അധികം വൈകാതെ ചൊറിച്ചിൽ അസഹ്യമാവുകയും, പാടുകൾ ശരീരമാകെ പടരുകയും ചെയ്തു. ഇതിന് പരിഹാരമായി ഓൺലൈനിലൂടെ വാങ്ങിയ ഒരു ക്രീം ശരീരത്തിൽ പുരട്ടിയതോടെയാണ് ചർമ്മത്തിന് രൂപമാറ്റം സംഭവിച്ചു തുടങ്ങിയത്.

ഒരു പരമ്പരാഗത ചൈനീസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തൻ്റെ ചർമം പാമ്പിൻറെ ചർമ്മത്തിന് സമാനമായി എന്ന് ചൈനീസ് യുവതിയുടെ വെളിപ്പെടുത്തൽ. 10 വർഷത്തിലേറെയായി തന്റെ ചർമ്മത്തിൽ ചുവപ്പും പർപ്പിളും നിറത്തിലുള്ള പാമ്പിന്റെ ചർമ്മത്തിന് സമാനമായ രീതിയിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയാണെന്നും ഇവർ പറയുന്നു. 40 -കാരിയായ ടിങ്ടിംഗ് (സാങ്കല്പികനാമം) എന്ന സ്ത്രീയാണ് ഒരു ദശാബ്ദത്തിലേറെയായി താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് വെളിപ്പെടുത്തിയത്. ചർമ്മത്തിനെ ബാധിച്ച രോഗം ഗുരുതരമായതിനെ തുടർന്ന് ഒക്ടോബറിൽ ജിയാങ്‌സു പ്രവിശ്യയിലെ നാൻജിംഗിലുള്ള സോങ്‌ഡ ഹോസ്പിറ്റലിൽ ഇവരെ പ്രവേശിപ്പിച്ചു.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഡോക്ടർമാരുടെ നിർദ്ദേശത്തോടെയല്ലാതെ ഇവർ ഉപയോഗിച്ച ഒരു ക്രീമാണ് ഇപ്പോഴത്തെ ചർമ്മത്തിന്റെ അവസ്ഥയ്ക്ക് കാരണമായത്. ചർമ്മത്തെ ബാധിച്ചിരിക്കുന്ന രോഗത്തിന് പുറമേ അമിതഭാരവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ട് ഇവർക്ക്. നിലവിൽ ഇവർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി

പത്ത് വർഷം മുമ്പ് വലതു കാലിന്റെ താഴ്ഭാഗത്ത് ചുവന്ന പാടുകളും ചൊറിച്ചിലും പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവരുടെ പ്രശ്നങ്ങൾ ആരംഭിച്ചത്. അധികം വൈകാതെ ചൊറിച്ചിൽ അസഹ്യമാവുകയും, പാടുകൾ ശരീരമാകെ പടരുകയും ചെയ്തു. ഇതിന് പരിഹാരമായി ഓൺലൈനിലൂടെ വാങ്ങിയ ഒരു ക്രീം ശരീരത്തിൽ പുരട്ടിയതോടെയാണ് ചർമ്മത്തിന് രൂപമാറ്റം സംഭവിച്ചു തുടങ്ങിയത്. ഓൺലൈനിലെ വാഗ്ദാനങ്ങൾ വിശ്വസിച്ച് തുടർച്ചയായി 10 വർഷത്തോളം ഇവർ ആ ക്രീം ഉപയോഗിച്ചു. 100,000 യുവാനിൽ കൂടുതൽ (12,43,020 രൂപ) ചെലവഴിച്ചു. ആദ്യമൊക്കെ ക്രീം തൂത്തപ്പോൾ ശരീരത്തിലെ ചൊറിച്ചിൽ മാറിയതോടെയാണ് തുടർച്ചയായി അത് ഉപയോഗിക്കാൻ തുടങ്ങിയത്. പക്ഷേ കാലക്രമേണ ശരീരത്തിലെ ചർമ്മത്തിനു മുഴുവൻ രൂപമാറ്റം സംഭവിച്ചു.

ആശുപത്രിയിലെ ചീഫ് ഡെർമറ്റോളജിസ്റ്റായ ഡോ. വാങ് ഫെയ് അവരെ പരിശോധിച്ചപ്പോൾ കോർട്ടിസോളിന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. ശരീരത്തിൽ ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത സെക്കൻഡറി അഡ്രിനോകോർട്ടിക്കൽ അപര്യാപ്തതയാണ് ടിങ്ടിംഗിന് ബാധിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ചികിത്സയ്ക്ക് ശേഷം അവരുടെ അവസ്ഥ മെച്ചപ്പെട്ടു, പക്ഷേ ഓൺലൈൻ ക്രീം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന് അവർ തീരുമാനിച്ചിട്ടില്ല.