ചൈനയിൽ ഒരു പഴമൊഴിയുണ്ട്, "ഒരുത്തൻ നാടുവിട്ടാൽ, അവന്റെ കുടുംബം കരകയറും". ചൈനക്കാരുടെ ഈ വിശ്വാസമാണ് ഒരുപക്ഷേ, എസ്സെക്സിൽ ഒരു റെഫ്രിജറേറ്റഡ് ട്രെയിലറിനകത്ത് കണ്ടെത്തിയ മൃതദേഹങ്ങളുടെ രഹസ്യത്തിലേക്കുള്ള താക്കോൽ. മുപ്പത്തൊന്നു പുരുഷന്മാരും എട്ട് സ്ത്രീകളുമടക്കം 39 പേരെ കുരുതികൊടുത്തത് 'സ്നേക്ക് ഹെഡ്‌സ്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചൈനയിലെ കുപ്രസിദ്ധമായ ഒരു അനധികൃത മനുഷ്യക്കടത്ത് സംഘമാണോ എന്ന് പൊലീസ് സംശയിക്കുന്നു.

1980 -കളിൽ ഡെങ് സിയാവോ പിങ്ങ് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ ചൈനയിൽ വമ്പിച്ച വ്യാവസായികവിപ്ലവങ്ങൾ കൊണ്ടുവന്നു എന്നാണ് ചൈനീസ് സർക്കാരിന്റെ വാദം. അമേരിക്ക കഴിഞ്ഞാൽ ഇന്ന് ലോകത്തേറ്റവും പുരോഗതി പ്രാപിച്ച രാജ്യവും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന തന്നെ. നമ്മുടെ ടെലിവിഷൻ സെറ്റുകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഷാങ്ഹായി നഗരത്തിലെ അംബരചുംബികളായ ബഹുനിലക്കെട്ടിടങ്ങളും, ബെയ്ജിങ്ങിലെ 'കിളിക്കൂട്' സ്റ്റേഡിയവും ഒക്കെ ഈ സമ്പൽസമൃദ്ധിയുടെ പ്രതീകങ്ങളാണ്. എന്നാൽ, ഇത്തരം പുറംമോടികൾക്കൊക്കെ അപ്പുറം, മധുരമനോജ്ഞ ചൈനയിൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്ന മൂന്നു കോടിയിലധികം മനുഷ്യരുണ്ടെന്ന് ഫോർബ്‌സ് മാഗസിൻ പറയുന്നു.

ചൈനയിലെ ഈ ദരിദ്രജനതയിൽ ഒരു വിഭാഗം കഴിയുന്നത് ചൈനയിലെ വിശാലമായ മരുഭൂമികളിലും, തരിശുനിലങ്ങളിലും, മലയിടുക്കുകളിലുമൊക്കെയാണ്. അവശേഷിക്കുന്നവർ, ചുരുങ്ങിയവേതനം പറ്റുന്ന തൊഴിലുകളിലേർപ്പെട്ടുകൊണ്ട്, നഗരങ്ങളിലെ ഇടുങ്ങിയ ചേരികളിലും, തെരുവോരങ്ങളിലുമായി കഴിഞ്ഞുകൂടുന്നു. ദരിദ്രരും ധനികരും തമ്മിലുള്ള അന്തരം അനുദിനം വർദ്ധിച്ചുവരികയാണ് ചൈനയിൽ. അമേരിക്കയുമായി ചൈനീസ് സർക്കാർ തിരികൊളുത്തിയിട്ടുള്ള വ്യാപാരയുദ്ധം രാജ്യത്തെ പല ഫാക്ടറികളും അടച്ചു പൂട്ടുന്നതിന് വഴിവെച്ചപ്പോൾ വീണ്ടും നിരവധിപേരുടെ ഉപജീവനമാർഗം നിലച്ചു.
 
