Asianet News Malayalam

പോകുന്നിടത്തെല്ലാം വീടും ചുമന്നുകൊണ്ടുപോകുന്ന ഒരാൾ!

പിന്നെ എന്ത് ചെയ്യുമെന്ന് ചിന്തിച്ചപ്പോഴാണ് തോളിൽ ചുമന്ന് കൊണ്ടുപോകാവുന്ന ഒരു വീട് എന്ന ആശയം മനസ്സിലുദിച്ചത്. അങ്ങനെ ലിയു എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഒരു വീട് നിർമ്മിച്ചു. 

Snail Man of china
Author
China, First Published May 30, 2021, 3:46 PM IST
  • Facebook
  • Twitter
  • Whatsapp

ഒരു മനുഷ്യന് ഭക്ഷണവും, വസ്ത്രവും പോലെ പ്രധാനപ്പെട്ടതാണ് താമസിക്കാൻ സുരക്ഷിതമായ ഒരു ഇടം. പലപ്പോഴും ഒരു വീട് പണിയുക എന്നത് ബുദ്ധിമുട്ടേറിയതും ചെലവേറിയതുമായതുമായ ഒരേർപ്പാടായി മാറാറുണ്ട്. ജീവിതം കെട്ടിപ്പടുക്കാനുള്ള പെടാപ്പാടിൽ പലർക്കും സ്വന്തം വീട് ഉപേക്ഷിച്ച് ദൂരദേശങ്ങളിൽ ജോലിയ്ക്ക് പോകേണ്ടി വരാറുമുണ്ട്. ചൈനയിലെ ദരിദ്രനായ ഒരു വ്യക്തിയ്ക്കും ഇതുപോലെ നാട് ഉപേക്ഷിച്ച് ജോലിക്കായി നഗരത്തിൽ പോകേണ്ടി വന്നു. എന്നാൽ, അദ്ദേഹത്തിന് സ്വന്തം വീട് ഉപേക്ഷിക്കേണ്ടി വന്നില്ല എന്നതാണ് വിചിത്രമായ കാര്യം. പോകുന്നിടത്തെല്ലാം അയാൾ വീടും കൊണ്ടുപോകും. അത്തരം ചുമലിൽ കൊണ്ട് നടക്കാവുന്ന ഒരു ചെറിയ വീടായിരുന്നു അത്.    

ചൈനീസ് നഗരമായ ലുഷോവിലെ തെരുവുകളിൽ വീടുമേന്തി സാവധാനം നടന്നു നീങ്ങുന്ന ആ 39 -കാരനെ കണ്ട് എല്ലാവരും ഒച്ച് മനുഷ്യൻ എന്ന് വിളിച്ചു. ഈ ഒച്ച് മനുഷ്യന്റെ യഥാർത്ഥ പേര് ലിയു ലിങ്‌ചാവോ എന്നാണ്. തെരുവുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും വിറ്റാണ് അദ്ദേഹം ജീവിതം നയിക്കുന്നത്. എല്ലാ ദിവസവും കാലത്ത് ജോലിക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ ചുമലിൽ വീടുമുണ്ടാകും. നടക്കുന്നതിനിടയിൽ ക്ഷീണം തോന്നുമ്പോൾ വീട് നിലത്ത് വച്ച് അതിനകത്ത് അദ്ദേഹം വിശ്രമിക്കുന്നു.    

ലിയുവിന്റെ വീട് മുള തടികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഒപ്പം സംരക്ഷണത്തിനായി എല്ലാവശവും കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിരിക്കുന്നു. വീടിനകത്ത്, ഒരു ഉയർന്ന തട്ടുണ്ട്. അവിടെയാണ് അയാൾ ഉറങ്ങാൻ കിടക്കുന്നത്. പതിമൂന്നു വർഷം മുൻപാണ് അദ്ദേഹത്തിന്റെ  അച്ഛൻ മരിക്കുന്നത്. ആ സമയത്ത് ആകെയുണ്ടായിരുന്ന ജോലിയും നഷ്ടമായി. അങ്ങനെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ ഭാര്യയും ഉപേക്ഷിച്ചു. സ്വന്തം കാലിൽ നില്ക്കാൻ അദ്ദേഹം കഷ്ടപ്പെട്ടു. ഒടുവിൽ കടുത്ത വിഷാദത്തിലായ അദ്ദേഹം അതിൽ നിന്ന് കരകയറാൻ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു. അപ്പോഴാണ് പാട്ടയും കുപ്പിയും പെറുക്കാനുള്ള ജോലി ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, അതിന് പറ്റിയ സ്ഥലം നഗരമായിരുന്നു. എന്നാൽ, അവിടെ താമസിച്ചാൽ വാടക കൊടുക്കേണ്ടി വരും. അത് വലിയ ചിലവുണ്ടാക്കും.  

പിന്നെ എന്ത് ചെയ്യുമെന്ന് ചിന്തിച്ചപ്പോഴാണ് തോളിൽ ചുമന്ന് കൊണ്ടുപോകാവുന്ന ഒരു വീട് എന്ന ആശയം മനസ്സിലുദിച്ചത്. അങ്ങനെ ലിയു എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഒരു വീട് നിർമ്മിച്ചു. തുടർന്ന് അദ്ദേഹം അത് ചുമലിൽ വച്ച് മാലിന്യം പെറുക്കുന്ന ജോലി ചെയ്യാൻ ആരംഭിച്ചു. ഓരോ ദിവസവും ജോലി കഴിഞ്ഞാൽ അദ്ദേഹം ഒഴിഞ്ഞ ഒരിടത്ത് പോയി വിശ്രമിക്കുന്നു. യാത്രയും, താമസ ചിലവും ലാഭം. തനിക്ക് ആവശ്യമുള്ള കിടക്കയും, ഭക്ഷണവും, മറ്റ് സാധനങ്ങളും അദ്ദേഹം ആ വീട്ടിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്. താത്കാലിക രീതിയിൽ നിർമ്മിച്ച ആ വീട് പഴക്കം ചെല്ലുമ്പോൾ പൊളിച്ച് പുതിയത് പണിയുന്നു. ഇങ്ങനെ മൂന്ന് വീടുകൾ വരെ അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ നഗരത്തിൽ എത്തുന്ന ആളുകൾ അദ്ദേഹത്തിനൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കാൻ ഉത്സാഹം കാണിക്കുന്നു. ഇത് അദ്ദേഹത്തിന് പണം മാത്രമല്ല, പ്രശസ്തിയും നേടികൊടുക്കുന്നു.  

 
 

Follow Us:
Download App:
  • android
  • ios