Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ 'മിണ്ടാത്ത' സിനിമകള്‍; സ്ത്രീവിരുദ്ധതയുടെ കണക്കുകള്‍ ഇതാ

പഠനത്തിൽ തെളിഞ്ഞ മറ്റൊരു രസകരമായ വസ്തുത, സിനിമയിൽ വരുന്ന പുരുഷകഥാപാത്രങ്ങൾക്ക് വയസ്സേറും തോറും അവർക്ക് കൂടുതൽ നീളമുള്ള ഡയലോഗുകൾ, കൂടുതലായി കിട്ടുന്നു. സ്ത്രീകളുടെ കാര്യത്തിൽ ഇത് നേരെ മറിച്ചാണ്. പ്രായം കൂടും തോറും അവർക്കായി നീക്കിവെക്കപ്പെടുന്ന ഡയലോഗുകളുടെ എണ്ണവും നീളവും കുറഞ്ഞുകുറഞ്ഞു വരും. 

sexism in film study
Author
Thiruvananthapuram, First Published Mar 4, 2019, 6:07 PM IST

'സിനിമയിൽ സ്ത്രീവിരുദ്ധത കൂടുന്നു.. കൂടുന്നു' എന്ന് പലയിടത്തു നിന്നും ഒറ്റ തിരിഞ്ഞുള്ള പ്രതിഷേധ സ്വരങ്ങൾ വരാറുണ്ട്. മലയാള സിനിമയിൽ മാത്രമല്ല. ബോളിവുഡിലും, അങ്ങ് ഹോളിവുഡിലും വരെ. എന്നാൽ ആ പ്രതിഷേധ സ്വരങ്ങൾക്കെതിരെ പൊതുവെ എടുത്തു പിടിക്കുന്ന പ്രതിരോധം, 'അതൊക്കെ ഒറ്റപ്പെട്ട ഉദാഹരണങ്ങളാണ്', ' സിനിമ വളരെ ലിംഗ സമത്വമുള്ള, ജനാധിപത്യം നിലനിൽക്കുന്ന, വർണ്ണ-ജാതി വിവേചനങ്ങളില്ലാത്ത' ഇടമാണ് എന്നതാണ്. ശരിയാണ്. കൃത്യമായ ഡാറ്റാ സാമ്പിളുകളെടുത്തുള്ള ഒരു അനാലിസിസൊന്നും ഇന്നോളം എവിടെയും നടന്നിട്ടില്ലായിരുന്നു. എന്നാൽ, ഇപ്പോൾ ഒരു ആ വിഷയത്തിൽ രസകരമായ ഒരു പഠനം പുറത്തു വന്നിരിക്കുന്നു. അങ്ങ് ഹോളിവുഡിൽ. വളരെ വിശദമായ ഒരു പഠനം തന്നെ. അതും ഏറ്റവും ആധുനികമായ ഡാറ്റാ അനാലിസിസ് ടൂളുകളും സോഫ്റ്റ് വെയറുകളും ഒക്കെ ഉപയോഗിച്ചുകൊണ്ട്. പുഡിങ്.കൂൾ ( pudding.cool) എന്ന വെബ്‌സൈറ്റാണ് ഈ ബൃഹദ് പഠനം നടത്തിയത്. 

ഈ പരീക്ഷണം ഉത്തരം കണ്ടെത്താൻ ശ്രമിച്ച ചോദ്യങ്ങൾ ഇവയാണ്.. എത്ര സിനിമകൾ പുരുഷ കേന്ദ്രീകൃതമാണ്.. ? സിനിമയിലെ കഥ നടക്കുന്നകാലം, സിനിമയുടെ ശൈലി, ബോക്സോഫീസ് കളക്ഷൻ എന്നിവയെ ആശ്രയിച്ച് എന്തൊക്കെ മാറുന്നുണ്ട്..? എത്ര സിനിമകളിൽ സ്ത്രീകൾക്ക് കാര്യമായ ഡയലോഗുകൾ കിട്ടുന്നുണ്ട്.. ഓസ്കാർ കിട്ടിയ സിനിമകളിൽ സ്ത്രീകൾക്ക് എത്രമാത്രം ഡയലോഗുകളുണ്ട്..?  