എന്നാൽ, വിദേശത്തു പോയി പണം സമ്പാദിക്കാനുള്ള മോഹം ഈ പാവപ്പെട്ടവർക്കുമാത്രമല്ല ചൈനയിൽ ഉള്ളത്. തൊട്ടുമുകളിലുള്ള മധ്യവർഗ്ഗത്തിനും അഭ്യുദയത്തിനുള്ള മോഹമുണ്ട്. അവരും അതിനുള്ള മാർഗ്ഗങ്ങൾ തേടുന്നവരാണ്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണളിൽ നിന്ന് രക്ഷനേടാനും, കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യപരിചരണവും ലഭ്യമാക്കാനും, അനുദിനം വർധിച്ചുവരുന്ന പരിസ്ഥിതിമലിനീകരണത്തിൽ നിന്ന് രക്ഷതേടാനും ഒക്കെയായി അവർ പുതിയൊരു നാട്ടിലേക്ക് ജീവിതങ്ങളെ പറിച്ചുനടാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയമായ കാരണങ്ങളാൽ അമേരിക്കൻ സ്വപ്നം ചൈനക്കാർക്ക് അത്രയ്ക്ക് എളുപ്പമല്ല. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം പറുദീസയെന്നാൽ യുകെ ആണ്. വർഷങ്ങളായുള്ള കുടിയേറ്റം കാരണം ചൈനീസ് പൗരന്മാർ തിങ്ങിപ്പാർക്കുന്ന നിരവധി പ്രദേശങ്ങളുണ്ട് യുകെയിലിപ്പോൾ. ഒരുപക്ഷേ, യുകെയിലെ ഏറ്റവും വലിയ വിദേശി സാന്നിദ്ധ്യവും ചൈനീസ് ജനത തന്നെയായിരിക്കും. ഏകദേശം രണ്ടുലക്ഷത്തിൽപരം ചൈനീസ് വംശജർ ഇന്ന് യുകെയിലുണ്ട്.

കഴിഞ്ഞവർഷം മാത്രം യുകെ ഗവൺമെന്റിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ചൈനീസ് വംശജരിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ 1139 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ 16% കൂടുതലാണിത്. ഇത് ഔപചാരികമായ കണക്കാണ്. അനധികൃതമായി കുടിയേറി, സർക്കാരിന്റെ കണ്ണുവെട്ടിച്ച് യുകെയിൽ പാർക്കുന്ന ചൈനക്കാരുടെ എണ്ണത്തെക്കുറിച്ച് ഗവൺമെന്റിന് യാതൊരു ധാരണയുമില്ല. അങ്ങനെ വരുന്നവർ നഗരങ്ങളുടെ തിരക്കിൽ അദൃശ്യനായി കഴിഞ്ഞുകൂടുകയാണ് പതിവ്. റെസ്റ്റോറന്റുകളുടെ അടുക്കളകളിലും, കൃഷിയിടങ്ങളിലും, എന്തിന് കഞ്ചാവ് തോട്ടങ്ങളിൽ വരെ അവർ ഇത്തരത്തിൽ പണിയെടുക്കുന്നു. സ്ത്രീകൾ സലൂണുകളിലും, മസാജിങ് സെന്ററുകളിലും, വേശ്യാലയങ്ങളിലും പണമുണ്ടാക്കാനുള്ള വഴികണ്ടെത്തുന്നു. ചിലർ വീടുകളിൽ ജോലിക്ക് നില്കുന്നു. അങ്ങനെ കഠിനമായി അദ്ധ്വാനിച്ച് കയ്യിൽ വരുന്ന കാശ് നാട്ടിൽ കുടുംബത്തിന് അയച്ചുകൊടുക്കുന്നു. അവരെ പതുക്കെപ്പതുക്കെ തങ്ങൾ വന്ന വഴിയേ തന്നെ ഇങ്ങോട്ടെത്തിക്കാൻ ശ്രമിക്കുന്നു. കുറേക്കാലം കഴിയുമ്പോൾ എങ്ങനെയെങ്കിലും ഇവിടത്തെ പൗരത്വം നേടാൻ ശ്രമിക്കുന്നു. ചിലർ  വിജയിക്കുന്നു, ചിലർ തിരികെ നാടുകടത്തപ്പെടുന്നു, അവർ വീണ്ടും അനധികൃത മനുഷ്യക്കടത്തുമാഫിയകൾക്ക് പണം നൽകി തിരികെ പ്രവേശിക്കാൻ നോക്കുന്നു. ഇത് വർഷങ്ങളായി ഇവിടെ നടന്നുപോരുന്ന ഒരു പ്രക്രിയയാണ്. ഒരാളുമറിയാതെ, എന്നാൽ, അറിയേണ്ടവർ ആനുകൂല്യങ്ങൾ പറ്റി, കണ്ണടച്ചുകൊടുത്തുകൊണ്ട്, നടന്നുപോകുന്ന ഈ അനധികൃത മനുഷ്യക്കടത്തിനിടെ ഇങ്ങനെ ഒരു കൂട്ടമരണം സംഭവിക്കുമ്പോൾ അതിലേക്ക് മാധ്യമശ്രദ്ധ വരുന്നു എന്നുമാത്രം.

