'വെറും അഞ്ച് മണിക്കൂർ മാത്രം ഉറങ്ങി ഒരാൾ പുലർച്ചെ 5 മണിക്ക് എഴുന്നേറ്റാൽ പെട്ടെന്ന് എല്ലാവർക്കും അത്ഭുതം. എന്തിന്? പുലർച്ചെ 5 മണിക്ക് എഴുന്നേറ്റതുകൊണ്ട് അയാൾ എന്താണ് നേടിയത്? ഒന്നുമില്ല' അദ്ദേഹം കുറിക്കുന്നു.
രാവിലെ 9 മണി വരെ കിടന്നുറങ്ങുന്നവരെ സ്വതവേ മടിയന്മാരായും അലസന്മാരുമായിട്ടാണ് പലരും കാണാറുള്ളത്. എന്നാൽ, അത് ശരിയാണോ? ഇതേക്കുറിച്ച് ഗുരുഗ്രാമിലെ 'നോട്ട് ഡേറ്റിംഗ്' സഹസ്ഥാപകനും സി.ഇ.ഒയുമായ ജസ്വീർ സിങ് എക്സിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ഇന്ത്യൻ മാതാപിതാക്കൾ എങ്ങനെയോ ഉറക്കത്തെ ഒരു സ്വഭാവദൂഷ്യമായും രാവിലെ എഴുന്നേൽക്കുന്നതിനെ ഒരു വലിയ നേട്ടമായും മാറ്റിയിരിക്കുന്നു' എന്നാണ് ജസ്വീർ സിങ് എക്സിൽ കുറിച്ചിരിക്കുന്നത്. മകനോ മകളോ രാവിലെ 9 മണി വരെ ഉറങ്ങിക്കിടക്കുന്നത് കണ്ടാല്‍ അവർക്ക് മടിയാണെന്നോ ശ്രദ്ധയില്ലെന്നോ ഉള്ള നിഗമനത്തിൽ പെട്ടെന്ന് തന്നെ മാതാപിതാക്കളെത്തുന്നു. എന്നാൽ, വെറും 5 മണിക്കൂർ മാത്രം ഉറങ്ങി പുലർച്ചെ 5 മണിക്ക് എഴുന്നേൽക്കുന്ന ഒരാളെ സമൂഹം വലിയ രീതിയിൽ പ്രശംസിക്കുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.
'വെറും അഞ്ച് മണിക്കൂർ മാത്രം ഉറങ്ങി ഒരാൾ പുലർച്ചെ 5 മണിക്ക് എഴുന്നേറ്റാൽ പെട്ടെന്ന് എല്ലാവർക്കും അത്ഭുതം. എന്തിന്? പുലർച്ചെ 5 മണിക്ക് എഴുന്നേറ്റതുകൊണ്ട് അയാൾ എന്താണ് നേടിയത്? ഒന്നുമില്ല' അദ്ദേഹം കുറിക്കുന്നു. രാവിലെ എഴുന്നേൽക്കുന്നത് ഒരിക്കലും വിജയത്തിന്റെ അളവുകോലായി കാണാൻ കഴിയില്ല, കൃത്യമായി ഉറങ്ങുന്നതാണ് അതിനേക്കാൾ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
' 'ജോ സോതാ ഹൈ, വോ ഖോതാ ഹൈ' പോലുള്ള ചൊല്ലുകൾ കേട്ടാണ് നമ്മൾ വളർന്നത്. കർട്ടനുകൾ മാറ്റുക, വാതിലുകൾ ശബ്ദത്തോടെ തുറക്കുക, ലൈറ്റുകൾ ഇടുക തുടങ്ങി കുട്ടികൾ സമാധാനമായി ഉറങ്ങുന്നത് കാണാൻ കഴിയാത്തതുപോലെ ബോധപൂർവ്വം ശബ്ദമുണ്ടാക്കുന്ന രീതികൾ നമ്മുടെ നാട്ടിലുണ്ട്. ഒരാൾ എപ്പോഴാണ് ഉറങ്ങിയതെന്നോ, വേണ്ടത്ര ഉറക്കം ലഭിച്ചോ എന്നോ ആരും അന്വേഷിക്കാറില്ല. രാവിലെ എഴുന്നേറ്റേ പറ്റൂ എന്ന വാശിയാണ് എല്ലാവർക്കുമുള്ളത്' എന്നും അദ്ദേഹം പറയുന്നു.
ഏകാഗ്രത, ഓർമ്മശക്തി, മാനസികാവസ്ഥ, മെറ്റബോളിസം, ആരോഗ്യം എന്നിവയെ എല്ലാം ഉറക്കം ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ ശരീരത്തിന് അതിന്റേതായ സ്ലീപ് ക്ലോക്കുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിച്ചാൽ ശരീരം സ്വയം ഉണരും. ആരും ശല്യപ്പെടുത്തിയില്ലെങ്കിൽ ഒരാൾ ഉറങ്ങിക്കൊണ്ടേയിരിക്കില്ല. കുട്ടികളുടെ ഉറക്കം മനപ്പൂർവ്വം തടസ്സപ്പെടുത്തുന്ന രീതി ഇപ്പോഴും ഇന്ത്യൻ കുടുംബങ്ങളിൽ തുടരുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത് സത്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, രാത്രി നേരത്തെ കിടന്ന് രാവിലെ എഴുന്നേൽക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