അവർ ഇതിനായി പരിശോധിച്ചത് ഹോളിവുഡിൽ കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി റിലീസ് ചെയ്യപ്പെട്ട ഏകദേശം എണ്ണായിരത്തോളം സിനിമകളുടെ തിരക്കഥകളെയാണ്. ആ ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്ത രണ്ടായിരത്തോളം തിരക്കഥകൾ ഈ പഠനത്തിന്റെ ഭാഗമാണ്. ആ  ചിത്രങ്ങളിലെ  ഡയലോഗുകളുടെ ലിംഗാധിഷ്ഠിത വിതരണത്തെ അവർ വിശദമായ പഠനത്തിന് വിധേയമാക്കി.  ഒരു പക്ഷേ, അത്തരത്തിൽ ഇന്നോളം നടന്നതിൽ വെച്ചേറ്റവും ശ്രമകരമായ  ഒരു പഠനം. 

sexism in film study

ഓസ്‌കാർ അവാർഡിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് കഴിഞ്ഞ പതിനെട്ടുവർഷമായി കിട്ടുന്ന സിനിമകളിൽ സ്ത്രീകളും പുരുഷന്മാരും കൈകാര്യം ചെയ്യുന്ന സംഭാഷണങ്ങളുടെ ഒരു വേർതിരിച്ച കണക്കാണ് ചുവടെ. 

sexism in film study

മികച്ച ചിത്രങ്ങളായി മുമ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 12 ഇയേഴ്സ് ഓഫ് എ സ്ളേവ്, നോ കൺട്രി ഫോർ ഓൾഡ് മെൻ, ദി ലോർഡ് ഓഫ് ദി റിങ്‌സ്, ദി റിട്ടേൺ ഓഫ് ദി കിങ്ങ്, ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് എന്നീ ചിത്രങ്ങളിലൊക്കെത്തന്നെ കാര്യമായ ഡയലോഗുകളുള്ള കഥാപാത്രങ്ങളുടെ എണ്ണം തീരെ കുറവാണ്.  2016 -ലെ ഓസ്കാർ വിന്നർ ചിത്രമായ സ്പോട്ട് ലൈറ്റിന്റെ അവസ്ഥയും മറ്റൊന്നല്ല. 2017 -ലെ വിന്നർ 'ദി ഷേപ്പ് ഓഫ്‌ വാട്ടറി'ലാവട്ടെ  സാലി ഹോക്കിൻസ് അവതരിപ്പിക്കുന്ന നായികയ്ക്ക് പ്രാധാന്യമുണ്ടെങ്കിലും അവർ ഊമയായതിനാൽ ഡയലോഗില്ല. 

ഇനി സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളായുള്ള സിനിമകളുടെ തിരക്കഥയുടെ അവസ്ഥയും മെച്ചമല്ല. അവയിലും ഭൂരിഭാഗം ഡയലോഗുകളും പുരുഷന്മാർക്കുവേണ്ടിയാണ് എഴുതപ്പെട്ടിരിക്കുന്നത്. ഡിസ്നിയുടെ നാലേ നാല് ചിത്രങ്ങളിലാണ് അറുപതു ശതമാനത്തിലധികം ഡയലോഗുകൾ സ്ത്രീകളാൽ ഉച്ചരിക്കപ്പെടുന്നത്.  ഇൻസൈഡ് ഔട്ട്, ആലീസ് ഇൻ വണ്ടർ ലാൻഡ്, മാലെഫിഷ്യന്റ്, സ്ലീപ്പിങ് ബ്യൂട്ടി എന്നിവയാണവ.   ഡിസ്നിയുടെ തന്നെ പോക്കഹാൻഡസ്, മ്യൂലൻ, ലിറ്റിൽ മെർമെയ്‌ഡ്‌ എന്നിവ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചിട്ടുള്ള സിനിമകളായിരുന്നിട്ടും 50  ശതമാനത്തിൽ കുറച്ച് സ്ക്രിപ്റ്റ് പ്രെസൻസ് മാത്രമേ സ്ത്രീകഥാപാത്രങ്ങൾക്കുള്ളൂ. 

പഠനത്തിൽ തെളിഞ്ഞ മറ്റൊരു രസകരമായ വസ്തുത, സിനിമയിൽ വരുന്ന പുരുഷകഥാപാത്രങ്ങൾക്ക് വയസ്സേറും തോറും അവർക്ക് കൂടുതൽ നീളമുള്ള ഡയലോഗുകൾ, കൂടുതലായി കിട്ടുന്നു. സ്ത്രീകളുടെ കാര്യത്തിൽ ഇത് നേരെ മറിച്ചാണ്. പ്രായം കൂടും തോറും അവർക്കായി നീക്കിവെക്കപ്പെടുന്ന ഡയലോഗുകളുടെ എണ്ണവും നീളവും കുറഞ്ഞുകുറഞ്ഞു വരും. 

sexism in film study

ഡിസ്നിയുടെ പ്രിൻസസ് ചിത്രങ്ങളിലും ഇതേ ട്രെൻഡ് ദൃശ്യമാണ്. 30 ഡിസ്‌നി  ചിത്രങ്ങളെ സാമ്പിളായി എടുത്ത് നോക്കിയപ്പോൾ, അതിൽ 22 -ലും പുരുഷന്മാർക്ക് 60  ശതമാനത്തിലും അധികം ഡയലോഗുകൾ നല്കപ്പെട്ടിരുന്നതായി കണ്ടു. 