ചൈനയിൽ നിന്ന് യുകെയിലേക്കുള്ള യാത്ര ഏറെ ദുഷ്കരമായ ഒന്നാണ്. 5000 മൈൽ ദൂരമുണ്ട്. അനധികൃതമാർഗ്ഗങ്ങളിലൂടെയാണ് സഞ്ചാരമെന്നതിനാൽ പലപ്പോഴും പലയിടത്തും കാത്തുകിടന്ന്, കാറ്റും വെളിച്ചവും, ടോയ്‌ലെറ്റ് സൗകര്യങ്ങളും ഒന്നുമില്ലാത്ത കാർഗോ കണ്ടെയ്നറുകളിൽ കയറി നടത്തുന്ന ഈ ദുരിതയാത്ര പലപ്പോഴും ഒരുമാസം വരെ നീണ്ടുനിൽക്കാറുണ്ട്. കനത്ത തുക മാഫിയാ സംഘങ്ങൾക്ക് നൽകി ഇതിനു പുറപ്പെടുന്ന ചൈനീസ് പൗരന്മാർക്ക് ഈ യാത്രയിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെപ്പറ്റി നല്ല ധാരണയുണ്ട്. നാട്ടിൽ അനുഭവിക്കുന്ന നിത്യനരകത്തിൽ നിന്ന് മോചനം കിട്ടാൻ എന്ത് റിസ്കെടുക്കാനും അവർ തയ്യാറാണ് എന്നതാണ് സത്യം. 2000 -ൽ ഡോവർ തുറമുഖത്തിലെ ഒരു കാർഗോ കണ്ടെയ്നറിൽ നിന്ന് കണ്ടെത്തിയത് 58 മൃതദേഹങ്ങളാണ്. അവരെല്ലാവരും തന്നെ മരിച്ചുപോയത് വീർപ്പുമുട്ടിയാണ് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അന്ന് വെളിപ്പെട്ടിരുന്നു. അന്ന് അവരെ കൊണ്ടുവന്ന ട്രെയിലർ ഓടിച്ച പെറി വാക്കർ എന്ന യുകെ പൗരനെ കോടതി പതിനാലു കൊല്ലത്തേക്ക് കഠിനതടവിന് വിധിച്ചിരുന്നു. അകത്തുള്ളവരുടെ സംസാരം ഫെറി അധികൃതർ കേട്ടാലോ എന്നുകരുതി വാക്കർ ആ കണ്ടെയ്നറിന്റെ ഒരേയൊരു വെന്റിലേഷൻ ഹോൾ അടച്ചിട്ടതാണ് അന്ന് അവരുടെ മരണത്തിലേക്ക് നയിച്ചത്. 
 


 

നാലുവർഷത്തിനു ശേഷം വീണ്ടും 23 ചൈനീസ് പൗരന്മാരുടെ മരണത്തിനിടയാക്കിയ മറ്റൊരു ദുരന്തം നടന്നു. അന്ന്, ലങ്കാഷെയറിലെ മൊറേകാമ്പെ ബേയിൽ ചിപ്പിപെറുക്കുകയായിരുന്ന അവർ ഒരു വേലിയേറ്റത്തിനിടെ മരണപ്പെടുകയായിരുന്നു. അവർ എല്ലാവരും തന്നെ അനധികൃത കുടിയേറ്റക്കാരായിരുന്നു. അന്ന് അവരുടെ കോൺട്രാക്ടർ ആയ ലിൻ ലിയാങ്ങ് റെന്നും പതിനാലു വർഷത്തേക്ക് ജയിലിലടക്കപ്പെട്ടിരുന്നു. ഡോവർ തുറമുഖത്തിലും, മോറെകാമ്പെ ബേയിലും നടന്ന ദുരന്തങ്ങളിൽ ഒരു ചൈനീസ് നഗരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ദുരന്തങ്ങളിലും മരണപ്പെട്ടവർ ചൈനയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ ഫ്യൂജിയാനിൽ നിന്നുള്ളവരായിരുന്നു.
 


