Asianet News MalayalamAsianet News Malayalam

ചെറുപ്പം മുതൽ കണക്കുപറഞ്ഞ് ഞെട്ടിച്ച, ഭർത്താവിനെ മനസ്സിലാക്കാൻ സ്വവർഗലൈംഗികതയെപ്പറ്റി പഠിച്ച, ശകുന്തളാ ദേവി എന്ന ജീനിയസ്

എഴുപതുകളിലാണ് തന്റെ ഭർത്താവ് ഒരു സ്വവർഗാനുരാഗിയാണ് എന്ന സത്യം ശകുന്തളാദേവി മനസ്സിലാക്കുന്നത്. അത് അവരെ ഏറെ പിടിച്ചുലച്ചു.

Shakuntala devi, the math genius who researched about homosexuality for IAS husband
Author
India, First Published Nov 4, 2019, 1:24 PM IST

കുഞ്ഞു ശകുന്തളക്ക് അന്ന് മൂന്നു വയസ്സ് തികയുന്നേയുണ്ടായിരുന്നുള്ളൂ. മുന്നിൽ നിരത്തി വെച്ചിരിക്കുന്ന കാർഡുകളിലേക്ക് അവൾ സാകൂതം നോക്കി. ആ നോട്ടത്തെ ചുറ്റിപ്പറന്നുകൊണ്ട് ഒരു നൂറുകണ്ണുകൾ അന്നാ സർക്കസ് കൂടാരത്തിനുള്ളിലുണ്ടായിരുന്നു. തമ്പിലെ സകലകലാവല്ലഭനായ ബിശ്വാമിത്ര മാനിയുടെ മകളാണ് ശകുന്തള. ഒരു കന്നഡിഗ പൂജാരി കുടുംബത്തിൽ പിറന്ന ബിശ്വാമിത്ര, ശാന്തിപ്പണി ചെയ്യില്ല എന്ന് വിപ്ലവമുണ്ടാക്കി, വീടും നാടും വിട്ടോടിപ്പോയി ഒടുവിൽ ചെന്നുപെട്ടത് ഒരു സർക്കസ് കൂടാരത്തിലായിരുന്നു. അവിടെ അയാൾ ചെയ്യാത്ത പണികളില്ല. ട്രപ്പീസ്, ഞാണിന്മേൽക്കളി, സിംഹത്തെയും കടുവയെയും കൊണ്ട് ട്രിക്കുകൾ കാണിക്കുക അങ്ങനെ പലജാതി അഭ്യാസങ്ങളുണ്ട് ബിശ്വാമിത്രയുടെ കയ്യിൽ. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രകടനങ്ങൾക്കൊടുവിൽ ജനങ്ങളെല്ലാം പിരിഞ്ഞു പോയിക്കഴിഞ്ഞാൽ ബിശ്വാമിത്രയുടെ നേരം പോക്ക് ചീട്ടുകൊണ്ടുള്ള ചില്ലറ മന്ത്രികവിദ്യകളൊക്കെ കാണിച്ച് പൊന്നുമോൾ ശകുന്തള എന്ന മൂന്നുവയസ്സുകാരിയെ അത്ഭുതപ്പെടുത്തുക എന്നതാണ് . 

തന്റെ കാർഡ് മാജിക്കിന്റെ തരികിട വിദ്യകളൊന്നും മനസ്സിലാക്കാനുള്ള പ്രായം ശകുന്തളക്കായിട്ടില്ല എന്ന വിശ്വാസമായിരുന്നു അവളുടെ അച്ഛന്. ശകുന്തളക്കെന്നല്ല, ആ തമ്പിനുള്ളിലെ ആർക്കും ആ ട്രിക്കുകൾക്ക് പിന്നിലെ രഹസ്യം പിടികിട്ടിയിരുന്നില്ല അന്നുവരെ. എന്നാൽ, മൂന്നുവയസ്സ് പിന്നിട്ടതോടെ ശകുന്തളയുടെ മട്ടും മാതിരിയുമെല്ലാം മാറി. അച്ഛൻ തന്റെ മുന്നിൽ നിരത്തിയ കാർഡുകളുടെ നമ്പറുകൾ ഒന്നില്ലാതെ ഹൃദിസ്ഥമാക്കി അയാളെ ഞെട്ടിച്ചുകളഞ്ഞു ശകുന്തള. അന്ന് ആ അച്ഛനൊരു തീരുമാനമെടുത്തു. ഇനിയും ആ തമ്പിനുള്ളിൽ കഴിച്ചുകൂട്ടാനുള്ളതല്ല തന്റെ ജീവിതം. അതിനൊരു ലക്ഷ്യമുണ്ട്. അത്, മകൾ ശകുന്തള എന്ന ഗണിതശാസ്ത്രപ്രതിഭക്ക് വേണ്ട പ്രോത്സാഹനം നൽകുക എന്നതുമാത്രം. തുടക്കം തെരുവുകളിലെ പ്രകടനങ്ങളിലൂടെ ആയിരുന്നു. വിശേഷിച്ച് ഒരു ഔപചാരിക വിദ്യാഭ്യാസവും സിദ്ധിച്ചിട്ടില്ലാത്ത ശകുന്തള എന്ന കൊച്ചുമിടുക്കി, വളരെ സങ്കീർണമായ കണക്കുകൾക്ക് നിമിഷനേരം കൊണ്ട് ഉത്തരം കണ്ടെത്തി ആളുകളെ ഞെട്ടിച്ചു. 

അഞ്ചാമത്തെ വയസ്സിൽ ഗണിതശാസ്ത്രത്തിലെ ക്ലിഷ്ടമായ വഴിക്കണക്കുകൾ ശകുന്തള നിഷ്പ്രയാസം പരിഹരിച്ചു. ആറാമത്തെ വയസ്സിലായിരുന്നു അവരുടെ ആദ്യത്തെ പ്രധാന അക്കാദമിക് പ്രകടനം. മൈസൂർ സർവകലാശാലയിൽ തടിച്ചുകൂടിയ ജനാവലിക്കുമുന്നിൽ ശകുന്തള നടത്തിയ പ്രകടനം മാധ്യമശ്രദ്ധയാകർഷിച്ചു. അമ്പതുകളിൽ അവർ യൂറോപ്യൻ പര്യടനം നടത്തി. ബിബിസി -യിൽ നടന്ന ഒരു ഷോയിൽ ചോദിച്ച ചോദ്യത്തിനുള്ള ശകുന്തളയുടെ മറുപടി ചോദ്യകർത്താവിന്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ശകുന്തളക്ക് തെറ്റി എന്നുതന്നെ ലോകം കരുതി. എന്നാൽ, പുനഃപരിശോധനയിൽ തെറ്റിയത് ചോദ്യകർത്താവിനാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടു. യൂറോപ്യൻ വാസത്തിനുശേഷം അറുപതുകളിൽ നാട്ടിൽ തിരിച്ചെത്തിയ ശകുന്തളാ ദേവി, സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പാരിതോഷ് ബാനർജിയെ വിവാഹം കഴിച്ചു. എൺപതുകളിൽ വീണ്ടും അമേരിക്കൻ പര്യടനത്തിനായി അവർ പോയി. 1980 -ല്‍, രണ്ടു പതിമൂന്നക്ക സംഖ്യകളെ ഇരുപത്തെട്ടു സെക്കൻഡ് നേരം കൊണ്ട് ഗുണിച്ച് ഉത്തരം പറഞ്ഞ് ലണ്ടനിലെ ഇമ്പീരിയൽ കോളേജിലെ കാണികളെ അവർ ഞെട്ടിച്ചു. 1982- ശകുന്തളാ ദേവി ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു. ഒപ്പം ജനം അവരെ ഹ്യൂമൻ കമ്പ്യൂട്ടർ എന്നും വിളിക്കാൻ തുടങ്ങി. 

