ഷാഹിദ് ആസ്മി വെടിയേറ്റ് മരിച്ചിട്ട് പത്തുവർഷം തികഞ്ഞിരിക്കുകയാണ് ഇന്നലെ. ഭീകരാക്രണങ്ങളെത്തുടർന്ന് പൊലീസ് അകാരണമായി അറസ്റ്റു ചെയ്ത് കൃത്യമായ തെളിവുകൾ കൂടാതെ തടവിലിട്ട് പീഡിപ്പിക്കുന്നവർക്ക് വേണ്ട നിയമസഹായങ്ങള്‍ ചെയ്തുനൽകി എന്നതാണ് അദ്ദേഹത്തെ വധിക്കാൻ ചിലരെ പ്രേരിപ്പിച്ചത്. വക്കീൽ എന്ന നിലയിലുള്ള ഷാഹിദിന്റെ വൈദഗ്ധ്യം, അതുപയോഗിച്ച് അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ കുറ്റവിമുക്തനാക്കിയ നിരപരാധികളുടെ എണ്ണം, അത് ഛോട്ടാ രാജനെപ്പോലുള്ള ദേശഭക്തരായ അധോലോകനായകരുടെ കണ്ണിലെ കരടായി അദ്ദേഹത്തെ മാറ്റി. ഒരു ദിവസം അവർ അദ്ദേഹത്തെ ഈ ഭൂമിയിൽ നിന്നുതന്നെ പറഞ്ഞയച്ചു. 

"എനിക്ക് അനീതി കാണിച്ചു തന്ന്, അയാൾ എന്നെ നീതിയെ സ്നേഹിക്കാൻ പഠിപ്പിച്ചു. വേദനയും അപമാനവും എന്തെന്ന് കാണിച്ചു തന്ന്, അയാളെന്റെ ഹൃദയത്തിൽ ദയാവായ്പ്പുണർത്തി. ഈ സംഘർഷങ്ങൾക്കിടയിലും ഏറെ വിലപ്പെട്ട ജീവിത പാഠങ്ങൾ ഞാൻ പഠിച്ചുകൊണ്ടിരുന്നു. 'മുൻവിധികൾക്കെതിരെ പോരാടണം. അടിച്ചമർത്തുന്നവരെ എതിർക്കണം. ചൂഷണങ്ങൾ നേരിടുന്നവരെ സഹായിക്കണം' " - അമേരിക്കൻ അഭിഭാഷകനായ റോയ് ബ്ലാക്കിന്റെ ഈ വാക്കുകൾ ഷാഹിദ് ആസ്മിയെ വല്ലാതെ സ്വാധീനിച്ചിരുന്നു.

 


 

ഷാഹിദ് ആസ്മി ഒരു സാധാരണ അഭിഭാഷകനായിരുന്നില്ല. വക്കീലാവുന്നതിനൊക്കെ  വളരെ മുമ്പുതന്നെ, തീവ്രവാദി എന്ന് ചാപ്പകുത്തി പൊലീസ് ജയിലിന്റെ ഇരുട്ടിലേക്ക് തള്ളിയ ഒരു യൗവ്വനം അദ്ദേഹത്തിനുണ്ടായിരുന്നു. 1993  ഡിസംബറിലാണ്, ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷമുണ്ടായ കലാപങ്ങളിൽ പങ്കെടുത്തു എന്നപേരും പറഞ്ഞ്, മുംബൈ പൊലീസ് ഷാഹിദ് അൻസാരിയെ TADA ചുമത്തി കസ്റ്റഡിയിൽ എടുക്കുന്നത്.  അന്ന് അവന് പ്രായം വെറും പതിനഞ്ചു വയസ്സ്. അടുത്ത ദിവസം ബോർഡ് എക്സാമുണ്ടായിരുന്നു. അതിനുള്ള പഠിപ്പിൽ മുഴുകിയിരിക്കുകയായിരുന്നു, മിടുക്കനായ ഒരു വിദ്യാർത്ഥിയായ ഷാഹിദ്.  പരീക്ഷ എഴുതാൻ അനുവദിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പൊലീസ് അവനെ മുംബൈയിലെ വീടിന്റെ പരിസരത്തുനിന്ന് കൂട്ടിക്കൊണ്ടുപോകുന്നത്. എന്നാൽ, അടുത്ത ദിവസം കോടതിയിൽ എത്തിയപ്പോഴേക്കും അവനെ കസ്റ്റഡിയിൽ എടുത്തത് ദില്ലിയിൽ നിന്നാണ് എന്നായി. ആ വിവരം ഷാഹിദ് അറിയുന്നത് അറസ്റ്റു ചെയ്ത് മൂന്നു ദിവസത്തിനുശേഷം പൊലീസിന്റെ ഈ കെട്ടുകഥ പത്രത്തിൽ അടിച്ചുവന്നപ്പോഴാണ്. അന്നത്തെ ആ ബോർഡ് എക്സാം എഴുതാൻ പൊലീസവനെ വിട്ടയച്ചതുമില്ല. അറസ്റ്റുചെയ്യപ്പെടുമ്പോൾ മൈനറായിരുന്നു എങ്കിലും ഷാഹിദിനെ കുറ്റം സമ്മതിപ്പിക്കാൻ വേണ്ടി അതിക്രൂരമായ കസ്റ്റഡിപീഡനങ്ങൾക്ക് വിധേയനാക്കി പൊലീസ്. തോളെല്ല് ഇളകി വരും വരെ അവനെ കെട്ടിത്തൂക്കുമായിരുന്നു ലോക്കപ്പിൽ. അത് പലകുറി ആവർത്തിക്കുമായിരുന്നു. 

