അതുപോലെ, നിങ്ങൾ നിങ്ങളുടെ പങ്കാളിയെ ഫോൺ വിളിക്കുകയാണെങ്കിൽ ശബ്ദം കുറച്ച് സംസാരിക്കുക, ഒരു കോച്ചിലുള്ളവർ മുഴുവനും നിങ്ങളുടെ സംഭാഷണം കേൾക്കേണ്ടുന്ന കാര്യമില്ല എന്നും യുവതി കുറ്റപ്പെടുത്തുന്നു.
ദിവസേന ഡെൽഹി മെട്രോയിലെ ലേഡീസ് കോച്ചിൽ യാത്ര ചെയ്യുന്ന ഒരു യുവതി റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ദിവസേന മെട്രോയിൽ യാത്ര ചെയ്യുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ആറ് ബുദ്ധിമുട്ടുകളെ കുറിച്ചാണ് യുവതി തന്റെ പോസ്റ്റിൽ വിവരിക്കുന്നത്. വെസ്റ്റ് ഡൽഹിയിൽ നിന്ന് വിശ്വവിദ്യാലയത്തിലേക്ക് ദിവസവും യാത്ര ചെയ്യുന്ന ഒരാളാണ് താൻ. വനിതാ കോച്ചിൽ മാത്രം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ അതിൽ കയറുന്ന ചില സ്ത്രീകളുടെ പെരുമാറ്റം ഭയാനകമാണ് എന്നാണ് യുവതി പറയുന്നത്. ആളുകളുടെ പൗരബോധമില്ലായ്മയെ കുറിച്ചും ചുറ്റുപാടും ശ്രദ്ധിക്കാതെയുള്ള പെരുമാറ്റത്തെ കുറിച്ചുമാണ് യുവതി പറയുന്നത്. ഒപ്പം അത്തരത്തിലുള്ള ആറ് പെരുമാറ്റങ്ങളും അവർ അക്കമിട്ട് വിശദീകരിക്കുന്നുണ്ട്.
മാസ്കിടാതെയോ മുഖം മറയ്ക്കാതെയോ തുമ്മുന്നതിനെ കുറിച്ചാണ് അവർ ആദ്യം തന്നെ പറയുന്നത്. അസുഖമുണ്ടാകുമ്പോൾ മാസ്ക് പോലും വയ്ക്കാതെ മറ്റുള്ളവരുടെ നേർക്ക് തുമ്മുന്നതിനെ കുറ്റപ്പെടുത്തുകയാണ് പോസ്റ്റിൽ യുവതി.
അടുത്തതായി പറയുന്നത്, മെട്രോയിലേക്ക് ഉന്തിത്തള്ളി കയറുന്നതിനെ കുറിച്ചാണ്. ആളുകളെ തള്ളരുത്, നിങ്ങൾ വൈകിയെത്തിയാൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ് എന്നും യുവതി പറയുന്നു.
അതുപോലെ, നിങ്ങൾ നിങ്ങളുടെ പങ്കാളിയെ ഫോൺ വിളിക്കുകയാണെങ്കിൽ ശബ്ദം കുറച്ച് സംസാരിക്കുക, ഒരു കോച്ചിലുള്ളവർ മുഴുവനും നിങ്ങളുടെ സംഭാഷണം കേൾക്കേണ്ടുന്ന കാര്യമില്ല എന്നും യുവതി കുറ്റപ്പെടുത്തുന്നു.
നാലാമതായി യുവതി പറയുന്നത്, റീലുകളോ, വീഡിയോകളോ ഒക്കെ കാണണമെങ്കിൽ ഇയർഫോണുകൾ ഉപയോഗിക്കാനാണ്.
അടുത്തതായി, ഭിന്നശേഷിക്കാർക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കുന്നതിനെ കുറിച്ചാണ് യുവതി പറയുന്നത്. അവർ ചോദിക്കാൻ കാത്തുനിൽക്കാതെ അതിനുമുമ്പ് തന്നെ അത് ഒഴിഞ്ഞുകൊടുത്തുകൂടേ എന്നാണ് യുവതി ചോദിക്കുന്നത്.
അതുപോലെ, നിലത്തിരിക്കുന്നതിനെ കുറിച്ചും പോസ്റ്റിൽ പറയുന്നു. നിലത്തിരിക്കുന്നത് മറ്റുള്ളവർക്ക് നിൽക്കാനുള്ള സ്ഥലം പോലും ഇല്ലാതാക്കുകയാണ് എന്നാണ് യുവതിയുടെ അഭിപ്രായം.
