ഉറക്കമില്ലായ്‍മ ഇന്ന് സർവ സാധാരണയായി ആളുകളില്‍ കാണുന്ന ഒരു പ്രശ്‍നമാണ്. തൊഴിൽ മേഖലയിലെ സമ്മർദ്ദവും, സാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും ഉറക്കമില്ലായ്‍മയ്ക്ക് കാരണമായി പറയപ്പെടുന്നു. ഇന്ന് ആളുകൾ കൂടുതൽ സമയവും ചിലവഴിക്കാൻ ആഗ്രഹിക്കുന്നത് ഫോണിലും ഇന്‍റര്‍നെറ്റിലും ഒക്കെയാണ്. ഇത് തലച്ചോറിനെ കൂടുതൽ ഉത്തേജിപ്പിക്കുകയും ഉറക്കമില്ലായ്‍മക്ക് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ, ഈ ഉറക്കമില്ലായ്‍മ പ്രശ്‍നം മനുഷ്യരില്‍ ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. ലോകചരിത്രം പരിശോധിച്ചാൽ വിക്ടോറിയൻ കാലഘട്ടം മുതലേ ഉറക്കമില്ലായ്‍മ ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്‍നമായിരുന്നുവെന്ന് കാണാം. രണ്ടു വ്യത്യസ്‍ത കാലഘട്ടങ്ങളിൽ ജീവിക്കുന്നവർക്ക് സമാനമായ അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരുന്നു എന്നത് വളരെ കൗതുകമുണർത്തുന്ന കാര്യമാണ്.

വ്യാവസായിക വിപ്ലവത്തിന്‍റെ തുടക്കവും പിന്നീട് വൈദ്യുത വിളക്കുകളുടെ വരവും വിക്ടോറിയൻ ജനതയുടെ രാത്രികളെ പകലുകളാക്കി മാറ്റി. ടെലിഗ്രാഫ് ശൃംഖലയുടെ വരവോടെ ആശയവിനിമയ സംവിധാനങ്ങളിൽ വിപ്ലവം സൃഷ്‍ടിക്കപ്പെടുകയും ബിസിനസുകാർ, ധനകാര്യ സ്ഥാപകർ, രാഷ്ട്രീയക്കാർ തുടങ്ങിയവർക്ക്‌ എല്ലാ മണിക്കൂറിലും ടെലിഗ്രാമുകളുടെ ഒഴുക്ക് ഉണ്ടാവുകയും ചെയ്തു. ഇത്തരം മാറ്റങ്ങൾ ജോലിയുടെ സ്വഭാവവും രീതിയും മാറ്റിമറിച്ചു. ഇവയെല്ലാം വിക്ടോറിയൻ ജനതയുടെ ഉറക്കം കെടുത്താനുള്ള കാരണങ്ങളായി. "ഉറക്കമില്ലായ്‍മ നമ്മുടെ പ്രായത്തിന്‍റെയും തലമുറയുടെയും വലിയ വേദനകളിലൊന്നാണ്" എന്ന്  1900 -ൽ പ്രശസ്ത ന്യൂറോളജിസ്റ്റ് സർ വില്യം ബ്രോഡ്‌ബെറ്റ് എഴുതാനുള്ള കാരണവും മറ്റൊന്നല്ല.
 
1860 -കളോടെ ആധുനികതയുടെ ഉത്പന്നമെന്ന് വിശേഷിപ്പിക്കാവുന്ന അമിതജോലിയും, ഉറക്കമില്ലായ്‍മയും ജനങ്ങളെ അലട്ടാൻ തുടങ്ങി. വിക്ടോറിയൻ മെഡിക്കൽ ഓഫീസർമാർ ഉറക്കമില്ലായ്‍മയുടെ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. 1866 -ലെ സ്‌പെക്ടേറ്ററിലെ ഒരു ലേഖനം, ഉറക്കമില്ലായ്‍മ 'നാഗരിക ജീവിതത്തിലെ ഏറ്റവും വലിയ പൊരുത്തക്കേടുകളിലൊന്നാണ്' എന്ന് വാദിച്ചു. മാത്രമല്ല ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണിതെന്ന് കൂടി അത് കൂട്ടിച്ചേർത്തു. ഉറക്കമില്ലായ്‍മയെ സംബന്ധിച്ച് അതേ ആകുലതകളാണ് നമ്മൾ ഇന്നും പങ്കുവക്കുന്നതെന്നത് തീർത്തും ആശ്ചര്യമുളവാക്കുന്ന കാര്യമാണ്. കാൻസർ, ഹൃദയാഘാതം, ഹൃദയസ്‍തംഭനം, അൽഷിമേഴ്‍സ്, വിഷാദം, ആത്മഹത്യാ പ്രവണതകൾ  തുടങ്ങിയ ഉറക്കക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ന്യൂറോ സയന്‍റിസ്റ്റ് മാത്യു വാക്കർ തന്‍റെ സമീപകാല പുസ്‍തകത്തിൽ എടുത്തുകാണിക്കുന്നു.