തങ്ങൾ എടുത്ത ഡാറ്റാസെറ്റ് ഏറ്റവും മികച്ചതാണെന്നൊന്നും ഗവേഷകർ  അവകാശപ്പെടുന്നില്ല. ചിലപ്പോൾ ഡയലോഗുകൾ പറയുന്നത് പുരുഷന്മാർ ആയിരിക്കെത്തന്നെ ഫോക്കസ് സ്ത്രീകളിൽ നിലനിർത്തുന്ന സിനിമകളുമുണ്ടായിട്ടുണ്ട്. എന്നുമാത്രമല്ല തിരക്കഥ വെച്ചാണ് ഈ പഠനം നടത്തിയിട്ടുള്ളത്. സിനിമ ഷൂട്ട് ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ തിരക്കഥയിൽ നിന്നും വ്യതിചലിക്കാറുമുണ്ട്. എന്നിരുന്നാലും, ഒരു സിനിമയുടെ 90  ശതമാനം ഡയലോഗുകളും ലിംഗാടിസ്ഥാനത്തിൽ തിരക്കഥയിൽ നമുക്ക് കണ്ടെത്താനാവും, വേർതിരിക്കാനുമാവും. 

പഠനത്തിന് വിധേയമാക്കിയ 2000 ചിത്രങ്ങളിൽ 22 ശതമാനത്തിൽ മാത്രമാണ് സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ നേരം മിണ്ടിയത്.  34  ശതമാനം സിനിമകളിലും ഡയലോഗ് പറയുന്ന കാര്യത്തിൽ ഒരു സ്ത്രീ രണ്ടാം സ്ഥാനത്ത് വന്നിട്ടുണ്ട്. ചിത്രങ്ങളിലെ പ്രധാന മൂന്നു റോളുകളിൽ രണ്ടും സ്ത്രീകൾ ആയിരിക്കുന്നത് വെറും 18 ശതമാനം മാത്രമാവുമ്പോൾ, തിരിച്ച് മൂന്നിൽ രണ്ടു പ്രധാന റോളും പുരുഷൻ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ 82  ശതമാനം വരും. 

ഇനി സിനിമകളുടെ കാറ്റഗറി തിരിച്ചുള്ള കണക്കു നോക്കിയാൽ കഴിഞ്ഞ നാലു പതിറ്റാണ്ടുകളിൽ റിലീസായ പ്രസക്തമായ 300 ആക്ഷൻ ചിത്രങ്ങൾ പരിശോധിച്ചതിൽ വെറും 19  ചിത്രങ്ങൾ മാത്രമേ സംഭാഷണവിതരണത്തിൽ ലിംഗതുല്യത നിലനിർത്തുന്നുള്ളു. 215 ചിത്രങ്ങൾ 60-90% ഡയലോഗുകളും പുരുഷന്മാരെ ഏൽപ്പിച്ചപ്പോൾ 62 ചിത്രങ്ങൾ 90 ശതമാനത്തിലധികം ഡയലോഗുകൾ പുരുഷൻമാർക്കായി നീക്കിവെച്ചു.  60-90% ഡയലോഗുകളും സ്ത്രീകളെ ഏൽപ്പിച്ച ആക്ഷൻ ചിത്രങ്ങൾ വെറും നാലെണ്ണം മാത്രം. 90 ശതമാനത്തിലധികം ഡയലോഗുകൾ സ്ത്രീകളെ ഏൽപ്പിക്കാൻ ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്തിനും ധൈര്യമുണ്ടായതായി കണ്ടില്ല. 

