവതിയെ നാലുവർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്നു എന്നതായിരുന്നു ഗോത്രവർഗക്കാരനായ ഈ യുവാവിന്മേൽ ആരോപിതമായിരുന്ന കുറ്റം. യുവാവ് കുറ്റക്കാരനാണ് എന്നുള്ള ഝാർഖണ്ഡ്  ഹൈക്കോടതി വിധിക്കെതിരെ യുവാവ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. 

ഈ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. നാലുവർഷത്തോളം യുവതിയുമായി ശാരീരികബന്ധവും ഇയാൾ പുലർത്തിയിരുന്നു. എന്നാൽ, അതിനു ശേഷം, രണ്ടു പേരുടെയും കുടുംബങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉടലെടുക്കുകയും വീട്ടുകാർ സമ്മതിച്ച് ഇരുവരും തമ്മിലുള്ള വിവാഹം നടക്കില്ല എന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു. അതിനെത്തുടർന്ന് യുവാവിന് മറ്റൊരു യുവതിയുമായി അയാളുടെ വീട്ടുകാർ വിവാഹവും ഉറപ്പിച്ചു. പ്രസ്തുത വിവാഹത്തിന് ഒരാഴ്ച മുമ്പാണ്, വിവാഹവാഗ്ദാനം നൽകി യുവാവ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാരോപിച്ച് യുവതി പൊലീസ് കേസ് ഫയൽ ചെയ്യുന്നത്. സെഷൻസ് കോടതിയും, ഹൈക്കോടതിയും യുവാവിനെ കുറ്റക്കാരനെന്നു വിധിച്ചപ്പോഴാണ് ഈ യുവാവ് മേൽക്കോടതിയിൽ അപ്പീലുമായി ചെല്ലുന്നത്. 

ഈ യുവാവിനെ കുറ്റക്കാരൻ എന്ന് വിധിച്ച ഹൈക്കോടതിയുടെ വിധിപ്രസ്താവം റദ്ദാക്കിയ ഈ പ്രസക്തമായ വിധിയിൽ സുപ്രീം കോടതി നടത്തിയ പ്രസ്താവങ്ങൾ ചുവടെ.

വാദിയായ യുവതി, കുറ്റാരോപിതനായ യുവാവുമൊത്ത് സെക്സിൽ ഏർപ്പെടാൻ എടുത്ത തീരുമാനം, തികഞ്ഞ ബോധ്യത്തോടെ എടുത്ത ഒന്നായിരുന്നു എന്ന നിഗമനത്തിൽ സംശയാതീതമായിത്തന്നെ കോടതി എത്തിച്ചേർന്നിരിക്കുകയാണ്. ഇങ്ങനെ ഒരു പ്രവൃത്തിയിൽ ഏർപ്പെടാതിരിക്കാനുള്ള പരിപൂർണ സ്വാതന്ത്ര്യം ഈ യുവതിക്ക് ഉണ്ടായിരിക്കെയാണ്, അവർ മറിച്ചു പ്രവർത്തിച്ചിരിക്കുന്നതെന്നും കോടതിക്ക് ബോധ്യമായിട്ടുണ്ട്. 

കുറ്റാരോപിതനായ വ്യക്തിയോട്, വാദിയായ യുവതിക്കുണ്ടായിരുന്ന അളവറ്റ പ്രണയമാണ് അവരെക്കൊണ്ട് ആ യുവാവിനെ തന്നോട് അടുത്തിടപഴകാനും ശാരീരികബന്ധം സ്ഥാപിക്കാനും അനുവദിക്കാൻ പ്രേരിപ്പിച്ചത്. ഐപിസി 90 വകുപ്പ് പ്രകാരം, ഒരാളെ തെറ്റിദ്ധരിപ്പിച്ച് അയാളിൽ നിന്ന് സമ്മതം നേടുന്നത് ക്രിമിനൽ കുറ്റമാണ് എന്നിരിക്കെത്തന്നെ, ഈ തെറ്റിദ്ധരിപ്പിക്കൽ എന്ന പ്രക്രിയ നാലു വർഷത്തേക്ക് നീണ്ടു എന്നുപറഞ്ഞാൽ അത് അസ്വാഭാവികമായ ഒന്നായി കോടതി കാണുന്നു. 

താൻ ഒരു തരത്തിലും വാദിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്ന കുറ്റാരോപിതന്റെ വാദത്തിൽ കഴമ്പുള്ളതായും കോടതിക്ക് ബോധ്യമായിട്ടുണ്ട്. വാദിയായ യുവതിക്ക്, രണ്ടു പേരും വ്യത്യസ്ത മതക്കാരാണ് എന്നതുകൊണ്ടുതന്നെ, ഈ ബന്ധം വിവാഹത്തിൽ ചെന്ന് ചേരുന്നതിനിടയിൽ ഉരുത്തിരിഞ്ഞേക്കാവുന്ന പ്രായോഗിക പ്രതിബന്ധങ്ങളെപ്പറ്റി കൃത്യമായ ധാരണകൾ ഉണ്ടായിരുന്നു എന്ന് മനസ്സിലാകുന്നു. 

അവർ തമ്മിലുള്ള വിവാഹനിശ്ചയം വരെ നടന്ന ശേഷം, വിവാഹം ക്ഷേത്രത്തിൽ വെച്ച് നടത്താനോ, പള്ളിയിൽ വെച്ച് വേണോ എന്ന കാര്യത്തിലാണ് അവസാനം ഇരു കുടുംബങ്ങൾക്കുമിടയിൽ തർക്കമുണ്ടായതും, അവർ തമ്മിൽ തെറ്റി വിവാഹമേ  വേണ്ട എന്ന തീരുമാനത്തിലേക്ക് കുറ്റാരോപിതന്റെ കുടുംബം പോയത് എന്നും സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. 

വികാരഭരിതമായ യൗവ്വന കാലത്ത് തലച്ചോറിനെ വികാരങ്ങൾ കീഴ്പ്പെടുത്തുന്നതും, പ്രണയിതാക്കൾ തമ്മിൽ വിവാഹപൂർവ ശാരീരികബന്ധങ്ങൾ ഉണ്ടാകുന്നതും ഒന്നും ഇപ്പോൾ അസാധാരണമോ നിയമവിരുദ്ധമോ അല്ലെന്നു മാത്രമല്ല, ഇപ്പോൾ അത് കൂടുതലായി നടക്കുന്നുണ്ടെന്നും കോടതി കാണുന്നു. ഈ കേസിലാണെങ്കിൽ വാദി സ്വമേധയാ കുറ്റാരോപിതന്റെ വീട്ടിൽ പോയി അവിടെ കുറേനാൾ താമസിക്കുക വരെ ചെയ്തിട്ടുമുണ്ട്. 

"എന്തായാലും, ലഭ്യമായ തെളിവുകൾ വെച്ച്, വാദിയെ ഏതെങ്കിലും തരത്തിൽ കുറ്റാരോപിതർ കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് കോടതിക്ക് ബോധ്യം വരുന്നില്ല... "  എന്നായിരുന്നു കുറ്റാരോപിതനെ നിരുപാധികം കുറ്റവിമുക്തനാക്കിക്കൊണ്ട് വിധിപറയവെ സുപ്രീം കോടതി ബെഞ്ച് പറഞ്ഞത്.