എന്നാല്‍, ഈ സ്ഥലങ്ങളിലെല്ലാം കാട്ടുതീയുണ്ടാവുകയും അവിടെയുള്ള പക്ഷികളും മൃഗങ്ങളുമടക്കം ഇല്ലാതാവുകയും ചെയ്യുന്നുണ്ട്. 

പാരിസ്ഥിതികമായ മാറ്റങ്ങള്‍ ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നുണ്ട്. ഉഷ്ണമായും കാട്ടുതീയായും വെള്ളപ്പൊക്കമായും പ്രകൃതിദുരന്തങ്ങളുണ്ടാകുന്നു. ആഗോളതാപനത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ലോകത്തിലെ തന്നെ തണുപ്പുള്ള സ്ഥലങ്ങളില്‍ കാട്ടുതീയുണ്ടാകുന്നത് ചര്‍ച്ച ചെയ്യപ്പെടുന്നത് അങ്ങനെയാണ്. 

നോർ‌വെ, സ്വീഡൻ, ഫിൻ‌ലാൻ‌ഡ്, റഷ്യ, ഡെൻ‌മാർക്ക്, ഐസ്‌ലാൻ‌ഡ്, യു‌എസ്‌എ, കാനഡ എന്നിവയുടെ ഭാഗങ്ങൾ‌ ഉൾ‌ക്കൊള്ളുന്ന ആർ‌ട്ടിക് സർക്കിൾ‌ ഭൂമിയിലെ ഏറ്റവും തണുത്ത സ്ഥലമാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഈ സ്ഥലങ്ങളിലെല്ലാം കാട്ടുതീയുണ്ടാവുകയും അവിടെയുള്ള പക്ഷികളും മൃഗങ്ങളുമടക്കം ഇല്ലാതാവുകയും ചെയ്യുന്നുണ്ട്. 

റഷ്യയിലെ ഒരുകൂട്ടം ആര്‍ട്ടിസ്റ്റുകള്‍ ഇതിനെ പ്രതിനിധീകരിക്കുന്ന വരകളും ചിത്രങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയാണ്. ഈ തീയില്‍ നിന്ന് എങ്ങനെ വനങ്ങളെ രക്ഷിക്കുമെന്നറിയാതെയിരിക്കുകയും ശേഷിക്കുന്ന വനമെങ്കിലും സംരക്ഷിക്കാനുതകുന്നത് ചെയ്യണമെന്നും കാണിച്ചാണ് ഇവര്‍ വരയ്ക്കുന്നത്. ഇവിടെ ഏകദേശം മൂന്ന് മില്ല്യണ്‍ ഹെക്ടര്‍ ഭൂമിയേയാണ് തീ ബാധിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ സ്മോഗ് മംഗോളിയ അതിര്‍ത്തി വരെ വ്യാപിക്കുന്നു. 

"sibirgorit" (സൈബീരിയ കത്തുന്നു) എന്ന ഹാഷ്‍ടാഗിലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. 25000 -ത്തിനടുത്ത് പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ സേവ് സൈബീരിയ ഫോറസ്റ്റ് എന്ന പേരിലുണ്ടായിരിക്കുന്നത്. ട്വിറ്ററിലിത് 2500 -ലധികമാണ്. ഒന്നും ചെയ്യാനാകാത്ത നിരാശയും സങ്കടവുമാണ് മിക്ക പോസ്റ്റുകളിലും നിഴലിച്ചു നില്‍ക്കുന്നത്. സര്‍ജിക്കല്‍ മാസ്‍കുകള്‍ ധരിച്ചും പലരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ബോധവല്‍ക്കരണമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്. 

കാട്ടുതീയുണ്ടായ പ്രദേശത്ത് താമസിക്കുന്ന യൂലിയ ദുഖോവ തന്‍റെ സര്‍ജിക്കല്‍ മാസ്‍ക് ധരിച്ച ചിത്രത്തിനൊപ്പം എഴുതിയത് -സൈബീരിയ കത്തുകയാണ്. Breathe എന്ന് പേരിട്ടിരിക്കുന്ന എന്‍റെ ഈ ചിത്രങ്ങളുടെ സീരീസ് സൈബീരിയയിലെ കത്തിത്തീരുന്നതും തകര്‍ന്നതുമായ ഹൃദയങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുഎന്നാണ്. 

ഇല്ല്യുസ്ട്രേറ്ററായ യെകഥറീന, കത്തുന്ന കാടിന് മുന്നില്‍ നില്‍ക്കുന്ന ഒരു സ്ത്രീയെ ആണ് വരച്ചത്, അതിനൊപ്പം അവര്‍ ഇങ്ങനെ കുറിച്ചു, എനിക്ക് ഉറക്കെ കരയണമെന്നുണ്ട്, പക്ഷേ, എവിടെ എന്ന് എനിക്കറിയില്ല. 