sexism in film study

ഇത് ആക്ഷൻ ചിത്രങ്ങളുടെ കാര്യം, ഇനി ഡ്രാമ കാറ്റഗറി നോക്കിയാലോ.  800 ഡ്രാമ ചിത്രങ്ങൾ പരിശോധിച്ചതിൽ   133  ചിത്രങ്ങൾ മാത്രമേ   ലിംഗതുല്യത നിലനിർത്തുന്നുള്ളു. 468 ചിത്രങ്ങൾ 60-90% ഡയലോഗുകളും പുരുഷന്മാരെ ഏൽപ്പിച്ചപ്പോൾ 122  ചിത്രങ്ങൾ 90 ശതമാനത്തിലധികം ഡയലോഗുകൾ പുരുഷൻമാർക്കായി നീക്കിവെച്ചു.  60-90% ഡയലോഗുകളും സ്ത്രീകളെ ഏൽപ്പിച്ച  ഡ്രാമ ചിത്രങ്ങൾ 72 എണ്ണം മാത്രം. 90 ശതമാനത്തിലധികം ഡയലോഗുകൾ സ്ത്രീകളെ ഏൽപ്പിക്കാനും അഞ്ചു ചിത്രങ്ങൾ തയ്യാറായി.

sexism in film study

കോമഡി ചിത്രങ്ങളുടെ കാര്യമെടുത്താൽ  411  ചിത്രങ്ങൾ പരിശോധിച്ചതിൽ   65  ചിത്രങ്ങൾ മാത്രമേ  ലിംഗതുല്യത നിലനിർത്തുന്നുള്ളു. 251 ചിത്രങ്ങൾ 60-90% ഡയലോഗുകളും പുരുഷന്മാരെ ഏൽപ്പിച്ചപ്പോൾ 54 ചിത്രങ്ങൾ 90 ശതമാനത്തിലധികം ഡയലോഗുകൾ പുരുഷൻമാർക്കായി നീക്കിവെച്ചു.  60-90% ഡയലോഗുകളും സ്ത്രീകളെ ഏൽപ്പിച്ച  കോമഡി   ചിത്രങ്ങൾ 40 എണ്ണം മാത്രം. 90 ശതമാനത്തിലധികം ഡയലോഗുകൾ സ്ത്രീകളെ ഏൽപ്പിക്കാൻ തയ്യാറായത് ഒരൊറ്റ ചിത്രം മാത്രം. ഹൊറർ  ചിത്രങ്ങളുടെ കാര്യമെടുത്താൽ  152   ചിത്രങ്ങൾ പരിശോധിച്ചതിൽ   41   ചിത്രങ്ങൾ  ലിംഗതുല്യത നിലനിർത്തി. 87 ചിത്രങ്ങൾ 60-90% ഡയലോഗുകളും പുരുഷന്മാരെ ഏൽപ്പിച്ചപ്പോൾ 6 ചിത്രങ്ങൾ 90 ശതമാനത്തിലധികം ഡയലോഗുകൾ പുരുഷൻമാർക്കു നൽകി.  60-90% ഡയലോഗുകളും സ്ത്രീകളെ ഏൽപ്പിച്ച ഹൊറർ  ചിത്രങ്ങൾ ആകെ 17 എണ്ണം മാത്രം. 90 ശതമാനത്തിലധികം ഡയലോഗുകൾ സ്ത്രീകളെ ഏൽപ്പിക്കാൻ തയ്യാറായത് ഒരൊറ്റ ചിത്രം മാത്രം. 

സിനിമ റിലീസായ വർഷത്തെ അഭിനേതാക്കളുടെ പ്രായവും പഠനത്തിലെ ഒരു പരിഗണന ആയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശകലനം തെളിയിക്കുന്നത്, പ്രായം കൂടുന്തോറും സ്ത്രീകൾക്ക് അവസരങ്ങൾ കുറയുന്നു എന്നാണ്. എന്നാൽ പുരുഷന്മാരുടെ കാര്യത്തിൽ അത് നേരെ മറിച്ചുമാണ്. പ്രായം കൂടുന്തോറും പുരുഷന്മാരുടെ അവസരങ്ങൾ കൂടി വരികയാണ് ചെയ്യുന്നത്. നാല്പതുവയസ്സു കഴിഞ്ഞ സ്ത്രീകൾക്ക് പറയാൻ അവസരം കിട്ടുന്ന ഡയലോഗുകളുടെ എണ്ണവും ദൈർഘ്യവും വളരെ കുറഞ്ഞുവരുമ്പോൾ, പ്രായം കൂടുന്തോറും കൂടുതൽ അവസരങ്ങൾ പുരുഷന്മാർക്ക് കിട്ടുന്നു എന്ന് കാണാം. 