 

ഫ്യൂജിയാൻ  എന്ന പേര് എവിടെയോ കേട്ടിട്ടുണ്ട് എന്നല്ലേ..? ഇത്തവണ ചൈനീസ് പ്രസിഡണ്ടായ ഷി ജിൻ പിങ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ  ചെന്നൈ നഗരവുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ തെരഞ്ഞെടുത്തത് ചൈനയിലെ ഫ്യൂജിയാൻ നഗരത്തെയായിരുന്നു. ചൈനയിൽ ഫ്യൂജിയാൻ നഗരത്തിന് ഒരു കുപ്രസിദ്ധികൂടിയുണ്ട്. അത് 'സ്നേക്ക് ഹെഡ്‌സ്' എന്ന കുപ്രസിദ്ധമായ അധോലോകസംഘത്തിന്റെ ആസ്ഥാനമാണ്. 'ട്രയഡ്' എന്നറിയപ്പെടുന്ന ചൈനീസ് അന്താരാഷ്ട്ര മാഫിയാ സംഘത്തിന്റെ ഭാഗമാണ് 'സ്നേക്ക് ഹെഡ്സും'. ട്രയഡിന്റെ മനുഷ്യക്കടത്ത് ബിസിനസ് കൈകാര്യം ചെയ്യുന്നത് 'സ്നേക്ക് ഹെഡ്‌സാ'ണ്. ആ പേര് വന്നതിനു പിന്നിലും ഒരു രസകരമായ കഥയുണ്ട്. ചൈനയിൽ നിന്ന് യുകെയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ചൈനീസ് പൗരന്മാർക്ക് പാമ്പുകൾ പോകുമ്പോലെ പല ഇമൈഗ്രെഷൻ ചെക്കുകളുടെയും കണ്ണുവെട്ടിച്ച് വളഞ്ഞുംപുളഞ്ഞും ഊർന്നു കയറിപ്പോകണം അങ്ങ് യുകെ വരെ. അതുകൊണ്ടാണ് സംഘം തങ്ങൾക്ക് 'സ്നേക്ക് ഹെഡ്‌സ്' എന്ന പേരിട്ടിരിക്കുന്നത്.
 


തൊണ്ണൂറുകളുടെ തുടക്കത്തിൽ അന്ന് വ്യാവസായിക അഭിവൃദ്ധിയിലേക്ക് കാലെടുത്തുവെച്ചുകൊണ്ടിരുന്ന ഹോങ്കോങ്ങിലേക്ക് ലേബർ സപ്ലൈ നടത്തിക്കൊണ്ടാണ് സ്നേക്ക് ഹെഡ്‌സ് മനുഷ്യക്കടത്തിൽ പയറ്റിത്തെളിയുന്നത്. താമസിയാതെ അവർ തങ്ങളുടെ സേവനങ്ങൾ യുകെയിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും നൽകിത്തുടങ്ങി. ഇങ്ങനെ സ്നേക്ക് ഹെഡ്‌സ് കടത്തുന്ന ചൈനീസ്‌ യുവതികൾ പലപ്പോഴും വേശ്യാവൃത്തിക്കും, മയക്കുമരുന്നു കള്ളക്കടത്തിനും മറ്റും നിർബന്ധിതരാകുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ജീവിതസ്വപ്നങ്ങളെയാണ് സ്നേക്ക് ഹെഡ്‌സ് സാധാരണ ലക്ഷ്യമിടുന്നത്. ഡോവർ പാർക്കിലെയും എസ്സെക്സിലെയും ദുരന്തങ്ങൾക്ക് അസാധാരണമായ സമാനതകളുണ്ടെന്നത് ശ്രദ്ധേയമാണ്. രണ്ടു കേസിലും, ട്രെയിലർ ട്രക്കുകൾ യുകെയിലേക്ക് പ്രവേശിച്ചത് ബെൽജിയത്തിലെ സീബ്രഗ്ഗിൽ നിന്നാണ്. രണ്ടു ട്രക്കിലും നിറഞ്ഞുകവിഞ്ഞ് ഉണ്ടായിരുന്നത് ഫ്യൂജിയാന്‍ സ്വദേശികളാണ്. ഫ്യൂജിയാനിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നല്ല സാമ്പത്തിക പുരോഗതി ദൃശ്യമാണ്. അത്, ഇത്തരത്തിൽ അനധികൃതമായി യുകെയിലേക്ക് കടക്കുന്നവർ നാട്ടിലേക്കയക്കുന്ന പണത്തിന്റെ ബലത്തിലാണെന്ന് നിരീക്ഷകർ പറയുന്നു. ഇങ്ങനെ ക്രിമിനൽ സംഘങ്ങളുടെ മോഹനവാഗ്ദാനങ്ങളിൽ പെട്ട് യാത്രക്കിറങ്ങിപ്പുറപ്പെടുന്ന പാവങ്ങൾ പലരും നാട്ടിലുള്ള സകല സമ്പാദ്യങ്ങളും വിറ്റിട്ടായിരിക്കും കടത്തുകാർക്ക് നൽകേണ്ട വൻതുക സംഘടിപ്പിക്കുക. യുകെയിൽ ചെന്നാലുടൻ നല്ല ശമ്പളത്തോടുകൂടിയ ജോലി ഈ പാവങ്ങളെ കാത്തിരിക്കുന്നുണ്ട് എന്ന് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിട്ടുമുണ്ടാകും. ചുരുങ്ങിയത് അഞ്ചു മുതൽ പത്തുലക്ഷം വരെയെങ്കിലും ഒരാൾക്ക് ചെലവാകും യാത്രക്ക്. എന്നാൽ, പറുദീസാ തേടിയുള്ള യാത്ര തുടങ്ങുന്നതോടെ ദുരിതങ്ങളും തുടങ്ങുകയായി. ആ ദുരിതങ്ങളെപ്പറ്റി പരാതിപ്പെടുകയോ, വെള്ളമോ ഭക്ഷണമോ ചോദിക്കുകയോ ഒക്കെ ചെയ്‌താൽ കൊടിയ മർദ്ദനമാകും പലപ്പോഴും കടത്തുകാരുടെ ഗുണ്ടകളിൽ നിന്ന് ഏൽക്കേണ്ടി വരിക. അതോടെ പേടിച്ചുപോകുന്ന മറ്റുള്ളവർ പിന്നെ ഒരക്ഷരം മിണ്ടാതെ യാത്ര തീരുംവരെ എല്ലാം സഹിച്ചിരിക്കും. പക്ഷേ, ഇങ്ങനെ അപൂർവം അവസരങ്ങളിൽ യാത്ര തീരും വരെ അവർ ഉയിരോടിരുന്നെന്നു വരില്ല..!