വിചാരണക്കാലയളവിൽ കഴിച്ചുകൂട്ടിയ ആർതർ റോഡ് ജയിലിൽ വെച്ച് ഷാഹിദ് തന്റെ ബിരുദപഠനം പൂർത്തിയാക്കുന്നു. 1999 -ൽ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയപ്പോഴേക്കും, ക്രിയേറ്റിവ് റൈറ്റിങ്ങിൽ ബിരുദാനന്തര ബിരുദവും ഷാഹിദ് പൂർത്തിയാക്കിയിരുന്നു. ഒടുവിൽ ആറു വർഷങ്ങൾക്കു ശേഷം ജഡ്ജിയുടെ വായിൽ നിന്ന്, "നിങ്ങളെ നിരുപാധികം വിട്ടയച്ചിരിക്കുന്നു" എന്ന ആശ്വാസവാക്യം കേട്ട്, ജഡ്ജിയെ വണങ്ങി കോടതിമുറിയിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് ചെന്ന ശേഷം ഷാഹിദ് തന്റെ സഹോദരനോട് പറഞ്ഞത് തനിക്ക് രണ്ട് അപേക്ഷാ ഫോറങ്ങൾ വാങ്ങി നൽകാനാണ്. ഒന്ന് ജേർണലിസം ഡിപ്ലോമയ്ക്കുളത്. രണ്ട്, എൽഎൽബിക്കുള്ളത്. പകൽ എൽഎൽബി പഠിത്തം കഴിഞ്ഞ് ഈവനിംഗ് കോഴ്‌സായി ജേർണലിസം ഡിപ്ലോമ. അങ്ങനെ സമാന്തരമായി രണ്ടു കോഴ്‌സുകളും പൂർത്തിയാക്കി, രണ്ടിലും ഉജ്ജ്വല വിജയവും അദ്ദേഹം കൈവരിക്കുന്നു. പഠിക്കുമ്പോൾ തന്നെ അഡ്വക്കേറ്റ് മജീദ് മേമന്റെ ഓഫീസിൽ ജൂനിയറായ ചേർന്നു. ഏതാണ്ട് അതേ സമയത്തുതന്നെ ഇന്ത്യ.കോമിന് വേണ്ടി ഫ്രീലാൻസ് ആയി എഴുത്തും തുടങ്ങുന്നു. 