View post on Instagram

മരിയ റൈബിന എന്ന ആര്‍ട്ടിസ്റ്റ് എഴുതിയിരിക്കുന്നത് നോക്കൂ, ഈ കാടുകള്‍ ഇങ്ങനെ കത്തുന്നതിലെനിക്ക് വളരെയധികം വേദനയുണ്ട്. ഇപ്പോള്‍ തന്നെ ഒരുപാട് വൈകി എന്നറിയാം. ആ ജനങ്ങള്‍ ദു:ഖത്തിലാണ്. മൃഗങ്ങള്‍ ചത്തുപോവുകയാണ്. എനിക്കൊന്നും അതില്‍ ചെയ്യാനാകുന്നില്ലല്ലോ... എന്നാണ്.

സെന്‍റ്. പീറ്റേഴ്സ് ബര്‍ഗില്‍ നിന്നുള്ള ഒരു തെരുവ് ചിത്രകാരന്‍ @Loketski എന്ന അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്തിരിക്കുന്നത് കത്തിക്കരിഞ്ഞ ഒരു മരത്തില്‍ വരച്ചു ചേര്‍ത്ത സ്ത്രീയെ (റഷ്യയില്‍ സാധാരണയായി മാതൃത്വത്തിന്‍റെ പ്രതീകമായി വരയ്ക്കുന്ന) ആണ്. ഒപ്പം തന്നെ വില കൊടുത്തു വാങ്ങാന്‍ കഴിയാത്ത മാതാവ് എന്നും എഴുതിയിരുന്നു.

നമ്മുടെ പൂര്‍വികര്‍ റഷ്യയെ പോളിഷ്, സ്വീഡിഷ്, ടര്‍ക്കിഷ് സൈന്യത്തില്‍ നിന്നും നെപ്പോളിയന്‍റെയും ജര്‍മ്മനിയുടേയും ട്രൂപ്പില്‍ നിന്നും രക്ഷിച്ചു. അവരെല്ലാം അത് ചെയ്തത് സാമ്പത്തികമായി എന്തെങ്കിലുമുണ്ടാക്കാനാണോ? അവരീ രാജ്യത്തെ സംരക്ഷിച്ചത് അത് അവരുടെ മാതൃരാജ്യമായതു കൊണ്ടാണ് എന്നും @Loketski എഴുതിയിരുന്നു. 

ഇന്‍സ്റ്റഗ്രാമില്‍ ഇന്‍ഫ്ലുവെന്‍സുള്ളവരേയും സെലിബ്രിറ്റികളേയും ഈ ആര്‍ട്ടിസ്റ്റുമാര്‍ വിഷയത്തിലിടപെടാനായി ക്ഷണിച്ചിരുന്നു. ടോക്കിയോയിൽ നിന്ന് റഷ്യയിലേക്ക് മടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആർട്ടിസ്റ്റും ഇൻസ്റ്റാഗ്രാം ബ്ലോഗറുമായ യെലീന ഷീഡ്‌ലിന കാട്ടുതീ, വനനശീകരണം എന്നിവയ്ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ഒരു പ്രൊജക്ട് ചെയ്തത്.

സൈബീരിയയിലും വിദൂര കിഴക്കൻ പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ചുള്ള സന്ദേശങ്ങളുമായി എന്റെ വാർത്താ ഫീഡ് അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു -എന്നാണ് അവർ ബിബിസിയോട് പറഞ്ഞത്.

ജപ്പാനിലെ അവരുടെ ആർട്ടിസ്റ്റ് സുഹൃത്തുക്കളുമായി (@s_h_u_r, isdaisuke_shim, @amazing_jiro, @akihikoizuchi)അവര്‍ ബന്ധപ്പെട്ടു, ഫ്ലൈറ്റിന്റെ തലേദിവസം രാത്രിയിലാണ് അവർ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഷൂട്ടിങ് സമയത്ത്, തികഞ്ഞ വേദനയിലായിരുന്നു എന്നും അവർ പറഞ്ഞു.

View post on Instagram

യുഎസ് സിനിമാതാരവും പരിസ്ഥിതി പ്രവർത്തകനുമായ ലിയോനാർഡോ ഡികാപ്രിയോ ഗാർഡിയൻ പ്രസിദ്ധീകരിച്ച കാട്ടുതീയുടെ ഒരു വീഡിയോ റീ-പോസ്റ്റുചെയ്തിരുന്നു. റഷ്യയില്‍ നിന്നുള്ളവര്‍ അതിന് നന്ദി പറഞ്ഞുകൊണ്ട് പ്രതികരിച്ചു. "നിസ്സംഗത കാണിക്കാത്തതിന് നന്ദി ലിയോ. ഞങ്ങൾ ഈ തീയിൽ കത്തുകയാണ്. ഞങ്ങളുടെ പ്രതികരണമില്ലാത്ത സർക്കാരും പ്രതികരിക്കാത്ത ചിലരും നാണക്കേടാണ്" എന്നാണ് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് മറുപടി നൽകിയത്.