ദിവസം 6 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി മാത്രം നഷ്ടപ്പെടുത്തുന്നത്. രാത്രി വീട്ടിലെത്തുന്നത് ഉറങ്ങാൻ മാത്രമാണെന്നും യുവാവ്.
ദിവസേന ജോലിസ്ഥലത്തേക്കുള്ള യാത്രക്കായി തന്റെ ഒരു ദിവസത്തിലെ നീണ്ട മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് ഒരു യുവാവ് കുറിച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജോലി സമയത്തിന് ഏറെക്കുറെ സമാനമായ സമയമാണ് യാത്ര ചെയ്യാൻ വേണ്ടിയും യുവാവെടുക്കുന്നത്. മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ നിന്ന് ഗോരേഗാവിലേക്ക് ദിവസവും ആറര മണിക്കൂറോളം യാത്ര ചെയ്ത് വേണം യുവാവിന് ജോലിക്ക് പോകാൻ. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
പുലർച്ചെ 5 മണിക്ക് ഉണരുന്ന താൻ രാവിലെ ആറരയോടെ വീട്ടിൽ നിന്ന് ഇറങ്ങുമെന്നും 7.15 -ന് ബദ്‌ലാപൂർ സ്റ്റേഷനിൽ നിന്ന് ലോക്കൽ ട്രെയിൻ കയറുമെന്നും ഇദ്ദേഹം പറയുന്നു. ദാദറിൽ എത്തി വെസ്റ്റേൺ ലൈനിലേക്ക് മാറി ഗോരേഗാവിൽ എത്തും. അവിടെ നിന്ന് 30 മിനിറ്റോളം ഓട്ടോറിക്ഷ ക്യൂവിൽ നിന്ന ശേഷമാണ് ഓഫീസിൽ എത്തുന്നത്. രാവിലെ 10 മണിയോടെയാണ് ഓഫീസിൽ എത്തുക.
വൈകുന്നേരം 7 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങിയാൽ രാത്രി 11 മണിയോടെയാണ് ബദ്‌ലാപൂരിലെ വീട്ടിൽ തിരിച്ചെത്തുന്നത്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു. ദിവസം 6 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി മാത്രം നഷ്ടപ്പെടുത്തുന്നത്. രാത്രി വീട്ടിലെത്തുന്നത് ഉറങ്ങാൻ മാത്രമാണെന്നും യുവാവ് കൂട്ടിച്ചേർത്തു.
ഓഫീസിനടുത്തേക്ക് താമസം മാറ്റുന്നത് എളുപ്പമല്ല. ഓഫീസിനടുത്ത് പി.ജി. തിരയാൻ ശ്രമിച്ചെങ്കിലും വാടക വളരെ കൂടുതലാണ്. കുറഞ്ഞ നിരക്കിലുള്ളവയാകട്ടെ തീർത്തും വൃത്തിഹീനവുമാണ്. തന്റെ പ്രതിമാസ ശമ്പളം 35,000 രൂപ മാത്രമായതിനാൽ അവിടെ വാടകയ്ക്ക് വീടെടുത്ത് താമസിക്കാൻ സാധിക്കില്ലെന്നും യുവാവ് പറയുന്നു. നിരവധിപ്പേര്‍ പോസ്റ്റിന് കമന്‍റുകള്‍ നല്‍കി. ദിവസേന യാത്ര ചെയ്യുന്നതിന് പകരം പിജിയോ ഹോസ്റ്റലുകളോ നോക്കാന്‍ പലരും ഉപദേശിച്ചിട്ടുണ്ട്.