കഠിനപ്രയത്നിയായ ഒരു അഭിഭാഷകൻ എന്ന നിലയ്ക്ക് ഷാഹിദ് ഏറെ പ്രസിദ്ധനായിരുന്നു. മുഴുവൻ സമയവും നിയമപുസ്തകങ്ങളിൽ തലപൂഴ്ത്തിക്കൊണ്ടുള്ള ജീവിതം. കേസ് സംബന്ധിച്ച രേഖകളും മറ്റു തെളിവുകളും പരിശോധിക്കാൻ മണിക്കൂറുകളോളം ചെലവിടും. POTA , MCOCA , TADA തുടങ്ങിയ കരിനിയമങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പ്രാഥമിക വിവരങ്ങളും ന്യൂസുകളും കൈമാറുന്ന ജമായത്ത്-എ-ഉലമ-എ-ഹിന്ദ് എന്ന ഒരു എൻജിഒയും ഷാഹിദ് നടത്തിയിരുന്നു. ഘാട്ട്കോപ്പർ ബോംബുസ്ഫോടനക്കേസ്, 26/11 മുംബൈ ഭീകരാക്രമണക്കേസ്, മലേഗാവ് കേസ് തുടങ്ങിയ പല കേസുകളും അദ്ദേഹം ഏറ്റെടുത്ത് വാദിച്ചു. മേല്പറഞ്ഞ നിയമങ്ങൾക്കൊക്കെ ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാന സൂക്തമായ "കുറ്റം തെളിയിക്കപ്പെടും വരെ നിങ്ങൾ നിരപരാധിയാണ്" എന്നതിന്റെ നേർ വിപരീത സ്വഭാവമായിരുന്നു. ഇവ ചുമത്തപ്പെടുന്ന ഒരു വ്യക്തി തന്റെ  നിരപരാധിത്വം കോടതിമുറിയിൽ തെളിയും വരെ പൊലീസിന്റെയും സമൂഹത്തിന്റെയും ഒക്കെ മുന്നിൽ ഒരു കുറ്റവാളിയാണ്. അപകടകാരിയായ തീവ്രവാദി. 

വിചാരണ എന്ന ദുരിതപ്രയാണത്തിലൂടെ മുന്നേയും സഞ്ചരിക്കുക വഴി അദ്ദേഹത്തിന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ എല്ലാ ഇരുളടഞ്ഞ മൂലകളും നേരിൽകണ്ട പരിചയമുണ്ടായിരുന്നു. വക്കീലിന്റെ കോട്ടണിഞ്ഞ് ജഡ്ജിയെ അഭിമുഖീകരിക്കുന്ന മുമ്പ് ഭീകരവാദി എന്ന പേരും കേട്ട് പ്രതിക്കൂട്ടിൽ ചൂളി നിൽക്കേണ്ടി വന്നിട്ടുണ്ട് അയാൾക്ക്. അതുകൊണ്ട് മുന്നിൽ വന്നുനിൽക്കുന്ന നിസ്സഹായരും നിരപരാധികളുമായ മനുഷ്യരെ ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ മറ്റാരേക്കാളും സിദ്ധി ഷാഹിദിനുണ്ടായിരുന്നു. മുംബൈയിലെ പല ഹൈ പ്രൊഫൈൽ കേസുകളിലും പൊലീസ് സമർപ്പിച്ചിരുന്ന കുറ്റപത്രങ്ങളിൽ ഷാഹിദിന് പല നിരപരാധികളുടെയും മുഖം തെളിഞ്ഞു കാണാൻ തുടങ്ങി. തികച്ചും നിസ്വാർത്ഥമായി, സ്വന്തം ജീവൻ പോലും അപകടത്തിലാക്കി അദ്ദേഹം അവരുടെ വക്കാലത് ഏറ്റെടുത്തു. 2002 ലെ ഘാട്ട്കോപ്പർ സ്‌ഫോടനക്കേസിലെ POTA അഥവാ പ്രിവൻഷൻ ഓഫ് ടെററിസ്റ്റ് ആക്ടിവിറ്റീസ് ആക്റ്റ് പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടിരുന്ന ആരിഫ് പാൻവാല എന്ന യുവാവിനെയും മറ്റ് എട്ടുപേരെയും, തെളിവുകളൊന്നും ഇല്ല എന്നുള്ള സത്യം കോടതിയെ ബോധ്യപ്പെടുത്തി അവരെ കുറ്റവിമുക്തരാക്കി. അതോടെ ഷാഹിദിന് ഒരു വട്ടപ്പേരു വീണു. 'ഭീകരനായ അഭിഭാഷകൻ' അഥവാ 'അഭിഭാഷകനായ ഭീകരൻ'. എന്നാൽ, പത്രങ്ങളിൽ ചിത്രീകരിക്കപ്പെട്ട പോലെ വെറും ഭീകരവാദ കേസുകൾ മാത്രമല്ലായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. നിഷ്കളങ്കർക്കുമേൽ അന്യായമായി കുറ്റം ആരോപിക്കപ്പെട്ടു എന്ന് ബോധ്യം  വരുന്ന ഏതൊരു കേസിന്റെ വക്കാലത്തും അദ്ദേഹം ഒരു മടിയുമില്ലാതെ ഏറ്റെടുത്തിരുന്നു. 

