ബെംഗളൂരുവിലെ ഒരു സിഇഒ തന്റെ 6 വയസ്സുകാരനായ മകന്റെ പാഠപുസ്തകത്തിലെ പാഠങ്ങൾ കണ്ട് അത്ഭുതപ്പെട്ടിരിക്കയാണ്. ചെറിയ ക്ലാസ്സിൽ തന്നെ ഇത്തരം പാഠങ്ങള്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

സ്കൂളിൽ നിന്നുള്ള പാഠപുസ്തകങ്ങളിൽ ജീവിതത്തിൽ നിർബന്ധമായും വേണ്ടിവരുന്ന പ്രായോ​ഗികമായ പാഠങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന ചർച്ചകൾ കാലങ്ങളായി നടക്കാറുണ്ട്. എന്നാൽ, പഴയ തലമുറയിൽ നിന്നും വ്യത്യസ്തമായി ഇന്നത്തെ തലമുറ ഇത്തരം അക്കാദമിക് കാര്യങ്ങൾക്കൊപ്പം തന്നെ സാമ്പത്തികമായ അറിവുകളും സ്കൂളിൽ നിന്ന് തന്നെ നേടിത്തുടങ്ങുന്നു എന്നാണ് ബെംഗളൂരുവിലെ ഒരു സിഇഒ പറയുന്നത്. തന്റെ 6 വയസ്സുകാരനായ മകൻ സ്കൂളിൽ നിന്ന് സാമ്പത്തിക സാക്ഷരതയെക്കുറിച്ച് പഠിക്കുന്നത് കണ്ട് താൻ അമ്പരന്നുപോയെന്നാണ് കുനാൽ കബ്ര ലിങ്ക്ഡ്ഇനിൽ കുറിച്ചത്. ഒന്നാം ക്ലാസ്സുകാരനായ മകന്റെ 'മൈ പൈസോ: മണി മൈൻഡ്‌ഫുൾനസ്' എന്ന പുസ്തകത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

Add Asianetnews as a Preferred SourcegooglePreferred

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളായ യുപിഐ, ഭീം തുടങ്ങിയവയെക്കുറിച്ചും സമ്പാദ്യം, ഉത്തരവാദിത്തത്തോടെയുള്ള ചെലവാക്കൽ എന്നിവയെക്കുറിച്ചും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. തന്റെ കുടുംബത്തിലെ മുതിർന്നവരിൽ പകുതി പേർക്കും ഇന്നും കൃത്യമായി മനസ്സിലാകാത്ത ഡിജിറ്റൽ പേയ്‌മെന്റ് ഐക്കണുകൾ ഒന്നാം ക്ലാസ്സിലെ പുസ്തകത്തിന്റെ കവറിൽ തന്നെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോസ്റ്റിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്;

ജോലി കിട്ടി ആദ്യ ശമ്പളം വാങ്ങുന്ന 25 -ാമത്തെ വയസ്സിലല്ല കുട്ടികൾ പണത്തെക്കുറിച്ച് പഠിക്കേണ്ടത്. മറിച്ച്, ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഇതൊരു അടിസ്ഥാനപരമായ അറിവായി വളർത്തിയെടുക്കണം.

ജോലിയിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന സാലറി സ്ലിപ്പ് എങ്ങനെ വായിക്കണമെന്നോ, ടിഡിഎസ് എന്താണെന്നോ, പിഎഫ് സംബന്ധിച്ച കാര്യങ്ങളോ ആരും നമുക്ക് പഠിപ്പിച്ചുതരുന്നില്ല. മിക്കവരും സ്വന്തം തെറ്റുകളിൽ നിന്നാണ് സാമ്പത്തിക പാഠങ്ങൾ പഠിക്കുന്നത്.

ഒരു ചെക്ക് ബുക്ക് എന്താണെന്ന് അറിയുന്നതിന് മുമ്പ് തന്നെ യുപിഐ ഐഡി എന്താണെന്ന് തിരിച്ചറിയുന്ന ഒരു തലമുറയാണ് വളർന്നുവരുന്നത്. ഇത് ഇന്ത്യയുടെ വലിയൊരു മാറ്റമാണ്.

താൻ ജോലി ചെയ്യുന്ന ഫിനാൻസ് മേഖലയിൽ ആളുകൾക്ക് സാമ്പത്തിക കാര്യങ്ങൾ ലളിതമായി മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും, സ്കൂളുകളിൽ തന്നെ ഇത്തരം മാറ്റങ്ങൾ വരുന്നത് വലിയ പ്രതീക്ഷ നൽകുന്നുവെന്നും കുനാൽ കബ്ര കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം തന്നെ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.