ഉറക്കക്കുറവ് എല്ലാ മനുഷ്യർക്കും ഉള്ളതാണ്. എന്നാൽ, വിക്ടോറിയൻസ് അങ്ങനെ അല്ല അതിനെ കണ്ടത്. ബുദ്ധി കൂടുതൽ ഉപയോഗിക്കേണ്ട ഡോക്ടർമാർ, അഭിഭാഷകർ, അക്കാദമിക് ആയിട്ടുള്ളവര്‍, ബാങ്കർമാർ അല്ലെങ്കിൽ രാഷ്ട്രീയക്കാർ തുടങ്ങിയ സമൂഹത്തിൽ ഉന്നതർക്ക് മാത്രമുള്ള പ്രശ്‍നമായാണ് അവർ ഇതിനെ കണ്ടത്. വിദ്യാർത്ഥികൾക്കിടയിലും ഉറക്കക്കുറവ് ഒരു പ്രശ്‍നമായിരുന്നു. അന്നത്തെ രീതി അനുസരിച്ച് മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് സ്‍കൂളുകൾക്ക് ഫണ്ട് ലഭിച്ചിരുന്നത്. ഇത് കുട്ടികളെക്കൊണ്ട് കൂടുതൽ ഗൃഹപാഠം ചെയ്യിക്കാൻ സ്‍കൂളുകളെ പ്രേരിപ്പിച്ചു. അങ്ങനെ കുട്ടികൾക്ക് ഉറങ്ങാനുള്ള സമയം കുറയുകയും ചെയ്‍തു.  പല ഡോക്ടർമാരും സാമൂഹിക പരിഷ്‍കർത്താക്കളും ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഫണ്ട് നൽകുന്ന രീതി നിർത്തലാക്കണമെന്ന് ആഹ്വാനം ചെയ്തു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യത്തെ നശിപ്പിക്കുന്ന ഇത്തരം പുതിയ മത്സരാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തെകുറിച്ച് അന്നുമുതലെ നമ്മൾ ആകുലപ്പെട്ടിരുന്നു.

1870 -കളിൽ ഉറക്കമില്ലായ്‍മയെ എങ്ങനെ നേരിടണം എന്ന് പ്രതിപാദിക്കുന്ന അനേകം പുസ്‍തകങ്ങൾ വിപണിയിൽ ലഭ്യമായിരുന്നു. 1877 -ൽ  ഒരു പുരോഹിതൻ എഴുതിയ 'രോഗം, ഉറക്കമില്ലായ്‍മ' എന്ന പുസ്‍തകം അതിലൊന്നാണ്. അതിൽ അദ്ദേഹം ഉറക്കക്കുറവിന് കഴിക്കുന്ന ഒരു മരുന്നായ ക്ലോറലിന്‍റെ ദൂഷ്യവശങ്ങളെ കുറിച്ച് പറയുന്നു. 'സർപ്പത്തിന്‍റെ കൊത്ത്' ഒഴിവാക്കുന്നതുപോലെ എല്ലാവരും ആ മരുന്ന് ഒഴിവാക്കണം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സൂചിപ്പിക്കുന്നത്, ഇന്നത്തെ കാലഘട്ടത്തിൽ കാണുന്ന ഉറക്കഗുളികകള്‍ വിഴുങ്ങുന്ന രീതി വിക്ടോറിയൻ കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു എന്നതാണ്.

ഉറക്കക്കുറവിനെ അതിജീവിക്കാനായി അവർ കണ്ടെത്തിയ മാർഗ്ഗങ്ങൾ നമ്മുടെ ആധുനിക ശാസ്ത്രം ഉപദേശിക്കുന്ന അതേ മാർഗ്ഗങ്ങൾ തന്നെയാണ് എന്നത് ആശ്ചര്യമാണ്. എല്ലാ ദിവസവും ശുദ്ധവായുവിൽ വ്യായാമം ചെയ്യണം. കിടപ്പുമുറി തണുത്തതും തുറന്നതുമായിരിക്കണം. കൂടാതെ ചായയുടെയും കാപ്പിയുടെയും ഉപയോഗം കർശനമായി കുറയ്ക്കണം. ഉറക്കത്തെ കുറിച്ച് പരാമർശിക്കുന്ന പുസ്‍തകത്തിൽ  രചയിതാവ് ഇങ്ങനെ ഉപദേശിക്കുന്നു: “ഉറക്കമില്ലായ്മയെക്കുറിച്ച് പരാതിപ്പെടുന്ന ആളുകൾ ചായക്കപ്പിൽ ഒരു ലോക്ക് ഇടണം, ഒരിക്കലും ഒരു രാത്രിയിലും ഇത് ഉപയോഗിക്കരുത്.” പൊതുവേ ഭക്ഷണക്രമത്തിൽ ശ്രദ്ധാലുവായിരിക്കണമെന്നും വൈകുന്നേരങ്ങളിൽ വലിയ ഭക്ഷണം ഒഴിവാക്കണമെന്നും അതിൽ ഉപദേശിക്കുന്നു.  

വിക്ടോറിയക്കാർക്ക് പുതിയ സാമൂഹിക അവസ്ഥകൾ, സാങ്കേതികവിദ്യകൾ, തൊഴിൽ രീതികൾ എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അവബോധമുണ്ടായിരുന്നു.  അന്ന് അവർ പങ്കുവച്ച ആശങ്കകൾ  ഈ പുതിയ യുഗത്തിൽ നമ്മളും പങ്കുവെക്കുന്നു എന്നത് തികച്ചും യാദൃശ്ചികമാകാം. അമിത ജോലിയും ഉറക്കക്കുറവും അപകടകരമാണെന്ന് വിക്ടോറിയക്കാർ വാദിച്ചപ്പോൾ അതിനെ അംഗീകരിക്കാൻ അന്നത്തെ സമൂഹം തയ്യാറായില്ല. പക്ഷേ, ഇന്നത്തെ ഉറക്ക ശാസ്ത്രം ആ നിലപാടുകളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.