ചൈനയിൽ പൊതുവെ ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന കൂലി മറ്റുരാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കുറവാണ്. കുടുംബാംഗങ്ങളെ മുഴുവൻ പോറ്റാൻ ചിലപ്പോൾ ഒരാൾ ജോലിചെയ്തുകിട്ടുന്ന പണം തികഞ്ഞെന്നു വരില്ല. എന്നാൽ, കൂലിയിലെ കുറവിന് ആനുപാതികമായി ജീവിതച്ചെലവിൽ കാര്യമായ കുറവൊന്നുമില്ല. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സർക്കാരിന്റെയും പാർട്ടിയുടെയും നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യത്ത് ഉദ്യോഗസ്ഥരുടെ അഴിമതിയും സർവ്വവ്യാപിയാണ്. അതിൽ നിന്നൊക്കെ രക്ഷപ്പെട്ടോടാനുള്ള പരാക്രമത്തിനിടെ എന്ത് ദുരിതവും സഹിക്കാനുളള മാനസികാവസ്ഥ അവർക്ക് കൈവരും.

ഇങ്ങനെ വരുന്നവർക്കൊന്നും തന്നെ ആഡംബരജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളൊന്നും കാണില്ല. തങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് അടിസ്ഥാനപരമായ ജീവിതസൗകര്യങ്ങൾ ഒരുക്കാൻ ജനിച്ചുവളർന്ന നാട്ടിൽ സാധിക്കില്ല എന്ന തോന്നൽ ബലപ്പെടുമ്പോഴാണ് അവർ ഇത്തരത്തിലുള്ള പലായനങ്ങൾക്കും, കുടിയേറ്റ ജീവിതങ്ങൾക്കും മനസ്സിനെ പാകപ്പെടുത്തി, ഇറങ്ങിപ്പുറപ്പെടുന്നത്. എസ്സെക്സിലെ ആ കണ്ടെയ്നറിനുള്ളിൽ തണുത്തുറഞ്ഞു കിടക്കുന്നത് 39 മനുഷ്യശരീരങ്ങൾ മാത്രമല്ല, ഇന്നും പരിഹരിക്കാൻ സാധിച്ചിട്ടില്ലാത്ത, പാവപ്പെട്ട കുറേ മനുഷ്യരുടെ നിലനിൽപ്പിന്റെ പ്രശ്നങ്ങൾ കൂടിയാണ്.. !