ജോ ബൈഡൻ ട്രംപിനെ തോല്പിച്ച് അമേരിക്കൻ പ്രസിഡന്റ് ആയതോടെ ട്രംപിന് തലയിൽ എടുത്തുവെക്കേണ്ടി വരുന്നത് വലിയ തലവേദനകളാവും. അത് വൈറ്റ് ഹൗസിലെ വെസ്റ്റ് വിങ് എത്രയും പെട്ടെന്ന് ബൈഡനും സംഘത്തിനും ഒഴിഞ്ഞു കൊടുക്കുക എന്നതിൽ  ഒതുങ്ങില്ല എന്നുമാത്രം. 

ഒന്നിനുപിന്നാലെ ഒന്നായി നിരവധി ക്രിമിനൽ അന്വേഷണങ്ങൾക്ക് ഈ സ്ഥാനനഷ്ടം വഴിയൊരുക്കും. അതിൽ ഏറ്റവും ഗുരുതരമായത്, മൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ട്രംപ് ഓർഗനൈസേഷനെതിരെ പ്രഖ്യാപിച്ചിട്ടുള്ള ക്രിമിനൽ അന്വേഷണമാണ്. അനവധി ആരോപണങ്ങൾ അറ്റോർണിയുടെ അന്വേഷണത്തിന്റെ പരിധിയിൽ വരും. ബാങ്ക് തട്ടിപ്പ്, ഇൻഷുറൻസ് തട്ടിപ്പ്, ക്രിമിനൽ ടാക്സ് തട്ടിപ്പ്, വ്യാജ ബിസിനസ് രേഖകളുടെ നിർമാണം തുടങ്ങി നിരവധി ആക്ഷേപങ്ങൾ ഉണ്ട് ട്രംപിനും സംഘത്തിനും എതിരായി. ട്രംപിന്റെ അക്കൗണ്ടിംഗ് സ്ഥാപനം കഴിഞ്ഞ എട്ടു വർഷമായി നടത്തുന്ന സകല ഇടപാടുകളും, ആദായനികുതി റിട്ടേണുകളും ഒക്കെ ഇതോടെ അന്വേഷണത്തിന്റെ പരിധിയിൽ വരും. ട്രംപ് സെവൻ സ്പ്രിങ്സ്, ട്രംപ് നാഷണൽ ഗോൾഫ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുടെ നികുതിഇളവുകളും അന്വേഷിക്കപ്പെടും. 

ഇത്രയും കാലമായി ട്രംപ് പ്രസിഡന്റ് പദവിയിൽ ഇരുന്നിരുന്നു എന്നതുകൊണ്ടുമാത്രം അന്വേഷണം നടത്തപ്പെടാതെ പോയിരുന്ന പല കേസുകളിലും ഇനി ബൈഡൻ പാളയത്തിന്റെ കൂടി ഉത്സാഹത്തിൽ ത്വരിത ഗതിയിൽ അന്വേഷണങ്ങൾ ഉണ്ടാകും. ഈ അന്വേഷണങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ട്രംപിന് സാധിക്കുമോ, ഡൊണാൾഡ് ട്രംപ് എന്ന മുൻ പ്രസിഡന്റിന് കാരാഗൃഹവാസം അനുഭവിക്കേണ്ട ദുര്യോഗമുണ്ടാവുമോ എന്നൊക്കെ കാത്തിരുന്ന് തന്നെ കാണേണ്ടി വരും. 

ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ചുള്ള 'വല്ലാത്തൊരു കഥ' എപ്പിസോഡ് 

"