Shakuntala devi, the math genius who researched about homosexuality for IAS husband

കണക്കിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് നിമിഷങ്ങൾക്കകം ഉത്തരം കണ്ടെത്തുന്ന ശകുന്തളാ ദേവിയെ എല്ലാവർക്കുമറിയാം. എന്നാൽ, സ്വന്തം ജീവിതത്തിൽ അവരുടെ ഉത്തരം മുട്ടിച്ച ഒരു ചോദ്യം, വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഉയർന്നു വന്നു. സ്വവർഗ ലൈംഗികതയെ ഒട്ടുംതന്നെ അംഗീകരിക്കാനാകാത്ത എഴുപതുകളിലാണ് തന്റെ ഭർത്താവ് ഒരു സ്വവർഗാനുരാഗിയാണ് എന്ന സത്യം ശകുന്തളാദേവിക്കുമുന്നിൽ അനാവൃതമാകുന്നത്. അതുമായി സമരസപ്പെടുക അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. അത് ദേവിയെ മാനസികമായി ഏറെ പിടിച്ചുലച്ചു. എന്നാൽ, അതിനെ തന്റെ ഭാഗ്യദോഷമായ് കണ്ട്, വിധിയെ പഴിക്കാനോ കണ്ണീർ പൊഴിച്ചുകൊണ്ടിരിക്കാനോ ഒന്നും ശകുന്തളാ ദേവി തയ്യാറായിരുന്നില്ല. അതിനു പകരം, ഒരു പുരുഷൻ സ്വവർഗാനുരാഗിയാകുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന ശാരീരികവും മാനസികവുമായ പ്രക്രിയകളെ അനാവരണം ചെയ്യാൻ, അവയെപ്പറ്റി ആഴത്തിൽ പഠിക്കാൻ അവർ ശ്രമിച്ചു. തന്റെ ഭർത്താവിനെ അദ്ദേഹത്തിന്റെ ലൈംഗികതയുടെ പേരിൽ അധിക്ഷേപിക്കാനോ, അദ്ദേഹത്തെ സ്വന്തം ജീവിതത്തിൽ നിന്ന് അടർത്തിമാറ്റാനോ അവർ തുനിഞ്ഞില്ല. പകരം, ഇന്ത്യയിലും വിദേശത്തുമായി തങ്ങളുടെ ലൈംഗികത സമൂഹത്തിൽ നിന്ന് ഒളിച്ചുവെച്ചുകൊണ്ട്, ഏറെ ഗൂഢമായ രീതിയിൽ അതിനെ പ്രകാശിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ജീവിക്കുന്ന സ്വവർഗാനുരാഗികളെപ്പറ്റി, അവരുടെ ജീവിതചര്യകളെപ്പറ്റി പഠിക്കാൻ ശകുന്തളാ ദേവി ശ്രമിച്ചു. ആ അനുഭവങ്ങളെ അവർ പഠനങ്ങളാക്കി മാറ്റി. 

ഇന്ത്യയിൽ ഐപിസി 377 -ാം വകുപ്പ് റദ്ദാക്കപ്പെട്ടത് 2018 -ലാണ്. എന്നാൽ 1977 -ൽ തന്നെ ശകുന്തളാ ദേവി ഈ ആവശ്യം ശക്തമായി ഉയർത്തിക്കൊണ്ട് നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. പ്രസംഗങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തെ ആസ്പദമാക്കി അവർ 1977 -ൽ ഒരു പുസ്തകമെഴുതി. 'ദ വേൾഡ് ഓഫ് ഹോമോ സെക്ഷ്വൽസ്'. ആ പുസ്തകത്തിലൂടെ അവർ സ്വവർഗാനുരാഗികൾ ഇന്ത്യയിൽ അനുഭവിക്കുന്ന വിവേചനങ്ങൾ മുഖ്യധാരയുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചു. ആ ഒരു കാലത്ത് പ്രസ്തുത പുസ്തകത്തിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നുവെന്നെങ്കിലും, പിൽക്കാലത്ത് LGBTQ ആക്ടിവിസ്റ്റുകൾ ഈ വിലപ്പെട്ട പുസ്തകത്തെ കണ്ടെടുക്കുകയും, അതിൽപ്പിന്നെ അത് ഈ വിഷയത്തിലെ ആധികാരിക രേഖകളിൽ ഒന്നായി മാറുകയും ചെയ്തു. ഇന്ത്യയിലെ സ്വവർഗ ലൈംഗികതയെപ്പറ്റി നടന്ന ആദ്യത്തെ സമഗ്രപഠനങ്ങളിൽ ഒന്നാണ് ശകുന്തളാ ദേവിയുടെ ഈ പുസ്തകം. അതിൽ അവർ ഇങ്ങനെ എഴുതി, "സദാചാരവിരുദ്ധത എന്നത് വ്യത്യസ്തമായിരിക്കുക എന്നതല്ല. ഒരാളെ വ്യത്യസ്തനായിരിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ്. സമൂഹം നിർണയിക്കുന്ന ലൈംഗികതയ്ക്ക് വിപരീതമായ ഒരു ലൈംഗിക ചോദന ഉണ്ടാകുന്നതല്ല കുറ്റം, അതിന്റെ പേരിൽ ഒരാളെ പീഡിപ്പിക്കാനും, അയാളെ കുറ്റക്കാരനെന്ന് മുദ്രകുത്താനും ശ്രമിക്കുന്നതാണ്.." 

