ഷാന്‍റെല്‍ പോസര്‍, അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഡൗണ്‍ സിന്‍ഡ്രോമുള്ള ആദ്യത്തെ അറ്റന്‍ഡന്‍റായി സേവനമനുഷ്ഠിച്ച പതിനേഴുകാരി. അവള്‍ തന്‍റെ 'ഫസ്റ്റ് ഫ്ലൈറ്റ്' വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ അത് അവളെപ്പോലെയുള്ള അനേകം പേര്‍ക്ക് പ്രതീക്ഷയുടെ കരുത്തായി. 

'ആളുകള്‍ അവളെ തിരിച്ചറിയുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നു' പോസറിന്‍റെ അമ്മ ഡിയന്ന മില്ലര്‍ ബെറി പറയുന്നു. പതിനേഴാമത്തെ പിറന്നാളിനാണ് ഈ സന്തോഷം പോസറിന് സാധ്യമായത്. ഡൗണ്‍ സിന്‍ഡ്രോം മാത്രമല്ല, പറക്കുക എന്നത് അസാധ്യമായ പ്രശ്നങ്ങളും അവള്‍ക്കുണ്ടായിരുന്നു. 

സൗത്ത് കരോലിനയില്‍ നിന്നും ഓഷ്യോയിലേക്കുള്ള പറക്കലുകള്‍ക്കിടയിലാണ് പറക്കുക എന്നത് അവളുടെ സ്വപ്നങ്ങളിലേക്ക് കടന്നു വന്നത്. തന്‍റെ ആശുപത്രിയിലേക്കുള്ള യാത്രയായിരുന്നു അതൊക്കെ എങ്കിലും ആ പറക്കലുകളെ അവളിഷ്ടപ്പെട്ടു. 30 സര്‍ജറികളാണ് പോസറിന്‍റെ ശരീരത്തില്‍ ഇതുവരെ നടന്നത്. 20 ലക്ഷത്തിന് മുകളില്‍ 2015 മുതല്‍ 2018 വരെ മാത്രം അതിനായി അവളുടെ മാതാപിതാക്കള്‍ ചെലവാക്കിക്കഴിഞ്ഞു. 

ഒരു ദിവസം ഫ്ലൈറ്റ് യാത്രയില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിന്‍റെ ജോലികളെല്ലാം നോക്കിക്കാണവേയാണ് പോസറിന് ഫ്ലൈറ്റ് അറ്റന്‍ഡന്‍റാവണമെന്ന മോഹമുണ്ടാകുന്നത്. മകള്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നതും സീറ്റിലിരുന്നു കൊണ്ട് അവരെ അനുകരിക്കുന്നതും പോസറിന്‍റെ അമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

അതുപോലെ ഒരു യാത്രയിലാണ് പോസര്‍ ക്യാപ്റ്റന്‍ മാത്യു കോളീനെയും ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് വലറീ ബട്ട്ലറേയും കാണുന്നത്. അവരാണവള്‍ക്ക് കോക്പിറ്റിലേക്കുള്ള വഴി തുറന്നു നല്‍കുന്നതും ചിറകുകള്‍ നല്‍കുന്നതും. ഫ്ലൈറ്റ് ഇറക്കിയ ശേഷം അവള്‍ക്ക് കോക്പിറ്റിനകം കാണാനുള്ള അവസരം ലഭിച്ചു. അന്നാണ് ഫ്ലൈറ്റ് അറ്റന്‍ഡന്‍റാവണം എന്ന സ്വപ്നം അവളിലുണ്ടായത്. 

വിമാനത്തോട് അവള്‍ക്ക് വല്ലാത്തൊരു ഭ്രമമായിരുന്നു പോസറിന്‍റെ അമ്മ പറയുന്നു. അങ്ങനെ അവര്‍ പോസറിന്‍റെ പിറന്നാളിന് നാല് മാസം മുമ്പ് മകള്‍ക്ക് പിറന്നാളിന് ഒരു എയര്‍ലൈന്‍ തീമിലുള്ള പാര്‍ട്ടി ഒരുക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെയാണവര്‍ അവര്‍ അമേരിക്കന്‍ എയര്‍ലൈന്‍സിനെ സമീപിക്കുന്നത്. വളരെ കുറച്ച് സ്ഥലം എവിടെയെങ്കിലും നല്‍കുമോ എന്നന്വേഷിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ, ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാളായി ഇതിനെ ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്നൊരു സമ്മാനമാണ് എയര്‍ലൈന്‍സ് അവര്‍ക്ക് നല്‍കിയത്. Boeing 737-900 ജെറ്റ് തന്നെ പാര്‍ട്ടിക്കായി വിട്ടുകൊടുത്തു. 