sexism in film study

സിനിമകളിലെ പുരുഷ കേന്ദ്രീകൃത സ്വഭാവത്തെ വിലയിരുത്താനുപയോഗിക്കുന്ന താരതമ്യേന  കൂടുതൽ കണിശമായ ഒരു മാനദണ്ഡം എന്ന് പറയപ്പെടുന്ന 'ബെക്ക് ഡെൽ വാലസ്' ടെസ്റ്റിന് പകരമാണ് ഈ പരീക്ഷണ രീതിയിൽ കുറേക്കൂടി വിശദമായി സ്ക്രിപ്റ്റിനെത്തന്നെ വിലയിരുത്തിക്കൊണ്ടുള്ള ഈ മാനദണ്ഡം സിനിമയുടെ സ്ത്രീകളോടുള്ള പരിഗണനയും പുരുഷ കേന്ദ്രീകൃത സ്വഭാവവും ഒക്കെ വിലയിരുത്താൻ ഉപയോഗിച്ചത്.  ഒരുവിധം സിനിമകളൊന്നും തന്നെ ബെക്ക് ഡെൽ ടെസ്റ്റ് പാസ്സാവില്ല, കാരണം, ആ ടെസ്റ്റ് പ്രകാരം ഒരു സിനിമ സ്ത്രീ സൗഹൃദമാണ് എന്ന് പറയണമെങ്കിൽ ആ സിനിമയിൽ പരസ്പരം പുരുഷനെക്കുറിച്ചല്ലാതെ എന്തെങ്കിലുമൊക്കെ സംഭാഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടിലധികം സ്ത്രീകഥാപാത്രങ്ങളുണ്ടായിരിക്കണം. അങ്ങനെ നോക്കുമ്പോൾ ബേർഡ് മാൻ, അവതാർ, എന്തിന് ടോയ് സ്റ്റോറി പോലും സ്ത്രീവിരുദ്ധ സിനിമയാണെന്നു വരും. അതിനേക്കാളൊക്കെ ഭേദമാണ് സ്ക്രിപ്റ്റിനെ നേരിൽ പഠന വിധേയമാക്കുന്ന ഈ രീതി. 

ചില മൈനർ കഥാപാത്രങ്ങളെ ചിലപ്പോൾ ഈ പഠനത്തിൽ വിട്ടുപോയിട്ടുണ്ടാവും. സാധാരണ ഒരു ഹോളിവുഡ് ചിത്രത്തിൽ സാമാന്യം പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്ക് 2000 വാക്കിൽ തുടങ്ങി 5000  വാക്കുകൾ വരെയും അല്ലെങ്കിൽ അപൂർവം സന്ദർഭങ്ങളിൽ അതിൽ കൂടുതലോ കണ്ടുവരാറുണ്ട് തിരക്കഥകളിൽ. ഈ പഠനത്തിൽ 100 വാക്കിന് മുകളിൽ ഡയലോഗുള്ള എല്ലാ കഥാപാത്രങ്ങളെയും ലിംഗാടിസ്ഥാനത്തിൽ പഠനവിധേയമാക്കിയിട്ടുണ്ട്. അതിൽ താഴെയുള്ളത് ഒഴിവാക്കപ്പെട്ടത് പഠനത്തിന്റെ കൃത്യതയെ അത്ര സാരമായി ബാധിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. 

സിനിമയിലെ സ്ത്രീ വിരുദ്ധതയെപ്പറ്റി പറയുമ്പോൾ അനക്ഡോട്ടൽ ആയ ചില അനുഭവങ്ങളെ അല്ലെങ്കിൽ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുകൊണ്ട് കാടടക്കി വെടിവെക്കുകയാണ് പൊതുവേ പതിവുള്ളത്. എന്നാൽ, അതിൽ നിന്നും വ്യത്യസ്തമായി രണ്ടായിരത്തിലധികം സിനിമകളിലെ സ്ക്രിപ്റ്റ് ഡാറ്റ മൊത്തമെടുത്ത് അതിലെ ഓരോ വാക്കുമെടുത്ത് ലിംഗാധിഷ്ഠിത പഠനങ്ങൾ നടത്തി വിശകലനം ചെയ്യുന്ന ഇത്തരം ഗൗരവതരമായ പഠനങ്ങൾക്ക് അതിന്റേതായ അക്കാദമിക മെറിറ്റ് ഉണ്ട്. ഏറെ പ്രശംസനീയമായ ഒരു പഠനമാണിത്. ഏറെക്കുറെ പ്രതീക്ഷിച്ചിരുന്ന ഒരു നിഗമനവുമാണ് ഈ പഠനം മുന്നോട്ടുവെക്കുന്നതും. 

കടപ്പാട്: THE PUDDING

Follow Us:
Download App:
  • android
  • ios