Shakuntala devi, the math genius who researched about homosexuality for IAS husband

എന്നാൽ, അധികം താമസിയാതെ, ബാനർജിയുമായുള്ള ശകുന്തളാ ദേവിയുടെ അസ്വാരസ്യങ്ങൾ വർധിച്ചുവന്നു. പുസ്തകമിറങ്ങി രണ്ടുവർഷങ്ങൾക്കുളിൽ അവർ വിവാഹമോചിതരായി. അതിനുശേഷം ശകുന്തളാ ദേവി തന്റെ ശിഷ്ടജീവിതം ഗണിതശാസ്ത്രത്തിനായി ഉഴിഞ്ഞുവെച്ചു. കളികളിലൂടെ ഗണിതം പഠിക്കാൻ നിരവധി പുസ്തകങ്ങൾ അവർ രചിച്ചു. കുട്ടികളെ ഗണിതം പഠിപ്പിച്ചു. ഗണിതത്തിൽ ഔപചാരികവിദ്യാഭ്യാസമൊന്നും തന്നെ സിദ്ധിച്ചിട്ടില്ലാത്ത അവർ നിരന്തരമായ അഭ്യാസത്തിലൂടെയാണ് തന്റെ അസാമാന്യമായ കഴിവുകളെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നത്. ഗണിതശാസ്ത്രരംഗത്ത് അവർ അറിയപ്പെടുന്ന അത്രതന്നെ, ജീവിതം മുന്നോട്ടുവച്ച പ്രതിസന്ധിയിൽ തളരാതെ അതിൽ നിന്നുപോലും വളരെ ക്രിയാത്മകമായ രീതിയിലുള്ള സംഭാവനകൾ സമൂഹത്തിന് നൽകാൻ അവർ കാണിച്ച മനസ്സാന്നിദ്ധ്യവും ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്, അംഗീകരിക്കപ്പെടേണ്ടതുണ്ട്. 

2013  ഏപ്രിൽ 21 -ന്  തന്റെ 83 -ാമത്തെ വയസ്സിൽ അവർ വാർധക്യസഹജമായ അസുഖങ്ങളാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. 2013 -ൽ ശകുന്തളയുടെ ശതാഭിഷേകവർഷത്തിൽ ഗൂഗിൾ ശകുന്തളാദേവിയുടെ ബഹുമാനാർത്ഥം ഒരു ഡൂഡിൾ സമർപ്പിക്കുകയുണ്ടായി. ശകുന്തളയുടെ ജീവിതം പ്രമേയമാക്കിക്കൊണ്ട് വിദ്യാബാലൻ അഭിനയിച്ച 'ശകുന്തളാ ദേവി - ഹ്യൂമൻ കമ്പ്യൂട്ടർ' എന്നൊരു ഹിന്ദി ചിത്രം അണിയറയിൽ തയ്യാറാവുന്നുണ്ട്. ശകുന്തളാ ദേവി എന്ന കാലാതിവർത്തിയായ ഗണിതശാസ്ത്രപ്രതിഭയ്ക്ക് ഇന്ന് തൊണ്ണൂറാം ജന്മദിനം. 
 

Follow Us:
Download App:
  • android
  • ios