പോസറിന്‍റെ സുഹൃത്തുക്കളും അവരുടെ മാതാപിതാക്കളും പിറന്നാളിന് എത്തിച്ചേര്‍ന്നു. കൂടാതെ ഒരു സ്പെഷല്‍ ഗസ്റ്റുമുണ്ടായിരുന്നു, കൊളംബിയയില്‍ നിന്ന്. സൗത്ത് കരോലിന മേയര്‍ സ്റ്റീവ് ബെഞ്ചമിന്‍. അന്ന് ഫ്ലൈറ്റില്‍ കയറിയവരുടെയെല്ലാം മുന്നില്‍ നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റായി നിന്നു. 

ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അവളുടെ പുഞ്ചിരി എല്ലാം മറക്കുന്ന ഒന്നായിരുന്നു എന്ന് പോസറിന്‍റെ അമ്മ പറയുന്നു. ഒരുപാട് പ്രശ്നങ്ങള്‍... ഡൗണ്‍ സിന്‍ഡ്രോം... ഒരുപാട് ആശുപത്രികള്‍. അവസാനം Cincinnati Children's Hospital ലിലെ ചികിത്സയാണ് അവള്‍ക്ക് ഗുണകരമായിത്തുടങ്ങിയത്. 

പോസറിന്‍റെ ചികിത്സക്കായി അവളുടെ ഇന്‍ഷുറന്‍സ് തുകകളൊന്നും തികഞ്ഞിരുന്നില്ല. പലപ്പോഴും അവര്‍ ദുരിതമനുഭവിച്ചു. വില്‍ക്കാവുന്നതൊക്കെ വിറ്റു. സ്വന്തം മുടി ശ്രദ്ധിക്കാന്‍ കഴിയാത്തതിനാല്‍ അതുവരെ മുറിച്ചു അവളുടെ അമ്മ. 

ഫ്ലൈറ്റിലെ അനുഭവം
ഫ്ലൈറ്റ് അറ്റന്‍ഡന്‍റിന്‍റെ യൂണിഫോം ധരിച്ച് അവള്‍ യാത്രക്കാരെ ആത്മവിശ്വാസത്തോടെ നോക്കി. അവള്‍ക്കേറ്റവും ഇഷ്ടം സ്നാക്കുകള്‍ നല്‍കുന്ന ജോലിയായിരുന്നു. പക്ഷെ, ഏത് വേണം എന്ന് ചോദിക്കുന്നതിന് പകരം അവള്‍ക്കിഷ്ടമുള്ള സ്നാക്കുകളാണ് അവള്‍ കൊടുത്തതെന്ന് മാത്രം. യാത്രക്കാര്‍ പരാതിയൊന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ട് അവളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. 

മില്ലര്‍ ബെറി പറയുന്നത്, തന്‍റെ മകള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണ്. അവള്‍ക്ക് പറ്റാവുന്നിടത്തോളം നല്ല ഓര്‍മ്മകളുണ്ടാക്കി നല്‍കണം എന്നാണ്. അവളുടെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളോരോന്നായി നടത്തിക്കൊടുക്കുകയാണ് അവര്‍. 
ബെസ്റ്റ് ഫ്രണ്ടിനെ കണ്ടുപിടിക്കുക
ബൈക്കോടിക്കാന്‍ പഠിക്കുക
മോട്ടോര്‍സൈക്കിള്‍ റൈഡ് നടത്തുക
ബിരുദദാനത്തിനായി സ്റ്റേജില്‍ കയറുക
പ്രൊഫഷണല്‍ ഹെയര്‍കട്ട് നടത്തുക

ഇവയൊക്കെയാണ് അവളുടെ ബക്കറ്റ് ലിസ്റ്റിലെ നടപ്പിലായ കാര്യങ്ങള്‍. 

അവള്‍ക്ക് പ്രത്യേകം പരിശീലനം ലഭിച്ച ഒരു നായയുമുണ്ട്. മോശം അവസ്ഥയിലാവുമ്പോള്‍ നായ മറ്റുള്ളവരെ അതിനേക്കുറിച്ച് അറിയിക്കും. മില്ലര്‍ പറയുന്നത് മൂന്ന് തവണയെങ്കിലും മകളുടെ ജീവന്‍ ആ നായ രക്ഷിച്ചു കഴിഞ്ഞുവെന്നാണ്. 

പോസറിന്‍റെ മറ്റൊരു വലിയ ആഗ്രഹമായിരുന്നു മിഷേല്‍ ഒബാമയെ കാണുക എന്നത്. അതും സാധ്യമായിരുന്നു. പോസറിന് ഏറ്റവും ആരാധനയുള്ള ആളായിരുന്നു മിഷേല്‍. അന്ന്, മില്ലറിനോട് മിഷേല്‍ പറഞ്ഞത്, ഇങ്ങനെയൊരു മകളെ കിട്ടാന്‍ ഭാഗ്യം വേണമെന്നാണ്. പോസറിന്‍റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, അവള്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തുകൊണ്ട് കൂടെ നില്‍ക്കുകയാണ് മില്ലര്‍. അതെല്ലാം അവളുടെ ആരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്തുമെന്നും എല്ലാക്കാലവും അവര്‍ക്കൊപ്പം അവളുമുണ്ടാകുമെന്നുമുള്ള പ്രതീക്ഷയാണവര്‍ക്ക്.