 

 

ഒട്ടും എളുപ്പമായിരുന്നില്ല ഒരു വക്കീൽ എന്ന നിലയിൽ കോടതിമുറിക്കുള്ളിലും, കോടതി പരിസരങ്ങളിലും, പുറത്ത് സമൂഹത്തിലും ഷാഹിദിന്റെ ജീവിതം. എല്ലായിടത്തും താൻ ഏറ്റെടുത്തിരുന്ന കേസുകളുടെ, പിടിച്ചിരുന്ന പക്ഷത്തിന്റെ പേരിൽ നിരന്തരം ആരോപണങ്ങൾക്ക് വിധേയമാവുകയും. പരിഹസിക്കപ്പെടുകയും, ബുള്ളി ചെയ്യപ്പെടുകയും ചെയ്തു അദ്ദേഹം. എന്നാൽ ബാർ അസോസിയേഷനിൽ അദ്ദേഹത്തിന്റെ നന്മ തിരിച്ചറിഞ്ഞിരുന്ന ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് പ്രാക്ടീസ് മുടങ്ങാതെ തുടരാൻ സാധിച്ചു. വാദങ്ങളിലെ കൃത്യതയും, അസാമാന്യമായ ധിഷണയും ജഡ്ജിമാർക്കിടയിലും ഷാഹിദിന് ബഹുമാനമേകി. തികഞ്ഞ നിഷ്ഠയോടെ കേസ് ഏറ്റെടുത്ത്, കൃത്യമായി തയ്യാറെടുത്തുമാത്രം വാദിക്കാനെത്തിയിരുന്നു അദ്ദേഹം. നിയമത്തിന്റെ അകം പുറം നന്നായി അറിവുള്ളയാളാണ് ഷാഹിദ് എന്നത് കോടതിയിൽ എല്ലാവർക്കും നിശ്ചയമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തോട് അനാവശ്യമായി ആരും ഇടയാൻ നിൽക്കാതായി. എന്നാൽ, കോടതിയിൽ അദ്ദേഹത്തോട് വാദിച്ച് ജയിക്കാത്തവർ താമസിയാതെ അദ്ദേഹത്തെ കൊന്നുകളയും എന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. അതൊന്നും കൊണ്ട് പിന്മാറുന്ന സ്വഭാവക്കാരനല്ലായിരുന്നു ഷാഹിദ്. തനിക്ക് വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി പൊലീസിലും കോടതിയിലും പരാതി നൽകിയെങ്കിലും അതൊക്കെ അവഗണിക്കപ്പെട്ടു. തനിക്ക് പല നമ്പറുകളിൽ നിന്നും ഭീഷണി കോളുകൾ വരുന്നുണ്ട് എന്നുപറഞ്ഞുകൊണ്ടുള്ള ആ പരാതികളിന്മേൽ ഒരു അന്വേഷണവും നടന്നില്ല. ഒരു നമ്പർ പോലും ട്രേസ് ചെയ്യാനുള്ള നടപടികൾ ഉണ്ടായില്ല. 

ഒരു കുറ്റവും ചെയ്യാതെ ജയിൽവാസം അനുഷ്ഠിച്ച് പുറത്തിറങ്ങിയ അന്നുമുതൽ ഷാഹിദ് പരിശ്രമിച്ചത് തന്നെപ്പോലെ ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളെ കുറ്റവിമുക്തനാക്കാൻ വേണ്ടിയാണ്. എന്നാൽ അതും അധികകാലം ചെയ്യാൻ ശത്രുക്കൾ അടുത്തെ അനുവദിച്ചില്ല, 2010 ഫെബ്രുവരി 11 -ന്,  26/11 -ലെ കേസിന്റെ വിധിവരുന്നതിന് ദിവസങ്ങൾക്കു മുമ്പ് , അദ്ദേഹത്തെ ഛോട്ടാ രാജന്റേത് എന്ന് സംശയിക്കുന്ന ഷാർപ്പ് ഷൂട്ടർമാർ, കുർള ടാക്‌സിമെൻസ് കോളനിയിലെ സ്വന്തം ചേംബറിൽ വെച്ച്, കസേരയിൽ ഇരുന്ന ഇരുപ്പിന് നെഞ്ചിൽ രണ്ടു വെടിയുണ്ടകൾ നിക്ഷേപിച്ച് കൊന്നുകളഞ്ഞു. മരിക്കുമ്പോൾ വെറും 32 വയസ്സുമാത്രമായിരുന്നു ഷാഹിദിന്റെ പ്രായം. "ഇന്നല്ലെങ്കിൽ നാളെ ഞാൻ കൊല്ലപ്പെടും. ഏജൻസി എന്റെ പിന്നാലെതന്നെയുണ്ട്. വസ്തുതകൾ എന്നിലൂടെ പുറത്തുവരുന്നത് അവർക്ക് പിടിക്കുന്നില്ല" ഷാഹിദ് മരിക്കും മുമ്പ് ഒരു ദിവസം തന്റെ സഹോദരൻ ഖാലിദിനോട് ഇങ്ങനെ പറഞ്ഞിരുന്നു. 

