Asianet News MalayalamAsianet News Malayalam

5 മിനിറ്റിൽ എത്തുമെന്ന് പറഞ്ഞു, പക്ഷേ; സൗമ്യ, ജിഗിഷ കേസുകളിൽ ഒരേ മെറൂണ്‍ കാർ, ഒരേ പ്രതികള്‍, ചുരുളഴിഞ്ഞതിങ്ങനെ

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യ വിശ്വനാഥനും ജിഗിഷയും കൊല്ലപ്പെട്ടത്. അടുത്തടുത്ത വര്‍ഷങ്ങളില്‍ ഒരേ സ്ഥലത്തുവെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.

Similarities Between Journalist Soumya Vishwanathan And IT Professional Jigisha Ghosh Murder Cases SSM
Author
First Published Oct 19, 2023, 8:55 AM IST

"ഞാൻ 5 മിനിറ്റിനുള്ളിൽ വീട്ടിലെത്തും. ഭക്ഷണം റെഡിയാക്കി വെയ്ക്കണേ"- അതായിരുന്നു അവളുടെ അവസാനത്തെ ഫോൺ കോൾ. 14 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട ജിഗിഷ ഘോഷിനെ ഓര്‍ക്കുമ്പോള്‍ അമ്മ സബിത ഘോഷിന്‍റെ കണ്ണുകള്‍ ഇന്നും നിറയും. 

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെയും തന്‍റെ മകളുടെയും കൊലപാതകങ്ങള്‍ തമ്മില്‍ സമാനതകളേറെയുണ്ടെന്ന് സബിത പറയുന്നു. ഇരുവരും ദില്ലിയിലെ വസന്ത് വിഹാറിലാണ് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. എല്ലാത്തിലുമുപരി ജിഗിഷയെ കൊലപ്പെടുത്തിയ മൂന്ന് പ്രതികള്‍ സൌമ്യയെ കൊലപ്പെടുത്തിയ സംഘത്തിലുമുണ്ടായിരുന്നു.ഒരേ ഗ്യാങ്ങില്‍ പെട്ടവരാണ് അക്രമികള്‍.

ഐടി എക്‌സിക്യൂട്ടീവായിരുന്ന ജിഗിഷ ഘോഷിനെ 2009 മാർച്ചിൽ ദില്ലിയിലെ വസന്ത് വിഹാറിലെ വീടിന് സമീപത്തുവെച്ചാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഒരു യുഎസ് പ്രോജക്റ്റിന്റെ അവതരണം കഴിഞ്ഞ് അതിരാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജിഗിഷ. ഹെഡ്‌ലൈൻസ് ടുഡേയിലെ മാധ്യമപ്രവർത്തകയായ സൗമ്യയാകട്ടെ 2008 സെപ്റ്റംബർ 30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വസന്ത് വിഹാറിൽ വെച്ച് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ നിലയില്‍ സൌമ്യയുടെ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. 

ജിഗിഷ കൊലക്കേസില്‍ രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക് എന്നിവരെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് സൌമ്യയുടെ കേസിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞത്. സൌമ്യയുടെ കേസില്‍ പൊലീസിന് ആദ്യ ഘട്ടത്തില്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്നും തന്‍റെ മകളുടെ കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് തുമ്പ് ലഭിച്ചതെന്നും സബിത പറയുന്നു.

"എന്റെ മകളുടെ കാര്യത്തില്‍ ആഭരണങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയ ശക്തമായ തെളിവുകൾ ലഭിച്ചു. അവളുടെ എടിഎം കാർഡ് ഉപയോഗിച്ച് പ്രതികള്‍ വാച്ചും ഷൂസുമൊക്കെ വാങ്ങിയിരുന്നു. കവര്‍ച്ചയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഇതിലൂടെ തെളിഞ്ഞു"

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്: 5 പ്രതികളും കുറ്റക്കാർ;15 കൊല്ലങ്ങൾക്ക് ശേഷം വിധി, ശിക്ഷ പിന്നീട്

സൌമ്യയെയും ജിഗിഷയെയും ഒരു മെറൂണ്‍ നിറത്തിലുള്ള കാര്‍ പിന്തുടര്‍ന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇരുകൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പൊലീസിന് സംശയം തോന്നിയത്. മോഷണ ശ്രമത്തിനിടെ സൗമ്യ വിശ്വനാഥനെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് മൂന്ന് പ്രതികൾ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. 

കേസ് അന്വേഷണ കാലത്ത് ജിഗിഷയുടെയും സൌമ്യയുടെയും കുടുംബങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ജിഗിഷയുടെ കേസില്‍ നേരത്തെ വിധി വന്നു. രണ്ട് പ്രതികൾക്ക് വധശിക്ഷയും മൂന്നാമന് ജീവപര്യന്തം തടവ് ശിക്ഷയും 2016ൽ കോടതി വിധിച്ചു. എന്നാല്‍ സൗമ്യ വിശ്വനാഥന്റെ കേസ് പബ്ലിക് പ്രോസിക്യൂട്ടറുടെ മാറ്റത്തോടെ നീണ്ടുപോയി. ജിഗിഷ കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ ദില്ലി ഹൈക്കോടതി പിന്നീട് ജീവപര്യന്തമാക്കി ഇളവു ചെയ്തു.

"വിചാരണ അവസാനിച്ചതിന് ശേഷം ഞങ്ങൾ നോയിഡയിലേക്ക് താമസം മാറി. സൗമ്യയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. എന്നാൽ അവൾക്കും അവളുടെ കുടുംബത്തിനും നീതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്" - സബിത ഘോഷ് പറഞ്ഞു.

"എന്റെ മകൾ ജോലിയിൽ പ്രവേശിച്ചിട്ട് നാല് വർഷമേ ആയിരുന്നുള്ളൂ. അവൾക്ക് നല്ലൊരു ഭാവിയുണ്ടായിരുന്നു. പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ ഞങ്ങൾ ഇതിനകം വാർദ്ധക്യത്തിൽ ഒരു നീണ്ട നിയമയുദ്ധത്തിലൂടെ കടന്നുപോയി. അതിനാൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് തീരുമാനിച്ചു"- സബിത പറഞ്ഞു. സൗമ്യ വധക്കേസിൽ രവി കപൂർ, ബൽജീത്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള ശിക്ഷ ഒക്ടോബർ 26ന് കോടതി വിധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios