''എന്‍റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുടേയും ഉത്തരവാദിത്വം എനിക്കായി. അന്നെനിക്ക് മുന്നില്‍ മറ്റു വഴിയൊന്നും കണ്ടിരുന്നില്ല അവരെ വളര്‍ത്താന്‍. അതുകൊണ്ട് തന്നെ ഞാനൊരു ലൈംഗിക തൊഴിലാളിയായി മാറി.. എന്‍റെ കുഞ്ഞുങ്ങളെ പഠിപ്പിക്കുക, അവര്‍ക്ക് നല്ലൊരു ഭാവി നല്‍കുക ഇവയെല്ലാം എന്‍റെ സ്വപ്നമായിരുന്നു.'' 36 -കാരിയായ ഗൗരി പറയുന്നു (പേര് സാങ്കല്‍പികം). 

ആന്ധ്രപ്രദേശിലെ ഗുണ്ടകല്‍ ടൗണിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അപ്രതീക്ഷിതമായി ഗൗരിയുടെ ഭര്‍ത്താവ് മരിച്ചുപോകുന്നത്. തനിച്ച് കുഞ്ഞുങ്ങളെ നോക്കേണ്ട ചുമതല അവളുടെ തലയിലായി. വിദ്യാഭ്യാസമോ, ഏതെങ്കിലും തൊഴില്‍ ചെയ്ത് പരിചയമോ ഇല്ലായിരുന്നു അവള്‍ക്ക്. അങ്ങനെയാണവള്‍ ലൈംഗിക തൊഴിലാളിയായി മാറുന്നത്. തന്‍റെ കുഞ്ഞുങ്ങളെയെങ്കിലും പഠിപ്പിച്ച് അവര്‍ക്ക് നല്ല ഭാവിയുണ്ടാക്കണമെന്ന ചിന്ത അവളെ ആ തൊഴിലുമായി മുന്നോട്ട് പോവാന്‍ പ്രേരിപ്പിച്ചു. 

അങ്ങനെയാണ് ഗൗരി ഗുണ്ടകല്ലിലുള്ള കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനെ സമീപിക്കുന്നത്

ഇന്ത്യയില്‍ പല സ്ത്രീകളും ലൈംഗിക തൊഴിലാളികളാകുന്നതിന് ദാരിദ്ര്യം ഒരു കാരണമാകുന്നുണ്ട്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഇത് കൂടിയ തോതിലാണ്. അതില്‍ പലര്‍ക്കും വരുമാനത്തിന് മറ്റൊരു മാര്‍ഗവുമില്ല. പലപ്പോഴും ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ വലിയ തോതിലുള്ള ചൂഷണത്തിനും ഇരയാകാറുണ്ട്. 

ഗൗരി ധീരയായിരുന്നു. മക്കളെ നന്നായി വളര്‍ത്തണമെന്ന ആഗ്രഹം എപ്പോഴും അവളുടെ ഉള്ളിലുണ്ടായിരുന്നു. പക്ഷെ, ദിവസങ്ങള്‍ കഴിയുന്തോറും ചെലവുകള്‍ കൂടുകയും ദുരിതമേറുകയും ചെയ്തു. സ്വന്തം തൊഴിലില്‍ നിന്ന് അത്യാവശ്യകാര്യങ്ങള്‍ക്കുള്ള വരുമാനം പോലും ലഭിക്കാതെയായി. അവളുടെ ഫിക്സഡ് പാര്‍ട്ണറാകട്ടെ അവളെ നിരന്തരം ചൂഷണം ചെയ്യുകയും കുട്ടികളെ ശ്രദ്ധിക്കാതെയിരിക്കുകയും ചെയ്യും. 

പലപ്പോഴും ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഇടനിലക്കാരില്‍ നിന്നും എത്തുന്നവരില്‍ നിന്നുമെല്ലാം ചൂഷണം അനുഭവിക്കേണ്ടി വരാറുണ്ട്. ഫിക്സഡ് പാര്‍ട്ണര്‍മാരാകട്ടേ ക്രൂരമായ ഉപദ്രവവും കാണിക്കും. 

ഗൗരിയുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.. ഓരോ ദിവസം കഴിയുന്തോറും സാമ്പത്തിക പരാധീനത കൂടിവന്നതല്ലാതെ കുറഞ്ഞില്ല. അങ്ങനെയാണ് ഗൗരി ഗുണ്ടകല്ലിലുള്ള കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനെ സമീപിക്കുന്നത്. എയ്ഡ്സ് അടക്കമുള്ള രോഗങ്ങളെ കുറിച്ചും മറ്റും ബോധവല്‍ക്കരണം നടത്തുന്ന സംഘടനയായ 'അവഹാന്‍' എന്ന സംഘടനയുടെ ഭാഗമായിരുന്നു ഇത്. മാത്രവുമല്ല സ്ത്രീ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാക്ക് അക്കൗണ്ട്, ഗ്യാസ് കണക്ഷന്‍ ഇവയെല്ലാം ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടന കൂടിയായിരുന്നു ഇത്. 

അതിലെനിക്ക് എത്ര സന്തോഷമുണ്ടെന്നോ എന്നാണ് ഗൗരി പറയുന്നത്

ഗൗരി അവരോട് തന്‍റെ അവസ്ഥയെ കുറിച്ച് പറഞ്ഞു. അവരാണ്, യുണിഫൈഡ് ഹെല്‍പ് ഡെസ്കിലേക്ക് അവളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. അങ്ങനെ അവള്‍ കേര്‍പറേഷന്‍ ലോണിന് വേണ്ടി അപേക്ഷിച്ചു. രണ്ട് മാസത്തിനുള്ളില്‍ 60,000 രൂപ ലോണ്‍ കിട്ടി. അങ്ങനെ അവള്‍ തന്‍റേതായ വസ്ത്ര ബിസിനസ് തുടങ്ങി. സാരി, സല്‍വാര്‍ സ്യൂട്ട്, നൈറ്റ് ഡ്രെസ്സ് തുടങ്ങിയവയായിരുന്നു ഉണ്ടായിരുന്നത്. അതില്‍ നിന്നുള്ള വരുമാനം അവളെ വീട്ടുകാര്യങ്ങള്‍ നന്നായി നോക്കാന്‍ സഹായിച്ചു. അവള്‍ക്ക് ചൂഷണത്തില്‍ നിന്നും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ നിന്നും മോചനവുമായി. 

എന്‍റെ കുട്ടികള്‍ ഇന്ന് നല്ല സ്കൂളുകളില്‍ പഠിക്കുന്നു. ഫീസ് കൊടുക്കാനെനിക്ക് കഴിയുന്നുണ്ട്. അവര്‍ക്ക് പുസ്തകവും യൂണിഫോമും എല്ലാം വാങ്ങി നല്‍കാനാകുന്നുണ്ട്. അതിലെനിക്ക് എത്ര സന്തോഷമുണ്ടെന്നോ എന്നാണ് ഗൗരി പറയുന്നത്. ഗൗരിയുടെ രക്ഷപ്പെടല്‍ ഒരു ഉദാഹരണം മാത്രമാണ് ലൈംഗിക തൊഴിലാളികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ചൂഷണത്തില്‍ നിന്നും എങ്ങനെ പുറത്തു കടക്കാമെന്നതിനുള്ള ഉദാഹരണം..