രാജ്യത്ത് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന് നിരോധനം വരികയാണ്. ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യത്തെല്ലായിടത്തും സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ തന്നെ കേന്ദ്രം അറിയിച്ചിരുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്ന, ഉപയോഗത്തിന് ശേഷം റീസൈക്ലിംഗിന് പറ്റാത്ത പ്ലാസ്റ്റിക്കുകളാണ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍. രാജ്യത്ത് ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച സഞ്ചി, കപ്പ്, ചെറിയ കുപ്പികള്‍, സ്ട്രോ, ചില പ്രത്യേകതരത്തിലുള്ള സാഷെകള്‍ എന്നിവയ്ക്കായിരിക്കും അദ്യഘടത്തില്‍ നിരോധനമുണ്ടാവുക. എന്നാല്‍, ഈ നിരോധനം അത്യന്താപേക്ഷിതമാണെങ്കിലും ഏതുരീതിയില്‍ ഇത് നടപ്പില്‍ വരുത്തുമെന്നത് കച്ചവടക്കാരിലും അതുപോലെ പൊതുജനങ്ങളിലുമെല്ലാം ആശങ്കയുണ്ടാക്കുന്നുണ്ട്. എല്ലാത്തരം വസ്‍തുക്കളും പ്ലാസ്റ്റിക് കവറില്‍ വരുന്ന കാലത്ത് പെട്ടെന്നൊരു പകരക്കാരനെ കണ്ടെത്തുക എന്നത് കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും എളുപ്പമായിരിക്കില്ല. 

ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നമ്മുടെ ഇന്ത്യയുമുണ്ടായിരുന്നു. ആ പട്ടികയില്‍ നിന്ന് പുറത്ത് കടക്കുക എന്നതുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാര്‍ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യംവെക്കുന്നത്. ഏതായാലും പുതിയ നിരോധനം സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം, ഇറക്കുമതി എന്നിവയെ എല്ലാം ബാധിക്കുമെന്ന് നേരത്തെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. 

മഞ്ഞളും മുളകും, ഉപ്പുമടക്കം നിത്യോപയോഗ സാധനങ്ങളെല്ലാം എത്തുന്നത് പ്ലാസ്റ്റിക്കിലാണ്. ഏതെങ്കിലും ഹോട്ടലുകളില്‍ ചെന്ന് ഭക്ഷണം പാഴ്സലായി വാങ്ങുമ്പോള്‍ കറിയും മറ്റും നല്‍കുന്നതും പ്ലാസ്റ്റിക്കിലാണ്. ഇതിലേറെയും സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കാണ്. നിര്‍മ്മാണം അവസാനിപ്പിക്കാതെ എങ്ങനെയാണ് ഉപയോഗം അവസാനിപ്പിക്കാനാകുന്നതെന്നും ആരാണ് ഈ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് എന്നുമുള്ള ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇന്ത്യയിലടക്കം എല്ലാ രാജ്യങ്ങളിലും പ്ലാസ്റ്റിക് ഒരു വില്ലന്‍ തന്നെയാണ്. മണ്ണിനെയും സമുദ്രത്തെയുമടക്കം മലിനമാക്കുന്നതിലും സമുദ്രത്തിലെ ജീവികളുടെ മരണത്തിനുമെല്ലാം പ്ലാസ്റ്റിക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് നിയന്ത്രിക്കുക, നിരോധിക്കുക എന്ന കാര്യം അനിവാര്യം തന്നെയാണ് എന്നാല്‍, അവയെങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയാണ് ഒഴിയാത്തത്. 

എങ്ങനെ നടപ്പിലാക്കും?

എങ്ങനെയാണ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക എന്നതിനെ കുറിച്ച് കേരള ശുചിത്വമിഷന്‍ സാനിറ്റേഷന്‍ എക്സ്പേര്‍ട്ട് ജെ. ജയകുമാര്‍ സംസാരിക്കുന്നു. 

സര്‍ക്കാരിന്‍റെ നയമായിത്തന്നെ നിലവില്‍ വരുന്നതാണ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധനം. അതിനാല്‍ത്തന്നെ അത് തീര്‍ച്ചയായും നടപ്പില്‍ വരുത്തേണ്ടതുമുണ്ട്. അത് നടപ്പിലാക്കിയേ പറ്റൂ. ആദ്യം നമ്മള്‍ നടപ്പിലാക്കുമ്പോള്‍ അതിന്‍റെ ഫലം അത്ര നല്ലതാകണമെന്നില്ല. പക്ഷേ, പിന്നീട് അത് ഏറെ ഗുണകരമാവുക തന്നെ ചെയ്യും. പയ്യെപ്പയ്യെയാണ് അത് നടപ്പിലാക്കുക. അതിനായി സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിലുള്ള വില്‍പ്പന ഇല്ലാതാക്കണം. കടകളിലും മറ്റും അവ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധന നടത്താവുന്നതാണ്. അങ്ങനെയുണ്ടെങ്കില്‍ അത് പിടിച്ചെടുക്കുകയും ചെയ്യാം. പൊതുസമൂഹത്തിന് ഇത്തരം പ്ലാസ്റ്റിക്കുകളുപയോഗിക്കരുതെന്ന് കൃത്യമായ ബോധവല്‍ക്കരണം നല്‍കാം. പരിസ്ഥിതിക്ക് ദോഷമാവാത്ത തരത്തിലുള്ള ഉത്പന്നങ്ങള്‍ പകരമുപയോഗിക്കണമെന്നും പറയാം. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്താം. പ്ലാസ്റ്റിക്കില്‍ നിന്നു മോചിപ്പിക്കപ്പെടണമെന്ന് ജനങ്ങള്‍ക്കും തീര്‍ച്ചയായും ആഗ്രഹമുണ്ട്. അതുപക്ഷേ, എങ്ങനെ നടപ്പില്‍ വരുത്തുമെന്ന് അറിയാത്തതിനാലും മടികൊണ്ടും മറ്റുമാണ് നടപ്പിലാവാത്തത്. അതിനാല്‍ നിരോധനം നടപ്പില്‍ വരുത്തുമ്പോള്‍ ജനങ്ങള്‍ അതിന്‍റെ ഭാഗമാവും ആദ്യം പ്രയാസം തോന്നിയാലും. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും വില്‍പ്പനക്കെത്തുന്ന ധാന്യങ്ങളും മറ്റും കട്ടിയുള്ള പ്ലാസ്റ്റിക്കിലുമെത്തുന്നുണ്ട്. അല്ലാത്തവ നിരോധിക്കേണ്ടതായിത്തന്നെ വേണ്ടിവരും. ഉടനെ ഇതൊന്നും സാധിച്ചില്ലെങ്കിലും പതിയെ അവയ്ക്ക് പകരം വസ്തുക്കള്‍ കണ്ടെത്താനും ഉപയോഗിക്കാനും സാധിക്കും