ആഭ്യന്തര യുദ്ധങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിടുന്ന അക്രമങ്ങളെ തുറന്നുകാണിച്ച് യുഎന്നിന്‍റെ റിപ്പോര്‍ട്ട്. ഒന്‍പതുവയസുകാരിയടക്കം ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണ് സിറിയയിലുള്ളത്. സൈനിക പരിശീലനം നേടാന്‍ ആണ്‍കുട്ടികള്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. പൊതുജനമധ്യത്തില്‍ വച്ച് കൊലപാതകങ്ങള്‍ നടത്താന്‍  ഇവര്‍ നിബന്ധിതരാവുന്നു. പ്രത്യേക പരിശീലനം കിട്ടിയ സ്നൈപ്പര്‍മാര്‍ കുട്ടികളെ തെരഞ്ഞുപിടിച്ച് വെടിവയ്ക്കുന്നു. തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നു. തുടങ്ങിയ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ആഭ്യന്തര കലാപങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യുഎന്‍ നടത്തിയിരിക്കുന്നത്. 

2011ല്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്കിടയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഓഫ് എന്‍ക്വയറി ഫോര്‍ സിറിയയാണ് പഠന റിപ്പോര്‍ട്ട് യുഎന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എട്ട് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിട്ടത് സമാനതകളില്ലാത്ത ഭീകരതയാണെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മര്‍ദ്ദിക്കപ്പെട്ടും, പട്ടിണി കിടന്നും, പൊള്ളലേല്‍ക്കപ്പെട്ടും, കൊല്ലപ്പെട്ടും, അനാഥരാക്കപ്പെട്ടും ആ കുട്ടികള്‍ ഒരുപാട് സഹിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്‍പത് ലക്ഷത്തോളം കുട്ടികളാണ് സിറിയയുടെ പല ഭാഗങ്ങളിലായി പാലായനം ചെയ്യേണ്ടി വന്നത്. പലര്‍ക്കും കുടുംബവുമായുള്ള ബന്ധങ്ങള്‍ നഷ്ടമായി. അവരുടെ ബാല്യം മുഴുവന്‍ കവര്‍ന്നെടുത്തെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

A Syrian child holds a piece of cauliflower in his hand at the Ash'ari camp for the displaced in the rebel-held eastern Ghouta area outside the capital Damascus on October 25, 2017. (Amer Almohibany/AFP)

സിറിയയിലേക്ക് പ്രവേശന വിലക്കുള്ള യുഎന്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ കണക്കെടുപ്പ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തിയിരുന്നു. എന്നാല്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവരങ്ങള്‍ യുഎന്‍ ശേഖരിക്കുന്നത് തുടരുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവ ഗ്രൂപ്പുകള്‍ ഒന്‍പത് വയസ് മാത്രമുള്ള പെണ്‍കുട്ടികളെ വരെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ചു. വ്യോമാക്രമണങ്ങള്‍ ചിന്ന ഭിന്നമാക്കിയ നഗരങ്ങളില്‍ ആണ്‍കുട്ടികള്‍ അല്‍ ഖ്വയ്ദ പോലുള്ള ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിബന്ധിതരായി. 

ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും സര്‍ക്കാരുകള്‍ അവ അവഗണിച്ചുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് കണ്ണടക്കുന്ന സമീപനമാണുണ്ടായത്.  സ്നൈപ്പര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ പലപ്പോഴും കുട്ടികളെയാണ് ലക്ഷ്യമാക്കി നല്‍കിയത്. പിഞ്ചുകുട്ടികളുടെ തല തുളച്ചാണ് പലപ്പോഴും പരിശീലനം പൂര്‍ത്തിയായിരുന്നത്. രാസായുധങ്ങള്‍ പ്രയോഗിക്കപ്പെട്ടു. ഓക്സിജന്‍ വലിച്ചെടുത്ത് പൊട്ടിത്തെറിക്കുന്നതെര്‍മോബാറിക് ബോംബുകള്‍ കുട്ടികള്‍ക്ക് നേരെ യാതൊരു പരിഗണനയുമില്ലാതെ പ്രയോഗിക്കപ്പെട്ടു.

സ്കൂളുകളും ആശുപത്രികളുമാണ് ഇത്തരത്തില്‍ രാസായുധ ആക്രമണത്തില്‍ തകര്‍ന്നത്. 2011 ഒക്ടോബര്‍ മുതല്‍ 2019 വരെ സിറിയന്‍ കുട്ടികള്‍, ദൃക്സാക്ഷികള്‍, അതിജീവിച്ചവര്‍, ആതുരസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുമായി അയ്യായിരത്തിലധികം അഭിമുഖങ്ങള്‍ നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.