അതിമനോഹരമായ ദ്വീപാണ് സിപ്‍സണ്‍. അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്‌ലാന്‍റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന മസാച്യുസെറ്റ്സിലാണിത്. 300 വര്‍ഷത്തിലാദ്യമായി കേപ് കോഡ് തീരത്തെ ഈ ദ്വീപ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നു എന്നതാണ് ഇവിടുത്തെ പുതിയ വാര്‍ത്ത. 1711 മുതല്‍ സിപ്‍സണ്‍ ദ്വീപ് സ്വകാര്യ ഉടമകളുടെ കൈവശമായിരുന്നു. ഇപ്പോള്‍ പുതുതായി രൂപമെടുത്ത സിപ്‍സണ്‍ ദ്വീപ് ട്രസ്റ്റ് പ്രദേശത്തെ നോണ്‍ പ്രോഫിറ്റ് സംഘടനകളുമായി ചേര്‍ന്ന് ദ്വീപ് നവീകരിക്കാനും പരിപാലിക്കാനും തീരുമാനിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് ഇത് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നതും.

'1711 മുമ്പ് ഇവിടെ ജീവിച്ചിരുന്ന മനുഷ്യരെക്കുറിച്ചും ഈ പ്രദേശത്തിന്‍റെ തനതായ സംസ്‍കാരത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ജനങ്ങളോട് പറയുക എന്നത് തങ്ങളെ സംബന്ധിച്ച് പ്രധാനമാണ്' എന്നാണ് ട്രസ്റ്റ് പ്രസിഡണ്ട് ടാസിയ ബ്ലൗ സിഎന്‍എന്‍ -നോട് പറഞ്ഞത്. ഇത് വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ ഒരുപാട് സംരക്ഷണസംഘടനകള്‍ മുന്നോട്ടുവന്നിരുന്നു. സ്ഥലം സംരക്ഷിക്കാനും നവീകരണപ്രവര്‍ത്തനങ്ങളും മറ്റും നടത്താനും പൊതുജനങ്ങള്‍ക്ക് കൂടി തുറന്നുകൊടുക്കാനുമായി. സ്ഥലം വാങ്ങാനുള്ള ചിലവാായിരുന്നു പ്രധാനപ്രശ്‍നം. എന്നാല്‍, ട്രസ്റ്റ് രൂപീകരിച്ചും എന്‍ജിഒ -കള്‍ ചേര്‍ന്നും ഒടുവില്‍ അത് വാങ്ങുന്നത് യാഥാര്‍ത്ഥ്യമാക്കി. 24 ഏക്കറിലായി കിടക്കുന്ന ദ്വീപ് ശനിയാഴ്‍ചയാണ് ജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. കേപ് കോഡിന്റെ തീരത്ത് പ്ലസന്‍റ് ബേ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇപ്പോളത് മുഴുവനായും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. 

ഇവിടെ ഒരു ഓപ്പൺ എയർ ഗവേഷണ വിദ്യാഭ്യാസ കേന്ദ്രം നിർമ്മിക്കുക എന്നതാണ് ട്രസ്റ്റിന്‍റെ പഞ്ചവത്സര പദ്ധതിയിലെ പ്രധാന കാര്യം. ദ്വീപിന്റെ പരിസ്ഥിതി പുനസ്ഥാപിക്കുക, പാരിസ്ഥിതികവും ചരിത്രപരവുമായ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പിന്തുണ നൽകുക, സിപ്‌സണിലും പരിസരവും പൊതു വിനോദത്തിനായി നൽകുക എന്നിവയാണ് ലക്ഷ്യം.

ഇപ്പോഴും എട്ട് ഏക്കര്‍ ഭൂമി ട്രസ്റ്റിന്‍റെ പേരിലല്ലാതെ അവിടെയുണ്ട്. എത്രയും പെട്ടെന്ന് ഫണ്ടുണ്ടാക്കി അത് കൂടി വാങ്ങാന്‍ കഴിയുമെന്നാണ് ട്രസ്റ്റിന്‍റെ പ്രതീക്ഷ. ഏതായാലും ഇത്രയും വര്‍ഷക്കാലത്തിനുശേഷം സന്ദര്‍ശകര്‍ക്കായി ദ്വീപ് തുറന്നുനല്‍കപ്പെട്ടതില്‍ ജനങ്ങള്‍ ആവേശത്തിലാണ്.