 

 

എന്നാൽ, ഷാഹിദിനെ അടുത്തറിഞ്ഞിരുന്ന പല നിയമവിദ്യാർത്ഥികൾക്കും ഷാഹിദ് ഒരു റോൾ മോഡലായിരുന്നു. ഷാഹിദിന്റെ ജീവിതം അഭ്രപാളികളിലേക്ക് പകർത്തിയത് ഹന്‍സ്‌ലാല്‍ മെഹ്ത  എന്ന സംവിധായകനാണ്.  'ഷാഹിദ്' എന്നുപേരായ ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ പല സുപ്രധാന മുഹൂർത്തങ്ങളും ഏറെക്കുറെ ആത്മാർത്ഥമായിത്തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ ചിത്രത്തിലെ അഭിനയം രാജ് കുമാർ റാവുവിന് മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തു. ഈ ചിത്രം പോലും അതിനു ശേഷം നിരവധി യുവാക്കൾക്ക് അഭിഭാഷകവൃത്തി തിരഞ്ഞെടുക്കാനും, ഷാഹിദിനെപ്പോലെ നിരപരാധികളുടെ മോചനത്തിനായി ജീവിതം ഉഴിഞ്ഞു വെക്കാനും പ്രചോദനമായിട്ടുണ്ട്. 2003 -ൽ തുടങ്ങി 2010 -ൽ മരണത്തോടെ അവസാനിച്ച തന്റെ അഭിഭാഷകജീവിതത്തിനിടെ 17 നിരപരാധികളെ കോടതിയിൽ നിന്ന് കുറ്റവിമുക്തരാക്കി ഇറക്കിക്കൊണ്ടു പോന്നിട്ടുണ്ട് ഷാഹിദ്. മുംബൈ ഭീകരാക്രമണക്കേസിലെ അറസ്റ്റിലായ ഫാഹിം അൻസാരി എന്നയാളുടെ കേസ് വാദിക്കുന്നതിനിടെയാണ് ൨൦൧൦-ൽ അദ്ദേഹം വധിക്കപ്പെടുന്നത്. 2012 -ൽ ഫാഹിം അൻസാരിയെ കോടതി വെറുതെ വിട്ടെങ്കിലും അത് കാണാനുള്ള ഭാഗ്യം ഷാഹിദ് ആസ്മിക്ക് ഉണ്ടായില്ല.

'ഷാഹിദിന്റെ അനുജൻ അഡ്വ. ഖാലിദ് ആസ്മി തന്റെ ചേംബറിൽ '

ജ്യേഷ്ഠന്റെ മരണശേഷം അനുജൻ ഖാലിദ്, എൽഎൽബി പാസായി സന്നദെ‌ടുത്തു. രണ്ടു വെടിയുണ്ടകളുടെ രൂപത്തിൽ വന്നെത്തിയ മരണം   ഷാഹിദിനെ പൂർത്തിയാക്കാൻ അനുവദിക്കാതിരുന്ന ആ കേസുകളിൽ പലതും ഇന്ന് വാദിക്കുന്നത് ഖാലിദാണ്. " ഷാഹിദ് തുടങ്ങിയ ദൗത്യം ഏറ്റെടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ് എന്നെനിക്ക് തോന്നി. അതാണ് ഞാൻ ഇന്നും അവന്റെ പോരാട്ടങ്ങൾ തുടർന്ന് പോകുന്നത്." ഖാലിദ് ഗ്രൗണ്ട് സീറോ പോർട്ടലിനോട് പറഞ്ഞു.